മലയാളച്ചുവയുള്ള പാട്ടുവേണമെന്നാണ് അനിരുദ്ധ് പറഞ്ഞത്, 'അല്ല ബൊലേലോ' ഇത്ര വൈറലാകുമെന്ന് കരുതിയില്ല-അപർണ ഹരികുമാർ

അപർണ ഹരികുമാർ, ജയിലർ 2 എന്ന ചിത്രത്തിൽ ഷംന കാസിം | ഫോട്ടോ: Instagram, Screengrab
അപർണ ഹരികുമാർ, ജയിലർ 2 എന്ന ചിത്രത്തിൽ ഷംന കാസിം | ഫോട്ടോ: Instagram, Screengrab

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ‘അല്ല ബൊലേലോ’ തരംഗമാണ്. രജനികാന്ത് നായകനാകുന്ന ജയിലർ 2 എന്ന ചിത്രത്തിനുവേണ്ടി അനിരുദ്ധ് ഈണമിട്ട് ആലപിച്ച ഗാനം യുട്യൂബിൽ ഇതിനോടകം കണ്ടുകഴിഞ്ഞത് 35 മില്യൺ പേരാണ്. അനിരുദ്ധിനൊപ്പം ഈ ഗാനമാലപിച്ച് മൂന്ന് ഗായികമാരിൽ ഒരാൾ മലയാളിയായ അപർണ ഹരികുമാറാണ്. നിരഞ്ജന രാമൻ, ദീപ്തി സുരേഷ് എന്നിവരാണ് സഹഗായികമാർ. ഈ ഗാനം ഇത്രയും വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് അപർണ. മലയാളത്തിലെ ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റായ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നുവേണ്ടി അപർണ ആലപിച്ച രണ്ട് ഗാനങ്ങളും ഹിറ്റ് ചാർട്ടിലിടംപിടിച്ചുകഴിഞ്ഞു. ഇളയരാജ, എ.ആർ. റഹ്മാൻ, വിദ്യാസാഗർ, ഡി. ഇമ്മൻ, അനിരുദ്ധ്, വിഷ്ണു വിജയ്, സാം സി.എസ്, ജി.വി. പ്രകാശ്, സന്തോഷ് നാരായണൻ, ഹിപ് ഹോപ് തമിഴാ, ഗോപി സുന്ദർ, ഷോൺ റോൾദാൻ, എന്നിവർക്കെല്ലാം വേണ്ടി അപർണ ഗാനങ്ങളാലപിച്ചുകഴിഞ്ഞു. തന്റെ സംഗീതവഴിയേക്കുറിച്ച് അപർണ ഹരികുമാർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു....

സിനിമയിലേക്കുള്ള വരവ്

ഞാൻ ജനിച്ചത് എറണാകുളത്താണ്. വളർന്നത് തിരുവനന്തപുരത്തും. ഇപ്പോൾ താമസം ചെന്നൈയിലാണ്. വിജയ് ടിവി എന്ന തമിഴ് ചാനലിൽ സൂപ്പർ സിംഗർ എന്ന ഒരു റിയാലിറ്റി ഷോ ഉണ്ടായിരുന്നു. ആ ഷോയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ചെന്നൈയിൽ ആദ്യമായി വന്നത്. ഷോയിലൂടെ അത്യാവശ്യം അറിയപ്പെടാൻ തുടങ്ങിയപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാക്കി. ആടുജീവിതം എന്ന ചിത്രത്തിനുവേണ്ടിയാണ് ഞാൻ ആദ്യമായി എന്റെ ശബ്ദം റെക്കോർഡ് ചെയ്യുന്നത്. 2019-ലായിരുന്നു അത്. നിന്നെ കിനാവുകാണും കണ്ണിലാകെ എന്ന ഗാനത്തിനിടയിൽ വരുന്ന ജതിയുടെ ഭാഗമായിരുന്നു അത്. സൂപ്പർ സിംഗർ റിയാലിറ്റി ഷോയുടെ മുഖംതന്നെ എ.ആർ റഹ്മാനായിരുന്നു. അങ്ങനെയാണ് ആടുജീവിതത്തിലേക്കുള്ള അവസരം വന്നത്.

