രാജ്യത്തെ പകുതിപ്പേർ സംരക്ഷിക്കാൻ ആഗ്രഹിച്ചു, മറുപകുതി എന്നെ കൊല്ലാനും -ആദാ ശർമ

1920, ദ കേരള സ്റ്റോറി, ബസ്തർ: ദി നക്സൽ സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ആദാ ശർമ. ഈ ചിത്രങ്ങളിൽ അഭിനയിച്ചതിന് താൻ നേരിട്ട ഭീഷണികളെയും വിവാദങ്ങളെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് അവർ. രാജ്യത്തെ പകുതിപ്പേർ തന്നെ സംരക്ഷിക്കാനും മറുപകുതി കൊല്ലാനും ആഗ്രഹിച്ചെന്ന് അവർ നർമം കലർത്തി പറഞ്ഞു. വെല്ലുവിളികളുണ്ടായില്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ എന്നും അവർ ചോദിച്ചു.
ആദ്യചിത്രമായ 1920 ആണ് തന്റെ ഏറ്റവും ധീരമായ സിനിമയായി സ്വയം വിലയിരുത്തുന്നതെന്ന് ആദാ ശർമ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഒരു അഭിനേതാവിനെ സ്ഥിരം വാർപ്പുമാതൃകകളിൽ തളച്ചിടും എന്ന് പറയപ്പെട്ടിരുന്ന ഒരു ഇൻഡസ്ട്രിയാണ് ബോളിവുഡ്. തന്റെ തിരഞ്ഞെടുപ്പ് എപ്പോഴും തിരക്കഥ, കഥാപാത്രം, അടുത്ത 4 മാസം ഒരുമിച്ചുണ്ടാവേണ്ട ആളുകൾ തുടങ്ങിയവയെ ആശ്രയിച്ചായിരുന്നു. ആദ്യ സിനിമയിൽ പ്രേതബാധയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോൾ ദേവിയായി വേഷമിടുന്നത് ആവേശകരമാണ്. തനിക്ക് എല്ലാത്തരം വേഷങ്ങളും ചെയ്യാൻ അവസരം ലഭിക്കുന്നുവെന്നും ആദാ ശർമ പറഞ്ഞു.
" '1920'-ൽ സിജിഐയും വിഎഫ്എക്‌സും ചെയ്യാൻ വലിയ ബജറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ ഭിത്തിയിൽ കയറുന്നതും കോണിപ്പടി പിന്നോട്ട് ഇറങ്ങുന്നതുമായ കാര്യങ്ങളെല്ലാം സ്വയം ചെയ്യേണ്ടിവന്നു. നന്നായി ചെയ്താൽ, ഫലം ആകർഷകമാകുമെന്ന് എനിക്ക് തോന്നുന്നു. ഭയമാണ് ഏറ്റവും വിലകുറഞ്ഞ സ്പെഷ്യൽ എഫക്റ്റ്, ഏറ്റവും ഫലപ്രദമായതും അതുതന്നെ. എന്നെ സംബന്ധിച്ചിടത്തോളം 'ദി കേരള സ്റ്റോറി'യും ഒരു ഹൊറർ സിനിമയായിരുന്നു, ഒരു മനുഷ്യ ഹൊറർ." ആദാ ശർമ കൂട്ടിച്ചേർത്തു.
ആദായുടെ ഏറ്റവും പുതിയ തിയേറ്റർ റിലീസ് 'തുംകോ മേരി കസം' (2025) ആണ്. ലീഗൽ ത്രില്ലർ പരമ്പരയായ 'റീത്ത സന്യാൽ സീസൺ 2'-ൽ അവർ ഉടൻ പ്രത്യക്ഷപ്പെടും. തന്റെ അരങ്ങേറ്റ ചിത്രമായ '1920' -ന്റെ രണ്ടാം ഭാഗവും യാമി ഗൗതം സഹതാരമായെത്തുന്ന 'തമസുർ' എന്ന ചിത്രവുമാണ് ആദാ ശർമയുടേതായി വരാനിരിക്കുന്ന മറ്റു സിനിമകൾ.
Content Highlights: Adah Sharma reflects on the threats faced for `The Kerala Story` & `Bastar`. She discusses her daring career choices and upcoming projects with wit.