ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്, 'നാളെ എനിക്ക് നിങ്ങളുടെ പാട്ട് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ'

#ബിജു രാഘവന്‍
റംല ബീ​ഗം ​| photo: mathrubhumi
റംല ബീ​ഗം ​| photo: mathrubhumi

'കര്‍ബലയിലെ രക്തക്കള'മായിരുന്നു അന്നത്തെ കഥ. കേള്‍വിക്കാര്‍ ആ കഥയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഒരു മതപ്രഭാഷകന്‍ പറയുന്നത്. 'ആരും ഈ കഥാപ്രസംഗം കേള്‍ക്കാന്‍ പോകരുത്. ആ കാഥികയെ കല്ലെറിഞ്ഞുകൊല്ലുകയാണ് വേണ്ടത്...'

അന്ന് പോലീസ് അകമ്പടിയോടെയാണ് കണ്ണൂര്‍ ചൊവ്വയിലുള്ള കഥാപ്രസംഗവേദിയിലേക്ക് അവര്‍ കഥ പറയാന്‍ പോയത്. മൂന്നുമണിക്കൂറോളം ഇടവേളയില്ലാതെ കഥ പറയുന്ന, ആ കഥ കേള്‍ക്കാന്‍ പതിനായിരങ്ങള്‍ ലയിച്ചിരിക്കുന്ന കാഥികയുടെ മുന്നില്‍ ഇത്തവണ ഒഴിഞ്ഞ കസേരകള്‍ മാത്രം. ആരെങ്കിലും ആക്രമിക്കുമോ എന്ന ഭീതി യോടെയാണ് അവര്‍ കഥാപ്രസംഗം തുടങ്ങിയത്. പത്തോ പതിനഞ്ചോ മിനിട്ടുകള്‍. വേദിക്ക് മുന്നില്‍ ആള് കൂടാന്‍ തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ഇരിപ്പിടങ്ങള്‍ നിറഞ്ഞു. മുക്കാല്‍ മണിക്കൂറായപ്പോഴേക്കും അകത്തേക്ക് കയറാനായി ആളുകള്‍ തിക്കും തിരക്കുമായി. നേരത്തെ കാഥികയുടെ സുരക്ഷ ഉറപ്പാക്കാന്‍ വന്ന പോലീസുകാര്‍ക്ക് കഥ കേള്‍ക്കാന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇറങ്ങേണ്ടി വന്നു. മതവിരുദ്ധമാവും ആ കഥാപ്രസംഗമെന്ന് പറഞ്ഞ പണ്ഡിതനും ഒടുവില്‍ മനംമാറി. അദ്ദേഹവും പറഞ്ഞു. 'ഇതാണ് യഥാര്‍ത്ഥ മതബോധനം...' റംലാബീഗം ആ പഴയകഥയോര്‍ത്ത് ചിരിച്ചു. അവരുടെ ഉള്ളില്‍ ഒരു കാലത്തിന്റെ കഥകള്‍ വലിയൊരു കഥാപ്രസംഗമായി ഉയരുന്നുണ്ട്.

റംല ബീ​ഗം ​| photo: mathrubhumi

അറുപത്തിയഞ്ച് വര്‍ഷങ്ങള്‍, കേരളത്തിലെമ്പാടുമുള്ള പതി നായിരത്തിലധികം വേദികള്‍.കഥാപ്രസംഗമെന്ന കല എങ്ങും അലയടിച്ചുയര്‍ന്ന കാലത്ത് വേദിയിലെ മിന്നും കാഥികയായിരുന്നു റംലാബീഗം. അവര്‍ പറഞ്ഞ കഥ കേട്ടവരില്‍ മുന്‍മുഖ്യമന്ത്രിമാരായ ഇ.എം.എസും സി.എച്ച്. മുഹമ്മദ് കോയയുമെല്ലാമുണ്ട്. ചരിത്രത്തില്‍ നിന്ന് ആ കഥകളോരോന്നായി വീണ്ടും വാര്‍ന്നുവീഴുകയാണ്. ''എത്രയോ സ്റ്റേജുകളില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രസം ഗിച്ച ശേഷം ഞാന്‍ കഥാപ്രസംഗം അവതരിപ്പിച്ചുണ്ട്. സംഘാടകരുടെ അനൗണ്‍സ്‌മെന്റ് തന്നെ അങ്ങ നെയായിരുന്നു. ഇ.എം.എസ്സിന്റെ പ്രസംഗം. ശേഷം റംലാബീഗത്തി ന്റെ കഥാപ്രസംഗം' അദ്ദേഹത്തിന്റെ വേദികളില്‍ ഞാന്‍ കേശവദേവിന്റെ ''ഓടയില്‍നിന്ന്' എന്ന കഥയാണ് പറഞ്ഞിരുന്നത്. അദ്ദേഹം എന്റെ കഥ കേള്‍ക്കാന്‍ വേദിക്ക് മുന്നില്‍ തന്നെ ഇരിക്കുമായിരുന്നു. എനിക്ക് പലയിടങ്ങളിലും നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്ന കാലം കൂടെയാണത്.

