ടിവികെ സമ്മേളനങ്ങളിലെ മരണത്തെക്കുറിച്ച് വിജയ്ക്ക് അന്നേ മൗനം; ചര്‍ച്ചയായി നടി അംബികയുടെ വാക്കുകള്‍

വിജയ്, അംബിക | ഫോട്ടോ: മാതൃഭൂമി
വിജയ്, അംബിക | ഫോട്ടോ: മാതൃഭൂമി

കരൂരിലെ റാലിയിലെ ആള്‍ക്കൂട്ടദുരന്തത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി വിജയ്‌യുടെ സമീപനത്തെക്കുറിച്ചുള്ള നടി അംബികയുടെ വാക്കുകള്‍. തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തോട് അനുബന്ധിച്ചുണ്ടായ അപകടമരണങ്ങളില്‍ വിജയ് സ്വീകരിച്ച സമീപനത്തെ അംബിക വിമര്‍ശിക്കുന്ന വാക്കുകളാണ് സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. അപകടമരണങ്ങളില്‍ വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ശരിയായില്ലെന്നായിരുന്നു നടിയുടെ വിമര്‍ശനം.

ഒരുമാസം മുമ്പ് നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാവുന്നത്. വിജയ്‌യുടെ സമ്മേളനത്തിന് വന്ന ആറുപേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായതായി അംബിക അന്ന് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. വൈദ്യുതാഘാതമേറ്റും ചിലര്‍ മരിച്ചു. അന്ന് സ്റ്റേജിലെത്തിയ വിജയ്, മരണങ്ങളില്‍ ഖേദപ്രകടനം നടത്തണമായിരുന്നുവെന്ന് അംബിക പറഞ്ഞു.

അപകടമരണങ്ങള്‍ സംഭവിച്ചിട്ടും വിജയ് കുടുംബങ്ങളോട് അനുശോചനം അറിയിച്ചില്ല. സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. ദുഃഖം പ്രകടിപ്പിച്ചില്ല. വോട്ടുപോലുമില്ലാത്ത യുവാക്കളാണ് മരിച്ചത്. വിജയ് അവരുടെ അച്ഛനമ്മമാരെക്കുറിച്ച് ചിന്തിക്കണമായിരുന്നുവെന്നും അംബിക ആവശ്യപ്പെട്ടു.

വിജയ്‌യുടെ അടുത്തേക്കെത്താന്‍ ശ്രമിച്ച യുവാക്കളെ ബൗണ്‍സര്‍മാര്‍ തൂക്കിയെറിഞ്ഞ സംഭവത്തേയും അംബിക വിമര്‍ശിച്ചു. തായ്മാമന്‍ (അമ്മാവന്‍) എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയ്, അടുത്തുവരാന്‍ ശ്രമിച്ച കുട്ടികളെ തൂക്കിയെറിഞ്ഞ ബൗണ്‍സര്‍മാരെ തടഞ്ഞില്ല. 'തായ്മാമനു'മായി കുട്ടികള്‍ക്ക് ഒട്ടിയിരിക്കുന്ന ബന്ധമായിരിക്കും. അത് എന്തിനാണ് 'ഗ്രീസ് ഇട്ട് അകറ്റിയത്?'. 'തായ്മാമന്‍' എന്ന് പറയുന്ന ആള്‍, കുട്ടികള്‍ അടുത്ത് വരുമ്പോള്‍ തൂക്കിയെറിഞ്ഞ ബൗണ്‍സര്‍മാരെ തടയണമായിരുന്നുവെന്നും അംബിക ആവശ്യപ്പെട്ടു.

ബൗണ്‍സര്‍മാര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. കസ്റ്റമറുടെ ശരീരത്തിന് ഒന്നും സംഭവിക്കാതെ നോക്കുക എന്നതാണ് ബൗണ്‍സര്‍മാരുടെ ജോലി. എന്നാല്‍, തന്റെ അടുത്തേക്ക് വരുന്നവരെ നോവിക്കാതെ തടയണം എന്ന നിര്‍ദേശം വിജയ് നല്‍കണമായിരുന്നു. അത്രയും ഉയരത്തില്‍നിന്ന് കുട്ടികള്‍ വീണത് തലയിടിച്ചായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നും അംബിക അന്ന് ചോദിച്ചു.

40 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നയുടന്‍ വിജയ് സ്ഥലംവിട്ടതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം നടന്നയുടന്‍ പ്രതികരണത്തിനുനില്‍ക്കാതെ ട്രിച്ചി വിമാനത്താവളത്തിലേക്കുപോയ വിജയ് മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈയിലെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിജയ്‌യെക്കെതിരേ രോഷമുയര്‍ന്നത്. അംബിക അന്നേ പറഞ്ഞതാണ് വിജയ്‌യെക്കുറിച്ചെന്നാണ് ഇരുസംഭവങ്ങളും ചൂണ്ടിക്കാട്ടി പലരും സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

Content Highlights: Actress Ambika`s past remarks on Vijay`s lack of response to deaths during party events resurface, sparking debate after a recent tragic incident