'ചെറുപ്പത്തിൽ വീട്ടിലെ സാമ്പത്തിക സ്ഥിതി എപ്പോഴും മോശമായിരുന്നു'; പൂ വില്പന പരാമർശത്തിൽ വിശദീകരണവുമായി ധനുഷ്

കുട്ടിക്കാലത്ത് ഇഡ്ഡലി വാങ്ങാൻ പോക്കറ്റ് മണി കണ്ടെത്താനായി പൂക്കൾ വിറ്റിരുന്നു എന്ന തന്റെ പരാമർശത്തിൽ വിശദീകരണവുമായി നടൻ ധനുഷ്. താൻ പറഞ്ഞത് സത്യമാണെന്ന് അദ്ദേഹം അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. പിതാവ് സംവിധായകനായിരുന്നിട്ടും വീട്ടിലെ സാമ്പത്തിക സ്ഥിതി എപ്പോഴും മോശമായിരുന്നെന്നും ധനുഷ് വ്യക്തമാക്കി. ചെന്നൈയിൽ തന്റെ പുതിയ ചിത്രമായ ഇഡ്ഡലി കടൈയുടെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് ചെറുപ്പത്തിൽ പൂക്കൾ വിറ്റ് പോക്കറ്റ് മണിയുണ്ടാക്കിയ കാര്യം താരം വെളിപ്പെടുത്തിയത്.
സംവിധായകൻ കസ്തൂരി രാജയുടെ മകനായിട്ടും എന്തുകൊണ്ടാണ് ധനുഷ് ദാരിദ്ര്യത്തിൽ കഴിഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട ഏവരും ഒരേ സ്വരത്തിൽ ചോദിച്ചത്. അതിനെക്കുറിച്ച് ധനുഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: "1983-ലാണ് ഞാൻ ജനിച്ചത്. അച്ഛൻ 1991-ലാണ് അദ്ദേഹത്തിൻ്റെ ആദ്യ സിനിമയായ 'എൻ രാസാവിൻ മനസിലേ' ചെയ്യുന്നത്. അദ്ദേഹത്തിന് നാല് മക്കളായിരുന്നു. വീട്ടിലെ സാമ്പത്തിക സ്ഥിതി എപ്പോഴും മോശമായിരുന്നു. ഞങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായിരുന്നു മുൻഗണന. അതുകൊണ്ട് പോക്കറ്റ് മണിക്കായി ഞങ്ങൾക്ക് ജോലി ചെയ്യേണ്ടിവന്നു. ഏകദേശം 1995-ഓടെയാണ് ഞങ്ങൾ സാമ്പത്തികമായി മെച്ചപ്പെടുകയും നല്ലൊരു ജീവിതം ലഭിക്കുകയും ചെയ്തത്."
"കുട്ടിക്കാലത്ത് എല്ലാ ദിവസവും ഇഡ്ഡലി കഴിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, പക്ഷേ അതിന് പണമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ അയൽപക്കങ്ങളിൽ നിന്ന് പൂക്കൾ ശേഖരിക്കാൻ തുടങ്ങി. ഓരോ ദിവസവും ശേഖരിക്കുന്ന പൂക്കളുടെ അളവ് അനുസരിച്ചായിരുന്നു ഞങ്ങൾക്ക് പണം ലഭിച്ചിരുന്നത്. എൻ്റെ സഹോദരിയും കസിൻസും ഞാനും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറോളം ഈ ജോലി ചെയ്യുമായിരുന്നു. ഈ ജോലിക്ക് 2 രൂപ ലഭിക്കും. അതുകൊണ്ട് ഇഡ്ഡലി വാങ്ങും." ധനുഷ് ഇഡ്ഡലി കടൈ ഓഡിയോ ലോഞ്ചിൽ പറഞ്ഞത് ഇതായിരുന്നു.
'പാ പാണ്ടി', 'രായൻ', 'നിലവുക്ക് എൻമേൽ എന്നടി കോപം' എന്നിവയ്ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇഡ്ഡലി കടൈ'. നിത്യാ മേനോൻ, ശാലിനി പാണ്ഡെ, അരുൺ വിജയ്, രാജ്കിരൺ, സത്യരാജ്, സമുദ്രക്കനി, പാർത്ഥിപൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നതിനൊപ്പം, ധനുഷ് തന്നെയാണ് സിനിമ സംവിധാനം ചെയ്തതും ഡോൺ പിക്ചേഴ്സിലെ ആകാശ് ഭാസ്കരനുമായി ചേർന്ന് വണ്ടർബാർ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചതും. ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഒക്ടോബർ 1-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: Dhanush clarifies his childhood story of selling flowers for idlis, addressing doubts about his upbringing as director Kasthuri Raja`s son. Details inside.