മറ്റൊരുമതവിഭാഗം സമാന ആവശ്യവുമായി വന്നാൽ എങ്ങനെ പ്രതിരോധിക്കും?;അൻസിബ ശ്വേതയ്ക്ക് നൽകിയ കത്ത് പുറത്ത്

#Movies Desk
ശ്വേതാ മേനോന്‍, അന്‍സിബ അയച്ച ഇ- മെയില്‍ സന്ദേശം, അന്‍സിബ ഹസന്‍ | Photo: Facebook/ Shweta Menon, Special Arrangement, Ansiba Hassan
ശ്വേതാ മേനോന്‍, അന്‍സിബ അയച്ച ഇ- മെയില്‍ സന്ദേശം, അന്‍സിബ ഹസന്‍ | Photo: Facebook/ Shweta Menon, Special Arrangement, Ansiba Hassan

കൊച്ചി: താരസംഘടന 'അമ്മ' കുടുംബസംഗമത്തിന്റെ സ്‌പോൺസറായി ക്ഷേത്ര ട്രസ്റ്റിനെ കൊണ്ടുവരുന്നതിൽ എതിർപ്പറിയിച്ച് നടി അൻസിബ ഹസൻ പ്രസിഡന്റിന് അയച്ച സന്ദേശം പുറത്ത്. പ്രസിഡന്റിനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും അഭിസംബോധന ചെയ്ത് നടി അയച്ച ഇ- മെയിൽ സന്ദേശത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ മുദ്രയുള്ള സാമ്പത്തിക സഹായം സംഘടന സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് നടി ചൂണ്ടിക്കാണിക്കുന്നു.

വികാരപരമായല്ല, വിവേകപൂർണ്ണമായ ചില നിലപാടുകൾ സംഘടനയുടെ നന്മയ്ക്കായി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന മുഖവുരയോടെയാണ് കത്ത് ആരംഭിക്കുന്നത്. 'ഒരു മതസ്ഥാപനത്തിന്റെ തണലിൽ ഒരുമിച്ചുകൂടുമ്പോൾ, അത് മറ്റ് വിഭാഗങ്ങളിൽ വിവേചനത്തിന്റെ നിഴൽ വീഴ്ത്തിയേക്കും. നാളെ മറ്റൊരു മതവിഭാഗം സമാനമായ ആവശ്യവുമായി വന്നാൽ എങ്ങനെ പ്രതിരോധിക്കാൻ കഴിയും? ഇത് സംഘടനയ്ക്കുള്ളിൽ അനാവശ്യ തർക്കങ്ങൾക്കും ചേരിതിരിവുകൾക്കും വഴിമരുന്നിടില്ലേ? പണം നൽകുന്നവരുടെ പ്രത്യയശാസ്ത്രങ്ങൾക്കും വിശ്വാസങ്ങൾക്കും സംഘടനയുടെ സ്വതന്ത്ര നിലപാടുകൾ പണയപ്പെടുത്താൻ അനുവദിക്കരുത്. ഇത്തരം സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നത് പൈതൃകത്തിന് ചേർന്നതല്ല', ഇ- മെയിൽ സന്ദേശത്തിൽ പറയുന്നു.

സംഘടനയുടെ മതേതരമുഖം വികൃതമാകാതിരിക്കാനും വരും തലമുറയിലെ കലാകാരന്മാർക്ക് ഉത്തമമായ മാതൃക കാട്ടിക്കൊടുക്കാനുമായി നീക്കത്തിൽനിന്ന് ഭരണസമിതി പിന്തിരിയണമെന്ന് നടി ആവശ്യപ്പെട്ടു. തന്റെ വിയോജിപ്പ് മിനിറ്റ്‌സിന്റെ ഭാഗമാക്കണമെന്നും അവർ പ്രസിഡന്റിനോട് അഭ്യർഥിച്ചു. 'നമ്മെ നയിക്കുന്നത് കലയാകട്ടെ, മതമാകരുത്', എന്ന വാക്കുകളോടെയാണ് സന്ദേശം അവസാനിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 14-നായിരുന്നു 'അമ്മ'യുടെ കുടുംബസംഗമം നടന്നത്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി. എറണാകുളം തൃക്കാക്കര വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമായിരുന്നു പരിപാടിയുടെ ടൈറ്റിൽ സ്‌പോൺസർ.

ദല്ലാൾ നന്ദകുമാർ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാർ നേതൃത്വം നൽകുന്ന ക്ഷേത്ര ട്രസ്റ്റ് 75 ലക്ഷം രൂപയ്ക്കാണ് സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്. 30 ലക്ഷം രൂപ നൽകി. 45 ലക്ഷം ഇനിയും കുടിശ്ശികയാണ്.

സ്‌പോൺസർഷിപ്പ് കരാറിനെ അൻസിബ എതിർത്തിരുന്നു. മതസ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ കരാറിനെ എതിർത്തത്.

Content Highlights: Ansiba Hassan questioned AMMA's decision to accept sponsorship from a temple trust. The actress highlighted concerns regarding the organization's secular image. The sponsorship deal involved a commitment of 75 lakh rupees for the family meet. Ansiba demanded her dissent be recorded in the official minutes. The core argument is to keep art independent of religious influence