'ദാസേട്ടനോടുള്ള ആരാധന പലരും മോശം രീതിയില്‍ കണ്ടു; കരിയറില്‍ ആരുടേയും പിന്തുണ ലഭിച്ചിട്ടില്ല'

#പഞ്ചമി വേണുഗോപാൽ/ കെ.ജി മാർക്കോസ്
.
.

ഗാനമേളകളിലൂടെ സിനിമാരംഗത്തേക്ക് വരുകയും ഒരുപാട് പാട്ടുകള്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുകയും ചെയ്ത അനുഗ്രഹീത ഗായകനാണ് കെ ജി മാര്‍ക്കോസ്. 1982-ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയിലെ കന്നിപ്പൂമാനം കണ്ണുംനട്ട് എന്ന മെലഡിയിലൂടെയാണ് കെ ജി മാര്‍ക്കോസ് ചലച്ചിത്രഗാന രംഗത്തേക്ക് വരുന്നത്. ഇടയ്ക്ക് വച്ച് സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും കെ ജി മാര്‍ക്കോസിന്റെ പാട്ടുകള്‍ എന്നും പ്രായ വ്യത്യാസമില്ലാതെ ആസ്വാദകര്‍ നെഞ്ചേറ്റി നടക്കുന്നവയാണ്. 15 വര്‍ഷത്തിന് ശേഷം ന്യൂ ജനറേഷന്‍ സിനിമയില്‍ പാടിയിരിക്കുകയാണ് 65കാരനായ കെ ജി മാര്‍ക്കോസ്. 

കന്നിപ്പൂമാനം കണ്ണുംനട്ട് എന്ന മെലഡിയില്‍ തുടങ്ങി തെലങ്കാന ബൊമ്മലു വരെ എത്തി നില്‍ക്കുകയാണ്. എങ്ങനെയാണ് പ്രേമലുവിന്റെ ഭാഗമായത്?  

1980 കാലഘട്ടം മുതല്‍ പരിചയമുള്ള എന്റെ സുഹൃത്താണ് പ്രേമലു എന്ന സിനിമയില്‍ ഇങ്ങനെയൊരു പാട്ടുണ്ട് പാടണമെന്ന് പറഞ്ഞ് വിളിക്കുന്നത്. എന്നെ ഉദ്ദേശിച്ച് തന്നെയാണോ വിളിക്കുന്നത് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എനിക്ക് ഭാവനാ സ്റ്റുഡിയോ എന്ന കമ്പനിയെക്കുറിച്ചും വിഷ്ണു വിജയ് എന്ന സംഗീത സംവിധായകനെ കുറിച്ചും പറഞ്ഞുതന്നു. അങ്ങനെയാണെങ്കില്‍ ഒരു കൈ നോക്കിക്കളയാമെന്ന് വിചാരിച്ച് പാട്ട് അയച്ച് തരാന്‍ പറഞ്ഞു. പാട്ട് കൈയില്‍ കിട്ടിയപ്പോഴാണ് അതിന്റെ യഥാര്‍ത്ഥ രൂപം മനസിലാകുന്നത്. ഇത് ഞാന്‍ പാടിയാല്‍ ശരിയാവുമോ എന്ന് വിഷ്ണുവിനോട് ഞാന്‍ ചോദിച്ചു. എന്നെ ഉദ്ദേശിച്ച് തന്നെയാണ് വിളിച്ചതെന്ന് വിഷ്ണു ഉറപ്പിച്ച് പറഞ്ഞു. പാട്ടിലുള്ള ചില വാക്കുകള്‍ക്ക് പ്രാധാന്യം കൊടുത്ത് എന്റേതായ ശൈലിയില്‍ പാടിയാല്‍ മതിയെന്നായിരുന്നു വിഷ്ണുവിന്റെ നിര്‍ദേശം. സ്റ്റുഡിയോയില്‍ വിഷ്ണുവിന് നേരിട്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും റെക്കോഡിങ് സമയത്ത് വീഡിയോ കോളില്‍ തന്നെയുണ്ടായിരുന്നു. 

തെലങ്കാന ബൊമ്മലു പാട്ട് കേട്ടതിന് ശേഷം മക്കളുടേയും സുഹൃത്തുക്കളുടേയുമൊക്കെ പ്രതികരണമെങ്ങനെയായിരുന്നു?

