ജർമനിയിലെ പ്ലേഗ്രൗണ്ട് സംഗീതോത്സവത്തിലേക്ക് അരുണിതയും ആന്യയും; വഴികാട്ടിയായത് ഗൊയ്‌ഥെ സെൻട്രം

അരുണിതാ മോഹനും ആന്യാ മോഹനും | Photo: Mathrubhumi
അരുണിതാ മോഹനും ആന്യാ മോഹനും | Photo: Mathrubhumi

തിരുവനന്തപുരം: മലയാളികളും യുവ സംഗീതപ്രതിഭകളുമായ സഹോദരിമാർക്ക് ജർമനിയിലെ ’ദി പ്ലേഫോർഡ്‌സ്’ മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ക്ഷണം. കുലശേഖരം ലോട്ടസ് വില്ലയിൽ ബോബി മോഹന്റെയും മിനയുടെയും മക്കളായ അരുണിതാ മോഹനും ആന്യാ മോഹനുമാണ് ഏഴുമുതൽ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജർമൻ സാംസ്‌കാരികകേന്ദ്രമായ ഗൊയ്‌ഥെ സെൻട്രമാണ് ഇതിലേക്കു വഴിതുറന്നത്. 

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കേൾവിക്കാരായുള്ള ആദ്യകാല യൂറോപ്യൻ സംഗീതമേളകളിൽ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ. ശ്രീ സ്വാതിതിരുനാൾ ഗവൺമെന്റ് സംഗീത കോളേജിൽ പഠിച്ച അരുണിത പ്രൊഫഷണൽ വീണ വാദകയും സർവോദയ സ്‌കൂളിലെ സംഗീതാധ്യാപികയുമാണ്. മാർ ഇവാനിയോസ് കോളേജിൽ ബിഎ ഇക്കണോമിക്‌സ് അവസാനവർഷ വിദ്യാർഥിനിയായ ആന്യ ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യസംഗീത വയലിൻ വിദഗ്ധയാണ്. പ്രൊഫഷണൽ പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളിൽ പ്രതിഭ തെളിയിച്ചയാളാണ്.

ജർമൻ സാഹിത്യ ഇതിഹാസം ജോഹാൻ വുൾഫ് ഗാങ് വോൺ ഗൊയ്‌ഥെയുടെ ജൻമനാടായ വെയ്മറിൽ നിന്നുള്ള ബാൻഡായ ‘ദി പ്ലേഫോർഡ്‌സി’നൊപ്പമാണ് ഈ സഹോദരിമാർ സംഗീതപരിപാടി അവതരിപ്പിക്കുക. യുവ സംഗീതജ്ഞർക്ക് ആദ്യകാല യൂറോപ്യൻ സംഗീതത്തെ മനസ്സിലാക്കാനുള്ള അവസരമാണ് ഫെസ്റ്റിവലിലേക്കുള്ള ക്ഷണത്തിലൂടെ ലഭിക്കുന്നതെന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയിലെ ഓണററി കോൺസൽ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

Content Highlights: Young musical talents Arunitha and Anya Mohan from Kerala receive an invitation to perform at Germany`s renowned Playground Music Festival with `The Playfords` band