‘ഹരിശ്രീ അശോകൻ സാറിന്റെ ആ വാക്കുകൾ മറക്കില്ല; ഇഷ്ടമുള്ളതിന് വേണ്ടി വാശിപിടിക്കുന്നതിൽ തെറ്റില്ല’

പാലക്കാട്ടുകാരി. സ്വപ്‌നങ്ങളിൽ സിനിമ മാത്രം. സഹോദരനൊപ്പം റീലുകൾ ചെയ്തുതുടങ്ങി. പ്രേക്ഷകർ ഇഷ്ടത്തോടെ സ്വീകരിച്ചു. അതിർത്തി കടന്നും സഞ്ചരിച്ച റീൽ നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്റെ കൈയിലുമെത്തി. നായകനായ ആദ്യചിത്രം 'ലവ് ടുഡേ'യിൽ സഹോദരീവേഷം നൽകി ആ മലയാളി പെൺകുട്ടിയെ സിനിമയിലേക്ക് കൈപിടിച്ചു. കമൽ ഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസിൽ മത്സരാർഥിയായി. ഇപ്പോൾ ഹിറ്റ് സംവിധായകൻ നാദിർഷയുടെ പുതിയ ചിത്രം 'മാജിക് മഷ്‌റൂംസി'ലെ നായിക, പേര് അക്ഷയ ഉദയകുമാർ. ജാനകി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച് കൈയടി നേടുകയാണ് അക്ഷയ. ഇഷ്ടപ്പെട്ട ഇടത്ത് എത്തിച്ചേരാൻ അല്പമൊക്കെ വാശിയാവാമെന്നും അതിൽ തെറ്റില്ലെന്നും സ്വന്തം അനുഭവത്തിൽനിന്ന് തുറന്നുപറയുകയാണ് അക്ഷയ. മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ അഭിമുഖത്തിൽനിന്ന്...
'മാജിക് മഷ്റൂംസി'നും അക്ഷയ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിനും ലഭിക്കുന്ന പ്രതികരണങ്ങൾ?...
കുടുംബ പ്രേക്ഷകർ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നാണ് പ്രതികരണങ്ങളിൽനിന്ന് മനസിലാവുന്നത്. തിയേറ്ററിൽ പ്രേക്ഷകരുടെ പ്രതികരണം അറിയാൻ നേരിട്ട് പോവുമ്പോൾ, മാറി നിന്ന് സിനിമ കാണുന്നവരെ നിരീക്ഷിക്കും. ആളുകൾ ചിരിക്കുന്നതും ആസ്വദിക്കുന്നതും കാണുന്നത് വലിയ സംതൃപ്തി നൽകും. സിനിമ പൂർണ്ണമായി കണ്ട് ചെറുചിരിയുമായി ഇറങ്ങിവരുന്ന പ്രേക്ഷകരെ കാണുന്നത് സന്തോഷമാണ്.
റീൽസ് ആയിരുന്നു സിനിമയിലേക്ക് എന്റെ ആദ്യപടി. പണ്ട് റീൽസ് കണ്ട് ഇഷ്ടപ്പെട്ടവർ നന്നായി എന്നൊക്കെ പറഞ്ഞ് മെസേജ് അയക്കുമായിരുന്നു. അതിൽനിന്ന് സിനിമ കണ്ടു, നല്ലതാണ് എന്ന് ആളുകൾ പറയുന്നതിലേക്കുള്ള മാറ്റം വ്യക്തിപരമായി വലിയ നേട്ടമായി തോന്നുന്നു. ജാനകി എന്ന കഥാപാത്രത്തെ തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുവെന്ന് ആളുകൾ പറയുമ്പോൾ, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം അനുഭവപ്പെടും.
തിയേറ്റർ സന്ദർശനത്തിനിടെ ഒരു പെൺകുട്ടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. തനിക്ക് കഥാപാത്രത്തെ പൂർണ്ണമായി മനസ്സിലാവും, കാരണം താൻ അങ്ങനെയാണ് എന്നൊക്കെ എന്നോട് പറഞ്ഞു. ഇങ്ങനെയൊരു കഥാപാത്രം ചെയ്തതിന് നന്ദിയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. അതുകേട്ടപ്പോൾ കൂടുതൽ സന്തോഷമായി.
സ്വഭാവത്തിൽ ജാനകി എന്നെപോലെയല്ല. എങ്കിൽക്കൂടി അത് എനിക്കും കണക്റ്റ് ആയി. മറ്റുള്ള പെൺകുട്ടികൾക്കും ഇങ്ങനെ റിലേറ്റ് ആവുന്നുണ്ട് എന്നുള്ളത് വലിയ സന്തോഷം.
എങ്ങനെയാണ് ചിത്രത്തിലേക്ക് എത്തുന്നത്? സംവിധായകൻ നാദിർഷയുടെ ശ്രദ്ധയിലേക്ക് അക്ഷയ എങ്ങനെയാണ് എത്തുന്നത്.
