വീണ്ടും തമിഴകം കീഴടക്കി മലയാളി നായിക; ഹാട്രിക് ഹിറ്റടിച്ച് അനിഷ്മ

മറ്റൊരു മലയാളി യുവ നായിക കൂടി തമിഴിൽ ശ്രദ്ധനേടുന്നു. നായികയായ മൂന്ന് ചിത്രങ്ങൾ തുടർച്ചയായി ഹിറ്റായതോടെയാണ് മലയാളി നടി അനിഷ്മ അനിൽകുമാർ തമിഴ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. മൂന്നും ചെറിയ മുതൽമുടക്കിലെത്തി സൈലന്റ് ഹിറ്റടിച്ച സിനിമകളാണെന്നതും ശ്രദ്ധേയമാണ്.
2023-ൽ ‘പൂവൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ അനിഷ്മയുടെ അവസാന മൂന്ന് ചിത്രങ്ങളും തമിഴിൽ ആയിരുന്നു. ‘സിറൈ’, ‘യൂത്ത്’, ‘മോദരാത്രി’ എന്നീ മൂന്ന് ചിത്രങ്ങളും തമിഴിൽ ഹിറ്റായി. മൂന്നിലും നായികാ വേഷത്തിലായിരുന്നു അനിഷ്മ.
‘പൂവന്’ പിന്നാലെ ‘തെക്ക് വടക്ക്’, ‘ഐ ആം കാതലൻ’, ‘മരണമാസ്സ്’ എന്നീ ചിത്രങ്ങളിൽ അനിഷ്മ മലയാളത്തിൽ പ്രധാന വേഷങ്ങളിലെത്തി. ‘ഐ ആം കാതലനി’ൽ നസ്ലിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായാണ് അനിഷ്മ വേഷമിട്ടത്. ‘മരണമാസ്സി’ലെ ജസ്സിയും ശ്രദ്ധിക്കപ്പെട്ടു.
2025-ൽ പുറത്തിറങ്ങിയ ‘സിറൈ’ ആണ് ആദ്യ തമിഴ് ചിത്രം. വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സുരേഷ് രാജകുമാരിയുടെ ആദ്യസ്വതന്ത്ര സംവിധാനസംരംഭമായിരുന്നു 'സിറൈ'. ചിത്രത്തിലെ നീലോത്തി എന്ന ഗാനം അനിഷ്മയ്ക്ക് പാൻ- ഇന്ത്യൻ ശ്രദ്ധനേടിക്കൊടുത്തു. മൂന്നുകോടി ബജറ്റിൽ നിർമിച്ച ചിത്രം 32 കോടിയോളം ബോക്‌സ് ഓഫീസിൽനിന്ന് വാരി. ചിത്രത്തിന്റെ പ്രമേയവും ഏറെ പ്രശംസിക്കപ്പെട്ടു.
ALSO READ | 'പോയത് ഓഡിഷനാണെന്ന് അച്ഛനറിഞ്ഞില്ല, അന്ന് ഞാൻ സ്വയം പറഞ്ഞു നീ മരണമാസാടാ'
പിന്നാലെ, തമിഴ്താരം കരുണാസിന്റെ മകൻ കെൻ കരുണാസ് സംവിധാനം ചെയ്ത് നായകനായ ‘യൂത്തി’ലും നായികയായെത്തി. കമിങ് ഓഫ് ഏജ് സിനിമയായ ‘യൂത്തി’ൽ അനിഷ്മയ്ക്ക് പുറമേ സുരാജ് വെഞ്ഞാറമ്മൂടും മീനാക്ഷി ദിനേശും മലയാളി സാന്നിധ്യങ്ങളായിരുന്നു. ആറുകോടിയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രം, 82 കോടിയോളം തിരിച്ചുപിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 21-നായിരുന്നു അനിഷ്മയുടെ മൂന്നാമത്തെ തമിഴ് ചിത്രം ‘മോദരാത്രി’ പുറത്തിറങ്ങിയത്. രാജാ കറുപ്പസാമി സംവിധാനം ചെയ്ത ചിത്രത്തിൽ റിഷികാന്ത് ആയിരുന്നു നായകൻ. ചിത്രം ബ്ലോക്ബസ്റ്റർ ഹിറ്റായി മാറി. ഇതോടെ ഹാട്രിക് ഹിറ്റടിച്ച നായികയായി അനിഷ്മ മാറി.
Content Highlights: Malayalam actress Anishma Anilkumar scores three consecutive box office hits in Tamil cinema. Her successful Tamil titles include Sirai, Youth, and the recent release Modharathri. Sirai, directed by Suresh Rajakumari, earned around 32 crores against a 3 crore budget. Youth featured major actors including Ken Karunas, Suraj Venjaramoodu, and Meenakshi Dinesh. Anishma previously appeared in Malayalam films like Poovan, I Am Kathalan, and Maranamass.