'ബേബി ദയാല്‍ വരുന്നു'; കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി ബെന്നി ദയാലും കാതറിനും

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് ഗായകന്‍ ബെന്നി ദയാലും ഭാര്യ മോഡലും നടിയുമായ കാതറിന്‍ ദയാലും. ദീപാവലി ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലാണ് ഇരുവരും പുതിയ വിശേഷം പങ്കുവെച്ചത്. 'ബേബി ദയാല്‍ ഉടന്‍ വരുന്നു', എന്ന് ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2016-ല്‍ വിവാഹിതരായ ദമ്പതികള്‍ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കാതറിന്റെ നിറവയറില്‍ ബെന്നി തലോടുന്നതായി ചിത്രങ്ങളില്‍ കാണാം. കുഞ്ഞിന്റെ വരവ് അറിയിച്ചുള്ള അള്‍ട്രാ സൗണ്ട് ഫോട്ടോകളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
'ഞങ്ങളുടെ കുഞ്ഞുവെളിച്ചം വരുന്നു. ബേബി ദയാല്‍, ഞങ്ങളുടെ പുതിയ സൂര്യരശ്മി ഉടന്‍ വരുന്നു', എന്നാണ് അടിക്കുറിപ്പ്. ദമ്പതികള്‍ക്ക് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസിം എന്നിവര്‍ എത്തി.
യുഎഇയില്‍ ജനിച്ച ബെന്നി ദയാലിന്റെ മാതാപിതാക്കള്‍ കൊല്ലം സ്വദേശികളാണ്. 2002 മുതല്‍ സിനിമാ പിന്നണിഗാനരംഗത്ത് സജീവമായ ബെന്നി ദയാല്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി, മറാഠി, ഉര്‍ദു ഭാഷകളിലായി ഒട്ടേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. മലയാളത്തിലും സജീവമായി പാടുന്ന താരത്തിന്റെ ഏറ്റവും ഒടുവിലിറങ്ങിയ പാട്ട് 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യിലേതാണ്. എ.ആര്‍. റഹ്‌മാന്റെ പാട്ടുകളിലെ സ്ഥിരം സാന്നിധ്യമാണ്. 'ബൈ ദി പീപ്പിള്‍', 'റോബിന്‍ഹൂഡ്', 'കാര്യസ്ഥന്‍', 'സീനിയേഴ്‌സ്', 'തേജാ ഭായ് ആന്‍ഡ് ഫാമിലി', 'ക്വീന്‍', 'കൂടെ', 'തല്ലുമാല' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.
മോഡലും നടിയുമായ കാതറിന്‍ തങ്കവുമായി 2016-ലാണ് ബെന്നി ദയാല്‍ വിവാഹിതനായത്. ബെംഗളൂരുവില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
Content Highlights: Singer Benny Dayal and his wife, model-actress Catherine, are overjoyed to announce they are expecting their first child. The couple shared the happy news on Diwali