സംവിധായകസംഘത്തിലെ റോബിൻസ് വഴിയാണ് ഞാൻ ചിത്രത്തിലേക്ക് എത്തുന്നത്. റോബിനും സഹോദരിയുമൊക്കെ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. റോബിൻസാണ് എന്നെ വേഷത്തിനായി നിർദേശിച്ചത്. ഒഡിഷനിൽ പങ്കെടുത്തു. ഏറ്റവും ഒടുവിലാണ് ഞാൻ ചിത്രത്തിന്റെ ഭാഗമാവുന്നത്.
കൊച്ചിയിലായിരുന്നു ഒഡിഷൻ. നാദിർഷ ഇക്കയുടെ ചിത്രമാണ്. ഒരപാട് ഒഡിഷനുകളിൽ ഒരു അവസരം എന്നുമാത്രമാണ് കരുതിയത്. അതിനാൽ വലിയ പ്രതീക്ഷയില്ലാതെയാണ് പോയത്.
കഥ പറഞ്ഞു. കേട്ടപ്പോൾ തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. തിരക്കഥാകൃത്ത് ആകാശ് ദേവ് ആണ് എന്നോട് കഥ പറയുന്നത്. കഥയിലെ ഫാന്റസിയും ഫണ്ണും അവതരിപ്പിക്കേണ്ട കഥാപാത്രമായ ജാനകിയെക്കുറിച്ചും വിശദമായി പറഞ്ഞു. നന്നായി ഇഷ്ടപ്പെട്ടു.
യഥാർഥ ഞാനല്ല സ്വഭാവപരമായി കഥാപാത്രമായ ജാനകി. അതുകൊണ്ട് എന്നെ നന്നായി എക്സൈറ്റ് ചെയ്യിപ്പിച്ചു. ഈ കഥാപാത്രം ചെയ്യണം എന്നെനിക്ക് ഉള്ളിൽ തോന്നി. പക്ഷേ, ഓഡിഷനിൽ അത്ര നന്നായിട്ടല്ല ഞാൻ ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. പൂർണ്ണ സംതൃപ്തിയുണ്ടായിരുന്നില്ല.
പക്ഷേ, നാദിർഷ ഇക്കയുടേയും ഡയറക്ഷൻ ടീമിന്റേയും തിരക്കഥാകൃത്തിന്റേയും വിശ്വാസത്തിലാണ് ഞാൻ ചിത്രത്തിലേക്ക് എത്തുന്നത്. ഈ കുട്ടിക്കൊണ്ട് ചെയ്യാൻ പറ്റും എന്ന അവരുടെ വിശ്വാസമാണ് എന്നെ ചിത്രത്തിലേക്ക് എത്തിച്ചത്.
ജാനകിയിൽ എത്രത്തോളം അക്ഷയയുണ്ട്?
ജാനകിയെപ്പോലെ, നമ്മുടേതായ ക്രിയേറ്റീവും ആർട്ടിസ്റ്റിക്കുമായ ഇടത്തിൽ ഇരിക്കാൻ ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ. ചെറിയ കാര്യങ്ങളിൽ എനിക്ക് സന്തോഷിക്കാൻ കഴിയും. മറ്റുള്ളവർ എന്തുചിന്തിക്കുമെന്ന് നോക്കാതെ, താനായിട്ടുതന്നെ ഇരിക്കുന്ന വ്യക്തിയാണ് ജാനകി. മറ്റുള്ളവർ എന്തുപറഞ്ഞാലും അതിനെ വെറുക്കുന്നൊന്നുമില്ല.
എന്നാൽ, സാമ്യതകളേക്കാളേറെ വ്യത്യാസങ്ങളാണ് ഞങ്ങൾ തമ്മിലുള്ളത്. ഞാൻ ആരെങ്കിലുമൊരാളെ കണ്ടാൽ അവരോട് പെട്ടെന്ന് പരിചയം പ്രകടിപ്പിക്കം. ഹായ് പറയും, ചിരിക്കും. എനിക്ക് ആദ്യം വരുന്നത് ചിരിയാണ്. പക്ഷേ, അതിന് നേരെ വിപരീതമാണ് ജാനകി.
മറ്റുള്ളവരെ പ്ലീസ് ചെയ്യുക എന്നൊരു കാര്യം അവളിൽ ഇല്ല. അവളായിതന്നെ ഇരിക്കുക, അവളുടെ ലോകത്ത് ഇരിക്കുക. അനാവശ്യമായി ഒരു സംഭാഷണത്തിന് പോലും അവൾ മുതിരില്ല. അത്തരം കാര്യങ്ങളിൽ എന്ത് അർഥം എന്ന് ചിന്തിക്കുന്ന കഥാപാത്രമാണ്. അങ്ങനെയൊരു സമീപനമായിരുന്നു അഭിനയിക്കുമ്പോൾ ഞാനും സ്വീകരിക്കേണ്ടത്.
