‘നിങ്ങൾക്ക് ഭാര്യയും കുട്ടികളുമില്ലേ? കർണാടകയിൽനിന്ന് നിങ്ങളെ ഒഴിപ്പിക്കും’; യഷിനെതിരെ നടി, വിവാദം

#മൂവി ഡെസ്ക്
ഋഷീക, യഷ് | ഫോട്ടോ: Screengrab, Getty Images
ഋഷീക, യഷ് | ഫോട്ടോ: Screengrab, Getty Images

ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായതിനുപിന്നാലെ യഷിനെതിരെ രൂക്ഷവിമർശനവുമായി കന്നഡ നടി ഋഷികാ സിംഗ്. ട്രെയിലറിലെ പ്രായപൂർത്തിയായവർക്ക് മാത്രമുള്ള രംഗങ്ങളെ അവർ വിമർശിച്ചു. അത്തരം രംഗങ്ങളുടെ ഭാഗമാകാനുള്ള യഷിന്റെ തീരുമാനത്തെ അവർ ചോദ്യംചെയ്തു. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ യഷിനെ 'കർണാടകയിൽ നിന്ന് പുറത്താക്കുമെന്ന' നടിയുടെ പരാമർശം നടന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഋഷികാ സിംഗ് 'ടോക്സിക്' ട്രെയിലറിനെതിരെയുള്ള തന്റെ അതൃപ്തി വ്യക്തമാക്കിയത്. ട്രെയിലറിലെ പ്രണയ രംഗങ്ങളും ഇന്റിമേറ്റ് സീനുകളും തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് അവർ പറഞ്ഞു. ഭാര്യയും കുട്ടികളുമുള്ള യഷിൽ നിന്നും സ്ത്രീകളോട് ഇതിലും വലിയ ബഹുമാനമാണ് താൻ പ്രതീക്ഷിച്ചതെന്ന് അവർ നേരിട്ട് യഷിനെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ട്രെയിലറിൽ കാണിച്ചിരിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങളെയും ദൃശ്യങ്ങളെയും താൻ ഒട്ടും അനുകൂലിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോയുടെ അവസാനത്തിൽ "ഐ ആം ടോക്സിക്" എന്ന് അവർ ആവർത്തിച്ചു പറയുകയും ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഋഷിക പോസ്റ്റ് ചെയ്ത വീഡിയോ അധികം വൈകാതെതന്നെ വൈറലാവുകയും യാഷിന്റെ ആരാധകർ നടിക്കെതിരെ തിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് അഭിനേതാക്കൾ അഭിനയിക്കുന്ന ഒരു സാങ്കൽപ്പിക സിനിമയിലെ രംഗങ്ങളെ എന്തിനാണ് ഇത്രമാത്രം വ്യക്തിപരമായി എതിർക്കുന്നത് എന്ന് ആരാധകർ ചോദിക്കുന്നു. മാത്രമല്ല, 'ടോക്സിക്' സിനിമയിലെ മറ്റ് വനിതാ അഭിനേതാക്കൾ യഷിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും ചിത്രത്തിന്റെ അണിയറപ്രവർത്തകരെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഋഷികയുടെ പഴയ ചില സിനിമാ രംഗങ്ങളും ഫോട്ടോകളും കുത്തിപ്പൊക്കി അവരുടെ വിമർശനത്തിലെ ഇരട്ടത്താപ്പിനെ ഒരു വിഭാഗം ചോദ്യം ചെയ്യുമ്പോൾ, മറ്റ് ചിലർ പരസ്യമായി തന്റെ അഭിപ്രായം പ്രകടിപ്പിച്ച നടിയെ അഭിനന്ദിച്ച് പിന്തുണയും അറിയിക്കുന്നുണ്ട്.

കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകൾകൂടിയാണ് ഋഷികാ സിംഗ്. 'കള്ള മല്ല സുള്ള', 'ബെങ്കി ബിരുഗാളി', 'കണ്ഠീരവ', 'തുണ്ടാരു' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് അവർ ശ്രദ്ധേയയായത്.

കൂടാതെ ബിഗ് ബോസ് കന്നഡ ആദ്യ സീസണിലെ മത്സരാർത്ഥിയുമായിരുന്നു അവർ.
 

ടോക്സിക് ഈ മാസം തിയേറ്ററുകളിലേക്ക്

ഏതാനും ദിവസങ്ങൾക്കുമുൻപാണ് 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ യഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: Kannada actor Risheekaa Singh triggered a massive online controversy after publicly criticizing intimate scenes in the trailer of Yash's upcoming movie Toxic, warning that disrespectful portrayals of women could lead to him being made to "vacate Karnataka".