മമ്മൂട്ടി, മോഹൻലാൽ, ഉർവശി…! അവർ ലെജൻഡ്സ് ആവുന്നത് അതുകൊണ്ടുകൂടിയാണ്; ‘കറക്കം’ സംവിധായകൻ പറയുന്നു

#അരുൺ മധുസൂദനൻ
കറക്കം പോസ്റ്റര്‍, സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ | Photo: Special Arrangement
കറക്കം പോസ്റ്റര്‍, സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ | Photo: Special Arrangement

ലയാളത്തിന് പരിചിതമല്ലാത്തൊരു ഴോണർ. മ്യൂസിക്കൽ- ഹൊറർ- കോമഡി ഗണത്തിൽപ്പെട്ട ഒരു ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ കൈയടി നേടുന്നുണ്ട്. സുഭാഷ് ലളിത സുബ്രഹ്‌മണ്യൻ സംവിധാനംചെയ്ത 'കറക്കം'. ശ്രീനാഥ് ഭാസി നായകനായ ചിത്രം പരീക്ഷണമാണ്, പുതിയൊരു അനുഭവവും. ചിത്രത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് സംവിധായകൻ. തന്റെ സിനിമായാത്രയിൽ കൈപിടിച്ച ഉർവശിയും ‘കറക്കം’ സിനിമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ സഹായിച്ച മമ്മൂട്ടിയും മോഹൻലാലും എന്തുകൊണ്ട് ഇതിഹാസങ്ങളാവുന്നു എന്ന് ഈ അഭിമുഖത്തിൽ സുഭാഷ് പറയുന്നു. റിവ്യൂകൾ മലയാള സിനിമയ്ക്ക് നല്ലതേ വരുത്തൂവെന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു. അഭിമുഖത്തിൽനിന്ന്.

പ്രേക്ഷകർ ഹാപ്പിയാണ്

സാധാരണ ഹൊറർ- കോമഡി ഗണത്തിലുള്ള സിനിമകളുടെ ചട്ടക്കൂടുകളിൽനിന്ന് മാറി മറ്റൊരു ശൈലിയിലാണ് ‘കറക്കം’ കഥ പറയുന്നത്. പൂർണ്ണമായും സംഗീതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്‌. ഒൻപതു പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഈ പാട്ടുകളാണ് ചിത്രത്തെ നയിക്കുന്നത്.

ആ പുതിയ സമീപനം പ്രേക്ഷകരിൽ മറ്റൊരു തലത്തിലുള്ള കൗതുകമുണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രതികരണങ്ങളിൽനിന്ന് മനസിലാവുന്നത്. വ്യത്യസ്തമായ ശൈലിയിൽ കഥപറയുന്ന സിനിമ കാണുന്ന പ്രേക്ഷകർക്ക് അത് ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്നുവെന്നുമെന്നാണ് അവർ പറയുന്നത്.

പ്രേതത്തിലും വിശ്വസിക്കുന്നു, ദൈവത്തെപ്പോലെ

ദൈവമെന്ന ആശയം പോലെ തന്നെയാണ് പ്രേതവും. ദൈവവും പ്രേതവുമെല്ലാം മിത്തുകളാണല്ലോ! മരിച്ചുപോയ ആളുകളുടെ ഓർമകളും സാമീപ്യവും നിലനിൽക്കുന്നു എന്നതാണ് പ്രേതം എന്ന ആശയം. അതിന്റെ പല രൂപങ്ങളാണ്.

'കറക്കം' ലൊക്കേഷനിൽനിന്ന്

വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ദൈവം വരുന്നത്. കെട്ടുകഥകളിലൂടെ പ്രേതത്തെക്കുറിച്ചും സംസാരിക്കുന്നു. വ്യക്തിപരമായി പ്രേതാനുഭവങ്ങളില്ല. അങ്ങനെയുള്ള സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ, കേവലം നുണക്കഥ എന്നതിനപ്പുറത്തേക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായ ആളുകൾ പറഞ്ഞു തന്ന അനുഭവങ്ങൾ എനിക്കുണ്ട്. അവരെ ഞാൻ അവിശ്വസിക്കുന്നില്ല. ‘കറക്കം’ സിനിമ ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരാളുടെ ജീവിതത്തിൽ അയാൾ കണ്ട ചില കാഴ്ചകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

‘മണിച്ചിത്രത്താഴ്’ ഇഷ്ടപ്പെട്ട ചിത്രം

‘ടോക് ടു മി’ എനിക്ക് ഇഷ്ടപ്പെട്ട ഹൊറർ സിനിമയാണ്. മലയാളത്തിൽ ‘മണിച്ചിത്രത്താഴ്’ എക്കാലത്തേയും ഇഷ്ടപ്പെട്ട ചിത്രമാണ്. ഇവ രണ്ടും എന്നെ സംബന്ധിച്ച് നല്ല സിനിമാനുഭവങ്ങൾ തന്നിട്ടുള്ള കാഴ്ചകളാണ്. ആസ്വാദന തലത്തിൽ വേറിട്ടു നിൽക്കുന്ന ചിത്രങ്ങളാണിത്. ആ ചിത്രങ്ങളുടെ ക്വാളിറ്റി തന്നെയാണ് ഇത്രയും സ്വീകാര്യത നൽകിയത്.