മൈക്രോ ആർട്ട് ഹോബിപോലെ ചെയ്യുന്ന കഥാപാത്രമാണ് ജാനകി. ചെറിയകാര്യങ്ങളിൽ ഭംഗി കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിനാൽ, കണ്ണിമചിമ്മുന്നത് വളരേ കുറവായിരിക്കും. ജാനകി ഓരോ കാര്യങ്ങളും കണ്ണിമചിമ്മാതെ, സൂക്ഷ്മമായാണ് നിരീക്ഷിക്കുക. എന്നാൽ, ഞാൻ അങ്ങനെയായിരുന്നില്ല. ഇത്തരം കാര്യത്തിലൊക്കെ എനിക്ക് ബോധപൂർവ്വം നിയന്ത്രണംകൊണ്ടുവരേണ്ടി വന്നു. അഭിനേതാവ് എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടകാര്യങ്ങൾ തന്നെയാണ് അത്. എന്നാൽ, ജാനകി എന്ന കഥാപാത്രത്തെ സംബന്ധിച്ച് അത് കുറച്ചുകൂടി സൂക്ഷ്മതലത്തിലായിരുന്നു.
അത്തരം കാര്യങ്ങളിൽ ടീമിലെ എല്ലാവരും എന്നെ നന്നായി സഹായിച്ചു. ചിലപ്പോൾ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിലും ഡയറക്ഷൻ ടീമിലെ ഓരോരുത്തരും അക്കാര്യങ്ങൾ ഓർമിപ്പിക്കും.
ജാനകിക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ
വളരേ കുറച്ചുമാത്രം മേക്കപ്പിടുന്ന, വളരേ 'റോ' ആയിട്ടുള്ള കഥാപാത്രമാണ് ജാനകി. വളരേ മിനിമൽ ആയിട്ടുള്ള ആഭരണങ്ങളാണ് അവൾ ധരിക്കുന്നത്. ധരിക്കുന്ന വസ്ത്രങ്ങൾക്കും അതിന്റെ നിറങ്ങൾക്കും പ്രത്യേകതയുണ്ട്. പൂക്കളുടെ ഡിസൈനുള്ള വസ്ത്രങ്ങളാണ് അവൾ കൂടുതലായും ധരിക്കുന്നത്. അപ്പോൾ കഥാപാത്രമായി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടിവരുന്നുണ്ട്.
ചിത്രത്തിനായി ലുക്ക് ടെസ്റ്റ് ചെയ്യുമ്പോൾ നാദിർഷ ഇക്കയെ കാണിച്ചത് എന്റെ ചുരുണ്ടമുടിയുള്ള ചിത്രമായിരുന്നു. എന്നാൽ, എന്റേത് വളരേ സ്‌ട്രെയ്റ്റ് ആയിട്ടുള്ളതാണ്. കഥാപാത്രത്തിന് വേണ്ടി ഞാൻ എത്രത്തോളം കഷ്ടപ്പെട്ടോ അത്രയും തന്നെ എന്റെ ഹെയർ സ്‌റ്റൈലിസ്റ്റ് അമ്മുവും പ്രയത്‌നിച്ചിട്ടുണ്ട്. സെറ്റിൽ ഏറ്റവും നേരത്തേ എഴുന്നേൽക്കുന്നത് എന്റെ ഹെയർ സ്റ്റൈലിസ്റ്റ് ആയിരുന്നുവെന്ന് തോന്നുന്നു.
അവൾ മൂന്നു മണിക്ക് എഴുന്നേറ്റ് എന്റെ ഹോട്ടൽ മുറിയിലേക്ക് വരും. മൂന്നരമുതൽ ചിലപ്പോൾ രണ്ടുമുതൽ നാലുമണിക്കൂർ വരെ ഹെയർ സ്‌റ്റൈലിങ്ങിനായി ഇരിക്കേണ്ടിവന്നിട്ടുണ്ട്. രണ്ടുദിവസത്തിൽ കൂടുതൽ മുടി അങ്ങനെ നിൽക്കില്ല. അപ്പോൾ ഇതേ കാര്യങ്ങൾ ആവർത്തിക്കണം. ഇതെല്ലാം കഥാപാത്രത്തിന്റെ ഭാഗമാണ്. ഇത്രയും സമയമെടുത്ത് ഒരുങ്ങി കണ്ണാടിയിൽ നോക്കുമ്പോൾ ആകെ ഒരു മാറ്റം അനുഭവിക്കാൻ കഴിയും. ജാനകിയായി പൂർണ്ണമായും മാറിക്കഴിഞ്ഞതായി തോന്നും.
