വേദനകൊണ്ട് പുളയുമ്പോഴും ശേഖർ ഈണമിട്ടു, സഹായത്തിന് അർജുനനും; ആത്മബന്ധത്തിന്റെ പ്രതീകമായി ഒരു ഗാനം

എം.കെ. അർജുനൻ, ആർ.കെ. ശേഖർ | ഫോട്ടോ: കെ.എൻ. പ്രജിത്ത്, ആർക്കൈവ്സ് \ മാതൃഭൂമി
എം.കെ. അർജുനൻ, ആർ.കെ. ശേഖർ | ഫോട്ടോ: കെ.എൻ. പ്രജിത്ത്, ആർക്കൈവ്സ് \ മാതൃഭൂമി

ടുത്ത വേദന ഉള്ളിലൊതുക്കി, കിടന്ന കിടപ്പിൽ ഒരീണം മൂളുന്നു ആർ.കെ. ശേഖർ: "മനസ്സു മനസ്സിന്റെ കാതിൽ മന്ത്രിക്കും മധുവിധു രാത്രി, നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ നീഹാരമണിയുന്ന രാത്രി....''

ആത്മസുഹൃത്തിന്റെ രോഗശയ്യക്ക് തൊട്ടരികെയിരുന്ന് ആ ഈണം മനസ്സുകൊണ്ട് ഒപ്പിയെടുക്കുന്നു അർജ്ജുനൻ മാസ്റ്റർ. അടുത്തൊരു ദിവസം യേശുദാസിന്റെയും പി സുശീലയുടേയും ശബ്ദങ്ങളിൽ അത് റെക്കോർഡ് ചെയ്യുന്നു. രണ്ടു മഹാപ്രതിഭകളുടെ ഹൃദയബന്ധത്തിന്റെ പ്രതീകമായി ചരിത്രത്തിൽ ഇടം നേടിയ "ചോറ്റാനിക്കര അമ്മ"യിലെ ആ ഗാനത്തിന് 50 വയസ്സ്; ആർ.കെ. ശേഖറിന്റെ ദീപ്തമായ ഓർമ്മകൾക്കും. 1976 സെപ്റ്റംബർ ഒൻപതിനായിരുന്നു ശേഖറിന്റെ അകാലവിയോഗം.

ശേഖറിന്റെ ഹംസഗാനമായ "മനസ്സ് മനസ്സിന്റെ കാതിൽ" പിറന്ന കഥ അർജ്ജുനൻ മാസ്റ്റർ വിവരിച്ചുകേട്ടിട്ടുണ്ട്. ചെന്നൈ ഹബീബുള്ള റോഡിലെ വീട്ടിൽ ശയ്യാവലംബിയാണ് അക്കാലത്ത് ശേഖർ; കടുത്ത വയറുവേദന കൊണ്ട് പുളയുമ്പോഴും ഉള്ളിലെ സംഗീതജ്വാല കെടാതെ സൂക്ഷിച്ചു അദ്ദേഹം. "സിനിമയിലെ ഈ ഒരൊറ്റ പാട്ടേ ചെയ്യാൻ ബാക്കിയുള്ളു. ആ സമയത്താണ് ശേഖർ പൂർണമായി കിടപ്പിലായത്.''- അർജ്ജുനൻ മാസ്റ്ററുടെ ഓർമ്മ. "അസുഖം തുടങ്ങിയിട്ട് കുറെ കാലമായിരുന്നെങ്കിലും അതൊന്നും വകവെക്കാതെ നിരന്തരം ജോലി ചെയ്തുകൊണ്ടിരുന്നു അദ്ദേഹം. എല്ലാം കൈവിട്ടുപോകുന്ന ഒരു ഘട്ടമെത്തി ഒടുവിൽ. കിടന്ന കിടപ്പിൽ നിന്ന് അനങ്ങാൻ വയ്യാത്ത സ്ഥിതി. ആ നിസ്സഹായാവസ്ഥയിലാണ് പടത്തിലെ അവസാനത്തെ പാട്ട് പൂർത്തിയാക്കാൻ സഹായിക്കാമോ എന്ന് ശേഖർ ചോദിച്ചത്. എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ആ ചുമതല ഏറ്റെടുക്കാൻ. സിനിമാ ജീവിതത്തിൽ ഉടനീളം നിഴൽ പോലെ കൂടെ നിന്ന ആളല്ലേ ശേഖർ?''