'കറക്കം' ലൊക്കേഷനിൽനിന്ന്

മൈക്കൽ ജാക്സണും ‘കറക്ക’വും തമ്മിൽ…

എന്റെയറിവിൽ കേരളത്തിൽ ഡാൻസ് ബാറുകൾ ആദ്യം വന്നത് കോഴിക്കോടും കൊച്ചിയും തിരുവനന്തപുരത്തുമാണ്. അവിടെയൊക്കെ അതിനെ ചുറ്റിപ്പറ്റി ഭയങ്കര റെവല്യൂഷൻ സംഭവിച്ചിട്ടുണ്ട്. ആളുകളുടെ ഇടയിൽ പലതരത്തിലുള്ള അഭിപ്രായങ്ങളും അതിനെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. മൈക്കിൾ ജാക്‌സണ് അന്ന് യുവാക്കളുടെ ഇടയിൽ സ്വീകാര്യത ലഭിച്ചിരുന്നു. വെറും പാട്ട്, ഡാൻസ് എന്നതിനപ്പുറത്തേക്ക് ശക്തമായ വിഷയങ്ങൾ അദ്ദേഹത്തിന്റെ ആൽബങ്ങൾ കൈകാര്യംചെയ്തിരുന്നു. അത് വളരേയേറെ സ്വാധീനിച്ച യുവത്വം ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. അങ്ങനെ സ്വാധീനിക്കപ്പെട്ട അഞ്ചു യുവാക്കളുടെ കഥയാണ് ‘കറക്കം’ പറയുന്നത്. അവർ മരിക്കുന്നതും 2026-ൽ ആത്മാക്കളായിട്ട് തിരികെ വരുന്നതുമാണ് പറയാൻ ശ്രമിക്കുന്നത്. അപ്പോൾ സ്വാഭാവികമായും അക്കാലത്തെ ആളുകളുടെ ഏറ്റവും വലിയ ആരാധനപാത്രമായ മൈക്കൽ ജാക്‌സണും കഥയിൽ വരും.

ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്. ഒരു എവർഗ്രീൻ പോപ്സ്റ്റാർ ആണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹത്തിന്റെ പാട്ടുകൾ നമ്മെ അത്ഭുതപ്പെടുത്തും. സാങ്കേതികത്തികവോടെ അന്ന് ഇതൊക്കെ എങ്ങനെയാണ് ചിത്രീകരിച്ചത്, പാട്ടുകൾ പൂർണ്ണതയോടെ റെക്കോർഡ് ചെയ്തത് എന്നത് എന്നെപോല സിനിമയിലെ തുടക്കക്കാരനായ ഒരാൾക്ക് ഇന്നും അത്ഭുതമാണ്.

മ്യൂസിക്കൽ- ഹൊറർ- കോമഡി; മലയാളത്തിൽ ആദ്യം

തിരക്കഥാ ചർച്ചകളിലാണ് മ്യൂസിക്കൽ- ഹൊറർ കോമഡി എന്ന ആശയം ഉരുത്തിരിയുന്നത്. സ്ഥിരം ശൈലിയിൽനിന്ന് മാറി സംഗീതത്തിലൂടെ കഥപറയാമെന്നു തീരുമാനിച്ചു. ഒൻപതുപാട്ടുകളാണ് സിനിമയിൽ ഉള്ളത്. ‘കറക്കം’ അവസാനിക്കുന്നതുപോലും ഒരു ഡിജെ നമ്പറിലാണ്. ഈ പാട്ടുകളൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. വരികളിൽ ഉൾപ്പെടെ ആ സൂക്ഷ്മത പുലർത്തിയിരുന്നു.

'കറക്കം' ലൊക്കേഷനിൽനിന്ന്

എന്തുകൊണ്ട് പ്രേതപ്പടം?

മലയാളത്തിൽ മാത്രമല്ല, എല്ലാ ഭാഷകളിലും എല്ലാ കാലത്തും ഹൊറർ സിനിമകൾ ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്. മലയാളത്തിൽ ഈയിടയായി ‘ലോകഃ’, ‘രോമാഞ്ചം’, ‘പ്രകമ്പനം’ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഞങ്ങൾ ‘കറക്കം’ ചർച്ചകൾ ആരംഭിക്കുന്ന സമയത്ത് ഈ സിനിമകൾ ഒന്നും ഇറങ്ങിയിരുന്നില്ല.

പ്രേതാനുഭവങ്ങൾ പറഞ്ഞുകേൾക്കുന്ന അതേ കൗതുകമാണ് ഹൊറർ സിനിമകൾ കാണുമ്പോഴും പ്രേക്ഷകർക്ക് ഉണ്ടാവുന്നത്. അത്തരമൊരു കഥ ലഭിച്ചപ്പോൾ സ്വാഭാവികമായാണ് ഹൊറർ എലമെന്റുകൾ വന്നത്. പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയുണ്ട് എന്നതുകൊണ്ട് മനഃപൂർവം തിരഞ്ഞെടുത്ത ഴോണർ അല്ല.