മൂന്ന് മക്കളില്‍ രണ്ട് പേര്‍ അത്യാവശ്യം പാടുന്നവരാണ്. അവര്‍ കുറച്ചുകൂടെ ന്യൂ ജനറേഷന്‍ പാട്ടുകളൊക്കെ കേള്‍ക്കുന്ന കൂട്ടത്തിലാണ്. തീയറ്റര്‍ ആംബിയന്‍സില്‍ തെലങ്കാന ബൊമ്മലു നന്നായിരുന്നുവെന്ന് പറഞ്ഞു. സുഹൃത്തുക്കള്‍ക്കും നല്ല അഭിപ്രായമായിരുന്നു. എന്നെപ്പോലൊരാളുടെ ശബ്ദത്തില്‍ ഒരു ന്യൂ ജനറേഷന്‍ പാട്ട് എങ്ങനെയുണ്ടാകുമെന്ന് ആളുകള്‍ക്ക് ആകാംക്ഷയും ഉണ്ടാകും. 

പണ്ടത്തെ റെക്കോഡിങ് രീതികളില്‍ നിന്ന് ഇന്നുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?

പണ്ട് ഒരു പാട്ട് ചിട്ടപ്പെടുത്തുമ്പോള്‍ സംഗീത സംവിധായകനും എഴുത്തുകാരനും പാടുന്ന ആളുമൊക്കെ ഒരുമിച്ചുണ്ടാകും. ആ പാട്ടുമായി ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കാന്‍ കഴിയും. ഇപ്പോള്‍ സ്റ്റുഡിയോയില്‍ എത്തുമ്പോഴാണ് പാട്ടിന്റെ ട്രാക്ക് കേള്‍ക്കുന്നത് തന്നെ. അത് ഒന്ന് രണ്ട് വട്ടം പാടി നോക്കി അപ്പോള്‍ തന്നെ റെക്കോര്‍ഡും ചെയ്യും. പാട്ടുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റില്ല. പക്ഷേ, കാലത്തിനൊപ്പം നീങ്ങുമ്പോള്‍ പുതിയ രീതികളുമായി നമ്മള്‍ മുന്നോട്ട് പോകുകയാണ് വേണ്ടത്.

ചലച്ചിത്ര ഗാന രംഗത്ത് നിന്ന് കുറച്ച് കാലം വിട്ടുനിന്നല്ലോ? വീണ്ടും സിനിമയില്‍ പാടണമെന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

ഒരു ഗായകനെ സംബന്ധിച്ച് ഏറ്റവും വലിയ ആഗ്രഹമായിരിക്കും സിനിമയില്‍ പാടുക എന്നത്. പണ്ട് കഴിവ് തെളിയിച്ചിരുന്നെങ്കിലും അവസരങ്ങള്‍ നഷ്ടപ്പെട്ടു. സിനിമാ രംഗത്ത് തിളങ്ങി നില്‍ക്കുന്നവര്‍ ഉള്ളപ്പോള്‍ ഒരു പരീക്ഷണത്തിന് ആരും മുതിര്‍ന്നിരുന്നില്ല. പക്ഷേ, എനിക്ക് കൂടുതലും ഗാനമേളാ രംഗത്ത് തിളങ്ങണമെന്നായിരുന്നു ആഗ്രഹം. സിനിമ എപ്പോഴും സെക്കന്‍ഡറിയായിരുന്നു. കുറച്ച് സിനിമകളിലൊക്കെ പാടി നില്‍ക്കുന്ന സമയത്താണ് സൗദിയില്‍ വച്ച് വാഹനാപകടത്തില്‍പ്പെടുന്നത്. പിന്നെ പെട്ടെന്നൊരു തിരിച്ചുവരവിന് സാധ്യമായിരുന്നില്ല.


പഴയ പാട്ടുകള്‍ റീമിക്സ് ചെയ്യുന്നതിനോട് യോജിക്കുന്നുണ്ടോ?

