ബെൽറ്റും ചെരിപ്പുമുപയോഗിച്ച് പൊതിരെ തല്ലും; അച്ഛൻ ഏകാധിപതിയെപ്പോലെയായിരുന്നെന്ന് ആയുഷ്മാൻ ഖുറാന

ആയുഷ്മാൻ ഖുറാന | ഫോട്ടോ: എ.എഫ്.പി
ആയുഷ്മാൻ ഖുറാന | ഫോട്ടോ: എ.എഫ്.പി

കഴിഞ്ഞ ഒരു വർഷത്തിനിടെ സിനിമകളൊന്നും ചെയ്തില്ലെങ്കിലും സം​ഗീതമേഖലയിൽ സജീവമാണ് നടൻകൂടിയായ ആയുഷ്മാൻ ഖുറാന. ആയുഷ്മാൻഭവ എന്ന തന്റെ ബാൻഡുമായി അമേരിക്കയിൽ ടൂറിലാണ് അദ്ദേഹം. ഈയിടെ ഹോണസ്റ്റ്ലി സേയിങ് എന്ന പോഡ്കാസ്റ്റ് ഷോയിൽ തന്റെ കുട്ടിക്കാലത്ത് നേരിട്ട ട്രോമയേക്കുറിച്ച് ആയുഷ്മാൻ തുറന്നുപറഞ്ഞു. സ്വന്തം അച്ഛനിൽ നിന്നുണ്ടായ പെരുമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

തന്റെ പിതാവിൽനിന്നും ഏറെ വ്യത്യസ്തനായ പിതാവാണ് താനെന്ന് ആയുഷ്മാൻ ഖുറാന പറഞ്ഞു. തന്റെ അച്ഛൻ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു. ചെരിപ്പുകൊണ്ടും ബെൽറ്റുകൊണ്ടും പൊതിരെ തല്ലുകിട്ടിയിട്ടുണ്ട്. ഇത് കുട്ടിക്കാലത്ത് മനസിനേറ്റ വലിയൊരു ആഘാതമായിരുന്നെന്നും ആയുഷ്മാൻ പറഞ്ഞു.

തന്റെ മകളെക്കുറിച്ചും ഷോയിൽ അദ്ദേഹം പറഞ്ഞു. "മുപ്പത് വയസാകുന്നതിനുമുൻപേതന്നെ ഞാൻ അച്ഛനായി. ഞാനും താഹിറയും വളരെ ചെറിയ പ്രായത്തിൽത്തന്നെ അച്ഛനമ്മമാരായി. എനിക്കൊരു മകളാണുള്ളത്. നിങ്ങൾക്കൊരു മകളാണുള്ളതെങ്കിൽ അവൾ നിങ്ങളെ നല്ലൊരു വ്യക്തിയാക്കും. പെൺമക്കൾ നിങ്ങളെ കൂടുതൽ സഹാനുഭൂതിയുള്ളവരാക്കും." ആയുഷ്മാൻ ഖുറാന അഭിപ്രായപ്പെട്ടു.

ധർമ പ്രൊഡക്ഷൻസിന്റെ ബാന്റിൽ കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിലാണ് ആയുഷ്മാൻ ഖുറാന ഇനി വേഷമിടുന്നത്. സാറാ അലി ഖാനാണ് നായിക. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ഹൊറർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രമായ തമ ആണ് ആയുഷ്മാന്റേതായി വരുന്ന മറ്റൊരു ചിത്രം. രശ്മിക മന്ദാന, നവീസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങളിൽ.

Content Highlights: Ayushmann Khurrana reveals childhood trauma from his father