എന്താണ് ‘കറക്കം’?

ന്യൂ ഇയർ തലേന്ന് ഒരു ലോഡ്ജിൽ പാർട്ടി നടക്കുന്നു. അതിനിടെ നാട്ടുകാരുമായി സംഘർഷമുണ്ടാവുന്നു. അവിടെനിന്ന് രക്ഷപ്പെടുന്ന രണ്ട് ചെറുപ്പക്കാർ സെമിത്തേരി പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നു. മദ്യാസക്തിയിൽ സാധാരണ കുരിശുകൾക്കിടയിൽ കണ്ട അഞ്ചു പിച്ചള കുരിശുകളിൽ അവർക്ക് കൗതുകമുണ്ടാവുന്നു. അവ അവർ പിഴുതു കളയുന്നു.

തുടർന്ന് അഞ്ചു പ്രേതങ്ങൾ അവരുടെ പിന്നാലെ കൂടുകയാണ്. കേവലം കുരിശ് വലിച്ചൂരിയതിന്റെ പുറത്ത് കൂടെക്കൂടിയവരല്ല ആ അഞ്ചു പ്രേതങ്ങൾ. അവർക്ക് ശ്രീനാഥ് ഭാസിയുടേയും പ്രവീൺ ടി.ജെയുടേയും കഥാപാത്രങ്ങളോട് എന്തോ പറയാനുണ്ട്. അവരിലൂടെയുള്ള യാത്രയാണ് ‘കറക്കം’.

'കറക്കം' ലൊക്കേഷനിൽനിന്ന്

ലൂപ്പിലെ കറക്കം

ചിത്രത്തിൽ ‘കറക്കം’ എന്ന വാക്കിന് ഒരുപാട് അർഥമുണ്ട്. കേവലം ഒരു യാത്ര എന്ന അർഥം മാത്രമല്ല. ആളുകളെ കറക്കുന്നവർ എന്ന അർഥമുണ്ട്. എവിടെപ്പോയാലും പെട്ടിരിക്കുന്ന അവസ്ഥയിൽനിന്ന് പുറത്തുവരാൻ കഴിയാതെ അതിൽ കിടന്നു കറങ്ങുന്നവരുണ്ട്. കഥാഗതിയിൽ വരുന്ന പല കഥാപാത്രങ്ങളും അവരുടേതായ ലൂപ്പിൽപ്പെട്ട് കറങ്ങുകയാണ്. പ്രേതങ്ങളുടെ സാമീപ്യത്തെ തുടർന്ന് ഒരു ലൂപ്പിൽപ്പെട്ടു പോയവർക്ക് അതിൽനിന്ന് മുക്തി നേടാതെ ആളുകളുമായി കണക്ടാവാൻ സാധിക്കില്ല. അപ്പോൾ അയാളുമായി ചേർന്നുനിൽക്കുന്നവരും ഈ ലൂപ്പിൽപ്പെട്ടു കറങ്ങുകയാണ്. ഏറ്റവും ഒടുവിൽ എല്ലാം കലങ്ങിത്തെളിയുമ്പോൾ അവർ ആശ്വസിക്കുന്നുണ്ട്. പക്ഷേ, അപ്പോഴും അവരുടെ കറക്കം അവസാനിക്കുന്നില്ല.

രണ്ടുതരം സൗഹൃദങ്ങൾ

ചിത്രത്തിന്റെ കഥ നടക്കുന്നത് 2025-ലാണ്. ഈ കാലഘട്ടത്തിലെ ആളുകൾക്കിടയിലെ ബന്ധങ്ങളാണ് ശ്രീനാഥ് ഭാസിയുടെ കഥാപാത്രവുമായി ബന്ധപ്പെടുത്തി കാണിക്കുന്നത്. ചില സൗഹൃദങ്ങൾ കണ്ടിട്ടില്ലേ? ഒരാൾ ഒരു പ്രശ്‌നത്തിൽപ്പെട്ടാൽ അതിനൊരു പരിഹാരം കണ്ടെത്താൻ അവസാനംവരെ അയാൾക്കൊപ്പം നിൽക്കുന്നവർ. ആ നിലയിലുള്ള സൗഹൃദമാണ് ശ്രീനാഥ് ഭാസിയുടെ കഥാപാത്രവുമായി ചേർത്തുവെച്ച് കാണിക്കുന്നത്.

