‘ബാലൻ’ എന്റെ റീ എൻട്രി, സിനിമയിൽ സൗന്ദര്യമല്ല മാനദണ്ഡം; സീരിയൽ ഉദാത്തമായ കലയായി കാണേണ്ട- ബീനാ ആന്റണി

ബാലന്‍: ദ ബോയ് പോസ്റ്ററില്‍ ബീനാ ആന്റണി, ബീനാ ആന്റണി | Photo: Instagram/ Artiste Beena Antony, Mathrubhumi
ബാലന്‍: ദ ബോയ് പോസ്റ്ററില്‍ ബീനാ ആന്റണി, ബീനാ ആന്റണി | Photo: Instagram/ Artiste Beena Antony, Mathrubhumi

'ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ സമയമുണ്ട്. ആ സമയം വരുമ്പോൾ അത് തടയാൻ ആർക്കും കഴിയില്ല. ഷംനാത്ത എനിക്ക് അങ്ങനെയൊരു സമയമായിരുന്നു. ഇനി ഈ കഥാപാത്രം ഒരു പുതിയ യാത്രയുടെ തുടക്കമാകട്ടെ എന്നാണ് ആഗ്രഹം.'

ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദ ബോയ്' എന്ന ചിത്രത്തിലെ ഷംനാത്ത എന്ന കഥാപാത്രം കൈയടി നേടുമ്പോൾ ബീന ആന്റണിക്ക് അത് ഇരട്ടിമധുരമാണ്. 35 വർഷത്തെ അഭിനയജീവിതം, മുപ്പതോളം സിനിമകൾ, നിരവധി സീരിയലുകൾ, മികച്ച സീരിയൽ നടിക്ക് മൂന്ന് തവണ പുരസ്‌കാരം... ഒടുവിൽ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചില്ലെന്ന സങ്കടമത്രയും കഴുകിക്കളഞ്ഞെത്തിയ കഥാപാത്രം.

ഷംനാത്തയിലേക്ക് എത്തിയ വഴി

'മഞ്ഞുമ്മൽ ബോയ്സ്' ഇറങ്ങിയ സമയത്ത് ഗണപതിയോട് ഞാൻ തമാശയായി ചോദിച്ചിരുന്നു, 'എന്നെ ഒരു അമ്മ വേഷത്തിലേക്ക് പരിഗണിക്കാമായിരുന്നില്ലേ' എന്ന്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഗണപതി എന്നെ സർപ്രൈസ് ആയി വിളിച്ച് പടത്തിലേക്ക് ക്ഷണിച്ചു. 'ചേച്ചിക്ക് പെർഫോം ചെയ്യാനുള്ള സീനുണ്ട്, അത്രയും ഞാൻ ഉറപ്പു തരുന്നു', എന്ന് ഗണപതി പറഞ്ഞു. കഥാപാത്രം എന്താണെന്ന് പോലും നോക്കാതെ ഞാൻ ഓക്കെ പറഞ്ഞു.

ബീന ആന്റണിയല്ല, സ്‌ക്രീനിൽ ഷംനാത്ത മാത്രം!

സിനിമ കാണുന്ന എല്ലാവർക്കും ആ കഥാപാത്രത്തോട് വലിയ ദേഷ്യം തോന്നും. തിയേറ്ററിൽ സിനിമ കണ്ടിറങ്ങിയപ്പോൾ മാനസികമായി വലിയൊരു ഭാരം ഉള്ളിൽ വെച്ചിട്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്. ആ കുട്ടികളുടെയും അവരുടെ അമ്മയുടെയും അവസ്ഥ എന്നെ നന്നായി വേദനിപ്പിച്ചു. സംവിധായകനും അണിയറപ്രവർത്തകരും ആ കഥാപാത്രം എങ്ങനെ ആയിരിക്കണമെന്ന് കൃത്യമായ ഗൈഡൻസ് തന്നിരുന്നു. ആദ്യം ഞാൻ ചെയ്തപ്പോൾ ഒരു പടി മുന്നിൽനിന്നു (ഓവർ ആയി) ചെയ്തപ്പോൾ അവർ പറഞ്ഞു, 'വേണ്ട ചേച്ചി, കുറച്ചുകൂടി കാഷ്വൽ ആയിട്ട് വേറെ രീതിയിൽ ചെയ്യാം' എന്ന്. അങ്ങനെ ചെയ്തപ്പോൾ അത് പക്കയായി വന്നു. ആ വീട്ടിലെ സീൻസൊക്കെ ചെയ്യുമ്പോൾ ഇത്രയും ഡെപ്ത് ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല. ചായ കൊടുക്കുമ്പോഴുള്ള എക്സ്പ്രഷനൊക്കെ ആളുകൾ ഒരുപാട് എടുത്തു പറഞ്ഞു. തിയേറ്ററിൽ കണ്ടപ്പോഴാണ് ഞാൻ ഓർത്തത്, 'ഇത്രയൊരു വില്ലത്തി അതിന്റെ ഉള്ളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നോ', എന്ന്!

