മദ്രാസ് ഐ.ഐ.ടി.യിൽ ഇളയരാജയുടെപേരിൽ സംഗീത ഗവേഷണകേന്ദ്രം

ഇളയരാജ| Photo: Mathrubhumi
ഇളയരാജ| Photo: Mathrubhumi

ചെന്നൈ: സംഗീതപഠനം, ഗവേഷണം എന്നിവയ്ക്കുമാത്രമായി മദ്രാസ് ഐ.ഐ.ടി.യിൽ ഇളയരാജയുടെപേരിൽ കേന്ദ്രം വരുന്നു. ഇതു സംബന്ധിച്ച് ഇളയരാജയും മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടിയും ധാരണാപത്രം കൈമാറി. ഇളയരാജതന്നെ ശിലാസ്ഥാപനകർമവും നിർവഹിച്ചു. ‘ഐ.ഐ.ടി.എം.-മാസ്ട്രോ ഇളയരാജസെന്റർ ഫോർ മ്യൂസിക് ലേണിങ് ആൻഡ് റിസർച്ച്’ എന്ന പേരിൽ പൂർണമായും മുളകൊണ്ടുനിർമിച്ച കെട്ടിടത്തിലാവും കേന്ദ്രം പ്രവർത്തിക്കുക.

സംഗീതോപകരണങ്ങളുടെ രൂപകല്പന, സംഗീത നൈപുണ്യ വികസനപരിപാടികൾ തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കും. സംഗീതംകൊണ്ട് മനുഷ്യരാശിക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള ഗവേഷണം നടത്തും. സംഗീതസംബന്ധിയായ പുതിയ കോഴ്‌സുകൾ തുടങ്ങും. സംഗീതവുമായി കോർത്തിണക്കിയ കൂടുതൽ തൊഴിൽമേഖലകൾ രൂപപ്പെടുത്താനുള്ള ആശയങ്ങൾ വികസിപ്പിക്കും. സംഗീത സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ വളർത്താൻ പ്രോത്സാഹനം നൽകും.

സംഗീതവും സാങ്കേതികവിദ്യയും കോർത്തിണക്കിയുള്ള പഠനത്തിനും ഗവേഷണത്തിനുമാണ് മുൻതൂക്കം നൽകുകയെന്ന് മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടി പറഞ്ഞു. ‘ആഗോളതലത്തിൽ സംഗീതത്തിൽ ഒട്ടേറെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. നിർമിതബുദ്ധി (എ.ഐ) പോലുള്ള നൂതന സാങ്കേതികവിദ്യകൾ സംഗീത ഗവേഷണത്തിൽ നിർണായകപങ്കു വഹിക്കും’- കാമകോടി പറഞ്ഞു. സംഗീതം മനസ്സിലുണ്ടെങ്കിൽ പഠിക്കാൻ വഴികൾ തുറക്കപ്പെടുമെന്ന് ഇളയരാജ പറഞ്ഞു. സംഗീതം ആത്മാർപ്പണത്തോടെ പഠിച്ചാൽ വലിയ ഉയരങ്ങൾ കീഴടക്കാനാവും. ഐ.ഐ.ടി.പോലുള്ള മികച്ച സ്ഥാപനത്തിൽനിന്ന് സംഗീതത്തിലേക്കായി നൂറുകണക്കിന് ഇളയരാജകൾ സൃഷ്ടിക്കപ്പെടും. സംഗീതം ഞാൻ ഔപചാരികമായി പരിശീലിച്ചിട്ടില്ല. എല്ലാം പരീക്ഷിച്ചു വിജയിപ്പിച്ചെടുത്തതാണ്. വീണ്ടും സംഗീതത്തിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്താൻ പോവുകയാണ്. പുതിയ സംഗീതോപകരണങ്ങൾ നിർമിക്കാൻ ഗവേഷണം നടത്തും- ഇളയരാജ വിശദമാക്കി. അടുത്തിടെയാണ് മദ്രാസ് ഐ.ഐ.ടി. പ്രവേശനത്തിനായി ആദ്യമായി സ്പോർട്സ് ക്വാട്ടയും കലാകാരൻമാർക്കുള്ള ക്വാട്ടയും പ്രഖ്യാപിച്ചത്.
 

Content Highlights: Raaja music centre to come up at IIT Madras, Research