'നാലമ്പലം തൊഴാനെത്തിയ' അതേ നാടൻ പെണ്ണ്, 'സുൽത്താന്' ചുവട് വെച്ചത് 102 ഡിഗ്രി പനിയുമായി

#ശ്രീലക്ഷ്മി മേനോൻ
വേദിക | ഫോട്ടോ: അറേഞ്ച്ഡ്
വേദിക | ഫോട്ടോ: അറേഞ്ച്ഡ്

"നാലമ്പലമാണയാനൊരു തുണയായിടാം ഞാൻ"...ശൃംഗാരവേലനിലെ ഈ പാട്ട് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് കടന്നു വരുന്നൊരു മുഖമുണ്ട്, സെറ്റുമുണ്ടുടുത്തൊരു ശാലീന സുന്ദരിയുടെ മുഖം...വർഷങ്ങൾക്കിപ്പുറം ആട് 3 എന്ന സിനിമയിലെ 'സുൽത്താൻ' എന്ന ഐറ്റം നമ്പർ പുറത്തിറങ്ങിയപ്പോൾ ഇതേ മുഖം കണ്ടവർക്ക് അമ്പരപ്പായിരുന്നു. തൃസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി തീയേറ്ററുകളിൽ ഓളം തീർത്ത ആ നർത്തകിയും ശൃംഗാരവേലനിലെ നാടൻ പെൺകുട്ടിയും ഒന്ന് തന്നെ വേദിക..102 ഡിഗ്രി പനിയും കൊണ്ട് താൻ ചുവട് വച്ച ഗാനം കേരളക്കരയിൽ ഓളം തീർക്കുമ്പോൾ മലയാളികൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയാണ് വേദിക

സുൽത്താൻ കേരളത്തിൽ തരംഗമാവുകയാണ്

കരിയറിന്റെ തുടക്കക്കാലത്ത് ചിമ്പുവുമൊത്തുള്ള സിനിമകളിലെ നൃത്തരംഗങ്ങൾ എനിക്ക് നല്ലൊരു നർത്തകിയെന്ന ഇമേജ് പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും. പിന്നീട് ഞാൻ കൂടുതലും ചെയ്തത് പെർഫോമൻസിന് പ്രാധാന്യമുള്ള റോളുകളാണ്. പരദേശി, കാവിയതലൈവൻ പോലുള്ള സിനിമകളുടെ ഭാഗമായി. മലയാളത്തിൽ ജെയിംസ് ആൻഡ് ആലീസ്, ശൃംഗാരവേലൻ പോലുള്ള സിനിമകളും ചെയ്തു. പ്രകടനമൂല്യമുള്ള, ഇന്റൻസായ കഥാപാത്രങ്ങളാണ് പിന്നീട് ചെയ്തുകൊണ്ടിരുന്നത്. അങ്ങൻെയുള്ളപ്പോഴാണ് ആട് 3 എന്നിലേക്ക് വന്ന് ചേരുന്നത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി, കാരണം എനിക്ക് ശരിക്കും നൃത്തം ആസ്വദിച്ച് ചെയ്യാമല്ലോ എന്നാണ് ഞാനാദ്യം ചിന്തിച്ചത്. മാധുരി ദീക്ഷിതിന്റെ ഡാൻസ് പെർഫോമൻസുകൾ കണ്ടാണ് ഞാൻ വളർന്നു വന്നത്. ആ കാലത്ത് ഓരോ സിനിമയിലും നായികയ്ക്ക് നല്ല ഡാൻസ് നമ്പറുകൾ ലഭിക്കാറുണ്ടായിരുന്നു.

പക്ഷേ അടുത്തിടെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ ഗൗരവമുള്ളതാണ്. യക്ഷിണി, ഫിയർ തുടങ്ങിയ ചിത്രങ്ങൾ അത്തരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ ശരിയായ സമയത്താണ് സുൽത്താൻ എന്നെത്തേടി വന്നതെന്നാണ് ഞാൻ കരുതുന്നത്. കുറച്ച് ഫൺ ആയ, ഊർജസ്വലമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച സമയത്താണ് ഇത് വന്നത്. ഷോബി മാസ്റ്ററാണ് നൃത്തസംവിധാനം ചെയ്തത്. ഞാൻ ആസ്വദിച്ച് ചെയ്ത ഗാനരംഗമാണത്.

ഇത്ര സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ ?

ഞാനെന്റെ ജോലി ആത്മാർത്ഥമായി ചെയ്യാൻ മാത്രമാണ് ശ്രദ്ധിച്ചത്. അതിന്റെ ഫലം എന്താകുമെന്ന് ചിന്തിച്ചിരുന്നില്ല. പക്ഷേ സുൽത്താൻ ഒരു പ്രതിഭാസമായി മാറി. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും വളരെ പ്രതികരണങ്ങൾ ലഭിച്ചു. എല്ലാവരോടും നന്ദി മാത്രമാണ് ഈ അവസരത്തിൽ പറയാനുള്ളത്. പാട്ട് ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് 102 ഡിഗ്രി പനിയുണ്ടായിരുന്നു. പക്ഷേ ആ സെറ്റിലെ എനർജിയാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്.

