'ആരും കൂടെയില്ലാത്തതിന്റെ ഫ്രസ്‌ട്രേഷനാണ് ഹെർ വെക്കേഷനിൽ എന്റെ കോണ്‍ട്രിബ്യൂഷൻ'

#സ്വീറ്റി കാവ്
her vacation song poster, Ahron 'Askomaniac'
her vacation song poster, Ahron 'Askomaniac'

അതിഭാവുകത്വങ്ങളോ ചടുലതകളോ നിരത്താതെ സ്വതന്ത്ര സംഗീതമേഖലയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന ഇരുപതുകാരൻ, ആരോൺ എന്ന 'Aksomaniac' ആദ്യമായി കപ്പ ഒറിജിനൽസുമായി സഹകരിക്കുന്ന 'her vacation' എന്ന ആൽബം ഗാനത്തിൻ്റെ ഓഡിയോ വേർഷൻ റിലീസ് ആയിരിക്കുകയാണ്. സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക് എന്നീ പ്ലാറ്റ് ഫോമുകളിലൂടെ അതിമനോഹരമായ ഈ ഗാനം ആസ്വദിക്കാം. തൻ്റെ സംഗീത പ്രവർത്തനങ്ങളേക്കുറിച്ചും 'her vacation' നെ കുറിച്ചും ആരോൺ  സംസാരിക്കുകയാണ് കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജ് വിദ്യാർഥിയും മികച്ച പിയാനോ വാദകനും കൂടിയായ ആരോൺ.

'Aksomaniac' എന്ന ആരോണിന്റെ ഏറ്റവും പുതിയ ഗാനം കപ്പ ഒറിജിനല്‍സിലൂടെ റിലീസാകുകയാണല്ലോ. എന്താണ് 'her vacation', ഒരു സാധാരണ ഗാനത്തിന് ഉപരിയായി ആ ഗാനത്തിലൂടെ എന്തെങ്കിലും പ്രത്യേക ആശയം പങ്കുവെക്കാൻ ആഗ്രഹിക്കുന്നുണ്ടോ
 
പുതിയതെന്നോ അസാധാരണമെന്നോ ഞാനീ പാട്ടിനെക്കുറിച്ച് അവകാശപ്പെടുന്നില്ല. ഞാന്‍ എല്ലാ ദിവസവും അനുഭവിക്കുന്നതോ കടന്നുപോകുന്നതോ ആയ ബുദ്ധിമുട്ടുകളെക്കുറിച്ച് അതേ പോലെ എഴുതാനാണ് പാട്ടുകളിലൂടെ ശ്രമിക്കുന്നത്. ഈ പാട്ട് വളരെ നന്നായി വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. നമ്മുടെ ജീവിതത്തില്‍ എപ്പോഴും നമ്മളെ സഹായിക്കാനും സ്‌നേഹിക്കാനും ആള്‍ക്കാരുള്ളത് വലിയ അനുഗ്രഹമാണ്. പക്ഷേ, അതില്ലാതാകുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന വിഷമതകളാണ് 'her vacation' ലൂടെ പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്. സഹായിക്കാനോ സ്‌നേഹിക്കാനോ ഒരാള്‍ ഉണ്ടായിരുന്നല്ലോ എന്നാലോചിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ഒരു സന്തോഷം, നമ്മളത്രയും കാലം കൊണ്ടുപോയ നിമിഷങ്ങളേയും കാര്യങ്ങളേയും കുറിച്ചാലോചിച്ച് സന്തോഷിക്കുന്ന ഒരു വേഴ്‌സ് (verse) ആണ് സീഗന്‍ ഈ പാട്ടില്‍ കൊണ്ടുവന്നിരിക്കുന്നത്. അങ്ങനെ ആരും കൂടെയില്ലാത്തതിന്റെ വിഷമവും ഫ്രസ്‌ട്രേഷനുമാണ് ഞാനീ പാട്ടില്‍ എന്റെ കോണ്‍ട്രിബ്യൂഷനായി ചേര്‍ത്തിരിക്കുന്നത്. അങ്ങനെ ഒരു ഡൈക്കോട്ടമി ആണ് ഈ പാട്ടില്‍ എടുത്തുപറയാനുള്ള പ്രത്യേകത. 

'her vacation' ലൂടെ മറ്റുരണ്ട് കലാകാര്‍ കൂടി ആരോണിനൊപ്പം ചേരുന്നുണ്ടല്ലോ. എങ്ങനെയാണ് നിങ്ങളുടെ കൂട്ടായ്മ വന്നുചേര്‍ന്നത് / ഒരുമിച്ചൊരു ഗാനത്തിന്റെ സൃഷ്ടിയിലേക്ക് എങ്ങനെയെത്തി.