ആദ്യ ചിത്രമായ "കറുത്ത പൗർണമി'' (1968) മുതൽ ഓർക്കസ്ട്ര സഹായി ആയി അർജ്ജുനന് ഒപ്പമുണ്ട് ശേഖർ. പിന്നണിയിലെ ആ മാന്ത്രിക സ്പർശം ഒഴിച്ചുനിർത്തി അർജ്ജുനഗീതങ്ങളെ കുറിച്ച് സങ്കൽപ്പിക്കാനാകുമോ നമുക്ക്? എന്നാൽ ഇത്തവണ നേരെ മറിച്ചാണ് സ്ഥിതി. ശേഖറിന്റെ മനസ്സിലെ ഈണത്തിന് "മജ്ജയും മാംസവും'' നൽകേണ്ട ചുമതല അർജ്ജുനന്. ഹൃദയവേദനയോടെ ആ ദൗത്യം സുഹൃത്തിനുവേണ്ടി നിർവഹിക്കുന്നു അദ്ദേഹം; ഓർക്കസ്ട്ര സഹായിമാരായ മുത്തുവിന്റെയും വിഠോബയുടെയും പിന്തുണയോടെ.

1976 ഓഗസ്റ്റ് എട്ടിന് പടം റിലീസാകുമ്പോൾ കടുത്ത രോഗാവസ്ഥയിലായിരുന്ന ശേഖർ ഒരു മാസം കഴിഞ്ഞു സപ്തംബർ 9 ന് ഓർമ്മയായി. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത 'ചോറ്റാനിക്കര അമ്മ' ഇന്ന് മലയാളിയുടെ മനസ്സിൽ അവശേഷിപ്പിക്കുന്നത് മനസ്സ് മനസ്സിന്റെ കാതിൽ എന്ന മനോഹരഗാനത്തിന്റെ പ്രണയാർദ്രമായ ഓർമ്മകൾ മാത്രം. പാട്ടെഴുതിയ ഭരണിക്കാവ് ശിവകുമാർ ഒരിക്കൽ പങ്കുവെച്ച അനുഭവം കൂടി കേൾക്കുക: "പ്രതിസന്ധികൾക്ക് മുന്നിൽ തളർന്ന് എല്ലാം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ച ഒരു സന്ദിഗ്ധ ഘട്ടത്തിൽ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പാട്ടാണത്‌. അതുകൊണ്ടു തന്നെ ആ പാട്ടിനോട് ഏറെ കടപ്പെട്ടിരിക്കുന്നു ഞാൻ. പ്രിയ സുഹൃത്തായ ശേഖറിന്റെ വിടവാങ്ങൽ ഗാനമായി അതെന്നതിലേയുള്ളൂ ദുഃഖം.''

Also Read: അജ്ഞാത യുവാവിന്റെ ജീവൻ രക്ഷിച്ച സിനിമാപ്പാട്ട്; ആർ.കെ. ശേഖർ വിടവാങ്ങി 50 വർഷം

രതികൽപ്പനകൾ നിറഞ്ഞ പ്രണയഗാനമാണ് സംവിധായകന് വേണ്ടിയിരുന്നത്. അതേസമയം അത് അശ്ലീലത്തിലേക്ക് വഴുതിവീഴാനും പാടില്ല. ഈ അതിർരേഖ ലംഘിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചുകൊണ്ടാണ് വരികളെഴുതിയതെന്ന് ഭരണിക്കാവ്:

"കനകം പോലുള്ളൊരെൻ യൗവനത്തിന്റെ
കളഭകലശങ്ങളിൽ അനുരാഗലഹരികൾ
നീ നിറയ്ക്കും, ഈ സിരകൾ സിരകളെ
പൊതിയുമ്പോൾ, അപ്പോൾ
ശൃംഗാരകാവ്യങ്ങൾ എഴുതും
എന്നിൽ നീ ചൈത്രസുഗന്ധമായ് പടരും..."