റംല ബീ​ഗം യേശുദാസിനൊപ്പം | photo: mathrubhumi

ഒരു മുസ്ലിം സ്ത്രീ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ എതിര്‍പ്പുള്ള ചിലരായിരുന്നു ഭീഷണിക്ക് പിന്നില്‍. പക്ഷേ ധൈര്യത്തോടെ മുന്നോട്ടുപോകൂ എന്ന് പ്രോത്സാഹനം തന്നു സി.എച്ചും ഇ.എം.എസ്സും. സി.എച്ചിന്റെ പ്രസംഗം കേട്ടിരിക്കാന്‍ നല്ല രസമാണ്. ഒരുപാട് ഫലിതം നിറയും ആ സംസാരത്തില്‍. ഒരിക്കല്‍ എന്റെ ഭര്‍ത്താവ് സി. എച്ചിനോട് പറഞ്ഞു.'ഇവള്‍ കഥാപ്രസംഗം അവതരിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ള ഒരുപാടുപേരുണ്ട്.' അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ എതിര്‍ക്കാന്‍ തക്ക കാര്യങ്ങളൊന്നും നിങ്ങള്‍ ചെയ്യുന്നില്ല. എതിര്‍പ്പ് ഉണ്ടാവട്ടെ, അത് വിജയത്തിന്റെ നാന്ദിയാണ്. എതിര്‍പ്പുണ്ടായാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ പരിപാടികള്‍ കിട്ടും. അതുകൊണ്ട് ഒരിക്കലും പിന്‍മാറരുത്'. അദ്ദേഹത്തിന്റെ വേദികളില്‍ മുസ്ലീം കഥകളാണ് ഞാന്‍ കൂടുതലും അവതരിപ്പിച്ചത്''. രാഷ്ട്രീയ വേദികളിലും ഉത്സവങ്ങളിലും കല്യാണവീടുകളിലും വരെ റംലാബീഗത്തിന്റെ കഥാ പ്രസംഗം നിറഞ്ഞുനിന്ന കാലം. പോയവര്‍ഷങ്ങളുടെ ഓര്‍മച്ചിത്രം പോലെ അവരൊരു പാട്ടുപാടി.

'പൂമകളാണെ ഹുസ്‌നുല്‍ ജമാല്‍ 
പുന്നാരത്തോളം മികന്തബീവി 
ഹേമങ്ങള്‍ മെത്തപണിച്ചിത്തിരം 
ആഭരണക്കോവയണിന്ത ബീവി'

പ്രേമഗീതമായ 'ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാലി'ലെ ആ പാട്ട് കാലത്തിനിക്കരെ നിന്നും വീണ്ടും
ഓര്‍മകളുടെ തിരയിളക്കി. റംലാബീഗം ഏറ്റവുമധികം വേദികളില്‍ പറഞ്ഞ കഥയാണിത്. ദിവസവും രണ്ടും മൂന്നും വേദികളില്‍ വരെ ഈ കഥ അവതരിപ്പിച്ചിട്ടുണ്ട്.

