സംഗീതത്തെ സ്‌നേഹിക്കുന്നവരെല്ലാം മാസത്തിലൊരിക്കൽ ഒത്തുചേരും; പനമന ഇപ്പോൾ 'സംഗീതമന'

നിളയുടെ തീരത്ത് പാടശേഖരങ്ങളതിരിട്ട പനമന അഥവാ 'സംഗീതമന'. നീണ്ട കോലായയും മരത്തൂണുകളും നടുമുറ്റവും പന്തലിച്ചു നിൽക്കുന്ന മുല്ലവള്ളിയും ചന്തം പകരുന്ന ഇടം. ഈ മനോഹാരിതയ്ക്ക് നടുവിൽ അല്പം ശുദ്ധസംഗീതം കൂടി കേട്ടാലോ, എങ്കിൽ പോരൂ, ചെറുതുരുത്തിയിലേക്ക്.
സ്ഥിരതാമസമില്ലെങ്കിലും മാസത്തിലൊരിക്കൽ പനമനയ്ക്ക് ജീവൻ വെക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒത്തുചേരും. ശുദ്ധശാസ്ത്രീയസംഗീതത്തെ സ്‌നേഹിക്കുന്നവരാണവരെല്ലാം. പിന്നെ കച്ചേരിയും മറ്റുമായി രാത്രിവരെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് പനമന മാറും. 13 വർഷം മുമ്പ് രൂപവത്കരിച്ച ഈ കൂട്ടായ്മ ഇന്ന് 'സദിര് സംഗീതസഭ' എന്നാണ് അറിയപ്പെടുന്നത്. ഇവർ ഒത്തുകൂടുന്ന ദിവസങ്ങളിൽ പ്രമുഖരായ സംഗീതജ്ഞരുടെ കച്ചേരി ഉണ്ടാകും.
ചെറുതുരുത്തി പനമന കൃഷ്ണൻ നമ്പൂതിരിയുടെതാണ് ഈ മന. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മന സംഗീതസഭയുടെ പരിപാടിക്കായി ഇദ്ദേഹം നൽകുന്നത്. റിട്ട. ജീവനക്കാർ, അധ്യാപകർ, കലാകാരന്മാർ, വിദ്യാർഥികൾ അടക്കം വലിയൊരു കൂട്ടായ്മയിൽ ഈ സംഗീതസഭ വളരുകയാണ്.
2013-ൽ കഥകളിസംഗീതാചാര്യനായ മാടമ്പി സുബ്രഹ്‌മണ്യൻ നമ്പൂതിരി, കെ.ബി. മുരളീധരൻ, വയലാ രാജേന്ദ്രൻ, പയ്യന്നൂർ ജഗദീഷ്, ചന്ദ്രശേഖരൻ കോട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. ഇന്ന് നൂറോളം അംഗങ്ങൾ സ്ഥിരമായി എത്താറുണ്ട്.
മനയുടെ നടുമുറ്റത്തിനു ചുറ്റും പുൽപ്പായ വിരിച്ചിരുന്ന് സംഗീതം ആസ്വദിക്കാം. ചെറുതുരുത്തി ടൗണിൽനിന്ന് ഉള്ളിലായി പോലീസ് സ്റ്റേഷന് എതിവശത്തെ മാർക്കറ്റ് റോഡിലൂടെ പോയാൽ പനമനയിൽ എത്താം.
Content Highlights: Panamana is a traditional heritage house in Cheruthuruthy known as 'Sangeethamana'., Sadir Sangeetha Sabha, founded 13 years ago, hosts monthly classical music concerts., The venue is provided free of charge by owner Panamana Krishna Namboodiri., The collective includes over 100 members, including retired professionals, teachers, and students., The initiative preserves and promotes pure classical music in a traditional courtyard setting.