പിള്ളേരുടെ കംഫർട്ട് സോൺ

സിനിമയിൽ ലൈവ് സൗണ്ട് (സിങ്ക് സൗണ്ട്) ആയിരുന്നതുകൊണ്ട് എനിക്ക് ആദ്യമൊക്കെ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. അസോസിയേറ്റ് വന്ന് ഒറ്റ ഷോട്ട് ആണെന്ന് പറഞ്ഞപ്പോൾ പേടിച്ചു. എന്നാൽ വളരെ കംഫർട്ട് സോണിലാണ് അവർ എന്നെ നിർത്തിയത്. അവർ എന്നെ സംബന്ധിച്ച് മക്കളെപ്പോലെയുള്ള കുട്ടികളാണ്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കാസ്റ്റിങ് ആണ്. ഗണപതിയാണ് അത് പൂർണമായും ചെയ്തത്. നായിക ഫർസാന ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അവൾ ഓരോ സീനിനും വേണ്ടി തയ്യാറെടുക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി ഇരുന്നിട്ടുണ്ട്. ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. അതുപോലെ ആദിശേഷനും സിനാനും (രണ്ടുകാലങ്ങളിലെ 'ബാലൻ'മാർ). ആദിശേഷൻ ചെറിയ പ്രായമാണെങ്കിലും അവന്റെ കണ്ണുകളിൽ ദൈന്യതയും നിഷ്‌കളങ്കതയുമുണ്ട്. സിനാൻ കുറച്ചുകൂടി പക്വതയോടെ അഭിനയിച്ചു. ടൊവിനോയുടേത് എത്ര വ്യത്യസ്തമായ കഥാപാത്രമാണ് ഇതിൽ! ഹീറോയിസം ഒന്നുമില്ലാത്ത ഒരു ലോക്കൽ പോക്കറ്റടിക്കാരൻ. സിനിമയിലുള്ള എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ പ്രാധാന്യമുണ്ട്. വന്നുപോകുന്ന ഒരു കഥാപാത്രം പോലുമില്ല, ഉള്ള കഥാപാത്രങ്ങൾക്കെല്ലാം പെർഫോം ചെയ്യാനുണ്ട്. സിനിമയിൽ അമ്മൂമ്മ വരുമ്പോഴാണ് ആളുകൾക്ക് ഒരു റിലാക്സേഷൻ വരുന്നത്. അമ്മൂമ്മയോടൊപ്പം എനിക്കൊരു കോമ്പിനേഷൻ സീൻ ഇല്ലാത്തതിൽ സങ്കടമുണ്ട്. ഷംനാത്തയും അമ്മൂമ്മയും തമ്മിൽ ഒരു സീൻ ഉണ്ടായിരുന്നെങ്കിൽ അത് തിയേറ്ററിൽ ഭയങ്കര ഹിറ്റ് ആയേനെ.

നായികയാവാൻ സൗന്ദര്യമല്ല മാനദണ്ഡം

പണ്ട് എനിക്ക് വലിയ ഇൻഫീരിയോരിറ്റി കോംപ്ലക്സ് ഉണ്ടായിരുന്നു. എനിക്ക് ഹൈറ്റ് കുറവാണ്, വലിയ സൗന്ദര്യമില്ല, കളറില്ല എന്നൊക്കെ. സിനിമയിൽ രക്ഷപ്പെടാൻ പറ്റുമോ എന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ സൗന്ദര്യമല്ല സിനിമയുടെ മാനദണ്ഡം എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ആളുകളുടെ ആസ്വാദന രീതി മാറി.

