നിറയെ അശ്ലീലം, സ്ത്രീ വിരുദ്ധത: റാപ്പർ ബാദ്ഷായുടെ പുതിയ പാട്ട് നീക്കംചെയ്ത് യുട്യൂബ്

#മൂവി ഡെസ്ക്
റാപ്പർ ബാദ്ഷാ | ഫോട്ടോ: PTI
റാപ്പർ ബാദ്ഷാ | ഫോട്ടോ: PTI

റാപ്പർ ബാദ്ഷായുടെ ഏറ്റവും പുതിയ ഗാനമായ ‘ടട്ടീരി’ നീക്കം ചെയ്ത് യുട്യൂബ്. അശ്ലീലം നിറഞ്ഞ വരികളും സ്ത്രീവിരുദ്ധതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ഗാനത്തിനെതിരെ ഹരിയാനയിലെ പഞ്ച്കുളയിലെ സെക്ടർ-20ലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അഭയ് ചൗധരി എന്നയാൾ നൽകിയ പരാതിയിൽ ഗായകനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുമായി യുട്യൂബും എത്തിയത്.

ഗാനത്തിലെ ദൃശ്യങ്ങളിൽ സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരൻ ആരോപിച്ചു. അശ്ലീലതയ്ക്കും സ്ത്രീകളെ തെറ്റായി ചിത്രീകരിക്കുന്നതിനുമുള്ള ഇന്ത്യൻ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ബാദ്ഷാക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗാനത്തിലെ ഭാഷയും ദൃശ്യത്തിലുൾപ്പെടുത്തിയിരിക്കുന്ന ആംഗ്യങ്ങളും ആക്ഷേപകരമാണെന്ന് പരാതിയിൽ പറയുന്നു. പ്രത്യേകിച്ച്, സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെയാണ് ഇത്തരമൊരു ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നത് സ്ത്രീകളുടെ അന്തസ്സിന് വിരുദ്ധമാണെന്നും അശ്ലീലത പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരാതിയിലുണ്ട്.

ഇത്തരം ഉള്ളടക്കങ്ങൾ കുട്ടികളെയും യുവാക്കളെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്നും സമൂഹത്തിൽ മോശം ചിന്താഗതികൾ വളർത്താൻ ഇടയാക്കുമെന്നും അധികൃതർ വിലയിരുത്തുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ദേശ്‌രാജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

ഹരിയാനയുടെ സംസ്കാരത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ഗാനമെന്ന് മന്ത്രി മഹിപാൽ ധണ്ട പ്രതികരിച്ചു. വിഷയം പുറത്തുവന്നയുടനെ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. പ്രതിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉടൻ ഉത്തരവിടുകയും ഗായകനെതിരെ കേസെടുക്കുകയും ചെയ്തു. കൂടാതെ, പാട്ടിൽ ചിത്രീകരിച്ചിരിക്കുന്ന ബസും അതിന്റെ ഡിപ്പോയും അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

ആദിത്യ പ്രതീക് സിംഗ് സിസോദിയ എന്നാണ് റാപ്പർ ബാദ്ഷായുടെ യഥാർത്ഥ പേര്. 2026 മാർച്ച് 1-നാണ് ബാദ്ഷായും സിമ്രാൻ ജഗ്ലാനും ചേർന്ന് പാടിയ 'ടട്ടീരി' എന്ന ഹരിയാൻവി ഹിപ്-ഹോപ്പ് ഗാനം പുറത്തിറങ്ങിയത്. ബാദ്ഷാ തന്നെ വരികളെഴുതിയ ഈ ഗാനം മഹി സന്ധുവും ജോബൻ സന്ധുവും ചേർന്നാണ് സംവിധാനം ചെയ്തത്. ബാദ്ഷായുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലായിരുന്നു ഈ വീഡിയോ ലഭ്യമായിരുന്നത്.

Content Highlights: YouTube removed Badshah's song Tateeree following a formal police complaint., The FIR alleges the song contains obscene content and insults the dignity of women., The complaint specifically highlights the controversial use of school uniforms in the video., Police have initiated an investigation under laws related to the representation of women., The song was a collaboration between Badshah and Simran Jaglan.