രണ്ടാം പകുതിയിൽ പ്രേതങ്ങളുടെ സൗഹൃദമാണ് കാണിക്കുന്നത്. 80-കളിലേയും 90-കളിലേയുമൊക്കെ സൗഹൃദങ്ങളാണത്. അതിന് ഇന്നത്തേക്കാൾ കുറച്ചുകൂടി ആഴമുണ്ടെന്നാണ് ഞാൻ കരുതുന്നത്. തമ്മിൽ ബന്ധപ്പെടാൻ മൊബൈൽ ഫോണുകളോ മറ്റ് സങ്കേതികവിദ്യകളോ ഒന്നുമില്ലാത്ത കാലമാണത്. അന്ന് ആളുകൾ ഒരുമിച്ച് സഞ്ചരിക്കുന്നതും പാടുന്നതും ആടുന്നതുമൊക്കെയാണ് രണ്ടാം പകുതിയിൽ കാണിച്ചിരിക്കുന്നത്.

'കറക്കം' ലൊക്കേഷനിൽനിന്ന്

എന്റെ കൗമാര കാലത്തുപോലും ഫോൺ പോലുള്ള സംഗതികൾ ഒന്നുമില്ല. വായനശാലകൾ ഒക്കെയായിരുന്നു സൗഹൃദങ്ങളുടെ കേന്ദ്രം. അന്ന് സൗഹൃദങ്ങൾക്ക് കൂറേക്കൂടി ആഴമുണ്ടായിരുന്നു. പുതിയ കാലത്തിന്റെ സൗഹൃദങ്ങളുടെ രീതിയിലും പഴയ കാലത്തെ സൗഹൃദത്തിന്റെ ആഴവുമാണ് ചിത്രത്തിലുള്ളത്. അങ്ങനെയുള്ള രണ്ടുതരം സൗഹൃദങ്ങളാണ് ചിത്രത്തിൽ വരച്ചുകാണിക്കുന്നത്.

പേടിപ്പിക്കാത്ത പ്രേതങ്ങൾ

സിനിമകളിൽ പ്രേതങ്ങളെ പേടി എന്ന വാക്കുമായാണ് ചേർത്തുനിർത്താറുള്ളത്. എന്നാൽ, സാധാരണക്കാരായ അഞ്ച് പ്രേതങ്ങൾ എന്നതാണ് ‘കറക്ക’ത്തിന്റെ വൺലൈൻ. 80-കളിൽ ജീവിച്ചിരുന്ന ആളുകൾ 2025-ലേക്ക് തിരിച്ചെത്തുമ്പോൾ ലോകമാകെ മാറിയിരിക്കുന്നു. മൊബൈൽ ഫോൺ, മെട്രോ, കുഴിമന്തി... എല്ലാം അവർക്ക് പുതിയ കാഴ്ചകളാണ്. അവരാണ് ഈ ലോകം കണ്ട് ഭയക്കുന്നത്. പ്രേതങ്ങൾ ഒരിക്കലും ആളുകളെ ഭയപ്പെടുത്തുന്നവരല്ല, മനുഷ്യരായ ആളുകൾ മരിച്ചുപോയതിന് ശേഷം തിരിച്ചുവരികയാണ് എന്ന രീതിയിലാണ് അവതരിപ്പിച്ചത്.

വളരേ സാധാരണമായി, ഡാൻസ് ഒക്കെ കളിക്കുന്ന, എന്തൊക്കെയോ പ്രശ്‌നങ്ങളിൽപ്പെട്ടുപോയി ദയനീയാവസ്ഥയിലുള്ള പ്രേതങ്ങളാണ് ‘കറക്ക’ത്തിലുള്ളത്. ജീവിച്ചിരുന്ന കാലത്ത് ഡാൻസർമാർ ആയിരുന്നു അഞ്ചു പേരും. ചിത്രത്തിൽ ഒരുഘട്ടത്തിൽ അവർക്ക് പറയാനുള്ള കാര്യം വിനിമയം ചെയ്യുന്നതുപോലും നൃത്തത്തിലൂടേയാണ്.

‘മണിച്ചിത്രത്താഴ്’ റഫറൻസ്

‘മണിച്ചിത്രത്താഴി’ലെ നകുലൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. ആ പേരിനുപോലും പ്രത്യേകതയുണ്ട്. ‘മണിച്ചിത്രത്താഴ്’ ഇറങ്ങിയ കാലഘട്ടത്തിൽ ജീവിച്ച ആരോ പേരിട്ട വ്യക്തി എന്നും വേണമെങ്കിൽ അഭിരാമിന്റെ കഥാപാത്രത്തെ വായിക്കാം. സണ്ണി എന്നുപേരുള്ള ഒരു കഥാപാത്രത്തേയും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.

'കറക്കം' ലൊക്കേഷനിൽനിന്ന്

‘മണിച്ചിത്രത്താഴി’ലെ കഥാപാത്രങ്ങളെ ‘കറക്ക’ത്തിൽ പുനരവതരിപ്പിക്കുകയല്ല. നകുലനെന്നും സണ്ണിയെന്നും പേരുള്ള കഥാപാത്രങ്ങളാണ് അവർ. പക്ഷേ, പ്രേക്ഷകർക്ക് വേണമെങ്കിൽ ‘മണിച്ചിത്രത്താഴു’മായി ബന്ധപ്പെടുത്താമെന്ന തോന്നലിലാണ് അങ്ങനെ കഥാപാത്രങ്ങൾക്ക് പേരിട്ടത്.

