ചുണ്ടിൽ ചിരിയും ബീഡിയും ഒരുപോലെ കൊണ്ടു നടന്ന ശങ്കരാടി

“നമ്മൾ ഇവിടെ നിന്ന് എന്നാണ് ചെക്കൗട്ട് ചെയ്യേണ്ടത്?...” ജീവിതത്തിന്റെ സായന്തനത്തിൽ ശങ്കരാടി ഭാര്യ ശാരദയോട് പലപ്പോഴും ചോദിച്ചിരുന്ന ചോദ്യം. ജീവിതത്തിൽ ഏറിയ സമയവും സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറികളിലായിരുന്നു ശങ്കരാടി താമസിച്ചിരുന്നത്. അതുകൊണ്ടാകാം ജീവിതത്തിന്റെ അവസാന നാളുകളിൽ സ്വന്തം വീട്ടിൽ പോലും ഏതോ വാടക മുറിയുടെ ഓർമകൾ അദ്ദേഹത്തിന്റെ മനസ്സിൽ കൂടുകൂട്ടിയത്.
നടൻ ശങ്കരാടിയുടെ ജന്മശതാബ്ദി അദ്ദേഹത്തിന്റെ നാട് ആഘോഷിക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ചെക്കൗട്ടില്ലാതെ ആ ചിരി ഇപ്പോഴുമുണ്ട്. ‘സന്ദേശം’ സിനിമയിലെ കുമാരപിള്ള സാർ പോലെയുള്ള കഥാപാത്രങ്ങളുമായി ഇന്നും ആസ്വാദകരുടെ മനസ്സിൽ ജീവിക്കുന്ന ശങ്കരാടിയുടെ ഓർമകളുമായി ഒത്തുകൂടുകയാണ് ജന്മശതാബ്ദി ആഘോഷങ്ങളുടെ അണിയറക്കാർ.
സംഭാവന പിരിക്കുന്ന നേരത്ത്
ജന്മദേശമായ ചെറായിയിലും കർമ മണ്ഡലമായ കൊച്ചിയിലും ശങ്കരാടിയെക്കുറിച്ച് എത്രയോ സുന്ദരമായ ഓർമകളുണ്ടെന്നാണ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. പറയുന്നത്. “ശങ്കരാടിയുടെ ജന്മശതാബ്ദി നല്ല രീതിയിൽത്തന്നെ ആഘോഷിക്കാനാണ് ഞങ്ങൾ ഈ പരിപാടി ആസൂത്രണം ചെയ്തത്. പഴയ സിനിമാ പ്രേമികൾക്കൊപ്പം പുതിയ തലമുറയ്ക്കും രസിക്കാവുന്ന അഭിനയമാണ് അദ്ദേഹം അന്നേ ചെയ്തു വെച്ചിരുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ട്രോളുകളിലും റീലുകളിലും അദ്ദേഹം മനോഹരമായ ചിരിയായി നിറയുന്നത്. പണ്ട് പാർട്ടി പ്രവർത്തകനായി നാട്ടിൽ സംഭാവന പിരിക്കാൻ പോകുന്ന നേരത്താണ് ഞാൻ ശങ്കരാടി ചേട്ടനെ ആദ്യമായി കാണുന്നത്. 50 വയസ്സ് പിന്നിട്ട ശേഷം ചേട്ടൻ കല്യാണം കഴിച്ചത് എന്റെ നാട്ടുകാരിയായ ശാരദ ചേച്ചിയെയായിരുന്നു. എളംകുളത്തായിരുന്നു ശാരദ ചേച്ചിയുടെ വീട്. നേരിട്ട് കാണുമ്പോഴും തനി സാധാരണക്കാരനായിരുന്നു ശങ്കരാടി ചേട്ടൻ” - ഉണ്ണികൃഷ്ണൻ പറഞ്ഞു.