''ഞാന്‍ 23 കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഇരുപതും ഇസ്ലാമിക ചരിത്രവും സാമൂഹ്യവിഷയങ്ങളും പ്രണയ കഥകളുമായിരുന്നു. ബാക്കി മൂന്നെണ്ണം കാളിദാസന്റെ ശാകുന്തളവും കേശവദേവിന്റെ ഓടയില്‍ നിന്നും കുമാരനാശാന്റെ നളിനിയുമാണ്. ഈ മൂന്ന് കഥകളും ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കാന്‍ വേണ്ടി പഠിച്ചതാണ്. ഇതെല്ലാം കഥാപ്രസംഗ രൂപത്തിലാക്കി പഠിപ്പിച്ചുതന്നത് അബ്ദുല്‍സലാം മാസ്റ്ററാണ്, എന്റെ ഭര്‍ത്താവ്. പ്രശസ്ത കാഥികന്‍ സാംബശിവന്റെ തബലിസ്റ്റായിരുന്നു അദ്ദേഹം.''കഥ പിറന്ന കാലത്തിലൂടെ അവര്‍ വീണ്ടും സഞ്ചരിച്ചു.

അരങ്ങുകള്‍

ആലപ്പുഴയിലാണ് റംലാബീഗം ജനിക്കുന്നത്. കുടുംബത്തിന്റെ സംഗീത പാരമ്പര്യം തന്നെയാണ് ഏഴാംവയസ്സില്‍ തന്നെ റംലയെ ആലപ്പുഴയിലെ ആസാദ് മ്യൂസിക് ട്രൂപ്പിലെ കുഞ്ഞു ഗായികയാക്കി മാറ്റിയത്. ''എന്റെ ഉപ്പ ഹിന്ദി സംസാരിക്കുന്ന ആളാണ്. വീട്ടിലെ ഭാഷയും ഹിന്ദിയായിരുന്നു. ഉപ്പാപ്പ യൂസഫ് ജമാലി യമന്‍ സ്വദേശിയാണ്. വീട്ടില്‍ പത്ത് മക്കളില്‍ ഏറ്റവും ഇളയതാണ് ഞാന്‍. ഉമ്മ നന്നായി പാടുമായിരുന്നു. ആ താരാട്ട് കേട്ടാണ് ഞാനും പാടിത്തുടങ്ങുന്നത്. അമ്മാവന്റേതായിരുന്നു ആസാദ് മ്യൂസിക് ട്രൂപ്പ്. അവിടെ പാടാന്‍ അദ്ദേഹം എന്നെയും കൂട്ടിപ്പോയി. അന്ന് ഹിന്ദി ഗാനങ്ങളാണ് ഞാന്‍ പാടുന്നത്. 'നാഗിന്‍' എന്ന സിനിമയിലെ 'തേരേ സാങ് പ്യാര്‍ മെയിന്‍ നഹിന്‍ തോഡ്' ഒക്കെ എത്രയോ വട്ടം പാടിയിട്ടുണ്ട്. അന്ന് ഗ്രൂപ്പിലെ തബലിസ്റ്റായിരുന്നു അബ്ദുല്‍ സലാം മാസ്റ്റര്‍. മൂപ്പരാണ് എന്നെ കഥാപ്രസംഗത്തിലേക്ക് കൊണ്ടുവരുന്നത്. അപ്പോഴേക്കും ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. ''മുസ്ലിം സമുദായത്തില്‍നിന്നുള്ള കാഥികയെ കേള്‍വിക്കാര്‍ ആദരവോടെ സ്വീകരിച്ചു. അവരുടെ കഥയും പാട്ടുകളും വേദികള്‍ ഇളക്കിമറിച്ചു. പൊതുപരിപാടികളിലും ഉത്സവങ്ങളിലുമെല്ലാം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഇനമായി റംലാബീഗത്തിന്റെ കഥാപ്രസംഗം.

''അന്നെനിക്ക് ഏറ്റവുമധികം പ്രോഗ്രാമുകള്‍ കിട്ടിയത് മലബാറില്‍നിന്നായിരുന്നു. ഒരിക്കല്‍ വന്നാല്‍ രണ്ടും മൂന്നും മാസത്തെ പരിപാടികളുണ്ടാവും. അങ്ങനെ പതിനായിരത്തിലേറെ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചു. അമ്പലങ്ങളിലൊക്കെ ശാകുന്തളവും നളിനിയുമാണ് അവതരിപ്പിക്കുകയെങ്കിലും ഇടയ്ക്ക് ചിലര്‍ ചോദിക്കും, ബദറുല്‍ മുനീറിലെ രണ്ടുപാട്ടുകള്‍ കൂടെ പാടാമോ എന്ന്. അങ്ങനെ അരമണിക്കൂര്‍ ആ കഥയും പറയാറുണ്ട്.'' കല മനുഷ്യരെ ഒന്നിപ്പിച്ച കാലത്തിന്റെ ദീപ്ത സ്മരണകള്‍. അന്നൊരു കല്യാണ വീട്ടില്‍ പാടാന്‍ പോയതിന്റെ ഓര്‍മകള്‍ ഈ എഴുപത്തിയഞ്ചാം വയസ്സിലും റംലാബീഗത്തിന്റെ ഉള്ളിലൊരു മുറിവായി നില്‍ക്കുന്നുണ്ട്.