ഹൊറർ സിനിമയിലെ രാഷ്ട്രീയം

സിനിമ കണ്ട പലരും ചിത്രത്തിൽ സൂക്ഷ്മമായി പറയുന്ന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ‘കേരളം എന്താ ഇന്ത്യയിൽ അല്ലേ’ എന്ന ഒരു ബോർഡ് കാണിക്കുന്ന സ്വീക്വൻസിലാണ് വണ്ടി പാസ് ചെയ്തുപോകുന്ന ഒരു സീൻ അവസാനിക്കുന്നത്. ‘നിങ്ങളൊക്കെ നേരത്തേ പോയത് നന്നായി, നമ്മുടെ രാജ്യത്തിന്റെ അവസ്ഥമോശമാണ്’ എന്ന് മരിച്ചവരോട് പറയുന്ന ഒരു സീനും ചിത്രത്തിലുണ്ട്.

കഥാപാത്രങ്ങൾക്ക് രാഷ്ട്രീയം ഉണ്ടാവും. ചിത്രത്തിന്റെ കഥ പറയുന്ന പശ്ചാത്തലത്തിനും രാഷ്ട്രീയമുണ്ടാവും, പ്രത്യേകിച്ചും കേരളത്തിൽ. അത് സിനിമയിലൂടെ പറയുന്നൂ എന്നേയുള്ളൂ. ഹൊറർ പടത്തിലും അത് സാധ്യമാണ്.

വിശ്വാസവുമായി ബന്ധപ്പെടുത്തിയും ചിത്രത്തിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്. അമ്പലമായാലും പള്ളികളായാലും, വളരേ സമാധാനത്തോടെ പോകാവുന്ന, മനുഷ്യരെ പരസ്പരം കാണാനും സംസാരിക്കാനുമുള്ള സ്ഥലങ്ങളാണ്. ഇത്തരം സ്ഥലങ്ങളിലൊക്കെ പുഴുക്കുത്തുകളുമുണ്ട് എന്നതാണ് യാഥാർഥ്യം. അത്തരം പുഴുക്കുത്തുകളുടെ ആജ്ഞാശക്തിയിൽ ചിലർ പെട്ടുപോവാറുണ്ട്. കഥയിൽ അത്തരമൊരു പശ്ചാത്തലം കൊണ്ടുവന്നത് ബോധപൂർവ്വമാണ്.

ഹൊറർ ഉൾപ്പെടെ ഏത് ഗണത്തിൽപ്പെടുന്ന ചിത്രങ്ങളാണെങ്കിലും രാഷ്ട്രീയം സിനിമയിലൂടെ, പറ്റുന്ന രീതിയിൽ പറയാൻ കഴിയുന്ന നാടാണ് കേരളം. ‘കറക്ക’ത്തിലെ രാഷ്ട്രീയം എഴുത്തിന്റെ ഭാഗമായി വന്നതാണ്.

സമ്പന്നമാണ് താരനിര

ഒട്ടേറെ കഥാപാത്രങ്ങളുള്ള ചിത്രമാണ് ‘കറക്കം’. പ്രകടനംകൊണ്ട് അത്ഭുതപ്പെടുത്തിയ അഭിനേതാക്കളാണ് ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും ചെയ്തത്. കൊച്ചിക്കാരനാണ് ശ്രീനാഥ് ഭാസിയുടെ കഥാപാത്രം. ‘മഞ്ഞുമ്മൽ ബോയ്‌സ്’ ചെയ്തു നിൽക്കുന്ന സമയത്താണ് ശ്രീനാഥ് ഭാസിയെ സമീപിക്കുന്നത്. ഡാൻസിങ് ഗോസ്റ്റുകൾ ബുദ്ധിമുട്ടിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് എന്ന വൺലൈനാണ് ഞാൻ ശ്രീനാഥിനോട് പറഞ്ഞത്. ഒരു ഡാൻസ് കോറിയോഗ്രാഫറുടെ കഥാപാത്രമാണ്. അയാളൊരു ‘അരമുറി കോറിയോഗ്രാഫർ’ ആണ് എന്നാണ് ഞാൻ ശ്രീനാഥിനോട് പറഞ്ഞത്. അതുകേട്ട ഉടൻ, ‘ഇതിലൊരു വ്യത്യസ്തമായ പരിപാടിയുണ്ട് നമ്മളിത് ചെയ്യുന്നു’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ‘ഡാ തടിയ’, ‘ജേക്കബിന്റെ സ്വർഗരാജ്യം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ഹോം’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ശ്രീനാഥ് ഭാസി. ആ സ്വീകാര്യത കൂടി നോക്കിയാണ് അദ്ദേഹത്തെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്.

