പണവും വീടും ഇല്ലാത്തതിന്റെ പേരിൽ കുറേ കളിയാക്കിട്ടുണ്ട്, ബാലന് ശേഷം സ്റ്റാറാണ് -ആദിശേഷൻ | INTERVIEW

ആദിശേഷൻ | ഫോട്ടോ: ആകാശ് എസ്. മനോജ് \ മാതൃഭൂമി
ആദിശേഷൻ | ഫോട്ടോ: ആകാശ് എസ്. മനോജ് \ മാതൃഭൂമി

'ഫർസു ആന്റി എന്റെ കോളറിൽ പിടിക്കുന്ന സീനിൽ ഞാൻ ശരിക്കും പേടിച്ചു. അതുവരെ ഫ്രണ്ട്ലിയായി നിന്ന ആന്റി പെട്ടെന്ന് ദേഷ്യപ്പെട്ടപ്പോൾ പേടിക്കാതിരിക്കുമോ?...' പറയുകയാണ്‌ ‘ബാലൻ' എന്ന ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന ആദിശേഷൻ എന്ന പിക്കാച്ചു. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ രണ്ടാം ക്ലാസുകാരൻ ആദിശേഷന്റെ വിശേഷങ്ങളിലേക്ക്...

'ബാലൻ' സിനിമയ്ക്ക് ശേഷം പിക്കാച്ചു ഇപ്പോൾ സ്റ്റാർ ആയല്ലോ?

ഇപ്പോൾ ഒത്തിരി പേർ വന്ന് വിശേഷങ്ങൾ ചോദിക്കാറുണ്ട്. ഒരു ദിവസം ഞാനും സിനാൻ ചേട്ടനും ( ബാലനിൽ അഭിനയിച്ച മറ്റൊരു ബാലതാരം) ഹോട്ടലിൽ മന്തി കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് ചേച്ചിമാർ വന്ന് 'ബാലനിലെ കുട്ടി അല്ലേ' എന്ന് ചോദിക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ഭയങ്കര സന്തോഷമായി. അതുപോലെ സ്കൂളിലും ഇപ്പോൾ എല്ലാവർക്കും വലിയ കാര്യമാണ്. അവരൊക്കെ നല്ല സപ്പോർട്ടാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ ഒരു സ്വീകരണമുണ്ടായിരുന്നു. കൂട്ടുകാരൊക്കെ ഞാൻ വന്നിറങ്ങി സ്റ്റേജിലേക്ക് കയറുമ്പോൾ നിർത്താതെ കയ്യടിച്ചത് ഭയങ്കര സന്തോഷമായി.

എങ്ങനെയാണ് ബാലന്റെ ഭാഗമായത്?

ഞാൻ കുഞ്ഞിലേ 'സുഗന്ധി' എന്നൊരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതിലെ റീൽസ് കണ്ടിട്ടാണ് കാസ്റ്റിംഗ് ഡയറക്ടർ ഗണപതി ചേട്ടൻ എന്നെ ഓഡിഷന് വിളിച്ചത്. എന്റെ അമ്മയായി അഭിനയിക്കുന്ന ഫർസു ആന്റിയുമായി ഒരു ഫോട്ടോഷൂട്ട് ആണ് ആദ്യം ചെയ്തത്. അതിൽ ഫർസു ആന്റിക്ക് ഉമ്മ കൊടുക്കാൻ‌ പറഞ്ഞപ്പോൾ ഭയങ്കര മടിയായിരുന്നു. നാണം കൊണ്ട്. അത് കണ്ട് എന്റെ അമ്മക്കൊക്കെ സങ്കടമായി. പിന്നെ ചിദു സർ (സംവിധായകൻ ചിദംബരം) പറഞ്ഞു അതൊക്കെ ശരിയാക്കാമെന്ന്. അങ്ങനെ അത് ചെയ്തു.

സിനിമയിൽ അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഏത് സീൻ ആയിരുന്നു?

അമ്മയെ കാണാതെ ഞാൻ ലോറിയിൽ കയറി പോകില്ലേ. ആ സങ്കടം അഭിനയിക്കാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു. കണ്ണീര് വരാനായി ഗ്ലിസറിൻ കണ്ണിലൊഴിച്ചപ്പോൾ കണ്ണ് നല്ലപോലെ നീറി, അതുകൊണ്ട് ഞാൻ ശരിക്കും കരഞ്ഞുപോയി.

ഷൂട്ടിങ്ങിനിടയിൽ പേടി തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിരുന്നോ?

കടലിലെ ആ ബോട്ട് സീൻ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് നല്ല പേടി തോന്നിയിരുന്നു. തിരമാലകൾ ശക്തമായി ബോട്ടിന് അടിക്കുന്നുണ്ടായിരുന്നു. ടൊവിനോ അങ്കിളിന് ബോട്ട് നിയന്ത്രിക്കാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു. അതുപോലെ തന്നെ ഫർസു ആന്റി (നായിക ഫർസാന) എന്റെ കോളറിന് പിടിക്കുന്ന സീൻ എടുത്തപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി. കാരണം അതുവരെ ചേച്ചി എന്നോട് വളരെ ഫ്രണ്ട്‌ലി ആയി നിന്നിട്ട് പെട്ടെന്ന് ദേഷ്യപ്പെട്ടപ്പോൾ പേടിച്ച് പോയി. പിന്നെ ഡോളി അമ്മൂമ്മയില്ലേ സിനിമയിൽ അമ്മൂമ്മ ജീവിതത്തിലും അതുപോലെ തന്നെയാണ്. ഞങ്ങൾ എപ്പോഴും വഴക്കാണ് തമാശയ്ക്ക്. അതുപോലെ പലരും പറഞ്ഞു പവിത്രൻ പോലീസായി എത്തിയ ജീൻ പോൾ ചേട്ടനോട് ദേഷ്യം തോന്നിയെന്ന്. സത്യത്തിൽ ഒരു പാവം മനുഷ്യനാണ് ജീൻ ചേട്ടൻ. ആ കഥാപാത്രത്തെ വേണം നമ്മൾ കുറ്റം പറയാൻ.