ക്ലാസിക്കലും വെസ്റ്റേൺ ഡാൻസും പഠിച്ചിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ സുൽത്താന്റെ നൃത്തം എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള ഒന്നായിരുന്നില്ല. പക്ഷേ ഭയങ്കരമായ എനർജി വേണ്ട പെർഫോമൻസ് ആയിരുന്നു. ഇത് ഒരു ഗ്ലാമർ ഡാൻസ് മാത്രമല്ല — ഇത് ഒരു പ്രകടനമൂല്യമുള്ള ഡാൻസാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്ക്രീനിൽ കണ്ടപ്പോൾ മനോഹരം എന്ന് തന്നെയാണ് എനിക്ക് തോന്നിയത്. പലരും എടുത്തു പറഞ്ഞ മറ്റൊരു കാര്യം ഗാനരംഗത്തെ എന്റെ കോസ്റ്റ്യൂം ആണ്. എന്റെ പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനർ തന്നെയാണ് സിനിമയ്ക്കായി എനിക്ക് വസ്ത്രം ഡിസൈൻ ചെയ്ത് തന്നത്. മാന്യമായ രീതിയിൽ, എനിക്ക് ചേരുന്ന, ആ പാട്ടിന് ചേരുന്ന വസ്ത്രം വളരെ ശ്രദ്ധിച്ച് ഒരുപാട് സമയം എടുത്താണ് തയ്യാറാക്കിയത്.

അഖിൽ ജോർജിന്റെ ഛായാഗ്രഹണം, ഷാൻ റഹ്മാന്റെ സംഗീതം, അനിലയുടെ ശബ്ദം, ഷോബി മാസ്റ്ററിന്റെ നൃത്തസംവിധാനം അങ്ങനെ എല്ലാം കൊണ്ടും സുൽത്താൻ മികച്ചതായി മാറി. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ആട് 3ന്റെ സ്ഥാനം. അതുപോലെ വിജയ് ബാബു സാറിന്റെ സിനിമകൾ എപ്പോഴും നിലവാരമുള്ള, കുടുംബചിത്രങ്ങളായിരിക്കും. അങ്ങനെ ഒന്ന് തന്നെയാണ് ആട് 3. തീയേറ്ററുകളിൽ ഹൗസ്ഫുള്ളായി ആട് 3 മുന്നോട്ട് പോകുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം തോന്നുന്നു.

നാലമ്പലം എന്ന പാട്ട് ഇന്നും ഹിറ്റാണ് ?

എവിടെ പോയാലും മലയാളികളുടെ സ്നേഹം ഞാൻ തിരിച്ചറിയാറുണ്ട്. ഞാൻ ചെയ്ത മലയാള സിനിമകൾ എല്ലാം ഹിറ്റായിരുന്നു. ശൃംഗാരവേലൻ, വെൽകം ടു സെൻട്രൽ ജെയിൽ എന്നീ സിനിമകൾ ദിലീപേട്ടനൊപ്പം ചെയ്തു. അതുപോലെ കസിൻസ്, ജെയിംസ് ആൻഡ് ആലീസ് പോലുള്ള സിനിമകളും പ്രേക്ഷകർ സ്വീകരിച്ചു. നാലമ്പലം എന്ന ശൃംഗാരവേലനിലെ പാട്ട് സോഷ്യൽ മീഡിയ റീലുകളിൽ ഇന്നും ഹിറ്റായി കാണുന്നത് സന്തോഷം തരുന്നുണ്ട്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ദിലീപ് സർ. അദ്ദേഹത്തിന്റെ സിനിമകൾ ജനങ്ങൾക്കിഷ്ടമാണ്. ഈ സിനിമയും പാട്ടും ഇന്നും അവർ സ്നേഹിക്കുന്നുണ്ട്. കുടുംബപ്രേക്ഷകരിലേക്ക് ഈ സിനിമകളെത്താൻ ആ സ്നേഹം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായത് ഭാഗ്യമായി കരുതുന്നു. അതുപോലെ പൃഥ്വിരാജ് സാറിനൊപ്പവും രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. കാവ്യതലൈവനും, ജയിംസ് ആൻഡ് ആലീസും.

മുനിയിലൂടെയാണ് തുടക്കം ?