സീഗനും (The Seige) എന്ന മുംബൈയില്‍ നിന്നുള്ള റാപ്പറും ഞാനും, ഈ പാട്ടുണ്ടാക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. പേരോ അങ്ങനെ രണ്ട് വ്യക്തികള്‍ ഉണ്ടെന്നുള്ള കാര്യമോ ഞങ്ങള്‍ക്കറിയില്ലായിരുന്നു. Converse Indiaയുടെ പരസ്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ ഈ പാട്ടുണ്ടാക്കിയത്. ഒരു വീഡിയോ കോളിലൂടെയാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. രണ്ട് നാട്ടില്‍നിന്ന്, രണ്ട് സംസ്‌കാരങ്ങളില്‍നിന്ന് വന്ന രണ്ട് പേര്‍, രണ്ട് സുഹൃത്തുക്കളെപ്പോലെ രണ്ട് മണിക്കൂര്‍നേരം സംസാരിച്ചു. സംസാരം പക്ഷേ പാട്ടിനെക്കുറിച്ചായിരുന്നില്ല. ആ കോള്‍ കഴിഞ്ഞ് ഒരാഴ്ചകൊണ്ട് ഒരു പാട്ടുണ്ടായി, അതാണ് നിങ്ങളീ കേള്‍ക്കുന്ന പാട്ട്. അങ്ങനെയാണ് സീഗന്‍ ഈ പാട്ടിലേക്ക് വരുന്നത്.  ആര്‍ച്ചയെ കൂടെ പാടാന്‍ വേണ്ടി ഞാന്‍ വിളിച്ചു. പ്രാക്ടീസിനിടെ പാട്ടിനിടയില്‍ ഒരാരോഹണം ഇട്ടാലോ എന്ന് ആര്‍ച്ച ഒരാശയം പറഞ്ഞു. വെറുതേ ഇട്ടുനോക്കാമെന്ന് ഞാനും സമ്മതിച്ചു. അതുകൂടി ചേര്‍ന്നപ്പോള്‍ പാട്ടിന് ഒരു പൂര്‍ണത വന്നതുപോലെ തോന്നി. പാട്ടില്‍ ഇത് റെക്കോഡ് ചെയ്ത് ചേര്‍ക്കാമെന്ന് ഞാന്‍ കരുതി. ആര്‍ച്ചയുടെ വേര്‍ഷന്‍ ആ പാട്ടില്‍ എത്രത്തോളം പ്രധാനമാണെന്ന് നിങ്ങള്‍ക്ക് ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസിലാകും. 

കപ്പയുടെ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് പ്ലാറ്റ്‌ഫോമിലേക്ക് ആരോണും ആരോണിന്റെ സംഗീതവും എത്തിച്ചേര്‍ന്നതെങ്ങനെ.

എക്സ്പ്ലെയിൻ ട്വൈസ് (Explain Twice) എന്ന അഞ്ച് ഗാനങ്ങളുള്ള ആല്‍ബത്തിന്റെ ഭാഗമാണ് ഈ പാട്ട്. അതിന്റെ ലീഡ് സിംഗിള്‍ കൂടിയാണ്. ഈ ആല്‍ബം കുറച്ചുകാലം മുമ്പ് പൂര്‍ത്തീകരിച്ച സമയത്ത് ഈ ആല്‍ബം വലിയൊരു ഓഡിയന്‍സിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, കാരണം കുറേ എഫര്‍ട് ഈ ആല്‍ബത്തിനുപിറകിലുണ്ട്. ഈ ആല്‍ബം ഡിസ്ട്രിബ്യൂട്ട് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ച് അറിയുന്നവരേയും അറിയാത്തവരേയുമായി കുറേ പേരെ വിളിച്ചു, മെയിലയച്ചു. കപ്പ ഒറിജിനല്‍സിലെ രഞ്ജിനി മേനോന് എന്നെക്കുറിച്ച് നേരത്തേ അറിയാം.  തുടര്‍ന്ന് ആല്‍ബത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു സെഷന്‍ വെച്ചു. ഈ പാട്ടിന്റെ മ്യൂസിക് വീഡിയോയും ഞാന്‍ കാണിച്ചിരുന്നു. അങ്ങനെ കപ്പ ഒറിജിനല്‍സ് അത് റിലീസ് ചെയ്യാമെന്നറിയിച്ചു. 