റംല ബീ​ഗം | photo: mathrubhumi

''കാസര്‍കോടായിരുന്നു പ്രോഗ്രാം. അവിടുത്തെ കല്യാണവീടുകളില്‍ രാവിലെ മുതല്‍ പാടണം. അങ്ങനെ ഒരുദിവസത്തെ പരിപാടി കഴിഞ്ഞ് മുറിയില്‍ ക്ഷീണിച്ചിരിക്കുമ്പോള്‍ ഒരാള്‍ ഓടിക്കിതച്ചു വന്നു. 'ബീഗം എന്നെ ഒന്ന് സഹായിക്കണം. ഞാനൊരു ട്രൂപ്പ് നടത്തുന്നുണ്ട്. ഞങ്ങളൊരു കല്യാണവീട്ടില്‍ പരിപാടി നടത്തുന്നതിനിടയില്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി. നാളെ ഇവിടെ റംലാബീഗത്തിന്റെ ഗാനമേള ഉണ്ടായിരിക്കുമെന്ന്. അതോടെ എനിക്ക് നില്‍ക്കക്കള്ളിയില്ലാതായി. റംലാബീഗത്തിന്റെ ഗാനമേള നടത്തിയില്ലെങ്കില്‍ കല്യാണം തന്നെ വേണ്ടെന്നുവെക്കുമെന്നായി വീട്ടുകാര്‍. അതുകൊണ്ട് നിങ്ങള്‍ എങ്ങനെയെങ്കിലും അവിടെ വരെ ഒന്ന് വരണം.' അതായിരുന്നു അയാളുടെ ആവശ്യം. നിര്‍ബന്ധം സഹിക്കാന്‍ പറ്റാതെ ഞാനവിടെ ചെന്നു. ആ സമയത്ത് ഇയാളുടെ ട്രൂപ്പിന്റെ പരിപാടി നടക്കുന്നുണ്ട്. അവരുടെ നിര്‍ബന്ധത്തിനൊടുവില്‍ പിറ്റേന്നത്തെ പരിപാടിക്ക് ഞാനും ചെല്ലാമെന്നേറ്റു. അങ്ങനെ അവിടെ നിന്ന് മടങ്ങാന്‍ നോക്കുമ്പോഴാണ് കല്യാണ വീട്ടിലുണ്ടായിരുന്ന ഒരാള്‍ എന്റെ അടുത്തേക്ക് തിരിഞ്ഞത്. 'എനിക്ക് ബീഗത്തിന്റെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ്. അതില്‍ ഏറ്റവും ഇഷ്ടമുള്ളൊരു പാട്ടുണ്ട്. അത് ഒന്ന് ഇപ്പോള്‍ പാടി തരാമോ' ഞാന്‍ ഞെട്ടിപ്പോയി. ഇന്ന് പകല്‍ മുഴുവന്‍ പ്രോഗ്രാം കഴിഞ്ഞതിന്റെ ക്ഷീണം. 'ഈ സമയത്ത് പാടിയാല്‍ ശരിയാവില്ല. നാളെ എന്തായാലും എന്റെ പരിപാടി ഉണ്ടല്ലോ. അപ്പോള്‍ താങ്കള്‍ വന്നാല്‍ ഇഷ്ടമുള്ള പാട്ടുകളൊക്കെ കേള്‍ക്കാമല്ലോ.' എന്നുപറഞ്ഞ് ഞാന്‍ അയാളെ നിരുത്സാഹപ്പെടുത്തി. അപ്പോള്‍ അയാളുടെ മറുപടി. 'നാളെ ചിലപ്പോള്‍ എനിക്കത് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ...' അതുകൂടെ കേട്ടപ്പോള്‍ എന്റെ കൂടെയുള്ളവരും പറഞ്ഞു. 'ഒരാള്‍ അത്രയും ആഗ്രഹിച്ചു പറയുന്നതല്ലേ. ഒന്നു പാടി കൊടുത്തേക്കൂ' എന്ന്. അങ്ങനെ ഞാന്‍ സ്റ്റേജില്‍ കയറി. അയാള്‍ മുന്നിലിരുന്ന് കൈ കൊട്ടി എന്റെ പാട്ട് ആസ്വദിക്കുന്നുണ്ട്. അതുകഴിഞ്ഞ് നോക്കുമ്പോള്‍ അയാളെ കാണാനില്ല. അങ്ങനെ ഞാന്‍ മടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ അവിടെ പ്രോഗ്രാം അവതരിപ്പിക്കാനായി തയ്യാറെടുക്കുമ്പോഴാണ് കല്യാണവീട്ടിലെ ഒരാള്‍ ഓടിക്കിതച്ച് വന്നത്. 'ഇന്ന് പരിപാടി ഉച്ചയ്ക്ക് ശേഷം തുടങ്ങിയാല്‍ മതി. കല്യാണ വീടിനടുത്തൊരാള്‍ മരിച്ചിട്ടുണ്ട്. ശവസംസ്‌കാരമൊക്കെ കഴിഞ്ഞശേഷം പ്രോഗ്രാം തുടങ്ങിയാല്‍ മതി.' എന്ന് അയാള്‍ അറിയിച്ചു. അങ്ങനെ അവര്‍ പറഞ്ഞതുപോലെ ഉച്ചയ്ക്ക് ഞാനവിടെ ചെന്നു. അപ്പോഴാണ് അറിയുന്നത് തലേദിവസം എന്നെക്കൊണ്ട് പാടിച്ച ആ മനുഷ്യനാണ് മരിച്ചുപോയതെന്ന്. ഇപ്പോഴും അദ്ദേഹം പറഞ്ഞ ആ വാക്ക് എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. 'നാളെ എനിക്ക് നിങ്ങളുടെ പാട്ട് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ' എന്ന്.