മരണം വന്ന് കൂട്ടിക്കൊണ്ടുപോകുമ്പോൾ ശേഖറിന് വെറും 42 വയസ്സ്. " ചിട്ടയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതിയും ഒക്കെ ചേർന്നാണ് പാവം ശേഖറിന്റെ രോഗിയാക്കിത്തീർത്തത്.''- അർജ്ജുനൻ മാസ്റ്ററുടെ വാക്കുകൾ. "ശ്വാസം വിടാൻ പോലും സാവകാശമില്ലാത്തത്ര തിരക്കായിരുന്നു അദ്ദേഹത്തിന്. എല്ലാ സംഗീത സംവിധായകർക്കും ഓർക്കസ്ട്ര അസിസ്റ്റന്റ് ആയി ശേഖറിനെ തന്നെ വേണം. ആരോടും മറുത്തുപറഞ്ഞു ശീലമില്ല. സ്റ്റുഡിയോയിൽ നിന്ന് സ്റ്റുഡിയോയിലേക്കുള്ള ഓട്ടപ്പാച്ചിലിനിടെ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ മറന്നു ശേഖർ. പലപ്പോഴും അസമയത്താണ് വീട്ടിൽ കയറിവരിക. ഭാര്യ ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാകും. പക്ഷേ കഴിക്കില്ല, രുചിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറും. താൻ പോലുമറിയാതെ കടുത്ത ഉദരരോഗത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു അദ്ദേഹം... ''

അസുഖം രൂക്ഷമായിട്ടും ജോലിയിൽ മുടക്കം വരുത്താതിരിക്കാൻ ശേഖർ ശ്രദ്ധിച്ചു. പലപ്പോഴും സ്റ്റുഡിയോ മുറികളിലെ ബെഞ്ചുകളിൽ കിടന്നുപോലും വാദ്യോപകരണക്കാർക്ക് നൊട്ടേഷൻ വിശദീകരിച്ചു കൊടുത്തു. പാട്ടുകാരുടെ റിഹേഴ്‌സൽ നിയന്ത്രിച്ചു. വെല്ലൂരിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായിട്ടും വേദനക്ക് കുറവുണ്ടായില്ല. അതിനിടെ ഏതോ ഡോക്ടർ മരുന്ന് മാറി കുത്തിവെച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. എന്നിട്ടും ജോലിയിൽ പൂർണമായി മുഴുകി എല്ലാ വേദനയും മറക്കാൻ ശ്രമിച്ചു അദ്ദേഹം.

Also Read: 'മാഷ് പറഞ്ഞു; എനിക്കതൊന്നും അറിയില്ല, ഗസൽ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ എനിക്കൊരു പിടിയുമില്ല'

ദേവരാജൻ മാസ്റ്ററാണ് ശേഖറിനെ അർജ്ജുനന് പരിചയപ്പെടുത്തിയത്. കറുത്ത പൗർണമി എന്ന സിനിമക്ക് പാട്ടൊരുക്കാൻ ചെന്നൈയിൽ എത്തിയതായിരുന്നു അർജ്ജുനൻ. വർഷം 1968. വന്നിറങ്ങിയയുടൻ അനുഗ്രഹം വാങ്ങാനായി വുഡ്‌ലാൻഡ്‌സ് ഹോട്ടലിലെ ദേവരാജൻ മാസ്റ്ററുടെ മുറിയിൽ ചെല്ലുന്നു അദ്ദേഹം. "കൊള്ളാം. പക്ഷേ സൂക്ഷിച്ചുവേണം ഓരോ ചുവടുവെപ്പും. നാടകം പോലെയല്ല സിനിമ. പരിചയസമ്പന്നനായ ഒരാളെ നിന്റെ സഹായത്തിനായി ഏർപ്പാട് ചെയ്യാം ഞാൻ.'' - മാസ്റ്റർ പറഞ്ഞു. അപ്പോൾ തന്നെ ശേഖറിനെ വിളിച്ചുവരുത്തി അർജ്ജുനനെ അദ്ദേഹത്തിനെ കൈകളിൽ 'സുരക്ഷിതമായി' ഏൽപ്പിക്കുന്നു മാസ്റ്റർ. തുടക്കമായതുകൊണ്ട് പടത്തിലെ പാട്ടുകൾ നാല് വ്യത്യസ്ത സ്റ്റുഡിയോകളിൽ റെക്കോർഡ് ചെയ്യുന്നത് നന്നായിരിക്കുമെന്ന് നിർദേശിച്ചതും മാസ്റ്റർ തന്നെ. എല്ലാ സ്റ്റുഡിയോകളുമായും ബന്ധമുണ്ടാകുന്നത് ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. അങ്ങനെ ജെമിനി, വിജയ, ഭരണി, രേവതി സ്റ്റുഡിയോകളിൽ കറുത്ത പൗർണമിയിലെ പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെടുന്നു.

