'എന്റെ അഭിനയത്തെ ധനുഷ് പൂര്‍ണമായും വെറുത്തിരുന്നു'; വിവാദത്തിനിടെ വൈറലായി നയന്‍താരയുടെ പഴയ വീഡിയോ

നയന്‍താര: ബിയോണ്ട് ദ ഫെയറിടെയ്ല്‍ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടന്‍ ധനുഷിനെതിരേ നടി നയന്‍താര സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച തുറന്നകത്ത് വലിയവിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ 2016-ല്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം നയന്‍താര നടത്തിയ പ്രസംഗത്തിന്റെ ഒരു ക്ലിപ്പ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
നാനും റൗഡി താന്‍ നിര്‍മിച്ചതിന് ധനുഷിന് നന്ദി. ധനുഷിനോട് സോറി പറയാനും ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം, നാനും റൗഡി താനിലെ എന്റെ അഭിനയം ധനുഷിനെ വെറുപ്പിച്ചിരുന്നു . എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു. ഒരുപക്ഷേ അടുത്തവട്ടം മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് ചിരിയോടെ നയന്‍താര പറയുന്നത്. താരത്തിന്റെ വാക്കുകള്‍ കേട്ട് ധനുഷും അവാര്‍ഡ് നിശയ്‌ക്കെത്തിയ മറ്റ് താരങ്ങളും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
നയന്‍താര നായികവേഷത്തിലെത്തിയ നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് വിഘ്‌നേഷ് ശിവനായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു വിഘ്‌നേഷ്-നയന്‍താര പ്രണയം പൂവിട്ടത്. പിന്നീട് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. സിനിമയുടെ ചില ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് ധനുഷ് വക്കീല്‍നോട്ടീസ് അയച്ചിരുന്നു. വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്‌നേഷിനോടും പകയാണെന്നും നയന്‍താര, കത്തില്‍ തുറന്നടിച്ചിരുന്നു.