ആരോണിന്റെ സംഗീതപ്രവര്‍ത്തനങ്ങളെ കുറിച്ച്/ സംഗീതമേഖലയിലേക്കുള്ള കടന്നുവരവ്, സംഗീതാഭ്യസനം, കുടുംബത്തില്‍ മുന്‍ഗാമികള്‍ ആരെങ്കിലും / ആരോണ്‍ മികച്ച ഒരു പിയാനിസ്റ്റ് കൂടിയാണെന്ന് മനസിലാക്കുന്നു, അതിനെക്കുറിച്ച് കൂടി വിശദമാക്കാമോ.

ഞാന്‍ എല്‍കെജിയില്‍ പഠിക്കുന്ന സമയത്ത് എന്നേയും ചേച്ചിയേയും അച്ഛനുമമ്മയും പാട്ട് പഠിപ്പിക്കാന്‍ വിട്ടു. അന്ന് സംഗീതപഠനം എനിക്ക് വലിയ താത്പര്യമില്ലാത്ത കാര്യമായിരുന്നു. പതിയെ ഞാന്‍ ക്ലാസ് വിട്ടുപോന്നു. പിന്നെ ഒരു രണ്ടാം ക്ലാസായപ്പോള്‍ ഞാന്‍ സ്‌കൂളില്‍ തബല ക്ലാസില്‍ ചേര്‍ന്നു. എനിക്ക് വീട്ടില്‍നിന്ന് തബലയൊക്കെ വാങ്ങിത്തന്നു. പക്ഷേ പിന്നെ അതും വിട്ടു. പിന്നെ ഫോര്‍ത്ത് ഗ്രേഡായപ്പോള്‍ എന്റെ സ്‌കൂളിലെ  മ്യൂസിക് ടീച്ചര്‍ അപര്‍ണ മാം എനിക്ക് കീബോര്‍ഡ് വാങ്ങിത്തരാന്‍ പാരന്റ്‌സിനോട് പറഞ്ഞു. അവരെനിക്ക് കീബോര്‍ഡ് വാങ്ങിത്തന്നു, ക്ലാസിനും ചേര്‍ത്തു. പക്ഷേ അവിയേയും പഴയപോലെത്തന്നെ. പ്രാക്ടീസ് ചെയ്യലുണ്ടായിരുന്നില്ല. ആറാം ക്ലാസ് ആയപ്പോഴേക്കും എന്റെ കീബോര്‍ഡ് സാര്‍ പറഞ്ഞതനുസരിച്ച് ഒരു പിയാനോ വാങ്ങാന്‍ പറഞ്ഞു. അന്ന് അത്രയും കാശ് കൊടുത്ത് പിയാനോ വാങ്ങുന്നത് അത്ര പ്രായോഗിക കാര്യമല്ലാതിരുന്നിട്ട് കൂടി എനിക്ക് അച്ഛനുമമ്മയും ഒരു പിയാനോ വാങ്ങിത്തന്നു. പക്ഷേ അതിനുശേഷം എനിക്ക് മ്യൂസിക്കിനോടുള്ള കാഴ്ചപ്പാട് പാടേ മാറി. പിന്നീട് അത് സോങ് റൈറ്റിങ്ങായി, മ്യൂസിക് പ്രൊഡക്ഷനായി, പാട്ടുകള്‍ റിലീസ് ചെയ്യുന്നതിലുള്ള കമ്പമായി. അന്ന് എന്റെ ടീച്ചര്‍മാരും അച്ഛനുമമ്മയും എന്നില്‍ അർപ്പിച്ച വിശ്വാസമാണ് എന്നെയിപ്പോള്‍ നിങ്ങളുടെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുന്നത്.

ഇത്രയും ചെറിയ പ്രായത്തില്‍ത്തന്നെ മ്യൂസിക് പ്രൊഡ്യൂസറായി മാറിയതിനെ കുറിച്ച്, പാട്ടെഴുത്തുകാരന്‍ കൂടിയാണല്ലോ, ഇതിനോടകം എഴുതിയ പാട്ടുകളെ കുറിച്ച് പറയാമോ. പ്രധാനമായും ഏത് ആശയത്തിലാണ് ആരോണ്‍ ശ്രദ്ധ നല്‍കുന്നത്.

