സാക്ഷിയായി ദുൽഖർ സൽമാൻ, അഹാനയെ താലിയണിയിച്ച് നിമിഷ്; വൈകാരിക കുറിപ്പുമായി നടി

സാമൂഹികമാധ്യമങ്ങളിൽ ഏറെദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ അഹാന കൃഷ്ണ തന്നെ സ്ഥിരീകരണം നൽകി. ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം വൈകാരിക കുറിപ്പാണ് നടി പങ്കുവെച്ചത്
'20-ൽ കണ്ടുമുട്ടി, 30-ൽ വിവാഹിതരായി. എന്റെ ബെസ്റ്റ് ഫ്രണ്ട്, ബോയ് ഫ്രണ്ട്, പങ്കാളി, സോൾമേറ്റ്, കംഫർട്ട് പില്ലോ, കപ് കേക്ക്, ഇപ്പോൾ ഭർത്താവ്. നിനക്കൊപ്പമായിരിക്കുമ്പോൾ എന്റെ ഹൃദയം പതിയെ, ശാന്തമായി, ശരിയായി സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, നമ്മുടെ മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം. ജീവിതകാലം മുഴുവൻ ഒരു ടീമായി മുന്നോട്ടുപോണം', അഹാന കുറിച്ചു.
തന്റെ സ്വപ്‌നവിവാഹം യാഥാർഥ്യമാവാൻ സഹായിച്ച മുഴുവൻ ടീമിനും അഹാന നന്ദി പറഞ്ഞു. കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ട്, ഇവന്റ് പ്ലാനർ, ഫോട്ടോഗ്രഫി ടീം, വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തവർ, മേക്കപ്പ്-ഹെയർ സ്റ്റൈലിസ്റ്റ് ടീം, എന്നിവർക്കുൾപ്പെടെ അഹാന നന്ദി പറഞ്ഞു.
ALSO READ | അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ
20-ഓളം സ്ലൈഡുകളായാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. ദുൽഖർ സൽമാൻ, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ഉൾപ്പെടെ ചടങ്ങുകളിൽ പങ്കെടുത്തു. പിതാവ് ജി. കൃഷ്ണകുമാർ, അമ്മ സിന്ധു കൃഷ്ണ എന്നിവരും ചിത്രങ്ങളിലുണ്ട്.
നിമിഷ് അഹാനയെ താലി ചാർത്തുന്നതും മോതിരം അണിയിക്കുന്നതും ചിത്രങ്ങളിൽ കാണാം. ദുൽഖറിന്റെ സാന്നിധ്യത്തിൽ വധൂവരന്മാർ വിവാഹവേദിയിൽ ചുംബിക്കുന്നതും ചിത്രങ്ങളിലുണ്ട്.
സെപ്റ്റംബർ 13-ന് നടന്ന വിവാഹത്തിന്റെ റിസപ്ഷൻ ചൊവ്വാഴ്ചയാണ്. വൈകിട്ട് ആറരമുതൽ നടക്കുന്ന റിസപ്ഷന്റെ ക്ഷണക്കത്ത് നേരത്തെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. സുബ്രഹ്‌മണ്യം ഹാൾ ട്രിവാൻഡ്രം ക്ലബ്ബിലാണ് റിസപ്ഷൻ.
തെന്നിന്ത്യയിൽ തിരക്കുള്ള ഛായാഗ്രാഹകരിൽ ഒരാളാണ് നിമിഷ് രവി. രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപ്സ്' എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ബി.ജെ.പി. നേതാവുകൂടിയായ നടൻ ജി. കൃഷ്ണകുമാറിന്റെ മകളാണ് അഹാന. നടിയുടെ ആദ്യ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നു നിമിഷ് രവി. അഹാന നായികയായ ടൊവിനോ തോമസ് ചിത്രം 'ലൂക്ക'യുടെ ഛായാഗ്രഹണം നിമിഷ് ആയിരുന്നു.
Content Highlights: Actress Ahaana Krishna officially confirms her marriage to cinematographer Nimish Ravi by sharing wedding pictures on social media. The wedding took place on September 13 at Taj Green Cove Resort in Kovalam. Actor Dulquer Salmaan and music director Jakes Bejoy attended the intimate ceremony. Ahaana shared an emotional note reflecting on their journey from meeting at age 20 to getting married at 30. A wedding reception is scheduled to take place at Trivandrum Club.