മണികണ്ഠൻ ആചാരി, പ്രവീൺ ടി.ജെ, ഫെമിന, അഭിറാം, മിഥൂട്ടി, പ്രേതങ്ങളായി എത്തിയ മനോജ് മോസസ്, ശ്രാവൺ സെൽവൻ, കെയിൻ സണ്ണി, ഷോൺ റോമി, ഷാലു റഹീം തുടങ്ങിയവരൊക്കെ സ്വയം കഴിവുതെളിയിച്ച അഭിനേതാക്കളാണ്. ചിത്രത്തിൽ ഒരു നായകൻ ഇല്ല, എല്ലാവരും കഥാപാത്രങ്ങളാണ്. എല്ലാവരും ഒന്നിച്ചാണ് ചിത്രത്തെ ചുമലിലേറ്റുന്നത്.

‘കമ്മട്ടിപ്പാടം’ പോലെ വലിയ ചിത്രങ്ങളിലൂടെ സംസ്ഥാന അവാർഡ് ഉൾപ്പെടെ നേടിയ നടനാണ് മണികണ്ഠൻ. ഇതുവരെയും കാണാത്ത വേഷത്തിലാണ് മണികണ്ഠനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അത്തരമൊരു കഥാപാത്രത്തെ മണികണ്ഠനിൽ ഏൽപ്പിക്കുമ്പോൾ യാതൊരു സംശയവുമുണ്ടായിരുന്നില്ല.

‘മിന്നൽ മുരളി’ പോലെയുള്ള ചിത്രത്തിൽ നല്ല കഥാപാത്രം ചെയ്ത നടിയാണ് ഫെമിന. കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ചിത്രം. അതിൽ ഓരോ കഥാപാത്രങ്ങളും അവരുടേതായ രീതിയിൽ മികച്ചതാക്കിയിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽനിന്ന് മനസിലാവുന്നത്.

ശ്രീനാഥ് ഭാസി- കേട്ടതല്ല അനുഭവം

അഭിനേതാവ് എന്ന രീതിയിലാണ് ശ്രീനാഥിനെ സമീപിച്ചത്. വ്യക്തിപരമായ ജീവിതത്തിലെ പ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഒരുതരത്തിലും ബാധിക്കുന്നതല്ല. ഷൂട്ടിങ്ങിന്റെ ആദ്യദിവസം മുതൽ പാക്ക് അപ്പ് പറഞ്ഞ 47-ാം ദിവസം വരെ ഉദ്ദേശിച്ച ഷെഡ്യൂളിൽ തന്നെയാണ് സിനിമ തീർന്നത്. കഥാപാത്രം എന്നതിനപ്പുറത്തേക്ക് ചിത്രവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും ശ്രീനാഥ് ഉൾപ്പെട്ടിരുന്നു. മറ്റുള്ളവർ എന്തുപറഞ്ഞാലും ശ്രീനാഥിനെക്കുറിച്ച് എനിക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഒന്നുമില്ല.

'കറക്കം' ലൊക്കേഷനിൽനിന്ന്

‘കറക്ക’ത്തിന്റെ നട്ടെല്ല്

‘കൈതി’യും ‘വിക്രം വേദ’യും ‘ആർഡിഎക്‌സും’ പോലുള്ള ചിത്രങ്ങൾ ചെയ്ത സംഗീത സംവിധായകനാണ് സാം സി.എസ്. റെട്രോ മ്യൂസിക് ആയിരുന്നു ‘കറക്ക’ത്തിന് ആവശ്യം. സാം ചെയ്താൽ നന്നായിരിക്കുമെന്ന്‌ എനിക്ക് തോന്നി. അദ്ദേഹത്തെ നേരിട്ട് കണ്ട് കഥ പറഞ്ഞു. ചർച്ചകളിൽ തന്നെ അദ്ദേഹം ചെയ്താൽ നന്നാവുമെന്ന വിശ്വാസമായി. ഷൂട്ടിങ്ങിന് മുമ്പ് തന്നെ പല ബിറ്റുകളും റെക്കോർഡ് ചെയ്തുതന്നു. ഇടവേളയ്ക്ക് മുമ്പുള്ള പഞ്ച് സ്വീക്വൻസിലേക്കുള്ള സംഗീതവും തീം മ്യൂസിക്കും ഉൾപ്പെടെ നേരത്തേ ചെയ്തു. അത് അടിസ്ഥാനപ്പെടുത്തിയാണ് ഷൂട്ട് ചെയ്തത്.

പാട്ടുകൾ ആയാലും സാധാരണ രീതിയിലുള്ളത് വേണ്ടെന്ന്‌ തീരുമാനിച്ചിരുന്നു. അങ്ങനെ എല്ലാ കാര്യത്തിലും അദ്ദേഹം നമുക്കൊപ്പം സഞ്ചരിച്ചു. റിലീസ് വരെ അദ്ദേഹം കൂടെയുണ്ടായിരുന്നു.