വൈവിധ്യമാർന്ന ആ ഗാനങ്ങളിൽ നിന്ന് തുടങ്ങുന്നു അർജ്ജുനനും ശേഖറും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ ചരിത്രം. താൽക്കാലിക നീക്കുപോക്കുകൾക്ക് അപ്പുറത്ത് ശാശ്വത സൗഹൃദങ്ങൾ കുറവായ സിനിമാ ലോകത്ത് എങ്ങനെ ശേഖറുമായി ഇത്ര സുദീർഘമായ സ്നേഹബന്ധം നിലനിർത്താൻ കഴിഞ്ഞു എന്ന് ചോദിച്ചിട്ടുണ്ട് അർജ്ജുനൻ മാസ്റ്ററോട്. സൗമ്യമായ പുഞ്ചിരിയോടെയായിരുന്നു മറുപടി. "ഞങ്ങളുടെ സ്വഭാവ വിശേഷങ്ങളുടെ സമാനത കൊണ്ടാകാം. അങ്ങേയറ്റം ഒതുങ്ങിയ പ്രകൃതക്കാരായിരുന്നു ശേഖറും ഞാനും. ആരോടും കലഹിക്കാറില്ല. അമിത മോഹങ്ങളുമില്ല.''

Also Read: അച്ഛന്റെ മരണശേഷം കുഞ്ഞു ദിലീപ് അർജുനൻ മാഷിന്റെ കെെപിടിച്ച് സ്റ്റുഡിയോയിലേക്ക് നടന്നു

ശേഖറിന്റെ മരണശേഷവും ആ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചില്ല അർജ്ജുനൻ മാസ്റ്റർ. മകൻ ദിലീപിനെ ആദ്യമായി സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയത് മാസ്റ്ററാണ്. അടിമച്ചങ്ങല എന്ന ചിത്രത്തിന്റെ റെക്കോർഡിംഗ് വേളയിൽ സ്റ്റുഡിയോയിലെ ടേപ്പ് റെക്കോർഡർ പ്രവർത്തിപ്പിക്കുകയായിരുന്നു 14 വയസ്സുകാരൻ പയ്യന്റെ ആദ്യ ദൗത്യം. പതുക്കെ അർജ്ജുനൻ മാസ്റ്ററുടെ റെക്കോർഡിംഗുകളിൽ കീബോർഡ് വായിച്ചുതുടങ്ങുന്നു ദിലീപ്. ലോകമറിയുന്ന എആർ റഹ്‌മാൻ ആയി ആ കുട്ടി വളർന്നത് പിൽക്കാല ചരിത്രം.

"റഹ്‌മാന്റെ വിസ്മയകരമായ വളർച്ച കാണുമ്പോൾ അറിയാതെ ശേഖറിനെ ഓർത്തുപോകും ഞാൻ." - അർജ്ജുനന്റെ വാക്കുകൾ. "വിധിയാണ് ശേഖറിന്റെ അവസാനനാളുകൾ ദുരിതമയമാക്കിയത്. അതേ വിധി തന്നെ അദ്ദേഹത്തിന്റെ മകനെ ലോകപ്രശസ്തനാക്കുന്നതും നാം കാണുന്നു. എല്ലാം സിനിമയുടെ മായാജാലം."

Content Highlights: R.K. Shekhar, despite severe illness, composed the iconic song "Manassu Manassinte Kaathil" for the film "Chottanikkara Amma," with the help of his close friend Arjunan Master, symbolizing their deep bond.