'ആലിൻ, നീ എനിക്കൊരു കുഞ്ഞു മാലാഖ, ദൈവത്തിരുമകൾ'; ഹൃദയസ്പർശിയായ കുറിപ്പുമായി മീനാക്ഷി

നാല് കുഞ്ഞുങ്ങൾക്ക് പുതുജീവനേകി ലോകത്തോട് വിടപറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടി മീനാക്ഷി അനൂപ്. 'നീ എനിക്കൊരു കുഞ്ഞുമാലാഖയാണ്' എന്ന് മീനാക്ഷി, ആലിനോടായി പറഞ്ഞു. ആലിന്റെ അച്ഛനോടും അമ്മയോടും അതിശയത്തോടെയും ആദരവോടെയും ഹൃദയംതൊട്ട് നന്ദി പറയുന്നുവെന്നും മീനാക്ഷി പറഞ്ഞു. ആലിൻ ദൈവത്തിരുമകളാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ താരം പറഞ്ഞു.
മീനാക്ഷിയുടെ കുറിപ്പ്
'ആലിൻ'... നീ എനിക്കൊരു കുഞ്ഞു മാലാഖയാണ് .. എന്തോ നീ എപ്പോഴും എന്റെ മനസ്സിലങ്ങനെ വന്നു നില്ക്കുകയാണ് ... നീ ഈ ഭൂമിയിൽ ഇപ്പോഴില്ല എന്ന യഥാർത്ഥ്യം.. എന്നെ ഇനി എപ്പോഴും വിഷമിപ്പിക്കും എന്നതും യാഥാർത്ഥ്യം തന്നെയെന്നും ഞാനറിയുന്നു... എനിക്കറിയാത്ത ഏതോ ഒരു സ്ഥലത്ത് ജനിച്ച കുഞ്ഞി മാലാഖേ നീയെനിക്ക് ഏറെ പ്രിയപ്പെട്ടവളാകുന്നു... കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത് ... എനിക്ക് നീ 'ദൈവത്തിരുമകൾ'...
ഈ കരൾ പിളരും നേരത്ത് കുഞ്ഞുമോളെ നിന്റെ അച്ഛനേയും അമ്മയേയും ഞാൻ അത്ഭുതത്തോടെ, അതിശയത്തോടെ, സർവ്വാദരവോടും കൂടി ഈ സമൂഹത്തിന് വേണ്ടി ഹൃദയം തൊട്ട് നന്ദി പറയുന്നു.. സത്യമായും എനിക്ക് ഒരിക്കൽ നിങ്ങളെ നേരിൽ കാണണമെന്നുമുണ്ട്... അത് പക്ഷെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സങ്കടമാവും എനിക്ക് സമ്മാനിക്കുക എന്നതും എന്നെ ഭയപ്പെടുത്തുന്നുണ്ട് .. കുഞ്ഞ് അലിൻ മോളെ.. അവയ ദാനം എന്ന മഹത്തായ ഒന്നിന്റെ മുഖമാണിപ്പോൾ നിനക്ക്... അതെന്നുമായിരിക്കും... അത് ഒരു പക്ഷെ ഈ കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞുമുഖമായിരിക്കും...
Content Highlights: Malayalam actress Meenakshi penned a heart-wrenching tribute to 10-month-old Alin Sherin, calling her a "Little Angel" and "God's Daughter." She expressed immense respect for Alin’s parents for their selfless decision to donate her organs.