ഒപ്പം നിന്നവർ

മഹാരാജാസ് കോളേജിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ലോഡ്ജിലെ ഇടുങ്ങിയ മുറികൾ കാണിച്ചിരിക്കുന്നത് സെറ്റല്ല, ലൈവ് ലൊക്കേഷനുകൾ ആയിരുന്നു. ചുരുങ്ങിയ സാഹചര്യങ്ങളിലാണ് ഷൂട്ടിങ്. ‘മോഹിനിയാട്ടം’, ‘ഫാലിമി’, ‘ടിടിടി’, ‘ജയ ജയ ജയ ജയ ഹേ’ പോലെയുള്ള ചിത്രങ്ങളിലൂടെ സ്വയം അടയാളപ്പെടുത്തിയ ഛായാഗ്രാഹകനാണ് ബബ്ലു അജു. എങ്ങനെ ഏറ്റവും ഭംഗിയായി ഒപ്പിയെടുക്കാം രീതിയിൽ കൂടെ നിന്ന വ്യക്തിയാണ് ബബ്ലു. കഥയുടെ ചർച്ചകളിൽ പോലും അദ്ദേഹത്തിന്റെ സംഭാവനകൾ ഉണ്ടായിരുന്നു.

അതുപോലെ തന്നെയായിരുന്നു എഡിറ്റർ നിഥിൻരാജ് ആരോളും. സാധാരണ ചിത്രങ്ങളിലെ എഡിറ്റിങ്ങല്ല ‘കറക്ക’ത്തിലുള്ളത്. ഡബ്ബിങ്ങിനുള്ള പതിപ്പ് പൂർത്തിയാക്കിയ ശേഷം ഒട്ടേറെ ചർച്ചകൾക്ക് ശേഷമാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് ചിത്രമെത്തിയത്. അനിമെ വരുന്നുണ്ട്, 35 എംഎം സ്‌ക്രീനിലേക്ക് ഇടയ്ക്ക് ചിത്രം മാറുന്നുണ്ട്. ഇതൊക്കെ സാധ്യമാക്കുന്നതിൽ നിഥിന്റെ പങ്ക് വലുതാണ്.

സംവിധായകന്റെ സിനിമാ കറക്കം

ആദ്യസിനിമ ലോക്ഡൗൺ മൂലം പൂർത്തിയാക്കാൻ സാധിച്ചില്ല. സാമ്പത്തിക പ്രശ്‌നങ്ങൾ കൂടെ വന്നപ്പോൾ ചിത്രം പൂർണ്ണമായി ഉപേക്ഷിച്ചു. പുറത്തിറങ്ങിയ ആദ്യചിത്രം ‘ചാൾസ് എന്റർപ്രൈസസ്’ ആണ്. നടി ഉർവശിയിലൂടെയാണ് ആ ചിത്രം സാധ്യമാവുന്നത്. ആമസോൺ പ്രൈം പോലൊരു ഒടിടി പ്ലാറ്റ്‌ഫോം റിലീസിന് മുമ്പേ തന്നെ അവകാശം സ്വന്തമാക്കിയ ചിത്രമാണത്. ‘കറക്കം’ ഒടിടി സ്ട്രീമിങ് അവകാശം നേടിയത് സോണിലിവ് ആണ്. നമ്മൾ കാണാനാഗ്രഹിക്കുന്ന ചിത്രം യാഥാർഥ്യമാക്കുക എന്നതിനൊപ്പം നിർമാതാവിനേയും സന്തോഷിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

സിനിമയ്ക്കുവേണ്ടി പ്രയത്‌നിക്കുക. ചിത്രങ്ങൾ കാണുക. ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ അറിയുക. പുതുതായി എന്തെങ്കിലും ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക. ആ ശ്രമം ഞാൻ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇനിയും അത്തരം ചിത്രങ്ങളുമായി വരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ഉർവശി...

മലയാളത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും പോലെ ഒരു ലെജൻഡ് ആണ് ഉർവശി ചേച്ചി. ചേച്ചിയുടെ ഒരു വെബ് സീരീസ് കണ്ടിട്ട്‌ അങ്ങോട്ട് വിളിച്ചാണ് പരിചയപ്പെടുന്നത്. ചിത്രം ഇഷ്ടമായെന്ന് പറഞ്ഞപ്പോൾ, എന്താണ് ചെയ്യുന്നതെന്ന് ഇങ്ങോട്ട് ചോദിച്ചു. എന്റെ ഒരു സിനിമ നിന്നുപോയ കാര്യമൊക്കെ പറഞ്ഞപ്പോൾ ചേച്ചിയെ ഉൾപ്പെടുത്തി ചെയ്യാൻ കഴിയുന്ന സബ്‌ജെക്ട് എന്തെങ്കിലും കൈയിലുണ്ടോയെന്ന് ചോദിച്ചു. ആ സമയത്ത് ചർച്ചകളിൽ ഉണ്ടായിരുന്ന കഥ ചേച്ചിയോട് പറഞ്ഞു. കഥ കൊള്ളാം അത് വിപുലീകരിക്കൂ എന്ന് ചേച്ചി പറഞ്ഞപ്പോൾ കിട്ടിയ ഊർജം വളരേ വലുതായിരുന്നു. നിന്നുപോയ ഇടത്തുനിന്ന് കിട്ടിയ തള്ളായിരുന്നു അത്.

