പ്രോട്ടീൻ പൗഡറിൽനിന്ന് പുഴുവിനെ കിട്ടിയെന്ന് ബിപാഷ ബസു, തുക്കാറാം മുണ്ടെയെ ടാഗ് ചെയ്ത് പോസ്റ്റ്

#മൂവി ഡെസ്ക്
ബിപാഷ ബസു, പുഴുവിനെ കിട്ടിയെന്നുകാട്ടി ബിപാഷ പോസ്റ്റ് ചെയ്ത ഇൻസ്റ്റാ​ഗ്രാം സ്റ്റോറി | ഫോട്ടോ: Getty Images, Screengrab
ബിപാഷ ബസു, പുഴുവിനെ കിട്ടിയെന്നുകാട്ടി ബിപാഷ പോസ്റ്റ് ചെയ്ത ഇൻസ്റ്റാ​ഗ്രാം സ്റ്റോറി | ഫോട്ടോ: Getty Images, Screengrab

പ്രോട്ടീൻ പൗഡറിൽ പുഴുക്കളെ കണ്ടെത്തിയതായി ബോളിവുഡ് നടി ബിപാഷ ബസുവിന്റെ വെളിപ്പെടുത്തൽ. താൻ പുതിയതായി തുറന്ന പ്രോട്ടീൻ പൗഡർ ജാറിൽ ചെറിയ പുഴുക്കൾ ഉള്ളതായി താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. ചെറിയ പുഴുവിനെ കൈകൊണ്ടെടുത്തുകാണിച്ചുകൊണ്ട്, പുതിയ ഡബ്ബ നിറയെ ചെറിയ പുഴുക്കളാണെന്ന് അവർ വീഡിയോയിലൂടെ വെളിപ്പെടുത്തി.

മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയെ ടാഗ് ചെയ്തുകൊണ്ടാണ് ബിപാഷ തന്റെ ആശങ്ക പങ്കുവെച്ചത്. "ഞങ്ങൾ വാങ്ങുന്ന സാധനങ്ങളിൽ മായം ചേർത്തതോ കേടായതോ ആയ ഉൽപ്പന്നങ്ങൾ ലഭിക്കാതിരിക്കാൻ താങ്കൾ മാത്രമാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ" എന്ന് കുറിച്ചുകൊണ്ട് വിഷയം അടിയന്തരമായി ശ്രദ്ധിക്കണമെന്ന് താരം കമ്മീഷണറോട് അഭ്യർത്ഥിച്ചു. ഈ പ്രോട്ടീൻ പൗഡർ ഡബ്ബ ഞാൻ പുതുതായി തുറന്നതാണ്. ഇതിൽ നിറയെ ചെറിയ പുഴുക്കളാണ്." ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബിപാഷ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി തുക്കാറാം മുണ്ടെ

മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളും നടപടികളും നടന്നുവരുന്നതിനിടയിലാണ് ബിപാഷയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്. മുംബൈയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം പരിശോധന നടത്തിവരുന്നുണ്ട്. പാൽ, പനീർ തുടങ്ങിയ ഉൽപ്പന്നങ്ങളിലെ മായം ചേർക്കലിനും നിയമലംഘനങ്ങൾക്കുമെതിരെ നടപടിയെടുക്കുകയും നിരവധി സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Also Read: ഫഡ്‌നാവിസും ഷിന്ദേയും പിന്നിൽ; ഇൻസ്റ്റഗ്രാമിൽ താരമായി IAS ഓഫീസർ തുക്കാറാം മുണ്ടെ

തുക്കാറാം മുണ്ടെയുടെ ഈ ഭക്ഷ്യസുരക്ഷാ നടപടികൾക്ക് മറ്റ് ബോളിവുഡ് താരങ്ങളിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നടി പ്രീതി സിന്റ 'ടീം തുക്കാറാം മുണ്ടെ' (Team Tukaram Mundhe) എന്ന് എഴുതിയ കറുത്ത ടി-ഷർട്ട് ധരിച്ച് മുംബൈയിൽ എത്തിയത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള പരസ്യ പിന്തുണയായി വിലയിരുത്തപ്പെട്ടു. കൂടാതെ, ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്റെ ജോലി കൃത്യമായി ചെയ്യുന്നത് വാർത്തയാകുന്നത് അപൂർവ്വമാണോ എന്ന് നടി ട്വിങ്കിൾ ഖന്നയും മുൻപ് കുറിച്ചിരുന്നു. ബിപാഷ ബസുവിന്റെ പുതിയ പരാതിയോടെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ചലച്ചിത്ര ലോകത്ത് നിന്നും കൂടുതൽ പിന്തുണ ലഭിച്ചിരിക്കുകയാണ്.

Content Highlights: Actor Bipasha Basu shared a video on social media showing tiny worms found inside a newly opened jar of Isopure protein powder, directly tagging Maharashtra FDA Commissioner Tukaram Mundhe to take strict action.