വെട്രിമാരന്റെ പുകവലി കാരണം കണ്ണുചുവന്നു, കഥപോലും മുഴുവൻ കേൾക്കാതെ മടങ്ങാനൊരുങ്ങി -ആൻഡ്രിയ

ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ദേശീയ നെടുഞ്ചാലൈ. ഈ ചിത്രം പാതിയിൽ നിലച്ചുപോവുകയായിരുന്നു. ഈ സിനിമയിൽ തന്നെ നായികയായി ആലോചിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ ജെറേമിയ. കഥ കേൾക്കാനെത്തിയപ്പോൾ വെട്രിമാരന്റെ പുകവലി ശീലം കാരണം അവിടെനിന്ന് തിരികെപോരാൻ തുടങ്ങിയെന്നും അവർ പറഞ്ഞു. മാസ്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ആൻഡ്രിയ ഇക്കാര്യം പറഞ്ഞത്.
ധനുഷ് ആവശ്യപ്പെട്ട പ്രകാരമാണ് തന്നെ കാണാൻ ആൻഡ്രിയ വന്നതെന്ന് അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന വെട്രിമാരൻ പറഞ്ഞു. "ആ സമയം എനിക്ക് സിനിമയിൽ അഭിനയിക്കാൻ യാതൊരു താത്പര്യവും ഇല്ലായിരുന്നു. കഥ കേൾക്കാൻ ഞാൻ എത്തിയപ്പോൾ ഒരാൾ അവിടെയിരുന്ന് ഒരു സിഗരറ്റ് വലിച്ചതിന്റെ പുറകെ അടുത്തത് വലിക്കുന്നു. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണുകൾ ഒക്കെ ചുവന്നു. അദ്ദേഹം കഥ പറഞ്ഞ് തീർന്നില്ല, അതിന് മുൻപേ ഞാൻ പറഞ്ഞു എനിക്ക് പോകണമെന്ന് കാരണം ഈ പുക എനിക്ക് പറ്റുന്നില്ലായിരുന്നു", ആൻഡ്രിയ പറഞ്ഞു.
പൊല്ലാതവൻ എന്ന ആദ്യചിത്രത്തിനുശേഷം വെട്രിമാരനും ധനുഷും ഒന്നിക്കാനിരുന്ന സിനിമയായിരുന്നു ദേശീയ നെടുഞ്ചാലൈ. താരങ്ങളേയും അണിയറ പ്രവർത്തകരേയും നിശ്ചയിച്ചിരുന്ന സിനിമ ചിത്രീകരണം തുടങ്ങാനാവാതെ നിലയ്ക്കുകയായിരുന്നു. ഈ ചിത്രം പിന്നീട് വെട്രിമാരന്റെ അസിസ്റ്റന്റ് ആയ മണിമാരൻ ഉദയം NH4 എന്ന പേരിൽ സിദ്ധാർത്ഥിനെ നായകനാക്കി സംവിധാനം ചെയ്തു. ആൻഡ്രിയ പിന്നീട് വെട്രിമാരന്റെ വടചെന്നൈ എന്ന ചിത്രത്തിൽ മുഖ്യവേഷത്തിലെത്തി.
ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് നവംബർ 21ന് തിയേറ്ററുകളിലെത്തും. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ അവതരിപ്പിക്കുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlights: Andrea Jeremiah Reveals Reason for Almost Walking Out of Dhanush-Vetrimaaran's Unfinished Film