മകനെ തിരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്ന് അമ്മ, സദസ്സില്‍ വികാരാധീനനായി ധനുഷ്

തന്റെ പുതിയ ചിത്രമായ 'ഇഡ്ഡലി കടൈ'യുടെ പ്രൊമോഷന്റെ തിരക്കിലാണ് ധനുഷ്. മധുരയില്‍ ബുധനാഴ്ച നടന്ന പ്രീ-റിലീസ് ഇവന്റില്‍ ആരാധകരില്‍ നിന്ന് ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പരിപാടിയില്‍, ചിത്രത്തില്‍ ധനുഷിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന ബാലതാരവും അവന്റെ അമ്മയും വേദിയില്‍ എത്തിയിരുന്നു. ബാലതാരത്തിന്റെ അമ്മയുടെ വാക്കുകൾകേട്ട് വികാരാധീനനായ ധനുഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ധനുഷിനോട് നന്ദി പറഞ്ഞ് ബാലതാരത്തിന്റെ അമ്മ
''എല്ലാവര്‍ക്കും നമസ്‌കാരം. ഇന്ന് എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ മകനെ ധനുഷ് സര്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഞാന്‍ വര്‍ഷങ്ങളായി ധനുഷിന്റെ ആരാധികയാണ്. എന്റെ മകന് ഇങ്ങനെയൊരു അവസരം നല്‍കിയതിന് ഞാന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു.'' വേദിയില്‍ എത്തിയ ബാലതാരത്തിന്റെ അമ്മ പറഞ്ഞു. ആരാധകരുടെ കൈയടികള്‍ക്കിടയില്‍ ഈ വാക്കുകള്‍ കേട്ട് ധനുഷ് വികാരാധീനനായി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.
ഇഡ്ഡലി കടൈ
'ഇഡ്ഡലി കടൈ'യില്‍ ധനുഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മാണവും ധനുഷ് തന്നെയാണ്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ഡോണ്‍ പിക്‌ചേഴ്‌സിന്റെ സഹനിര്‍മാണത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഒക്ടോബര്‍ ഒന്നിന് തിയേറ്ററുകളില്‍ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തില്‍ സത്യരാജ്, ആര്‍. പാര്‍ത്ഥിബന്‍, സമുദ്രക്കനി, രാജ്കിരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തമിഴിന് പുറമെ, തെലുങ്കില്‍ 'ഇഡ്ഡലി കൊട്ടു' എന്ന പേരില്‍ ചിത്രം റിലീസ് ചെയ്യും.
അടുത്തിടെ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ധനുഷ് തന്റെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. ''ചെറുപ്പത്തില്‍ എനിക്ക് ഇഡ്ഡലി ഒരു വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അതിനുള്ള പണം എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ അടുത്തുള്ള പൂക്കള്‍ ശേഖരിച്ച് വില്‍ക്കുമായിരുന്നു. ഞാനും എന്റെ സഹോദരിയും കസിനുകളും പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറോളം പൂവുകള്‍ ശേഖരിച്ചു. ആ ജോലിക്ക് ഒരാള്‍ക്ക് ഏകദേശം രണ്ട് രൂപയോളം ലഭിക്കുമായിരുന്നു,''- എന്നാണ് ധനുഷ് പറഞ്ഞത്.
Content Highlights: Dhanush gets emotional at Idli Kadai pre-release event. Child actor`s mom thanks him for opportunity, leading to touching moment.