പിന്നെ പെട്ടെന്നായിരുന്നു ചിത്രത്തിന്റെ കാര്യങ്ങളെല്ലാം മുന്നോട്ടുനീങ്ങിയത്. പ്രൊഡക്ഷനിൽപോലും വളരേയധികം സഹായം ചേച്ചി ‘ചാൾസ് എന്റർപ്രൈസസിന്’ വേണ്ടി ചെയ്തു. അതിന് ശേഷമാണ് ‘കറക്കം’ ചെയ്യുന്നത്.

ബോളിവുഡിൽനിന്ന് വന്ന രണ്ട് നിർമാതാക്കളാണ് ‘കറക്കം’ നിർമിച്ചത്. ഇവിടെ സിനിമാ മേഖലയിലുള്ള ആളുകളുടെ സഹകരണം കണ്ടപ്പോൾ അവർക്കുപോലും അത്ഭുതമായി. അവിടെയൊന്നും മറ്റൊരു താരത്തിന്റെ സിനിമയുടെ പോസ്റ്ററോ ട്രെയിലറോ ഒന്നും പരസ്പരം ഷെയർ ചെയ്യാറൊന്നുമില്ല. എന്റെ സിനിമയെ സംബന്ധിച്ച് നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ് മമ്മൂക്കയും ലാലേട്ടനും. ട്രെയിലർ റിലീസ് ചെയ്തുതരാമോയെന്ന് മമ്മൂക്കയോട് അഭ്യർഥിച്ചപ്പോൾ വളരെ പോസിറ്റീവ് ആയാണ് അദ്ദേഹം പ്രതികരിച്ചത്. മമ്മൂട്ടി കമ്പനിയുടെ സാമൂഹികമാധ്യമങ്ങളിലൂടേയായിരുന്നു ട്രെയിലർ റിലീസ് ചെയ്തത്. ലാലേട്ടനാണ് ടീസർ പുറത്തിറക്കിയത്.

എന്നും മലയാള സിനിമാ മേഖലയ്ക്കുവേണ്ടി നിലകൊണ്ടവരാണ് മമ്മൂക്കയും ലാലേട്ടനും. അവരുടെ സിനിമ മാത്രമല്ല, മറ്റുള്ളവരുടേത് കൂടി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് അവർ ചിന്തിക്കുന്നു. അതുകൊണ്ടുകൂടിയാണ് അവർ ലെജൻഡ്‌സ് ആവുന്നത്.

ചാൾസ് എന്റർപ്രൈസസ് നിർമാതാവ് അജിത് ജോയ്, അഭിനേതാക്കളായ ഉർവശി, ബാലു വർഗീസ് | ഫോട്ടോ: മാതൃഭൂമി

റിവ്യൂ, നല്ലതാണ്…

വിമർശനങ്ങളെ പോസിറ്റീവ് ആയാണ് സ്വീകരിക്കുന്നത്. ഒരാളുടെ കാഴ്ചാനുഭവമാണ് അയാൾ വിമർശനമായി അവതരിപ്പിക്കുന്നത്. സിനിമ ഇഷ്ടമായി എന്നൊരാൾ പറയുന്നു. മറ്റൊരാൾ കുഴപ്പമില്ല എന്ന് പറയുന്നു. ഇഷ്ടമായില്ല എന്ന് പറയുന്നവരുണ്ട്. അതെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളാണ്. മോശമായാലും നല്ലതായാലും അഭിപ്രായങ്ങൾ കേൾക്കും. ആത്യന്തികമായി സിനിമ കാഴ്ചക്കാരുടെ അനുഭവമാണ്. അവർക്ക് ഇഷ്ടമായില്ലെങ്കിൽ അതിനർഥം ഇഷ്ടമായില്ല എന്നുതന്നെയാണ്. വിമർശനങ്ങൾ പഠിച്ച് എന്തെങ്കിലും തിരുത്താനുണ്ടെങ്കിൽ ഭാവിയിൽ അതിനുവേണ്ടി ശ്രമിക്കും.

റിവ്യൂകൾ വ്യക്തികളുടെ അഭിപ്രായമാണ്. യൂട്യൂബിലൂടെ അത് കൊമേർഷ്യലൈസ് ചെയ്യുന്നു എന്നേയുള്ളൂ. റിവ്യൂകൾ മലയാളം സിനിമയ്ക്ക് ഗുണം ചെയ്യുന്നതായാണ് എനിക്ക് തോന്നുന്നത്.

കറങ്ങിക്കറങ്ങി മുന്നോട്ട്...

‘കറക്ക’ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ സമയത്തുതന്നെ അടുത്ത സിനിമയുടെ ചർച്ചകളിലേക്ക് കടന്നുകഴിഞ്ഞു. എഴുത്ത് സമാന്തരമായി നടക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ ചിത്രീകരണം ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Karakkam is a unique musical-horror-comedy featuring nine songs integrated into the narrative. The film explores a setting where spirits of five 80s dancers return to a modern world. Director Subhash highlights the support from legends like Mammootty, Mohanlal, and Urvashi. The film uses a non-linear narrative style focusing on 'loops' and human connections. The director views reviews and audience feedback as vital for the evolution of Malayalam cinema