എന്താണ് എ.ആർ. റഹ്മാന്റെ റെക്കോർഡിങ്ങിന്റെ പ്രത്യേകത?

ഏതൊരു കലാകാരനാണെങ്കിലും റഹ്മാൻ സാറാണ് റെക്കോർഡ് ചെയ്യുന്നതെങ്കിൽ അവരുടെ 100 ശതമാനവും പുറത്തുകൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കും. നമ്മുടെ യതാർത്ഥ കഴിവെന്താണെന്ന് നമ്മളേക്കാൾ അദ്ദേഹത്തിന് മനസിലാകും. ഒരു മാന്ത്രികനാണെന്നൊക്കെ തോന്നിയിട്ടുണ്ട്. ഒരുദിവസം പുലർച്ചെ ഒന്നരയ്ക്ക് ഒരു സുഹൃത്ത് വിളിച്ചാണ് എ.ആർ. റഹ്മാന്റെ സ്റ്റുഡിയോയിലേക്കെത്താൻ പറഞ്ഞത്. അദ്ദേഹം രാത്രിയിലാണ് ജോലി ചെയ്യുകയെന്ന് മുൻപ് കേട്ടിട്ടുണ്ട്. രാവിലെ വരെ ജോലി ചെയ്യുമെന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അത് സത്യമാണെന്ന് അന്ന് മനസിലായി. രാത്രിയിൽ അവിടെ എത്തിയപ്പോൾ സ്റ്റുഡിയോയിൽ തകൃതിയായി റെക്കോർഡിങ് ജോലികൾ നടക്കുകയാണ്.

പൊന്നിയിൻ സെൽവന്റെ റെക്കോർഡിങ് എങ്ങനെയായിരുന്നു?

പൊന്നിൻ സെൽവനിൽ ഒരുപാട് ഡീറ്റെയിൽഡ് ആയിട്ടുള്ള ജോലികൾ ഉണ്ടായിരുന്നു. എല്ലാ ദിവസവും സ്റ്റുഡിയോയിൽ പോകണമായിരുന്നു. പാട്ടുകളെല്ലാം ഒരു വലിയ സ്കെയിലിൽ ആയതുകൊണ്ട് എപ്പോഴും ഗായകർ സ്റ്റുഡിയോയിൽ ഉണ്ടാകും. കമ്പോസിങ് ഒരുഭാഗത്ത് നടക്കുമ്പോൾ മറ്റൊരു ഭാഗത്തുകൂടി സമാന്തരമായി റെക്കോർഡിങ്ങും നടക്കും. മണിരത്നം സാറിന്റെ ടീം മൊത്തം അവിടെ ഉണ്ടാകും. കാരണം പടം റിലീസ് ചെയ്തത് രണ്ടുഭാഗമായിട്ടാണെങ്കിലും റെക്കോർഡിങ് എല്ലാം ഒരുമിച്ചായിരുന്നു നടന്നത്. ശക്തിശ്രീ പാടിയ അകനക എന്ന ഗാനത്തിന് ഞാനായിരുന്നു ട്രാക്ക് പാടിയത്. അപ്പോഴാണ് ഞങ്ങൾ മനസ്സിലാക്കിയത് പടം മൊത്തത്തിലാണ് ഇവർ ചെയ്യുന്നതെന്ന്. റിലീസ് മാത്രമാണ് രണ്ട് ഭാഗങ്ങളായി വന്നത്. പക്ഷേ രണ്ടാമത്തെ പാർട്ട് റിലീസിന് മുമ്പും ഇതുപോലെ തന്നെ നല്ല ജോലികൾ ഉണ്ടായിട്ടുണ്ടായിരുന്നു. പക്ഷേ, അത് നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. ഒരുപാട് ബിസി ആയിട്ടുള്ള കുറച്ചു നാളുകൾ ആയിരുന്നു അത്.

