ജേണലിസത്തിൽ ടോപ്പറായി മാളവിക, സ്വപ്നം പിന്തുടരാൻ പ്രചോദനമായവർക്ക് നന്ദിയെന്ന് താരം

മാളവിക നായർ | ഫോട്ടോ: www.instagram.com/instamalunair/
മാളവിക നായർ | ഫോട്ടോ: www.instagram.com/instamalunair/

ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഗ്രാജ്വേഷൻ ചടങ്ങിൽ തിളങ്ങി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്.

ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഹൈ ഡിസ്റ്റിങ്ഷനോട് കൂടെയാണ് മാളവിക വിജയിച്ചത്.‌ ഈ വിഭാഗത്തിൽ കോളജിലെ പിജി ടോപ്പറും മാളവിക തന്നെയാണ്. ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലീഷിലായിരുന്നു താരം ബിരുദം പൂർത്തിയാക്കിയത്.

താൻ നടത്തിയ അവിസ്മരണീയമായ യാത്ര എന്തായിരുന്നെന്ന് ഓർമിപ്പിക്കുന്ന നാഴികക്കല്ലാണ് ഈ ദിവസം എന്നാണ് മാളവിക ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. സ്വപ്നങ്ങൾ പിന്തുടർന്ന് നേടാൻ പ്രചോദനം നൽകിയ കുടുംബാം​ഗങ്ങൾക്കും അധ്യാപകർക്കും മാളവിക നന്ദി പറയുന്നുണ്ട്.

മമ്മൂട്ടി നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരവും മാളവിക നേടി.

Content Highlights: actress malavika nair, malavika's graduation day photos