ബാച്ച്‌ലർ പാർട്ടിക്ക് രണ്ടാം ഭാഗം വരുന്നു; വമ്പൻ അപ്‌ഡേറ്റുമായി അമൽ നീരദ്

#Movie Desk
ബാച്ച്ലർ പാർട്ടിയുടെ പോസ്റ്റർ, അമൽ നീരദ് പങ്കുവെച്ച ബാച്ച്ലർ പാർട്ടി ഡൂവിന്റെ പോസ്റ്റർ | Photos: Facebook
ബാച്ച്ലർ പാർട്ടിയുടെ പോസ്റ്റർ, അമൽ നീരദ് പങ്കുവെച്ച ബാച്ച്ലർ പാർട്ടി ഡൂവിന്റെ പോസ്റ്റർ | Photos: Facebook

അമൽ നീരദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ കോമഡി-ആക്ഷൻ ചിത്രമാണ് ബാച്ച്‌ലർ പാർട്ടി. ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, ആശിഷ് വിദ്യാർഥി, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നിത്യാ മേനോൻ, രമ്യാ നമ്പീശൻ, പത്മപ്രിയ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. അമൽ നീരദ് ചിത്രങ്ങളിൽ കൾട്ട് ഫാൻസുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ.

സാമൂഹികമാധ്യമങ്ങളിലൂടെയാണ് അമൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ബാച്ച്‌ലർ പാർട്ടി ഡൂ (D'EUX) എന്നാണ് ചിത്രത്തിന്റെ പേര്. ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ് ഇത്. ഫ്രഞ്ചിൽ DEUX എന്നാൽ രണ്ട് എന്നും D’EUX എന്നാൽ ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർഥമെന്ന് ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അമൽ നീരദ് കുറിച്ചു.

അമൽ നീരദ് പ്രൊഡക്ഷൻസും ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. 'ആൻ അമൽ നീരദ് ജോയിന്റ്, റോളിങ് സൂൺ' എന്നും പോസ്റ്ററിലുണ്ട്. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും അണിയറക്കാർ പങ്കുവെച്ചിട്ടില്ല.

Content Highlights: Director Amal Neerad has officially announced the sequel to his 2012 cult classic action-comedy Bachelor Party. Titled Bachelor Party D'EUX, the project is set to begin filming soon with major production houses onboard.