സ്‌ക്രിപ്റ്റ് പൂർണ്ണമായി വായിച്ചു. കഥാപാത്രത്തെ മനസിലാക്കാൻ തിരക്കഥാകൃത്ത് ആകാശ് ദേവ് എനിക്ക് ആറുപേജുള്ള ക്യാരക്ടർ സ്‌കെച്ച് തന്നിരുന്നു. ഒരാഴ്ച അത് പഠിക്കാൻ സമയം തന്നു. ജാനകിയുടെ ഹോബികൾ എന്തൊക്കെയാണ്, അവൾ എന്തൊക്കെയാണ് വായിക്കാറ്, അവളുടെ ഇഷ്ടങ്ങൾ എന്തൊക്കെയാണ് തുടങ്ങി എല്ലാ കാര്യങ്ങളും ക്യാരക്ടർ സ്‌കെച്ചിലുണ്ടായിരുന്നു. അതെന്നെ ഒരുപാട് സഹായിച്ചു.
നാദിർഷ- വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിലെ നായികയാണ്. അവർക്കൊപ്പം പ്രവർത്തിച്ച അനുഭവം എങ്ങനെയുണ്ടായിരുന്നു?
നാദിർഷ- വിഷ്ണു ഉണ്ണികൃഷ്ണൻ കോംബോ എന്നത് എല്ലാവരേയും പോലേ എന്നേയും വളരേയധികം എക്‌സൈറ്റ് ചെയ്യിച്ചു. നാദിർഷ ഇക്കയുടെ പടമാണെന്ന് പറഞ്ഞപ്പോൾ എന്നേക്കാൾ ആവേശം എന്റെ അമ്മയ്ക്കും അച്ഛനുമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിൽ നായികയായി വരിക എന്നത് ഭാഗ്യമാണ്. കലാഭവൻ മണിച്ചേട്ടനെപ്പോലുള്ളവരെ കൊണ്ടുവന്ന ആളാണ്. അപ്പോൾ നമ്മളിൽ എന്തോ കണ്ടിട്ടുണ്ട് എന്നൊരു വിശ്വാസം വലിയ ശക്തിയായിരുന്നു. ഇക്ക സ്‌പോട്ടിൽ പല കോമഡികളും നിർദേശിച്ചിരുന്നു. അവയൊക്കെ സ്‌ക്രീനിൽ വിജയിച്ചു എന്നുകാണുമ്പോൾ സന്തോഷം തോന്നി.
ആകാശ് ദേവിന്റെ തിരക്കഥ. തിരക്കഥയുടെ ബ്രില്യൻസ്.
സ്‌ക്രിപ്റ്റിന്റെ വായന തന്നെ ഞാൻ വളരേ ആസ്വദിച്ചാണ് പൂർത്തിയാക്കിയത്. കുറച്ചുകൂടി അടുത്തുനിന്ന് നോക്കിയാൽ ഒരുപാട് അടരുകളുള്ളതാണ് തിരക്കഥ. ജാനകി എന്ന കഥാപാത്രത്തിന്റെ പേരിൽപ്പോലും അതുണ്ട്. സീതയുടെ മറ്റൊരു പേരാണ് ജാനകി. 'മാജിക് മഷ്‌റൂംസി'ലെ ജാനകിക്കും സീതയ്ക്കും തമ്മിൽ വളരേ സാമ്യതയുണ്ട്. സമൂഹം സംശയിച്ചപ്പോൾ ആത്മാഭിമാനം ഉയർത്തിപ്പിച്ചു നിന്നവളാണ് സീത. അതുപോലൊരു ഡീറ്റെയ്‌ലിങ് ജാനകി എന്ന കഥാപാത്രത്തിന് നൽകിയിട്ടുണ്ട്. ജാനകിയുടെ സ്വഭാവങ്ങളിൽ പോലും അതുണ്ട്.
ചിത്രത്തിന്റെ പേരിലെ 'മഷ്‌റൂംസ്' പോലും ഒരു രൂപകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രണയം കൃത്രിമമായി ഉണ്ടാക്കാൻ കഴിയില്ല. അതൊരു മാജിക് ആണ്. സ്വാഭാവികമായ പ്രക്രിയയിലൂടെയാണ് സംഭവിക്കുന്നത്. അത്തരം കാര്യങ്ങളെല്ലാം ചിത്രത്തിൽ പരോക്ഷമായി വരുന്നുണ്ട്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും സ്വന്തമായ വ്യക്തിത്വമുണ്ട്. പൂജ മോഹൻദാസ് ചെയ്ത അനിത എന്ന കഥാപാത്രം അതിന് ഒരു ഉദാഹരണമാണ്. അങ്ങനെ എല്ലാ കഥാപാത്രങ്ങളും വളരേ ആഴത്തിലുള്ളവയാണ്. മാജിക്കൽ റിയലിസത്തെ തിരക്കഥയിൽ വിദഗ്ധമായി ഇണക്കിച്ചേർത്തിട്ടുണ്ട്. അത് ചിത്രത്തിന് പുതുമ നൽകുന്നുണ്ട്. അങ്ങനെ പല കാര്യങ്ങളും അവതരിപ്പിച്ചിരിക്കുന്നതിലെ പുതുമ തന്നെയാണ് തിരക്കഥയുടെ ശക്തി.
