ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന ചിത്രങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് കർശനമാക്കി കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ സെൻസർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശങ്ങൾ.
ലഹരി ഉപയോഗം, കടത്ത് എന്നിവ ചിത്രീകരിക്കുന്ന രംഗങ്ങളിൽ, 'അനധികൃത ലഹരിമരുന്നുകൾ ആരോഗ്യത്തെ നശിപ്പിക്കുകയും ഉപയോഗം തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു' എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കണം എന്നാണ് നിർദേശം.
സെപ്റ്റംബർ 16-നാണ് സിനിമാറ്റോഗ്രാഫ് ആക്റ്റിന് കീഴിൽ പരിഷ്‌കരിച്ച ഈ മാർഗനിർദേശം മന്ത്രാലയം വിജ്ഞാപനം ചെയ്തത്. നേരത്തെയുണ്ടായിരുന്ന സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ രംഗങ്ങൾ സിനിമകളിൽ ഇല്ലെന്ന് സി.ബി.എഫ്.സി ഉറപ്പാക്കണമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇത്തരം പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധമാക്കിയിരുന്നില്ല. ഇതിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം.
Content Highlights: Centre mandates compulsory anti-drug warnings in films for scenes showing drug abuse and trafficking. Updated certification guidelines were notified by the Information and Broadcasting Ministry under the Cinematograph Act. The warning must state that illegal drugs ruin health and usage leads to imprisonment. Previous rules only restricted glorifying drug use, without making explicit warning boards mandatory. The new directive follows the recent reorganization of the Central Board of Film Certification (CBFC).