മുനി തമിഴിൽ എനിക്ക് ഏറെ സ്വീകാര്യത തന്ന ചിത്രമാണ്. മുനിക്ക് ശേഷം കാഞ്ചന 3ൽ ഞാന്‌‍ ലോറൻസ് സാറിനൊപ്പം അഭിനയിച്ചു. മുനി വലിയ ഹിറ്റായിരുന്നു. പിന്നീട് അതൊരു ഫ്രാഞ്ചൈസ് ആയി മാറുന്ന കാഴ്ച്ച നമ്മൾ കണ്ടു. ലോറൻസ് സാറിനൊപ്പം മുനിയിൽ ചെയ്ത ഡാൻസ് നമ്പറുകളും അവിടെ വലിയ ഓളം തീർത്തു. ഞങ്ങളുടെ കോമ്പോ ലക്കി കോമ്പോ ആയി പ്രേക്ഷകർ കണ്ടു, ഹൊറർ കോമഡി എന്ന ലേബലിൽ പല സിനികൾക്കും പ്രചോദനമായത് മുനിയാണ്. എന്റെ കരിയറിലെ വലിയ ഭാഗ്യങ്ങളിൽ ഒന്ന്.

സിനിമയ്ക്കൊപ്പമുള്ള യാത്ര എങ്ങനെയാണ് വേദികയെ മാറ്റിയത് ?

സിനിമയ്ക്കൊപ്പമാണ് ഞാൻ വളർന്നത് . സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമയുടെ ഭാഗമാവുന്നത്. സിനിമയ്ക്കൊപ്പമുള്ള യാത്ര എനിക്ക് ക്ഷമാശീലം കൊണ്ടുവന്നു എന്നാണ് തോന്നിയിട്ടുള്ളത്. ഒരുപാട് സമയം ആവശ്യമുള്ള, ശ്രദ്ധ ആവശ്യമുള്ള മേഖലയാണ് സിനിമ. അതുപോലെ കഷ്ടപ്പാടും നിറഞ്ഞതാണ്. പക്ഷേ എല്ലാത്തിനും ഒടുവിൽ ലഭിക്കുന്ന പ്രേക്ഷകരുടെ സ്നേഹം അതിനായാണ് നമ്മൾ വീണ്ടും വീണ്ടും സിനിമയുടെ ഭാഗമാവുന്നത്. തമിഴിൽ തുടങ്ങി തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. അതും അതാത് ഭാഷകളിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം. ദിലീപ് സർ, പൃഥ്വിരാജ് സർ,ചാക്കോച്ചൻ, ചിമ്പു, ബാലയ്യ സർ, ശിവരാജ് കുമാർ സർ, ഉപേന്ദ്ര സർ തുടങ്ങിയവർരക്കൊപ്പം അഭിനയിക്കാനായത് വലിയ ഭാഗ്യമാണ്.

ഒരു ഭാഷയിൽ തുടങ്ങി പല ഭാഷയിൽ അഭിനയിച്ചു,ലോകത്തിന്റെ ഏത് കോണിൽ പോയാലും പ്രേക്ഷകരുടെ ആ സ്നേഹം ലഭിക്കുന്നു, അതെല്ലാമാണ് മുന്നോട്ട് പോകാനുള്ള ഊർജം. ഇടയ്ക്ക് ചെറിയൊരു ഇടവേള വന്നില്ലായിരുന്നെങ്കിൽ സിനിമയിൽ ഇപ്പോൾ 20 വർഷം പൂർത്തിയാകുമായിരുന്നു. അഭിനയിക്കണമെന്ന് എന്നും ഉള്ളിലുണ്ടായിരുന്നു. ഞാൻ എന്നിൽ എപ്പോഴും വിശ്വസിച്ചിരുന്നു.

പുതിയ പ്രതീക്ഷകൾ, പ്രോജക്ടുകൾ ?

നല്ല സിനിമകളുടെ ഭാഗമായി മുന്നോട്ട് പോകണം എന്ന് തന്നെയാണ് ഏറ്റവും വലിയ സ്വപ്നം. തമിഴിൽ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം വരുന്നുണ്ട്. മലയാളത്തിലും ഒരു വലിയ സിനിമയുടെ ഭാഗമാവാനുള്ള ചർച്ചകൾ നടക്കുന്നു. നേരത്തെ പറഞ്ഞത് പോലെ ഏറെ സ്നേഹം തന്നവരാണ് മലയാളികൾ. ഭാഷ എനിക്ക് ഒരിക്കലും ഒരു തടസമായിരുന്നില്ല. സുൽത്താന് ലഭിച്ച പിന്തുണയും ആ സ്നേഹത്തിൽ നിന്നുണ്ടായതാണ്. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.

Content Highlights: Actress Vedhika shares her excitement over the massive success of the 'Sultan' song in Aadu 3, revealing she performed the high-energy dance despite a 102-degree fever and reflecting on her journey from a traditional girl in Sringara Velan to a versatile performer.