എന്നാൽ ഇന്ന് സൂപ്പർതാരങ്ങൾ ഇല്ലെങ്കിലും സിനിമ വിജയിക്കും എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. കഥയും അത് ആവിഷ്‌കരിക്കുന്ന രീതിയുമാണ് ഇപ്പോൾ പ്രധാനം. ഈ മാറ്റം ചെറിയ ആർട്ടിസ്റ്റുകൾക്ക് ഒരുപാട് ഗുണം ചെയ്യും. കാരണം ഇവിടെ ആരും മസ്റ്റല്ല, കഥയും കഥാപാത്രങ്ങളുമാണ് പ്രധാനം. കഥാപാത്രം ഭംഗിയായി പെർഫോം ചെയ്താൽ മാത്രം. ഷംനാത്ത എന്ന ഈ കഥാപാത്രം എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹമാണ്. ഇതൊരു നല്ല റീ- എൻട്രി ആവണമെന്ന് ഞാനും എന്നെ ഇഷ്ടപ്പെടുന്നവരും ആഗ്രഹിക്കുന്നു, ബാക്കിയെല്ലാം ദൈവത്തിന്റെ കൈയിലാണ്.

സീരിയലുകളിലെ 'ഓവർ ആക്ടിങ്' വിമർശനങ്ങളോട്

സീരിയലിൽ അഭിനയിക്കുന്നവർ ഓവർ ആക്ടിങ് ആണെന്നൊരു പൊതുവായ ചീത്തപ്പേരുണ്ട്. എന്നാൽ ഇന്നുവരെ ഞാൻ സീരിയലിൽ ഓവർ ആക്ടിങ് ആണെന്ന് ആരും പറഞ്ഞിട്ടില്ല. അത് ഞാൻ വലിയ അഭിമാനത്തോടെ പറയും. എങ്കിലും സീരിയലുകൾക്ക് ചില പരിമിതികളുണ്ട്. ഒരു എപ്പിസോഡിന് കിട്ടുന്ന ബജറ്റ് വളരെ തുച്ഛമാണ്. അതിനുള്ളിൽ നിന്നുകൊണ്ട് വേണം ആർട്ടിസ്റ്റുകളുടെ കോസ്റ്റ്യൂം, വീടുകളുടെ വാടക തുടങ്ങിയ ഭാരിച്ച ചെലവുകൾ നോക്കാൻ. ഒരു ദിവസം ഒന്നരയോ രണ്ടോ എപ്പിസോഡ് എടുക്കണം എന്ന ടാർഗറ്റ് ഉള്ളതുകൊണ്ട് വേഗത്തിൽ സീനുകൾ എടുത്തു തീർക്കേണ്ടി വരാറുണ്ട്. ഇതിനെ ഉദാത്തമായ വലിയൊരു കലാരൂപമായി കാണേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഇഷ്ടമുള്ളവർക്ക് കാണാം, റിമോട്ട് നമ്മുടെ കയ്യിലുണ്ടല്ലോ. പ്രായമായവർക്ക് വൈകുന്നേരങ്ങളിൽ ഇതൊരു റിലാക്സേഷൻ മാത്രമാണ്.

Content Highlights: Actress Beena Antony is receiving widespread acclaim for her powerful negative role as Shamnatha in Chidambaram's latest movie, Balan: The Boy. She secured the impactful role after casually asking actor-casting director Ganapathi for a character, accepting it instantly without even hearing the script details. The actress mentioned that playing such an intense character left an emotional toll on her, though she credited the crew's precise guidance for her flawless performance. Reflecting on industry changes, she stated that modern cinema prioritizes realistic storytelling and characters over conventional beauty standards and superstardom. Addressing television industry criticisms, she remarked that TV serials operate under tight budgets and tight schedules, hence they should be viewed as mere daily entertainment rather than high art