മൊഴിമാറ്റ ചിത്രങ്ങൾക്കായി ധാരാളം പാടിയിട്ടുണ്ടല്ലോ?

തീർച്ചയായും. റഹ്മാൻ സാർ ചെയ്ത രായൻ എന്ന ചിത്രത്തിലെ രായാ എന്ന ഗാനമാണ് അതിലൊന്ന്. പിന്നെ സന്തോഷ് നാരായണന്റെ സംഗീതത്തിൽ ദസറ, ജിഗർ തണ്ട ഡബിൾ എക്സ് പോലുള്ള ചിത്രങ്ങൾക്കായും ഗാനങ്ങൾ ആലപിച്ചു. കരിയറിലെ വലിയ പ്രോജക്റ്റ് എന്ന് പറയാവുന്നത് മഹാവതാർ നരസിംഹ എന്ന ആനിമേഷൻ ചിത്രമാണ്. സാം സി.എസ് ആയിരുന്നു സംഗീത സംവിധാനം. മലയാളിയാണെങ്കിലും അദ്ദേഹത്തിന്റെ സ്റ്റുഡിയോ ചെന്നൈയിലാണ്. മലയാളത്തിലും തമിഴിലും ഒരുപോലെ ഗാനങ്ങൾ ചെയ്യുന്ന അദ്ദേഹം എനിക്ക് ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്. ഈ ചിത്രത്തിലെ ഗാനത്തിന് ട്രാക്ക് പാടാനാണ് വിളിച്ചത്. ഒരു തീം സോങ് ആയിരുന്നു ഒരെണ്ണം, രണ്ടാമത്തേത് ആരതി സോങ് പോലെ ഒരെണ്ണം. പക്ഷേ ട്രാക്ക് കേട്ട് ഇഷ്ടപ്പെട്ട നിർമാതാക്കൾ അതുതന്നെ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു.

പ്രാവിൻകൂട് ഷാപ്പാണോ ബ്രേക്ക് ആയത്?

സംഗീത സംവിധായകൻ വിഷ്ണു വിജയിന്റെ കൂടെ ഫാലിമി എന്ന ചിത്രം ചെയ്തിരുന്നു. ആ ചിത്രത്തിലെ മഞ്ജീര ശിഞ്ചിതമേ എന്ന ഗാനമാണ് ആലപിച്ചത്. അതിനുശേഷം വന്ന സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്. വിഷ്ണു ചേട്ടൻ മെലഡിയുടെ ഉസ്താദ് ആണ്. ആ പാട്ട് കേൾക്കുമ്പോഴേക്കും നമുക്ക് ഒരു ഫാസ്റ്റ് സോങ് അല്ലെങ്കിൽ ഒരു പെപ്പി സോങ് ആയി തോന്നുമെങ്കിലും ഒരുപാട് ഡീറ്റെയിൽസ് ഉണ്ട്. ഭയങ്കര രസമുള്ള ഒരു റെക്കോർഡിങ് ആയിരുന്നു അത്. പ്രാവിൻകൂട് ഷാപ്പിലേക്ക് വിളിച്ചപ്പോൾ കോറസ് പാടാനാണെന്നാണ് ആദ്യം കരുതിയത്. കാരണം ആ പാട്ടിൽ മൂന്ന് ഗായകരുണ്ട്. മുഴുവൻപാട്ടും മൂന്നു പേർ ചേർന്ന് പാടുന്ന പോലെ ഒരു പാട്ടാണെന്ന് പിന്നെയാണ് മനസിലായത്. പാടിയതിൽ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു പാട്ടാണത്. വിഷ്ണു വിജയ് അസ്സലായി കാര്യങ്ങൾ പറഞ്ഞുതരും. പാട്ടിന്റെ ഐഡിയ പെട്ടന്നുതന്നെ കിട്ടി.