ജാനകിയുടെ മുറി ഡിസൈൻ ചെയ്തതിൽപ്പോലും പ്രത്യേകതകളുണ്ട്. അവൾ ഒരു ക്രിയേറ്റീവ് പേഴ്സൺ ആണ്. അവളിൽ വിൻസെന്റ് വാൻഗോഗിന്റെ സ്വാധീനമൊക്കെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. വായിക്കുന്ന പുസ്തകങ്ങളിൽ പ്രത്യേകതയുണ്ട്. അതുകൊണ്ടാണ് ചിത്രത്തിലെ പ്രധാനഭാഗത്ത് ബഷീറിന്റെ 'പ്രേമലേഖന'ത്തിൽനിന്ന് വാക്കുകൾ ഉദ്ധരിക്കുന്നത്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ അവൾ കാണിക്കുന്ന സൂക്ഷ്മത പോലും വായനയിൽനിന്ന് ലഭിച്ചതാണ്. ഇത്തരം ഡീറ്റെയ്‌ലിങ്ങുകൾ തിരക്കഥയെ ശക്തമാക്കുന്നു.
ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആന്റണി...; ഒപ്പം പ്രവർത്തിച്ച മുതിർന്ന താരങ്ങൾ എത്രത്തോളം സഹായിച്ചു?
ഇവർക്കൊപ്പം വളരേ കുറച്ച് സീനുകളേ ഉണ്ടായിരുന്നുള്ളു. എന്നാൽ, അവരിൽനിന്ന് കണ്ടുപഠിക്കാൻ ഏറെക്കാര്യങ്ങൾ ഉണ്ടായിരുന്നു. കഞ്ഞിക്കുഴിക്കാരനായ നാടൻ കഥാപാത്രത്തെ വളരേ സൂക്ഷ്മമായാണ് ജാഫർ ഇക്ക അവതരിപ്പിക്കുന്നത്. അത് അദ്ദേഹം ചെയ്യുന്ന ഓരോ ആക്ടിവിറ്റികൡലും വ്യക്തമാവും. അത്രയും സ്വാഭാവികമായിട്ടാണ് ചെയ്യുന്നത്.
ഹരിശ്രീ അശോകൻ സാറിന്റെ ഒരു ഉപദേശം ഞാൻ ഒരിക്കലും മറക്കില്ല. 'മോളേ നിനക്ക് എന്തെങ്കിലും ചെയ്ത കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ല, തൃപ്തിയായില്ല എന്ന് തോന്നിയാൽ അപ്പോൾ തന്നെ കൈ ഉയർത്തി ഒരു ഷോട്ട് കൂടെ വേണമെന്ന് ആവശ്യപ്പെടാം. കാരണം, ഈ അവസരം ഇപ്പോഴേ കിട്ടുകയുള്ളൂ. നമ്മൾ അഭിനേതാക്കൾക്ക് ആദ്യം സംതൃപ്തി തോന്നണം', എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കുകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അത് എപ്പോഴും എന്റെ കൂടെയുണ്ടാവും. അത് കഴിഞ്ഞുള്ള ഷോട്ടുകളിൽ ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ മനസിൽവെക്കുമായിരുന്നു.
ഇത്രയും മുതിർന്ന താരങ്ങൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ പലകാര്യങ്ങളും നിരീക്ഷിച്ച് പഠിക്കാൻ എനിക്ക് അവസരം കിട്ടി. കൂടെ പ്രവർത്തിച്ച ഓരോരുത്തരിൽനിന്നും എനിക്ക് എന്തെങ്കിലും പഠിക്കാൻ പറ്റി.
കഥാപാത്രത്തിന്റെ സൗന്ദര്യം പ്രേക്ഷകന് അനുഭവിപ്പിക്കുന്നതിൽ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെ പങ്ക് വലുതല്ലേ?
സുജിത്തേട്ടന്റെ ഫ്രെയിമുകളിൽ അവതരിപ്പിക്കപ്പെടുന്നു എന്നത് എന്നെ വളരേ സന്തോഷിപ്പിച്ച കാര്യമാണ്. ഞാൻ വളരേ ആസ്വദിച്ചത് എന്റെ ഇൻട്രോ സീൻ ആണ്. ജാനകി എന്ന കഥാപാത്രത്തെ അത്രയും ഭംഗിയോടെ അവതരിപ്പിക്കുന്നത് ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഫ്രെയ്മും അതിനുവേണ്ടി തിരഞ്ഞെടുത്ത നിറങ്ങളും ഒക്കെയാണ്. ഇത്രയും ഭംഗിയായി കാണിച്ചിട്ടുണ്ട്.