സ്കൂളിലേക്കുള്ള നടത്തം കുട്ടിക്കാലത്ത് സ്കൂളിലേക്കുള്ള നടത്തത്തിനിടയിൽ ശങ്കരാടി എന്ന താരത്തെ കണ്ടിരുന്നതിന്റെ സന്തോഷമാണ് പള്ളിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി എബ്രഹാമിന് പങ്കുവയ്ക്കാനുള്ളത്. ശങ്കരാടിയുടെ ജന്മശബാബ്ദി ആഘോഷിക്കുമ്പോൾ നാട്ടുകാരനെന്ന നിലയിൽ വലിയ സന്തോഷമുണ്ട്. കുട്ടിക്കാലത്ത് സ്കൂളിലേക്ക് നടന്നുപോകുമ്പോഴാണ് ശങ്കരാടിയെ കണ്ടിരുന്നത്. അന്ന് ഒരു സിനിമാതാരത്തെ അടുത്തുകാണുന്നതിന്റെ സന്തോഷവും ത്രില്ലും ഒന്നു വേറതന്നെയായിരുന്നു. ക്ഷേത്രമുറ്റത്ത് മുണ്ടുടുത്ത് തോളിൽ ഒരു തോർത്തുമിട്ട് നിന്നിരുന്ന ശങ്കാടി ചേട്ടന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്. അതുപോലെ ഞങ്ങളുടെ സ്കൂൾ വാർഷികത്തിന് ശങ്കരാടി ചേട്ടൻ കുറേ സിനിമാതാരങ്ങളെയും പലപ്പോഴും കൊണ്ടുവന്നിരുന്നു- എബ്രഹാമിന്റെ ഓർമകളുടെ ഫ്രെയ്മിൽ ചെക്കൗട്ടില്ലാതെ ആ ചിരി വന്നു നിറഞ്ഞു. |
ചുണ്ടിൽ ഒരു ബീഡി
ശങ്കരാടിയെക്കുറിച്ച് ഓർക്കുമ്പോൾ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന്റെ മനസ്സിൽ കത്തിച്ച ഒരു ബീഡിയുടെ ഗന്ധം നിറയും. “ചെറായിയിലെ ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് ശങ്കരാടിയെ പലപ്പോഴും കണ്ടിരുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന സത്യവ്രതനും ആ നേരത്ത് കൂടെയുണ്ടാകും. ചുണ്ടിൽ എരിയുന്ന ബീഡിയുമായാണ് ശങ്കരാടി പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമാ നടനാണെന്ന ഗമയൊന്നുമില്ലാതെ ബീഡിയും വലിച്ച് സാധാരണക്കാരനായി നടന്ന ശങ്കരാടിയെ എങ്ങനെ മറക്കും. സിനിമയിലെത്തുന്നതിനു മുൻപ് നാടകത്തിൽ സജീവമായിരുന്ന സമയത്താണ് ചെറായിയിൽ ഞാൻ അദ്ദേഹത്തെ കൂടുതൽ കണ്ടിരുന്നത്. ബാലവേദി ക്യാമ്പിന്റെ സംഘാടകനായിരുന്ന സമയത്ത് ശങ്കരാടിയും കെടാമംഗലം സദാനന്ദനും എന്നെ ഒരു പരിപാടിക്ക് വിളിക്കാൻ വന്നതും ഓർമയിലുണ്ട്. തൃപ്പൂണിത്തുറയിൽ നടക്കുന്ന പരിപാടിക്ക് എന്നെ കൊണ്ടുപോകാൻ ശങ്കരാടി കാറുമായി വന്നത് അന്ന് വലിയ സന്തോഷം പകർന്ന അനുഭവമായിരുന്നു. ചുണ്ടിൽ ചിരിയും ബീഡിയും ഒരുപോലെ കൊണ്ടു നടന്ന മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്” - ജന്മശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്കിടയിൽ സിപ്പി പള്ളിപ്പുറം ഓർത്തെടുത്തു.
Content Highlights: Remembering sankaradi, malayalam cinema legendary actor