'നിങ്ങൾ നേരിട്ടതും ചെയ്തതും അവിശ്വസനീയം'; ക്യാപ്റ്റൻ സ്മിത് മച്ഛാറിന് അഭിനന്ദനവുമായി സിനിമാലോകവും

ദുബായിൽ നിന്ന് തെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോയ ഫ്ലൈദുബായ് വിമാനത്തെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് രാജ്യവ്യാപകമായി പ്രശംസ ഉയരുകയാണ്. സ്മിത് മച്ഛാറിന്റെ അസാമാന്യ ധൈര്യത്തെയും സമചിത്തതയെയും പ്രശംസിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങൾ രംഗത്തെത്തി. ആർ. മാധവൻ, വിജയ് ദേവരകൊണ്ട, രവി കിഷൻ, പരേഷ് റാവൽ എന്നിവരാണ് സ്മിത്തിന് അഭിനന്ദനങ്ങളറിയിച്ചത്. സ്വന്തം ജീവൻ പണയം വെച്ചും 174 പേരുടെ ജീവൻ കാത്തുസൂക്ഷിച്ച ഈ ഇന്ത്യൻ പൈലറ്റിന്റെ സാഹസികതയെ സിനിമാ ലോകവും രാജ്യവും ഒന്നടങ്കം ആദരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു നടൻ ആർ. മാധവൻ പ്രതികരിച്ചത്. ക്യാപ്റ്റന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുച്ച മാധവൻ സ്മിത് മച്ഛാറിനെ "ഒരു യഥാർത്ഥ ഹീറോ" എന്നാണ് വിശേഷിപ്പിച്ചത്.
അങ്ങേയറ്റത്തെ സമ്മർദ്ദഘട്ടത്തിലും സ്മിത് മച്ഛാർ കാണിച്ച ശാന്തതയെയും ധീരതയെയും നടൻ വിജയ് ദേവരകൊണ്ടയും അഭിനന്ദിച്ചു. "ദൈവം നിങ്ങളെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ ക്യാപ്റ്റൻ. നിങ്ങൾ നേരിട്ടതും ചെയ്തതും അവിശ്വസനീയമാണ്. ആ വിമാനത്തിലുണ്ടായിരുന്ന മറ്റെല്ലാവരുടെയും ഒപ്പം," വിജയ് ദേവരകൊണ്ട എഴുതി.
നടനും രാഷ്ട്രീയ നേതാവുമായ രവി കിഷൻ, ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ കർത്തവ്യത്തോടുള്ള വിശ്വസ്തതയും അസാമാന്യ ബുദ്ധിയും രാജ്യത്തിന് തന്നെ വലിയ അഭിമാനമാണെന്ന് കുറിച്ചു. "ക്യാപ്റ്റൻ സ്മിത് മച്ചാർ ഡ്യൂട്ടിയോടുള്ള അചഞ്ചലമായ കൂറിന്റെയും, തളരാത്ത ധൈര്യത്തിന്റെയും, അസാധാരണമായ ബുദ്ധിയുടെയും പ്രതീകമാണ്," രവി കിഷൻ എഴുതി. ക്യാപ്റ്റന്റെ ഈ പ്രവൃത്തി രാജ്യത്തിന് വലിയ അഭിമാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
മുതിർന്ന നടൻ പരേഷ് രാവൽ, 'ക്രാന്തിവീർ' എന്ന ചിത്രത്തിലെ നാനാ പടേക്കറുടെ പ്രശസ്തമായ "ഏക് മച്ഛാർ ആദ്മികോ..." എന്ന സംഭാഷണവും പൈലറ്റിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് തന്റെ അഭിനന്ദനം രേഖപ്പെടുത്തിയത്.
ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ ആകാശമധ്യേ കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ കോക്പിറ്റിനുള്ളിൽ വെച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഠിനമായ പരിക്കുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും, സ്മിത് മച്ഛാർ കോക്പിറ്റ് വാതിൽ തുറക്കാനുള്ള എമർജൻസി റിലീസ് മെക്കാനിസം പ്രവർത്തിപ്പിച്ചു. ഇതോടെ ക്യാബിൻ ക്രൂവിനും യാത്രക്കാർക്കും ഉള്ളിൽ കടന്ന് അക്രമിയെ കീഴടക്കാൻ സാധിച്ചു. വിമാനത്തിൽ യാത്രക്കാരായിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാരാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.
നിലവിൽ സൗദി അറേബ്യയിലെ ടാബുക്കിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മച്ഛാറിന്റെ ആരോഗ്യനില വിദഗ്ദ്ധ സംഘം നിരീക്ഷിച്ചു വരികയാണ്.
സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbi.page.link/movie
Content Highlights: Prominent actors including R Madhavan, Vijay Deverakonda, Ravi Kishan, and Paresh Rawal paid glowing tributes to Indian pilot Captain Smit Machchhar, who courageously prevented a mid-air flight tragedy after being attacked by his co-pilot aboard a flydubai aircraft.