ബച്ചൻ കുടുംബത്തിൽ വസ്തുതർക്കം; അമിതാഭ് ബച്ചന്റെ വസതിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് സഹോദരഭാര്യ

#മൂവീസ് ഡെസ്‌ക്
അമിതാഭ് ബച്ചൻ 'ജൽസ'യ്ക്ക് പുറത്ത് ആരാധകരെ കാണുന്നു | Photo: AFP
അമിതാഭ് ബച്ചൻ 'ജൽസ'യ്ക്ക് പുറത്ത് ആരാധകരെ കാണുന്നു | Photo: AFP

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈ ജുഹുവിലെ വസതിയായ 'ജൽസ' ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കുടുംബത്തിൽ വസ്തുതർക്കം. വസ്തുവിന്റെ ഉടമസ്ഥാവകാശം ജയ ബച്ചന് കൈമാറിയ 1993-ലെ ഇഷ്ടദാനം ചോദ്യം ചെയ്ത് അമിതാഭ് ബച്ചന്റെ സഹോദരഭാര്യ രമോല ബച്ചൻ രംഗത്തെത്തി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇടപാട് നടന്നതെന്ന് അവർ ആരോപിച്ചു.

അന്ധേരി കോപ്പറേറ്റീവ് സൊസൈറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ഓഫീസിലാണ് രമോല പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ വാദം കേൾക്കൽ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ അജിതാഭ് ബച്ചന്റെ ഭാര്യയാണ് രമോല. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഒന്നിലധികം പരാതികൾ രമോല നൽകിയിട്ടുണ്ടെന്ന് 'മുംബൈ മിറർ' റിപ്പോർട്ട് ചെയ്യുന്നു. ജയ ബച്ചന് വസ്തു കൈമാറുന്നതിന് മുമ്പ് 'ജൽസ' തന്റെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തിരുന്നതെന്നാണ് രമോലയുടെ അവകാശവാദം.

കാപോൾ ഹൗസിങ് സൊസൈറ്റിയുടെ രേഖകളിൽ ജയ ബച്ചനാണ് ബംഗ്ലാവിന്റെ ഉടമ. എന്നാൽ, മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും രമോലയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ രേഖകളിൽനിന്ന് തന്റെ പേര് നീക്കം ചെയ്ത് ജയ ബച്ചന്റെ പേര് ചേർക്കാൻ ശ്രമങ്ങൾ നടന്നതോടെയാണ് പരാതി നൽകിയതെന്നാണ് രമോലയുടെ വാദം.

1993-ലെ ഇഷ്ടദാനം നടപ്പാക്കിയ രീതിയെയും രമോല ചോദ്യം ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ വെള്ളക്കടലാസിലാണ് ഇഷ്ടദാന ആധാരം തയാറാക്കിയത്. രേഖകളിൽ സാക്ഷികളുടെ ഒപ്പില്ല. പിന്നീട് മഹാരാഷ്ട്ര സർക്കാരിന്റെ 'അഭയ് യോജന' പദ്ധതിക്ക് കീഴിൽ ആധാരം രജിസ്റ്റർ ചെയ്യുകയും ക്രമപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് രമോല ആരോപിക്കുന്നത്.

പരാതി ലഭിച്ചതായും വാദം കേൾക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഡെപ്യൂട്ടി രജിസ്ട്രാർ ഫയാസ് മുലാനി സ്ഥിരീകരിച്ചു. ബന്ധപ്പെട്ട കക്ഷികളോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തർക്കത്തിലുള്ള രേഖകളുടെ സാധുതയോ ഉടമസ്ഥാവകാശമോ സംബന്ധിച്ച് അധികൃതർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയത്തിൽ അമിതാഭ് ബച്ചനോ ജയ ബച്ചനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തർക്കം കുടുംബകാര്യമാണെന്ന് വിശേഷിപ്പിച്ച അഭിഷേക് ബച്ചന്റെ വക്താവ് വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചുവെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമിതാഭ് ബച്ചൻ കുടുംബസമേതം താമസിക്കുന്ന വസതിയാണ് 'ജൽസ'. ഇവിടെയാണ് ബച്ചൻ ഞായറാഴ്ചകളിൽ ആരാധകരെ കാണുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ വസതിക്ക് മൂന്നുതവണയാണ് ബോംബ് ഭീഷണിസന്ദേശം ലഭിച്ചത്.

Content Highlights: Ramola Bachchan, wife of Amitabh Bachchan's younger brother Ajitabh, has challenged the ownership of the 'Jalsa' bungalow in Mumbai. She filed a complaint with the Andheri Cooperative Society Deputy Registrar questioning the 1993 gift deed that transferred the property to Jaya Bachchan. Ramola alleged the transfer occurred without her consent, noting her name still appears on the Maharashtra government's property card despite society records naming Jaya Bachchan. Deputy Registrar Fayaz Mulani confirmed that hearings have started and explanations have been sought from the concerned parties. Amitabh and Jaya Bachchan have not yet commented, while Abhishek Bachchan's spokesperson declined to respond, calling it a family matter.