ഒരു സംഗീതസംവിധായകന്റെ മനസാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്ന പാട്ട്. അത് വേറൊരാള്‍ എടുത്ത് പാടുന്നതിനോട് യോജിക്കുന്നില്ല. അവര്‍ നിര്‍ബന്ധപൂര്‍വം ഒരു ഗായകനെക്കൊണ്ട് പാടിപ്പിക്കുന്ന പാട്ടാണ് മറ്റൊരാള്‍ അയാളുടെ ഇഷ്ടത്തിന് പാടുന്നത്. ഒരു സാധാരണക്കാരന്റെ മനസില്‍ എപ്പോഴും പാട്ടിന്റെ ഒറിജിനല്‍ ട്രാക്ക് തന്നെയായിരിക്കും ഉണ്ടാവുക. എന്തായാലും പാട്ട് റീമിക്സ് ചെയ്യുന്നത് പൂര്‍ണമായിട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.

കരിയറില്‍ പിന്തുണ ലഭിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടോ?

ഏതൊരു ആര്‍ട്ടിസ്റ്റിനും ഒരു സപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയുള്ളു. അവനെക്കൊണ്ട് പാടിപ്പിച്ചാല്‍ നന്നാവുമെന്ന് പറയുന്നവര്‍ അന്നത്തെ കാലത്ത് കുറവായിരുന്നു. അതുകൊണ്ട് കരിയറില്‍ ഒരു തരത്തിലും പിന്തുണ ലഭിച്ചിട്ടില്ല.

1991 ല്‍ ഇറങ്ങിയ ഗോഡ്ഫാദര്‍ സിനിമയിലെ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്ന പാട്ട് പിന്നീടെപ്പോഴെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ?

1986ല്‍ ഒരു വാഹനാപകടമുണ്ടാവുകയും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുകയും ചെയ്തു. ആ സമയത്താണ് എനിക്ക് ഗോഡ്ഫാദറിലെ പാട്ട് പാടാന്‍ വിളി വരുന്നത്. അന്ന് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് കത്തി നില്‍ക്കുന്ന സമയമായിരുന്നു. കൊച്ചി എം ജി റോഡിലെ എയര്‍ലൈന്‍സ് ഹോട്ടലില്‍ ഇവര്‍ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം അവരെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു. നമ്മളൊക്കെ വര്‍ഷങ്ങളായിട്ട് അറിയുന്നവരാണല്ലോ, എന്നിട്ട് നമ്മളെയൊന്നും പാടാന്‍ വിളിക്കുന്നില്ലല്ലോ എന്ന്. ഒരു സിനിമ വരുന്നുണ്ട് നോക്കട്ടേയെന്നായിരുന്നു അവരുടെ മറുപടി. ആ സിനിമയാണ് ഗോഡ്ഫാദര്‍. ഇപ്പോഴും മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്ന പാട്ട് ഗാനമേളകളില്‍ പാടാറുണ്ട്.

മാപ്പിളപ്പാട്ടിലേക്കുള്ള ചുവടുവെപ്പ് എങ്ങനെയായിരുന്നു?

എനിക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. അതിന് കാരണം യേശുദാസിന്റെ സ്വാധീനം തന്നെയാണ്. ദാസേട്ടന്‍ പാടുന്നത് കേട്ടിട്ട്, എന്തുകൊണ്ട് എനിക്കും ഒന്ന് പരീക്ഷിച്ചുകൂടാ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് മാപ്പിളപ്പാട്ടുകള്‍ പഠിക്കുന്നത്. പിന്നീട് അറബിനാടുകളില്‍ പോയി അറബിപ്പാട്ടുകളും പഠിച്ചു. 


ഇസ്രയേലിന്‍ നാഥനായ് എന്ന ഭക്തിഗാനം ഇപ്പോഴും പ്രായവ്യത്യാസമില്ലാതെ ആളുകള്‍ കേള്‍ക്കുന്ന ഗാനമാണ്. ഇസ്രയേലിന്‍ നാഥനെ വ്യത്യസ്തപ്പെടുത്തുന്ന ഘടകമെന്താണ്?

ഇസ്രയേലിന്‍ നാഥനില്‍ പറയുന്നത് ബൈബിളിലെ സന്ദേശങ്ങളാണ്. യേശുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ അതിലുണ്ട്. വഴിയും സത്യവും ജീവനുമാകുന്നുവെന്നാണ് യേശു പറയുന്നത്. വരികളില്‍ നിന്ന് ഒരു ഉദ്ബോധനം കേള്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്. അതാകാം പലര്‍ക്കും പാട്ട് കേട്ടിട്ട് മാനസാന്തരമൊക്കെ സംഭവിക്കുന്നത്. ഇപ്പോഴും ആളുകള്‍ ഇസ്രയേലില്‍ നാഥനെ നെഞ്ചേറ്റി നടക്കുന്നതിന്റെ കാരണവും അതാകാം. പാട്ട് കേട്ടിട്ട് കുറേപ്പേര്‍ വിളിച്ചിരുന്നു.