ടൊവിനോ ആണ് ഫേവറിറ്റ് ആക്ടർ അല്ലേ ?

എനിക്ക് ഏറ്റവും ഇഷ്ടം ടൊവി അങ്കിളിനേയും മമ്മൂക്കയെയും ലാലേട്ടനെയുമാണ്. തമിഴിൽ കമൽഹാസനെയും. എന്നെ കാണാൻ കുട്ടി കമലിന്റെ പോലെയുണ്ടെന്ന് കുറേ പേർ പറഞ്ഞിട്ടുണ്ട്. ഇനി ഇവരുടെ കൂടെ അഭിനയിക്കണമെന്നാണ് വലിയ ആഗ്രഹം. അതുപോലെ എല്ലാ നടന്മാർക്കൊപ്പവും അഭിനയിക്കണം. ടൊവി അങ്കിൾ ആദ്യം കണ്ടപ്പോൾ തന്നെ ടാ പീക്കു നിനക്ക് സുഖല്ലേടാ എന്നാണ് ചോദിച്ചത്. അതോടെ ഞാൻ ഫ്ലാറ്റ്. ടെൻഷനൊക്കെ പോയി. അങ്കിളെനിക്ക് മാലയും ഷാർക്കിന്റെ ടീ ഷർട്ടുമൊക്കെ ഗിഫ്റ്റ് ചെയ്തു. അതുപോലെ എനിക്കിഷ്ടം സ്പൈഡർമാനെയും വെനത്തിനെയുമാണ്. ഞാൻ ചിത്രം വരയ്ക്കാറുണ്ട്. വരയ്ക്കുന്നത് മുഴുവനും സ്പൈഡർമാന്റെയും വെനത്തിന്റെയും ചിത്രങ്ങളാണ്.

എങ്ങനെയാണ് ആദിശേഷൻ പിക്കാച്ചു ആയത് ?

ചെറുപ്പത്തിൽ പിക്കാച്ചുവിന്റെ പാട്ട് കേൾക്കുമ്പോൾ ഞാൻ ആടുമായിരുന്നുത്രേ, അത് കണ്ടിട്ട് അച്ഛൻ വിളിച്ച പേരാണത്. ഇപ്പോൾ സ്കൂളിലും സെറ്റിലും ഒക്കെ എല്ലാവരും പീക്കു അല്ലെങ്കിൽ പിക്കാച്ചു എന്നാണ് വിളിക്കുന്നത്. എനിക്ക് അങ്ങനെ വിളിക്കുന്നതാണ് ഇഷ്ടവും. എന്റെ അച്ഛന്റെ പേര് രതീഷ് എന്നാണ്, അമ്മ ആതിര..രണ്ട് പേരും എനിക്ക് കട്ട സപ്പോർട്ടാണ്. എന്നെ കുഞ്ഞിലേ മുതൽ ഓഡിഷന് കൊണ്ടുപോകുന്നതൊക്കെ അമ്മയാണ്.
 

ഇന്ന് ഇത്ര സന്തോഷത്തിൽ നില‍്‍ക്കുമ്പോഴും ഒരു കുഞ്ഞ് സങ്കടം ബാക്കിയാണല്ലോ?

അതേ. എനിക്കൊരു വീടില്ല. വാടകയ്ക്കാണ് ഇപ്പോൾ നിൽക്കുന്നത്. കാരണം ഞങ്ങളുടെ വീട് വെള്ളം കയറി നാശമായതാണ്. പൈസയില്ലാത്തിന്റെയും വീടില്ലാത്തതിന്റെയുമൊക്കെ പേരിൽ പലരും ഞങ്ങളെ കളിയാക്കിയിട്ടുണ്ട്. അതുപോലെ എനിക്ക് ഇഷ്ടമുള്ളതൊന്നും വാങ്ങിക്കാൻ പറ്റിയിരുന്നില്ല. പക്ഷേ ഇന്ന് ഞാൻ ഹാപ്പിയാണ്, എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ട്, ഇഷ്ടമുള്ളത് വാങ്ങാൻ പറ്റുന്നുണ്ട്. പഠിച്ച് ഒരു ഡോക്ടറാവണമെന്നും അതോടൊപ്പം തന്നെ സിനിമയും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം.

Content Highlights: The freshly released Malayalam movie Balan—directed by Chidambaram after his record-breaking blockbuster Manjummel Boys—has found its biggest breakout star in a second-grade boy named Aadiseshan. Affectionately called "Piku" or "Pikachu" by fans and the industry alike, this brilliant child artist from Thanneermukkam, Alappuzha, talks about his newfound stardom, overcoming personal financial hardships, and his unforgettable experiences sharing the frame with big stars.