കോടതിയിൽ ഹാജരായി ധനുഷും ഐശ്വര്യയും, വിവാഹമോചനത്തിൽ വിധി ഈ മാസം തന്നെയെന്ന് റിപ്പോർട്ട്

123telugu.com
123telugu.com

ചെന്നൈ: വിവാഹമോചനക്കേസിൽ ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും. ഇതാദ്യമായാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയിൽ ഹാജരാവുന്നത്. വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 27-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. അന്നുതന്നെ വിധി പറയുമെന്നാണ് റിപ്പോർട്ട്.

2022-ലാണ് ധനുഷും സംവിധായിക കൂടിയായ ഐശ്വര്യയും വിവാഹ മോചനം പ്രഖ്യാപിച്ചത്. മൂന്ന് തവണ ഹിയറിംഗിന് ഹാജരാകാത്തതിനാൽ ഇരുവരും അനുരഞ്ജനത്തിലേർപ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുന്നതായിരുന്നു വ്യാഴാഴ്ചത്തെ ഇവരുടെ കോടതി സന്ദർശനം. മാസ്ക് ധരിച്ചായിരുന്നു രണ്ടുപേരും ഹാജരായത്.

2004-ലാണ് ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹം. ചെന്നൈയിൽ ആർഭാടത്തോടെയുള്ള റിസപ്ഷനും നടന്നിരുന്നു. 2022 ജനുവരി 17-ന് സംയുക്തപ്രസ്താവനയിലൂടെയാണ് വേർപിരിയുന്ന കാര്യം താരദമ്പതികൾ അറിയിച്ചത്.

"സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും മനസ്സിലാക്കലിൻ്റെയും വിട്ടുവീഴ്ച കളുടേയും പൊരുത്തപ്പെടലിൻ്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർപെടുന്ന ഒരിടത്താണ് നിൽക്കുന്നത്. ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്." സംയുക്ത പ്രസ്താവനയിലെ വാക്കുകളിങ്ങനെ.

യാത്ര, ലിം​ഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവർക്കും. ധനുഷിനെ നായകനാക്കി 3 എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.

Content Highlights: Dhanush and Aishwarya Rajinikanth appeared in Chennai family court for their divorce case