പ്രാവിൻകൂട് ഷാപ്പിലെ പാട്ടാണോ ബെത്‌ലഹേം കുടുംബ യൂണിറ്റിലേക്കുള്ള വഴിയായത്?

പ്രാവിൻകൂട് ഷാപ്പ് കഴിഞ്ഞശേഷം ചെറിയൊരു ബ്രേക്ക് വന്നു. തല്ലുമാലയിലേക്ക് ഒരു അവസരം വന്നിരുന്നെങ്കിലും പാടാൻ കഴിഞ്ഞില്ല. വിഷ്ണു വിജയിന്റെ സഹായി ക്രിസ്റ്റിയാണ് ഒരു പടമുണ്ട്, പാടാൻ വരാമോ എന്ന് ചോദിച്ചത്. കോറസ് ആണെന്നാണ് ആദ്യം കരുതിയത്. സോളോ ആണെന്ന് പിന്നെയാണ് മനസിലായത്. റീ-റെക്കോർഡിങ് പോലെയാണെന്നാണ് സംഗീതസംവിധായകൻ പറഞ്ഞത്. അദ്ദേഹംതന്നെ സിനിമയുടെ കഥ പറഞ്ഞുതന്നു. പടത്തിലെ ഒരു സീനും കാണിച്ചുതന്നു. പാട്ടുപാടുന്നതുപോലെ തോന്നരുതെന്നാണ് അദ്ദേഹം നിർദേശിച്ചത്. വളരെ വൈകാരികമായിട്ടുള്ള ഒരു ഡയലോഗ് ഒരു ഈണത്തിൽ പറയുന്ന പോലെ വേണമായിരുന്നു അത് ചെയ്യാൻ. അദ്ദേഹം പറഞ്ഞുതന്നത് കൃത്യമായി ചെയ്യാൻ സാധിച്ചു. ഇന്ദ്രജാലം, പിടിതരാ.. എന്നിങ്ങനെയുള്ള രണ്ട് ബിറ്റുകളാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിനുവേണ്ടി പാടിയത്. ഒരെണ്ണമാണ് സിനിമയിൽ വന്നത്. ഒരെണ്ണത്തിന്റെ പകുതിയും. പക്ഷേ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്തുവന്നപ്പോൾ ഇതുരണ്ടും അതിൽ ഉൾപ്പെടുത്തിയിരുന്നു.

‘ജയിലർ 2’ ലെ ഗാനം വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. 2025-ലാണ് ഈ ഗാനം പാടിയത്. എനിക്കൊപ്പം രണ്ട് ഗായികമാർ കൂടിയുണ്ടായിരുന്നെങ്കിലും മൂന്നുപേരും മൂന്നായിത്തന്നെയാണ് പാട്ട് റെക്കോർഡ് ചെയ്തത്. അനിരുദ്ധിനൊപ്പം മുൻപും പ്രവർത്തിച്ചിട്ടുണ്ട്. ഒരു മലയാളി ചുവ വേണം, എന്നാലൊരു തമിഴ് പാട്ടായിരിക്കുകയും വേണമെന്നതായിരുന്നു അല്ല ബൊലേലോ എന്ന ഗാനത്തിന്റെ ആശയം. പക്ഷേ ആ ഗാനം ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്റെ ഭാഗ്യമായിരിക്കാം. അത് ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ്.

അനിരുദ്ധിന്റെ പ്രത്യേകതയായി തോന്നിയിട്ടുള്ളതെന്താണ്?

