ദുൽഖറിന്റെ മുഖത്ത് ശരിക്കും തല്ലേണ്ടിവന്നു, മടിച്ചുനിന്നപ്പോൾ ചെയ്യാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹംതന്നെ -ഭാഗ്യശ്രീ ബോർസെ

#മൂവി ഡെസ്ക്
ദുൽഖർ സൽമാനും ഭാ​ഗ്യശ്രീ ബോർസെയും | ഫോട്ടോ: www.instagram.com/bhagyashriiborse/
ദുൽഖർ സൽമാനും ഭാ​ഗ്യശ്രീ ബോർസെയും | ഫോട്ടോ: www.instagram.com/bhagyashriiborse/

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത കാന്ത. ചിത്രത്തിലെ നായികയായ ഭാഗ്യശ്രീ ബോർസേയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ ഒരു രംഗത്തിനായി ദുൽഖർ സൽമാനെ ശരിക്കും തല്ലേണ്ടിവന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഭാഗ്യശ്രീ. ആ രംഗം ചെയ്യാൻ തനിക്ക് മടിയായിരുന്നെന്നും അവർ വ്യക്തമാക്കി.

1950-കളിലെ ഒരു പ്രമുഖ സംവിധായകനും സിനിമാ സൂപ്പർതാരവും തമ്മിലുള്ള ഈഗോയെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമയുടെ ഇതിവൃത്തം. ഭാഗ്യശ്രീ ബോർസെയുടെ കുമാരി എന്ന കഥാപാത്രം ദുൽഖർ സൽമാന്റെ കഥാപാത്രത്തെ തല്ലുന്ന ഒരു രംഗം സിനിമയിലുണ്ട്. ഈ രംഗത്തിൽ തനിക്ക് ദുൽഖറിനെ ഒന്നല്ല, പലതവണ ശക്തിയായി അടിക്കേണ്ടി വന്നുവെന്ന് അവർ പറഞ്ഞു. മടിച്ചുനിന്ന തനിക്ക് പ്രോത്സാഹനം നൽകി ആ രംഗം മികച്ചതാക്കാൻ ഒപ്പംനിന്നത് ദുൽഖർതന്നെയായിരുന്നെന്നും നടി വിശദീകരിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടായിരുന്നു ഭാഗ്യശ്രീയുടെ പ്രതികരണം.

"എനിക്കതിന് ഒരുപാട് സമയമെടുത്തു. ഞാനതിന് തയ്യാറായിരുന്നില്ല, കാരണം ദുൽഖറിനെ തല്ലുന്നതുപോലെ അഭിനയിച്ചാൽ മതിയോ എന്ന് ഞാൻ ചോദിച്ചു. കാരണം എനിക്ക് ഇതുവരെയും ആരെയും അടിക്കേണ്ടി വന്നിട്ടില്ല. പക്ഷേ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ഞാൻ അങ്ങനെതന്നെ ചെയ്യണമെന്ന് ദുൽഖർ സൽമാൻ ശരിക്കും ആഗ്രഹിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു. കഥാപാത്രത്തിന്റെ യഥാർത്ഥ ഭാവം പുറത്തുവരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനാൽ ദുൽഖർ എന്നോട് ചെയ്യാൻ ആവശ്യപ്പെട്ടത് എനിക്ക് ചെയ്യേണ്ടി വന്നു." ഭാഗ്യശ്രീ പറഞ്ഞു.

ചിത്രത്തിന്റെ റിലീസിനോടടുപ്പിച്ച് പങ്കുവെച്ച കുറിപ്പിൽ നടിപ്പ് ചക്രവർത്തി എന്നാണ് ഭാഗ്യശ്രീ ദുൽഖർ സൽമാനെ വിശേഷിപ്പിച്ചത്. നിങ്ങളുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ സന്തോഷമായിരുന്നു, നിങ്ങൾ ഓരോ ഫ്രെയിമിലും തിളങ്ങി. ഒരു നടനെന്ന നിലയിൽ നിങ്ങൾ എല്ലാവർക്കും ഒരു പ്രചോദനമാണെന്നും ഭാഗ്യശ്രീ പറഞ്ഞിരുന്നു.

സ്പിരിറ്റ് മീഡിയയും ദുൽഖർ സൽമാന്റെ വെയ്ഫറർ ഫിലിംസും സംയുക്തമായി നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാൻ ഡാനി സാഞ്ചസ് ലോപ്പസും സംഗീതം ജാനു ചന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്. സമുദ്രക്കനി, റാണ ദഗ്ഗുബട്ടി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.

Content Highlights: Actress Bhagyashrii Borse reveals why she initially refused to slap Dulquer Salmaan for real in the period drama `Kaantha`. Discover the scene`s impact and her co-star`s request.