കോറിയോഗ്രാഫർമാരായ ജാനിയും ശേഖറുംതമ്മിൽ പരസ്യമായി വാഗ്വാദം, പ്രശ്നപരിഹാരത്തിന് ഇടപെട്ട് ചിരഞ്ജീവി

#മൂവി ഡെസ്ക്
നൃത്തസംവിധായകരായ ശേഖറും ജാനിയും ചിരഞ്ജീവിക്കൊപ്പം | ഫോട്ടോ: X
നൃത്തസംവിധായകരായ ശേഖറും ജാനിയും ചിരഞ്ജീവിക്കൊപ്പം | ഫോട്ടോ: X

തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖ കൊറിയോഗ്രാഫർമാരായ ജാനി മാസ്റ്ററും ശേഖർ മാസ്റ്ററും തമ്മിലുള്ള തർക്കം സൂപ്പർതാരം ചിരഞ്ജീവി ഇടപെട്ട് പരിഹരിച്ചു. ഏതാനും ദിവസങ്ങളായി ഇരുവരും തമ്മിൽ വ്യക്തിപരമായ അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾ സിനിമാ ലോകത്ത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിരഞ്ജീവി വിഷയത്തിൽ ഇടപെട്ടത്. ചിരഞ്ജീവിയുടെ സാന്നിധ്യത്തിൽ ഇരുവരും കൂടിക്കാഴ്ച നടത്തി.

തെലുങ്ക് ഫിലിം ആൻഡ് ടിവി ഡാൻസേഴ്സ് അസോസിയേഷനിലെ ആഭ്യന്തര പ്രശ്നങ്ങളാണ് തർക്കത്തിന് വഴിവെച്ചതെന്ന് ഉറവിടങ്ങൾ സൂചിപ്പിക്കുന്നു. അസോസിയേഷന്റെ ബൈ-ഇലക്ഷനുമായി ബന്ധപ്പെട്ട ഭരണപരമായ തീരുമാനങ്ങളെച്ചൊല്ലി ജാനി മാസ്റ്ററും ശേഖർ മാസ്റ്ററും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ വാർത്തകൾ പരന്നു.

ഈ സാഹചര്യത്തിലാണ് ചിരഞ്ജീവി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. അദ്ദേഹം രണ്ട് കൊറിയോഗ്രാഫർമാരെയും ഒരു സിനിമാ സെറ്റിലേക്ക് ക്ഷണിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു. ചിരഞ്ജീവിയുടെ സാന്നിധ്യത്തിൽ ഇരുവരും സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്നേഹവും മാർഗനിർദ്ദേശവും പിന്തുണയും തർക്കം പരിഹരിക്കാൻ വലിയ പങ്കുവഹിച്ചതായി ജാനി മാസ്റ്റർ വെളിപ്പെടുത്തി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) ജാനി മാസ്റ്റർ തന്നെയാണ് തർക്കം പരിഹരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. താനും ശേഖർ മാസ്റ്ററും ഒരു കുടുംബം പോലെയാണെന്നും തങ്ങൾക്കിടയിൽ വ്യക്തിപരമായ പിണക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം കുറിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തങ്ങൾ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.

തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള കൊറിയോഗ്രാഫർമാരാണ് ജാനിയും ശേഖറും. ചിരഞ്ജീവി, രാം ചരൺ, അല്ലു അർജുൻ, പവൻ കല്യാൺ, മഹേഷ് ബാബു തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം ഇരുവരും നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
അസോസിയേഷന്റെ പ്രസിഡന്റും ജാനി മാസ്റ്ററുടെ ഭാര്യയുമായ സുമലത, കൂടിയാലോചനകളില്ലാതെ തീരുമാനങ്ങൾ എടുത്തുവെന്ന് യൂണിയൻ അംഗങ്ങളിൽ ഒരു വിഭാഗം ആരോപിച്ചു. ഇത് നിരവധി ഭാരവാഹികളുടെ രാജിക്ക് കാരണമായി. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.

Content Highlights: Renowned Telugu dance choreographer Jani Master dismissed viral rumors of a personal rift with Sekhar Master, revealing that Megastar Chiranjeevi personally intervened on a movie set to help clear up administrative misunderstandings within their dancers' association.