സ്‌ക്രിപ്റ്റ് മുഴുവനായി വായിച്ചിട്ടാണ് അദ്ദേഹം ചിത്രത്തിലേക്ക് വരുന്നത്. അതുകൊണ്ട്, ഫ്രെയ്മിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾക്കുപോലും അതിന്റെ കാരണം അദ്ദേഹത്തിന് അറിയാം. അത് ചിത്രത്തിന് ഒരുപാട് സഹായകമായിട്ടുണ്ട്.
കെ.എസ്. ചിത്രയും റിമി ടോമിയും പാടിയ പാട്ടിന് ചുവടുവെച്ചതിനെക്കുറിച്ച്...
അത് ശരിക്കും മാജിക്കലായിട്ടുള്ള അനുഭമായിരുന്നു. ഞാൻ നൃത്തം പഠിച്ചിട്ടില്ല. പക്ഷേ, വളരേ ഇഷ്ടമായിരുന്നു. ചെറുപ്പത്തിലൊക്കെ പരിപാടികൾക്ക് പാട്ടുവെച്ചുകഴിഞ്ഞാൽ എനിക്ക് വെറുതേ ഇരിക്കാൻ പറ്റില്ല. ഡാൻസ് അത്രയും ഇഷ്ടമായിരുന്നു.
തുടക്കക്കാരിയായ എനിക്ക് ഇങ്ങനെയൊരു പാട്ടുസീനിൽ വരാൻ കഴിയുക എന്നതുതന്നെ വലിയ കാര്യമായിരുന്നു. ആ പാട്ട് ചിത്രീകരിക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. ജാനകി എന്ന ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി അത്രയും പെർഫോമേഴ്‌സാണ് എനിക്ക് ഒപ്പമുണ്ടായിരുന്നത്. ഇത്രയും കലാകാരന്മാരാണ് എനിക്കുവേണ്ടി നിൽക്കുന്നത്. ആ തിരിച്ചറിവ് വളരേ വൈകാരികമായിരുന്നു. ബൃന്ദ മാസ്റ്ററെ പോലെ കുട്ടിക്കാലം മുതൽ കണ്ടുവളർന്ന പല ഗാനരംഗങ്ങളുടേയും പിന്നിൽ പ്രവർത്തിച്ച ഒരാളുടെ കോറിയോഗ്രാഫിയിൽ ഡാൻസ് ചെയ്യുക. അതൊക്കെ വളരേ ഇമോഷണലായിരുന്നു. ആ പ്രോസസ് ഞാൻ ശരിക്കും എൻജോയ് ചെയ്തു. ആ കാര്യത്തിൽ ഞാൻ വളരേ കടപ്പെട്ടിരിക്കുന്നു. നായികയാവുന്ന ആദ്യചിത്രത്തിൽ തന്നെ കെ.എസ്. ചിത്രയേയും റിമി ടോമിയേയും പോലുള്ള ഗായകർ ആലപിച്ച പാട്ടിൽ, അത്രയും കലാകാരന്മാരുടെ കൂടെ അഭിനയിക്കാൻ കഴിയുക എന്നത് ഭാഗ്യമാണ്.
റീൽസ്, ബിഗ് ബോസ്, 'ലവ് ടുഡേ'...; അക്ഷയ സിനിമയിലേക്ക് വെട്ടിയ വഴികളെക്കുറിച്ച്...
പാലക്കാട്ടെ ഒരു സാധാരണ വീട്ടിലിരുന്ന് നോക്കുമ്പോൾ സിനിമ വളരേ ദൂരെയായി തോന്നിയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ, അക്കാദമിക്‌സ് മാത്രമായി പറ്റില്ല എന്ന് എനിക്ക് മനസിലായിരുന്നു. എന്തെങ്കിലും കലാപരമായ മേഖലയിൽ മാത്രമേ എനിക്ക് സന്തോഷമായി നിൽക്കാൻ കഴിയുമായിരുന്നുള്ളൂ. സിനിമയാണ് ആഗ്രഹമെങ്കിലും എങ്ങനെ എന്ന് അറിയുമായിരുന്നില്ല. സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ചെങ്കിലും അത് വളരേ ദൂരെയുള്ള കാര്യമായി തോന്നി.
എങ്ങനെയെങ്കിലും സിനിമയിൽ എത്തണമെന്ന ആഗ്രഹത്തിലാണ് റീലുകൾ ചെയ്തുതുടങ്ങിയത്. സഹോദരനായിരുന്നു അന്ന് എന്നെ ഏറെ സഹായിച്ചത്. രണ്ടുപേരും ചേർന്ന് ഒരുപാട് കുഞ്ഞ് വീഡിയോകൾ ചെയ്തു. പാട്ടുകൾ റീക്രിയേറ്റ് ചെയ്യാൻ തുടങ്ങി. അന്ന് അധികമാരും അങ്ങനെ ചെയ്യുന്നുണ്ടായിരുന്നില്ല. റീലുകൾക്കുവേണ്ടി ലൊക്കേഷൻ കണ്ടെത്തുന്നു, ഡ്രസ് എടുക്കുന്നു, സ്‌ക്രിപ്റ്റിങ് ചെയ്യുന്നു തുടങ്ങിയവയെല്ലാം സ്വന്തമായി ചെയ്തു.
