'അമ്മ' തമ്മിലടിച്ച് പിരിയില്ല, ഈ വെള്ളവും ഒഴുകിപ്പോവും; ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്- രവീന്ദ്രൻ

താരസംഘടന 'അമ്മ' പിരിച്ചുവിടണമെന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ വേദനിപ്പിച്ചുവെന്ന് നടൻ രവീന്ദ്രൻ. സംഘടന പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടരുതെന്ന് അദ്ദേഹം മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. ജി. സുധാകരന്റെ വാക്കുകൾ കേട്ടപ്പോൾ വലിയ ദുഃഖം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഏറെ ബഹുമാനിക്കുന്ന സുധാകരൻ സാറിനെപ്പോലെയുള്ള (ജി. സുധാകരൻ) വ്യക്തികൾ പോലും 'അമ്മ' പിരിച്ചുവിടേണ്ട സമയമായി എന്ന് പറയുന്നത് കേൾക്കുമ്പോൾ വലിയ ദുഃഖം തോന്നുന്നു. കാര്യങ്ങൾ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിൽ തങ്ങളുടെ ഭാഗത്തും തെറ്റുകളുണ്ടെന്ന് സമ്മതിക്കുന്നുവെന്ന് രവീന്ദ്രൻ പറഞ്ഞു.
അഭിനേതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 32 വർഷം മുൻപാണ് സംഘടന ആരംഭിച്ചത്. അതിന്റെ തുടക്കം മുതൽ താൻ ലൈഫ് മെമ്പറാണ്. പിന്നീട് കാരുണ്യ പ്രവർത്തനങ്ങളും സംഘടനയുടെ ലക്ഷ്യമായി മാറി. ലോകത്ത് മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള ക്ഷേമപ്രവർത്തനങ്ങൾ ഇന്ന് 'അമ്മ' ചെയ്യുന്നുണ്ട്. അംഗങ്ങൾക്ക് എല്ലാ മാസവും കൈനീട്ടം നൽകുന്നു, മരുന്നുകൾ എത്തിച്ചു നൽകുന്നു, കൂടാതെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. ഒരു കുടുംബം പോലെയാണ് മുന്നോട്ട് പോകുന്നതെന്നും രവീന്ദ്രൻ പറഞ്ഞു.
സംഘടന പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടരുത്. കാരണം സംഘടനയെ മാത്രം പ്രതീക്ഷിച്ചു കഴിയുന്ന ഒരുപാട് അംഗങ്ങളുണ്ട്. 500-ലധികം അംഗങ്ങളിൽ വെറും 50-ഓ 70-ഓ പേർക്ക് മാത്രമേ സ്ഥിരമായി തൊഴിലുള്ളൂ. കഴിഞ്ഞ മൂന്നു- നാല് വർഷമായി സിനിമയില്ലാതെ നിൽക്കുന്ന ഒരുപാട് പേർ ഇതിലുണ്ട്. അഭിനേതാക്കളായതുകൊണ്ട് പൊതുവെ കുറച്ച് വൈകാരികമായി സംസാരിക്കാറുണ്ട്; അതിന്റെ പേരിൽ സംഘടനയെ ഇല്ലാതാക്കണമെന്ന് പറയുന്നത് വലിയ വേദനയുണ്ടാക്കുന്നു. ഇത് പലരുടെയും ജീവിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സംഘടന നിലനിൽക്കണം എന്ന കാര്യത്തിൽ 500-ലധികം വരുന്ന അംഗങ്ങളും ഒരേ സ്വരത്തിലാണ്. മറ്റു പല കാര്യങ്ങളിലും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാം. നമ്മൾ മലയാളികളാണ്, വിയോജിപ്പുകൾ പ്രകടിപ്പിക്കും. ചിലപ്പോൾ അത് നിയന്ത്രണമില്ലാത്ത വൈകാരിക പ്രകടനങ്ങളായി മാറാറുണ്ട്. ജനങ്ങൾ തരുന്ന സ്‌നേഹവും കൈയടികളുമാണ് തങ്ങളുടെ ഊർജം. അതുകൊണ്ട് വിമർശിക്കാൻ മാധ്യമങ്ങൾക്കും ജനങ്ങൾക്കും എല്ലാ അവകാശവുമുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കാം, പക്ഷേ സംഘടന ഇല്ലാതാകണമെന്ന് പറയരുതെന്നും രവീന്ദ്രൻ അഭ്യർഥിച്ചു.
നിലവിൽ സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ട്. എല്ലാ സംഘടനകളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറില്ലേ?. ഇപ്പോൾ എല്ലാവരും വൈകാരികമായി നിൽക്കുന്ന സമയമാണ്. ഈ വെള്ളവും ഒഴുകിപ്പോവും. മുൻപും 'അമ്മ' പല വലിയ പ്രതിസന്ധികളെയും തരണം ചെയ്തിട്ടുണ്ട്. സംഘടനയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ സംഘടന നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവർ ശരിയായ സമയത്ത് ഇടപെടും. ഇപ്പോൾ എല്ലാവരും ഇമോഷണൽ ആയിരിക്കുന്നതുകൊണ്ടാണ് പലരും പ്രതികരിക്കാത്തത്. പ്രശ്‌നങ്ങൾ താനേ ഇല്ലാതാകുമെന്നും തമ്മിലടിച്ച് പിരിയില്ലെന്നും ഉറപ്പുണ്ട്. എല്ലാവരും സ്വയം കാര്യങ്ങൾ തിരിച്ചറിയുന്ന അവസ്ഥ ഉണ്ടാകുമെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു.
Content Highlights: Actor Raveendran expressed deep pain over ongoing public discussions and demands, including those from politician G. Sudhakaran, calling for the dissolution of the Malayalam movie artists' association, AMMA. He admitted that mistakes have been made from the association's side which led the situation to its current turbulent state. Highlighting the welfare activities of AMMA, Raveendran noted that the association supports over 500 members with monthly financial aid, medicines, and insurance, especially since only 50 to 70 members find regular work. He urged the media and the public to criticize their mistakes but pleaded not to demand the destruction of an organization that many rely on for survival. Raveendran concluded with optimism, stating that this crisis too shall pass and senior leaders like Mammootty and Mohanlal will intervene at the right time to resolve all internal issues