അദ്ദേഹം ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നുള്ളത് കണ്ടുപഠിക്കേണ്ടതാണ്. വിഷ്ണു വിജയ്‌യും അങ്ങനെതന്നെയാണ്. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ആദ്യമായി കാണുന്ന എല്ലാവരോടും പുള്ളി അങ്ങനെ ചെയ്യാറുണ്ട്. അത് വലിയ ഒരു കാര്യമായിട്ട് എനിക്ക് തോന്നി. അത്രയ്ക്ക് ലളിതമായ ഒരു ഒരാളാണ്. ഭയങ്കര കംഫർട്ടബിൾ ആണ് വർക്ക് ചെയ്യാൻ. ഒരു ആർട്ടിസ്റ്റ് വന്നാൽ അവരെ നന്നായി നോക്കാനും കംഫർട്ടബിൾ ആയി വെക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. കാരണം ആർട്ടിസ്റ്റ് കംഫർട്ട് ആയാലേ അവർ 100% തരുകയുള്ളൂ എന്ന് അദ്ദേഹത്തിനറിയാം. ഭയങ്കര വേഗത്തിലാണ് അനിരുദ്ധ് വർക്ക് ചെയ്യുന്നത്. ജോലികളെല്ലാം പെട്ടെന്ന് തീർക്കും.

വിഷ്ണു വിജയ്‌യോ?

വിഷ്ണു വിജയ് എന്ന വലിയ സംഗീതജ്ഞനാണ് താനെന്നുപോലും അറിയാത്ത അത്രയും ലാളിത്യമുള്ള മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ നമ്മളെ അവരിലൊരാളാക്കും. തനിക്ക് മാത്രമല്ല, ഒപ്പമുള്ളവരേയും വളർത്തുന്നയാളാണ്, വളരണമെന്ന് ആഗ്രഹിക്കുന്നയാളാണ് വിഷ്ണു വിജയ്. അദ്ദേഹത്തിന്റെ വലിയൊരു മേന്മയായി എനിക്ക് തോന്നിയിട്ടുള്ള കാര്യമാണത്.

കഴിവ് തിരിച്ചറിഞ്ഞ് അവസരങ്ങൾ തന്നവരുണ്ടോ?

എനിക്ക് അവസരങ്ങൾ തന്ന് സഹായിച്ച രണ്ടുപേരാണ് സാം സി.എസും രഘുനന്ദൻ എന്ന സംഗീതജ്ഞനും. ഇവർ രണ്ടുപേരുമാണ് ആദ്യമായി എന്റെ ശബ്ദം ഇഷ്ടപ്പെട്ടിട്ട് എനിക്ക് സ്ഥിരമായിട്ട് വർക്ക് തന്ന് ഞാൻ ഇനിയും പാടണം അല്ലെങ്കിൽ എന്റെ ശബ്ദം പിന്നണി പാടാൻ നല്ലതാണെന്ന് എനിക്ക് ആത്മവിശ്വാസം തന്നത്.

പഴയ ഗാനങ്ങളുടെ ആരാധിക

ഞാൻ പഴയ ഗാനങ്ങളുടെ ആരാധികയാണ്. സുശീലാമ്മയുടേയും ആശാ ഭോസ്ലേയുടേയും പാട്ടുകളാണ് ഏറെയിഷ്ടം. ഗസലുകളുടെ വലിയ ആരാധികയാണ്. കൂടുതലും കേൾക്കുന്നതും പാടുന്നതും എല്ലാം ഗസൽ തരത്തിലുള്ള പാട്ടുകളാണ്. അതുകൊണ്ട് തന്നെ എനിക്ക് ബാബുരാജ് സാറിന്റെ പാട്ടുകൾ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. പഴയ പാട്ടുകളിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

പുതിയ സിനിമകൾ?

സംഗീതസംവിധായകൻ ദേവിശ്രീ പ്രസാദ് നായകനാകുന്ന ഒരു പടം വരുന്നുണ്ട്. അതിൽ പാടുന്നുണ്ട്. പിന്നെ രാമായണയിൽ എ.ആർ. റഹ്മാൻ സാറിനുവേണ്ടി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. നല്ല അവസരങ്ങൾ തേടിയെത്തുന്നുണ്ട്.

Content Highlights: Playback singer Aparna Harikumar, who shot to fame with the viral track 'Alla Bolelo' from Jailer 2 and songs in Bethlehem Kudumba Unit, opened up about her musical journey and working with top composers like A.R. Rahman, Anirudh Ravichander, and Vishnu Vijay.