ഒരു പരിധി കഴിഞ്ഞപ്പോൾ റീക്രിയേഷൻ നിർത്തി, സ്വന്തമായി സ്‌ക്രിപ്റ്റ് ചെയ്ത് വീഡിയോകൾ ചെയ്യാൻ തുടങ്ങി. അങ്ങനെ റീൽ കണ്ടാണ് പ്രദീപ് സർ (പ്രദീപ് രംഗനാഥൻ) 'ലവ് ടുഡേ'യിലേക്ക് വിളിക്കുന്നത്. സിനിമയിലേക്ക് വഴിതുറന്നു കിട്ടി. അതുകഴിഞ്ഞാണ് തമിഴ് ബിഗ് ബോസിൽ എത്തുന്നത്. സിനിമയിൽ നിൽക്കുക എന്ന ആഗ്രഹത്തോടെയാണ് അന്ന് ആ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. സിനിമയെക്കുറിച്ച് നിരന്തരം സ്വപ്‌നം കാണുമായിരുന്നു. തിയേറ്ററിലെ പോസ്റ്ററിൽ എന്റെ ചിത്രം വരുന്നതൊക്കെ സങ്കൽപ്പിക്കുമായിരുന്നു. അങ്ങനെ വലിയ ആഗ്രഹങ്ങളുമായി ചെന്നൈയിൽ ഇരിക്കുമ്പോഴാണ് 'മാജിക് മഷ്‌റൂംസി'ലേക്ക് വിളി വരുന്നത്.
എനിക്ക് എന്നോടുതന്നെ താങ്ക്‌സ് പറയാനുള്ളൊരു നിമിഷമാണിത് ഇത്. അഭിനയമല്ലാതെ മറ്റൊരു കാര്യം ചെയ്യാൻ അറിയില്ലെന്ന് എനിക്കറിയാം. സിനിമ, അല്ലെങ്കിൽ കലാപരമായി എന്തെങ്കിലും ചെയ്യുന്നതിലാണ് എനിക്ക് സന്തോഷം ലഭിക്കുന്നത്. ആദ്യമൊക്കെ ആഗ്രഹം പറയുമ്പോൾ വീട്ടുകാർക്കും സംശയമുണ്ടായിരുന്നു. ഒന്ന് ആലോചിച്ചുനോക്കൂ, പാലക്കാട്ടെ ഒരു ചെറിയ ഗ്രാമത്തിൽനിന്നുള്ള പെൺകുട്ടി, പഠനം വേണ്ട സിനിമയിൽ അഭിനയിക്കണം എന്ന് പറയുമ്പോൾ ആർക്കായാലും സംശയം തോന്നും. എന്നാൽ, ഇപ്പോൾ ഞാൻ വാശി പിടിച്ചത് നന്നായി എന്ന് എനിക്ക് തോന്നുന്നു. ഇഷ്ടമുള്ള കാര്യത്തിന് വേണ്ടി വാശിപിടിക്കുന്നതിൽ തെറ്റില്ല.
കുടുംബത്തിന്റെ പിന്തുണ
എന്റെ കുടുംബത്തോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ എല്ലാത്തിനും പിന്തുണയുമായി നിൽക്കുന്നത് അച്ഛനും അമ്മയും സഹോദരനും സുഹൃത്തുക്കളുമാണ്. എന്നെ അറിഞ്ഞുകൊണ്ട് അവർ കൂടെ നിന്നു.
'മാജിക് മഷ്‌റൂംസി'ന്റെ ഓഡിയോ ലോഞ്ചിനിടെ ഞാൻ സംസാരിക്കാൻ പോലും കഴിയാതെ നിന്നുപോയി. അപ്പോൾ പോലും സഹോദരനാണ് എന്റെ കൂടെ നിന്നത്. കുടുംബവും സുഹൃത്തുക്കളും എന്റെ നേട്ടങ്ങൾ അവർ അവരുടെ വ്യക്തിപരമായ വിജയമായിക്കൂടിയാണ് ആഘോഷിക്കുന്നത്.
പാലക്കാടുകാരിയാണ്. പക്ഷേ, മലയാളികളേക്കാൾ കൂടുതൽ അക്ഷയയെ തിരിച്ചറിയുന്നത് തമിഴ് പ്രേക്ഷകരാണെന്ന് തോന്നുന്നു.
