സമ്പാദ്യം മുഴുവൻ 'ഹനുമാൻ അൻഷി'ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അദ്ഭുതം-നിർമാതാവ് അനുപ്രിയ നഗർ

#മൂവി ഡെസ്ക്
നിർമാതാവ് അനുപ്രിയ ന​ഗർ, ഹനുമാൻ അൻഷ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | Facebook, X
നിർമാതാവ് അനുപ്രിയ ന​ഗർ, ഹനുമാൻ അൻഷ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | Facebook, X

ന്ത്യൻ ബോക്സോഫീസിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച 'ഹനുമാൻ അൻഷ്' (Hanuman Ansh). വെറും രണ്ടു കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ചിത്രം 250 കോടിയാണ് ഇതുവരെ നേടിയത്. ആത്മീയ ആചാര്യനായ നീം കരോലി ബാബയുടെ ജീവിതമാണ് ചിത്രത്തിന് അടിസ്ഥാനം. ശോഭിനാവ് സത്യ നായകനായെത്തിയ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് 21-കാരിയായ നിർമാതാവ് അനുപ്രിയ നഗർ. തന്റെ സമ്പാദ്യമെല്ലാം ഈ സിനിമയ്ക്കായി നൽകിയെന്ന് അനുപ്രിയ വാർത്താ ഏജൻസിയായ ANI-യോട് പറഞ്ഞു.

"മൂന്ന് സ്ത്രീകളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, അതിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനാണ്. പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഞാൻ ഇതിൽ ചേർന്നത്. സിനിമയുടെ നിർമ്മാണം പൂർത്തിയായെന്നും എന്നാൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് ഫണ്ടില്ലെന്നും ടീം എന്നോട് പറഞ്ഞു. എനിക്ക് ചിത്രവുമായി ശക്തമായ ഒരു വൈകാരിക ബന്ധം തോന്നിയതിനാൽ എന്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഞാൻ ഈ സിനിമയ്ക്കായി നൽകി. എനിക്ക് ഇതൊരു വൈകാരികമായ പ്രോജക്റ്റാണ്." അനുപ്രിയയുടെ വാക്കുകൾ.

"ലാറി ബ്രില്യന്റ്, സ്റ്റീവ് ജോബ്സ് തുടങ്ങിയ നിരവധി വിദേശികളെ മഹാരാജ് ജീ (നീം കരോലി ബാബ) സ്വാധീനിച്ചിട്ടുണ്ട്, എന്നാൽ ഇന്ത്യയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അദ്ദേഹത്തെക്കുറിച്ച് അറിയൂ. ആളുകൾ അദ്ദേഹത്തിന്റെ ജീവിതകഥ അറിയണമെന്നും അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഈ ചിത്രത്തിന്റെ മുഴുവൻ നിർമാണവും ഞാൻ മാത്രമാണ് നിർവഹിച്ചതെന്നൊരു തെറ്റായ ധാരണയുമുണ്ട്, അത് ശരിയല്ല. മൊത്തം ബജറ്റിന്റെ മൂന്നിലൊന്ന് തുകയാണ് ഞാൻ നൽകിയത്. അതെ, ഞങ്ങൾ നിക്ഷേപിച്ച തുക തിരിച്ചുപിടിച്ചു, ചിത്രം നന്നായി മുന്നോട്ട് പോകുകയും ചെയ്യുന്നു. സിനിമ ഇത്രയും നന്നായി മുന്നോട്ട് പോകുന്നത് മഹാരാജ് ജീയുടെ അത്ഭുതം കൊണ്ടുമാത്രമാണെന്നാണ് മുഴുവൻ ടീമും വിശ്വസിക്കുന്നത്..." അനുപ്രിയ കൂട്ടിച്ചേർത്തു.

Also Read: ബോക്‌സ് ഓഫീസ് കുതിപ്പ് തുടർന്ന് 'ഹനുമാൻ അംശ്'; അഞ്ചാം വാരത്തിൽ 'ധുരന്ധർ' കളക്ഷനുകൾ മറികടന്നു

ഹനുമാൻ അൻഷിനെക്കുറിച്ച്

ഓഗസ്റ്റ് 7-ന് വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചന്ദൻ ആനന്ദ് ആണ് മറ്റൊരു പ്രധാനവേഷത്തിൽ. ലക്ഷ്മൺ ദാസ് എന്ന ചെറുപ്പക്കാരന്റെ ജീവിതവും അദ്ദേഹം എങ്ങനെ ആത്മീയത കണ്ടെത്തി നീം കരോലി ബാബയായി മാറി എന്നതുമാണ് ചിത്രം പറയുന്നത്. 13-ാം വയസ്സ് മുതൽ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് എത്തുന്നതുവരെയുള്ള ആത്മീയ നേതാവിന്റെ യാത്രയെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. സ്വയംഭൂ മീഡിയ നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, രാഗിണി എസ്, നംബ്രത ജി എസ്, അനുപ്രിയ എ നഗർ എന്നിവരാണ് നിർമ്മാതാക്കൾ. ചിത്രം നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിൽ 1900-ാമാണ്ടിൽ ജനിച്ച നീം കരോലി ബാബ 1973-ലാണ് അന്തരിച്ചത്. ജൂലിയ റോബർട്ട്സ്, വിരാട് കോലി, അനുഷ്‌ക ശർമ്മ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ഭക്തരിൽ ഉൾപ്പെടുന്നു. സ്റ്റീവ് ജോബ്സും മാർക്ക് സക്കർബർഗും മലനിരകളിലെ കെയ്ഞ്ചി ധാമിലുള്ള അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: The low-budget devotional drama Hanuman Ansh, based on the life and legacy of spiritual leader Neem Karoli Baba, has scripted box office history by crossing ₹200 crore worldwide driven by positive word-of-mouth.