പാട്ടുകാരനായ മകനോട് ഡോക്ടറായ അച്ഛന്റെ പ്രതികരണം എങ്ങനെയായിരുന്നു.

എന്റെ അച്ഛനും അച്ഛന്റെ അച്ഛനും സഹോദരിയും അമ്മാവന്‍മാരുമൊക്കെ ഡോക്ടേഴ്സായിരുന്നു. മക്കളെ ഡോക്ടര്‍മാരാക്കണമെന്ന് തന്നെയായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ ചെറുപ്പകാലം മുതല്‍ എന്റെയുള്ളില്‍ പാട്ടായിരുന്നു. പതിനഞ്ചാം വയസില്‍ യേശുദാസിനെ കണ്ടതോടെ പാട്ടിനോടുള്ള ഇഷ്ടത്തിന് പൂര്‍ണത വന്നു. പക്ഷേ, കലാരംഗത്തേക്ക് പോയാല്‍ ജീവിക്കാന്‍ കഴിയുമോ എന്നുള്ള ഭീതി എല്ലാ മാതാപിതാക്കള്‍ക്കും അന്നത്തെ കാലത്തുണ്ടായിരുന്നു. അതുമാത്രമല്ല, പാടാനൊക്കെ പോയാല്‍ തുച്ഛമായ പാരിതോഷികമാണ് കിട്ടിയിരുന്നത്. പക്ഷേ, ഗാനമേളകളിലൊക്കെ എന്റെ പാട്ട് കേള്‍ക്കാന്‍ ആളുകള്‍ വരുന്നതും എന്റെ പാട്ടുകള്‍ വാങ്ങുന്നതുമൊക്കെ കണ്ടപ്പോള്‍ അച്ഛന് ആശ്വാസമായി.

യേശുദാസിനോടുള്ള ആരാധന കരിയറിനെ ഏതൊക്കെ രീതിയില്‍ ബാധിച്ചു?

യേശുദാസിനോട് എപ്പോഴും ആരാധന മാത്രമാണുള്ളത്. പക്ഷേ, കേരളത്തില്‍ നന്മ ആഗ്രഹിക്കുന്നവര്‍ പൊതുവെ കുറവാണ്. എത്ര നന്നായിട്ട് ചെയ്താലും മോശം മാത്രമേ പറയുള്ളൂ. ദാസേട്ടനോടുള്ള ആരാധനയെ മോശം രീതിയില്‍ കണ്ടവര്‍ ഏറെയാണ്. എന്റെ അച്ഛന്‍ ഒരു ഡോക്ടറായതുകൊണ്ട് ഞങ്ങള്‍ കുട്ടിക്കാലം മുതലേ വെള്ള വസ്ത്രമാണ് ധരിക്കാറ്. അത് മാത്രമല്ല അന്നത്തെ കാലത്ത് സ്‌കൂളുകളില്‍ വെള്ള നിറത്തിലാണ് യൂണിഫോമും. കൊല്ലത്തെ എന്റെ വീടിനടുത്തുള്ള വീട്ടില്‍ യേശുദാസ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ വെള്ള വസ്ത്രത്തോട് ആരാധനയായി. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ വെള്ള നിറത്തിന് വല്ലാത്ത ആകര്‍ഷണമാണ്. അതുകൊണ്ട് വെള്ള വസ്ത്രം തന്നെ ധരിക്കാമെന്ന് ഞാനും തീരുമാനിച്ചു. വെള്ള വസ്ത്രത്തോടുള്ള അഭിനിവേശം തുടങ്ങിയിട്ട് 52 വര്‍ഷമായി. പക്ഷേ, ദാസേട്ടന്റെ ശബ്ദവും അതിന് കൊടുക്കുന്ന ഏറ്റക്കുറച്ചിലുമൊക്കെ എന്നെ വല്ലാതെ ആകൃഷ്ടനാക്കിയിരുന്നു.

Content Highlights: tune talks with kg markose