'പതിവുപോലെ എന്റെ പെർഫോമൻസ് ഗംഭീരമായിട്ടുണ്ട്'; സ്വന്തം സിനിമയുടെ ട്രെയിലർ കണ്ട് ആവേശഭരിതനായി ബാലയ്യ, വീഡിയോ വൈറൽ

#മൂവി ഡെസ്ക്
നന്ദമൂരി ബാലകൃഷ്ണ, അഖണ്ഡ 2 എന്ന ചിത്രത്തിലെ ഒരു രം​ഗം | സ്ക്രീൻ​ഗ്രാബ്
നന്ദമൂരി ബാലകൃഷ്ണ, അഖണ്ഡ 2 എന്ന ചിത്രത്തിലെ ഒരു രം​ഗം | സ്ക്രീൻ​ഗ്രാബ്

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ നായകനായി അടുത്ത മാസം റിലീസിനൊരുങ്ങുന്ന ചിത്രമാണ് അഖണ്ഡ 2: താണ്ഡവം. സിനിമയുടെ ട്രെയിലർ പ്രീമിയർ രണ്ടുദിവസം മുൻപാണ് നടന്നത്. ട്രെയിലർ കണ്ടുകൊണ്ടിരിക്കേ ബാലകൃഷ്ണയുടെ ഭാവപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ട്രെയിലറിലെ ഓരോ രംഗവും ആസ്വദിക്കുകയാണ് അദ്ദേഹം.

2021-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അഖണ്ഡ. വന്‍ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിക്കുന്നത് 2024-ലാണ്. ബോയപതി ശ്രീനുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നായിക സംയുക്താ മേനോൻ, കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ എന്നിവർ ട്രെയിലറിന്റെ പ്രീമിയറിനെത്തിയിരുന്നു. മാസ് രംഗങ്ങൾ നിറഞ്ഞ ട്രെയിലറിലെ രംഗങ്ങൾ ആസ്വദിച്ചുകാണുന്ന ബാലകൃഷ്ണയാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ ട്രോളായി മാറാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.

സ്വന്തം കഴിവുകണ്ട് കണ്ണുതള്ളിയ കലാകാരൻ എന്നാണ് വീഡിയോക്ക് വന്ന ഒരു പ്രതികരണം. കുട്ടികളുടെ മനസാണ് അയ്യയ്ക്ക്. ട്രെയിലറിന്റെ ഫൈനൽ ഔട്ട്പുട്ട് ഇപ്പോഴായിരിക്കും കാണുന്നത്. എന്നെ സമ്മതിക്കണം എന്നെല്ലാമാണ് ട്രോളർമാരുടെ പ്രതികരണം. ഡാക്കു മഹാരാജിന് ശേഷം കേരളത്തിൽ ബാലകൃഷ്ണയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറിയെങ്കിലും ഈ സിനിമയുടെ ട്രെയ്‌ലറിന് വലിയ ട്രോളുകളാണ് ലഭിക്കുന്നത്.

അഖണ്ഡ 2-ലെ ഡാന്‍സ് നമ്പര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മലയാളി താരം സംയുക്തയും ബാലയ്യയും ഒന്നിച്ചുള്ള 'ജജികയ ജജികയ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നത്. അതിന് മുമ്പ് ദി താണ്ഡവം എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവന്നിരുന്നു. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

Content Highlights: Watch Nandamuri Balakrishna`s ecstatic reaction to the Akhanda 2 trailer. The video of the Telugu superstar enjoying his own film Trailer has gone viral!