ഇരുണ്ട നിറത്തിലുള്ള ഒരാളാകുമ്പോള്‍ സ്‌കൂളില്‍ പലപ്പോഴും നമ്മളെ കളിയാക്കും. ഇത് നമ്മളെ നല്ല രീതിയില്‍ വേദനിപ്പിച്ചേക്കും. ഈ അനുഭവങ്ങള്‍ എങ്ങനെ ഒരു പാട്ടിലേക്കെത്തിക്കും. പാട്ടിലൂടെ ഇത് ആവിഷ്‌ക്കരിക്കുകയെന്നത് അത്ര എളുപ്പമല്ല. ആശയം വളച്ചൊടിക്കാതെ ആളുകള്‍ക്ക് മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കുകയാണ് പ്രധാനം. മലയാളത്തില്‍ കറുപ്പ് എന്നൊരു പാട്ട് ഉടനെത്തും. മലയാളത്തില്‍ കൂടുതല്‍ പാട്ടുകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ഭാഷ അത്ര വശമില്ലെങ്കിലും എല്ലാവരുടെയും സഹായത്തോടെ അത് മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

ഒരു സംഗീതപ്രവര്‍ത്തകന്‍ ഒരു നല്ല ശ്രോതാവ് കൂടിയായിരിക്കുമല്ലോ, എത്തരത്തിലുള്ള സംഗീതമാണ് ആരോണ്‍ കൂടുതലായി കേള്‍ക്കുന്നത്.

ഞാന്‍ നല്ല ശ്രോതാവ് കൂടിയാണെന്നുള്ളത് സത്യമാണ്. ഞാനൊരു ദിവസം കേള്‍ക്കുന്ന പാട്ടുകള്‍ക്ക് കയ്യും കണക്കുമില്ല. പതിനൊന്നാം ക്ലാസ് വരെ ഞാന്‍ മലയാളം പാട്ടുകളും ഹിന്ദി പാട്ടുകളും മാത്രമാണ് കേട്ടുകൊണ്ടിരുന്നത്. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള മ്യൂസിക്കിന്റെ ഇന്‍ഫ്‌ളുവന്‍സ് കുറവായിരുന്നു. ആ സമയത്ത് അര്‍ജുന്‍ എന്ന ഒരു കൂട്ടുകാരനാണ് എനിക്ക് പുറത്തുനിന്നുള്ള സംഗീതത്തിന്റെ വാതില്‍ തുറന്നുതന്നത്. കഴിഞ്ഞകൊല്ലം ഇന്ത്യയിലും പാകിസ്താനിലുമുള്ള കുറേ ഹിപ് ഹോപ് മ്യൂസിക്കില്‍ കുറേ റിസര്‍ച്ച് ചെയ്യാനിടയായി. എനിക്ക് ഹിപ് ഹോപ് വലിയൊരു ഇന്‍ഫ്‌ളുസാണുണ്ടാക്കിയിട്ടുള്ളത്. ഈയടുത്തായി ദേശി ഹിപ് ഹോപ്, റാപ്, ആര്‍എന്‍പി തുടങ്ങിയവയും ധാരാളമായി കേള്‍ക്കുന്നുണ്ട്. പാട്ടുകളുടെ ശ്രോതാവ് കൂടിയാകുന്നത് പാട്ടുകള്‍ ഉണ്ടാക്കാന്‍ നല്ലരീതിയില്‍ ഹെല്‍പ് ചെയ്യുന്നുമുണ്ട്. 

കുടുംബത്തില്‍ നിന്നുള്ള പിന്തുണ.

അച്ഛനും അമ്മയ്ക്കും പാട്ട് ഭയങ്കര ഇഷ്ടമാണ്. അമ്മ പള്ളിയിലെ ഗായകസംഘത്തിലുണ്ടായിരുന്നു. അച്ഛന്‍ പാട്ട് നല്ല ഇഷ്ടമായതുകൊണ്ട് പള്ളിയിൽ എപ്പോഴും ഗായകസംഘത്തിന് തൊട്ട് പിന്നിലായിട്ടാണ് ഇരിക്കാറുള്ളത്. ചേച്ചി നന്നായി പാട്ടുപാടും. ഞങ്ങള്‍ രാത്രി ഭക്ഷണം കഴിക്കുന്നത് റേഡിയോ കേട്ടുകൊണ്ടാണ്. പാട്ടിനോട് ഒരു ഇഷ്ടമെല്ലാവര്‍ക്കുമുണ്ടെങ്കിലും പാട്ട് ഗൗരവമായി കണ്ടുകൊണ്ട് ആരും അഭ്യസിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.


 

Content Highlights: Interview With Ahron Aksomaniac, Kappa Originals Song Her Vacation