ഈ പരദേവനഹോ: ഒരുനൂറ്റാണ്ടിലേറെ പ്രായം; യേശുദാസിന്റെ സ്വരമാധുരി, വൈറലായ ക്രിസ്തീയഗാനം പിറന്നതിങ്ങനെ

#ടി.ജി. ബേബിക്കുട്ടി
നന്ദഗോവിന്ദനം ഭജന്‍സിന്റെ സംഗീതപരിപാടിയില്‍നിന്ന്‌ | Photo: Screen grab/ Facebook: Sudheesh Palathattil
നന്ദഗോവിന്ദനം ഭജന്‍സിന്റെ സംഗീതപരിപാടിയില്‍നിന്ന്‌ | Photo: Screen grab/ Facebook: Sudheesh Palathattil

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെ അനുമോദിച്ചും കടുത്ത ഭാഷയിൽ വിമർശിച്ചും സൈബർ ഇടങ്ങളിൽ ചൂടൻ ചർച്ചകളാണ് നടക്കുന്നത്. അതിനിടെയാണ് അവർ ആലപിച്ച ’ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിൻ അധിപൻ...’ എന്ന ഗാനവും വൈറലാകുന്നത്.

യൂസ്തുസ് യോസഫ് എന്ന വിദ്വാൻകുട്ടി രചിച്ച ഗാനത്തിന് ഒരുനൂറ്റാണ്ടിലേറെ പ്രായമുണ്ട്. വിവിധ ക്രൈസ്തവസഭകളുടെ കൺവൻഷൻ വേദികളിൽ സെമിക്ലാസിക്കലുകാർ പാടി കൈയടി നേടുന്ന പാട്ട് യേശുദാസിന്റെ സ്വരമാധുരിയിലാണ് കേരളീയർ കേട്ടുപരിചയിച്ചത്. അടുത്തിടെ ഈ ഗാനം ആധുനിക ശബ്ദവിന്യാസത്തോടെ ഒരു സംഗീതസംഘം അവതരിപ്പിച്ചത് നവമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ക്രൈസ്തവബിംബങ്ങളൊന്നുമില്ലാത്ത പാട്ടിന്റെ ആദ്യവരികൾ പരമശിവന്റെ ചിത്രങ്ങളോടെ റീൽസായും പ്രചരിപ്പിക്കപ്പെട്ടു. റീമിക്‌സിന്റെ ഈ പുതുമോടിയോടെയാണ് കോട്ടയം നട്ടാശ്ശേരി ക്ഷേത്രത്തിൽ നന്ദഗോവിന്ദം സംഘവും അവതരിപ്പിച്ചത്.

പതിറ്റാണ്ടുകളായി മാരാമൺ കൺവെൻഷന്റെ സമാപനത്തിൽ പാടുന്ന ‘സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനേ..’ എന്നതടക്കം വിദ്വാൻകുട്ടിയച്ചന്റെ നിരവധി ഗാനങ്ങൾ സഭാവ്യത്യാസമില്ലാതെ പാട്ടുപുസ്തകങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

യുസ്തുസ് യോസഫ്

1835-ൽ പാലക്കാട് തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച രാമയ്യരാണ് പിൽക്കാലത്ത് യുസ്തുസ് യോസഫ് ആയത്. ചെറുപ്പത്തിൽത്തന്നെ സംഗീതവും ജ്യോതിഷവും സംസ്‌കൃതവുമൊക്കെ വശത്താക്കി. പിന്നീട് ശാസ്താംകോട്ടയിലേക്ക് കുടുംബം താമസം മാറ്റി. സി.എം.എസ്. മിഷനറിയായ ജോസഫ് പിറ്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവനായി മാറുന്നത്. പിന്നീട് കോട്ടയം സെമിനാരിയിൽ വേദപഠനം നടത്തി സി.എം.എസ്. മിഷനറിയായി.

യുയോമയ

സി.എം.എസ്. സഭ വിട്ട യുസ്തുസ് യോസേഫും അനുയായികളും കൊല്ലം കരുനാഗപ്പള്ളിക്ക് സമീപം കന്നേറ്റിയിലാണ് യുയോമയ എന്ന സഭ സ്ഥാപിക്കുന്നത്. കന്നീറ്റ് ഉണർവുസഭയെന്നും ഇതറിയപ്പെട്ടു. പ്രവചനം പിഴച്ചതോടെ അനുയായികൾ മിക്കവരും അകന്നു. 100 കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ സഭയിലുള്ളത്.

പാട്ടിന്റെ പേരിൽ വേർതിരിവ് അരുത്

സർവജാതി മതൈക്യത്തിന്റെ പ്രവാചകനെന്ന് സ്വയം വിശേഷിപ്പിച്ച വിദ്വാൻകുട്ടി എഴുതിയ പാട്ടിന്റെ പേരിൽ മനുഷ്യർ തമ്മിൽ ഒരു തരത്തിലുള്ള വേർതിരിവുമുണ്ടാകരുത്. ആർക്കെങ്കിലും ഈ പാട്ട് കേട്ട് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. വിവാദങ്ങൾ ഒഴിവാക്കുക. ശാന്തരായി ജീവിക്കാം.