എനിക്കും തോന്നിയിട്ടുണ്ട്. റീൽസ് കൂടുതലും തമിഴിൽ ആയിരുന്നു ചെയ്തിരുന്നത്. ആദ്യ സിനിമ 'ലവ് ടുഡേ' ആയിരുന്നു. പിന്നെ, ബിഗ് ബോസും അതിനൊരു കാരണമാണ്. അമ്മൂമ്മയ്ക്കും അപ്പൂപ്പനും തമിഴ് വേരുകളുണ്ട്. ആ സ്വാധീനം എന്നിലുമുണ്ടായെന്ന് തോന്നുന്നു. സിനിമകൾ കണ്ടുവളരുന്ന സമയത്ത് കൂടുതലും തമിഴായിരുന്നു കണ്ടത്.
കമൽ ഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ് ഹൗസിലെ 60 ദിവസങ്ങൾ...
സിനിമ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് കമൽ ഹാസൻ സാറിന്റെ ചിത്രങ്ങൾ സ്റ്റഡി മെറ്റീരിയലുകൾ ആണല്ലോ. സിനിമ ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ കമൽ സാറിനെ കാണുക എന്നുള്ളത് തന്നെ വലിയ കാര്യമാണ്. സാറിനെ കണ്ടപ്പോഴുള്ള ഓറ എന്റെ ജീവിതകാലത്ത് ഒരിക്കലും ഞാൻ മറക്കില്ല. സാറിന്റെ സംസാരം കേൾക്കാൻ കഴിയുക, അത്തരമൊരു ഷോയുടെ ഭാഗമാവുക, അങ്ങനെയൊരു അവസരം കിട്ടുക, സാറിനെ കാണാൻ പറ്റുക എന്നൊക്കെ ജീവിത്തിലെ സുവർണ്ണ നിമഷങ്ങളായി ഞാൻ കരുതുന്നു.
സംവിധായകനായ പ്രദീപ് നായകനായ ആദ്യചിത്രമായിരുന്നു ഒപ്പം അഭിനയിച്ച 'ലവ് ടുഡേ'. പ്രദീപ് ഇന്ന് തുടരെ ഹിറ്റുകൾ സമ്മാനിക്കുന്ന നായകനാണ്. പ്രദീപിന്റെ വളർച്ച എങ്ങനെ കാണുന്നു.
'ലവ് ടുഡേ'യിൽ ഒരു ക്യാരക്ടർ റോൾ ചെയ്തിരുന്നു. സ്വന്തം കഴിവിൽ വിശ്വാസമുള്ള നടനും സംവിധായകനുമാണ് പ്രദീപ് സർ. പ്രേക്ഷകരെ നന്നായി അറിയുന്ന ആളാണ്, അവർക്ക് എന്തുവേണമെന്ന് അറിയാം. അതുകൊണ്ടാണ് അഭിനയവും സംവിധാനവും ഒരുപോലെ കൈകാര്യംചെയ്യാൻ കഴിയുന്നത്. അദ്ദേഹത്തിന്റെ വളർച്ച പ്രതീക്ഷിച്ചതാണ്.
ദളപതി വിജയ്‌യുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നല്ലോ. എന്നാൽ, 'ജനനായകൻ' അദ്ദേഹത്തിന്റെ അവസാന സിനിമയാണെന്നാണ് പറയുന്നത്. സിനിമ വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അക്ഷയയിലെ ആരാധികയ നിരാശപ്പെടുത്തുന്നുണ്ടോ?
അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടുവളർന്ന ആരെ സംബന്ധിച്ചും ഈ തീരുമാനം വളരെ വൈകാരികമാണ്. അദ്ദേഹത്തിന്റെ അഭിനയത്തിനും ഡാൻസിനും കഥാപാത്രങ്ങൾക്കും വേണ്ടി പല പടങ്ങളും നമ്മൾ വീണ്ടും വീണ്ടും കാണാറുണ്ട്. തിയേറ്ററുകളിൽ നമ്മൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉത്സവപൂർവ്വം ആഘോഷമാക്കാറുണ്ട്. എന്നാൽ, ആ കാലം പെട്ടെന്ന് തീർന്നുപോവുന്നതിൽ ഉറപ്പായും വിഷമമുണ്ട്.
തമിഴിലടക്കം കൂടുതൽ ചിത്രങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അക്ഷയ ഉദയകുമാർ. മലയാളത്തിൽ മൂന്നാമത്തെ ചിത്രമാണ് 'മാജിക് മഷ്‌റൂംസ്'. ചിത്രത്തിലെ പ്രകടനം നടിയെന്ന നിലയിൽ അക്ഷയയെ അടയാളപ്പെടുത്തുന്നതാണ്. കൂടുതൽ വേഷങ്ങളിലൂടെ മലയാളത്തിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം.
Content Highlights: Magic Mushrooms actress Akshaya Udayakumar Interview