-യുസ്തുസ് ഡി. മാത്യു (ബോധകർ)

(യുസ്തുസ് യോസഫിന്റെ ചെറുമകൻ. യുയോമയ സഭ സെക്രട്ടറി)

അടങ്ങാതെ ഭക്തിഗാനവിവാദം: സൗഹാർദ ആഹ്വാനവുമായി ക്ഷേത്രം

കോട്ടയം: ക്ഷേത്രവളപ്പിന് പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ സാമൂഹികമാധ്യമങ്ങളിൽ വാക്പോര്. ഭജൻസ് സംഘം, മറ്റൊരുമതത്തിന്റെ ഗാനം പാടിയത് ശരിയല്ലെന്ന രീതിയിൽ ഒരു പ്രഭാഷകൻ പോസ്റ്റിട്ടതോടെയാണ് വിവാദം തുടങ്ങിയത്. നന്ദഗോവിന്ദം ഭജൻസിന്റെ തട്ടകമായ കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രമാണ് വിഷുത്തലേന്ന് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ പേരിൽ നാട്ടിലെ സൗഹാർദ്ദം തകർക്കരുതെന്നും എല്ലാ മതവിഭാഗങ്ങളും സ്നേഹത്തോടെ ജീവിക്കുന്ന ഇടമാണ് നട്ടാശ്ശേരിയെന്നും ചൂണ്ട‌ിക്കാട്ടിയ ക്ഷേത്രം ഭാരവാഹികൾ, ക്രിസ്തീയഗാനം പാടാനുണ്ടായ സാഹചര്യവും വിശദമാക്കി. വിമർശിച്ചവരുടെയും വികാരം മാനിക്കുന്നതായും ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയെങ്കിൽ ആ വികാരം ഹൃദയപൂർവം അംഗീകരിക്കുന്നതായും നന്ദഗോവിന്ദം ഭജൻസും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ക്ഷേത്രം സംഘടിപ്പിച്ച പരിപാടിയിൽ മറ്റൊരു മതഗീതം പാടിയത് ശരിയല്ലെന്നാണ് ഭജൻസ് സംഘത്തെ വിമർശിക്കുന്നവരുടെ പ്രധാനവാദം. നന്ദകുന്തിരിക്കം എന്ന അധിക്ഷേപത്തോടെയായിരുന്നു പ്രഭാഷകന്റെ കുറിപ്പ്. വിമർശകരെ എതിർത്തും അനുകൂലിച്ചും പോസ്റ്റുകൾ വന്നു. ക്ഷേത്രങ്ങളിലും പള്ളികളിലും ഇതര മതസ്ഥരായ ഗായകർപാടിയ പാട്ടുകളുടെ പട്ടിക ചിലർ അവതരിപ്പിച്ചു.

സൗജന്യമായിട്ടാണ് പരിപാടി അവതരിപ്പിച്ചതെന്നും അത് ക്ഷേത്രവളപ്പിന് പുറത്തായിരുന്നുവെന്നും ക്ഷേത്രകമ്മിറ്റി കൺവീനർ ബി. ശ്രീകുമാർ പറഞ്ഞു. പാട്ടിനു മുമ്പുതന്നെ, ആ പാട്ട് എന്തുകൊണ്ട് പാടുന്നെന്ന് ഗായകൻ നവീൻ മോഹൻ വിശദമാക്കിയിരുന്നു. നവീൻ പഠിച്ചത് സമീപത്തുള്ള പള്ളിവക സ്കൂളിലാണ്. അവിടത്തെ അധ്യാപകരും സദസ്സിലുണ്ടായിരുന്നു. പരിപാടിക്ക് പല സൗകര്യങ്ങളും ഒരുക്കിത്തന്നത് സമീപത്തെ പള്ളിയാണ്. അവർക്കുള്ള ആദരമായിട്ടാണ് ക്രിസ്തീയഗാനം ആലപിച്ചത്. ദേശവിളക്കിലും വിഷുവിലും പെരുന്നാളിലും ഒന്നിക്കുന്ന സമുദായങ്ങളാണ് ഇവിടെയുള്ളതെന്നും നവീൻ മോഹൻ പറഞ്ഞു. 2000-ത്തിൽ വേമ്പിൻകുളങ്ങര ക്ഷേത്രാങ്കണത്തിൽ ചെറിയ സംഘമായിട്ടാണ് നന്ദഗോവിന്ദം ഭജൻസ് തുടങ്ങിയത്.

Content Highlights: Nandagovindam Bhajans faced backlash for singing a Christian hymn at a Kottayam temple event. The song was composed by Justus Joseph (Vidwankutty), a 19th-century figure who founded the Yuyomaya church. The temple committee and the bhajan group clarified the performance was an act of communal harmony. The singer explained the choice was a tribute to the local church that supported their group. Church representatives have called for an end to the controversy to maintain social peace