റംലയുടെ കഥ

രാഷ്ട്രീയവും ഹാസ്യവുമൊക്കെ വിളമ്പിയാണ് പുരുഷ കാഥികര്‍ അന്നത്തെ കഥാപ്രസംഗവേദികള്‍ കൈയിലെടുത്തതെങ്കില്‍ സാമുഹിക- കുടുംബകഥകളായിരുന്നു കാഥികമാരുടെ സമ്പത്ത്. തുടക്കത്തില്‍ മലയാളം ശരിക്കും അറിയാത്ത റംലാബീഗം ഭര്‍ത്താവിന്റെ സഹായത്തോടെ ഭാഷയും ഉച്ചാരണവും സംഗീതവുമെല്ലാം ചേര്‍ത്ത് വേദികളില്‍ ആവേശമായി മാറിയത് പെട്ടെന്നായിരുന്നു.

'സാംബശിവന്‍ രാഷ്ട്രീയ കഥകള്‍ പറയുന്ന കാഥികനായാണ് അറിയപ്പെട്ടത്. പക്ഷേ എന്റെ കഥകളില്‍ രാഷ്ട്രീയമോ ജാതിയോ ഉണ്ടായിരുന്നില്ല. രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ നമ്മളൊരു പ്രത്യേക വിഭാഗത്തില്‍ ഒതുക്കപ്പെടും. കഥ പറയുമ്പോള്‍ അതില്‍ രാഷ്ട്രീയക്കാരെയോ മറ്റോ പ്രയാസപ്പെടുത്തുന്ന രീതിയിലുള്ള അവതരണം ഞാന്‍ നടത്താറില്ല. കഥാപ്രസംഗത്തില്‍ തമാശകള്‍ വേണം, ഗൗരവമുള്ള കാര്യങ്ങളും വേണം. മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനും പഠിക്കാനും പറ്റിയ കാര്യങ്ങളുമുണ്ടാവണം.' റംലാബീഗം തന്റെ ശൈലിയില്‍ ആ കഥ പറഞ്ഞു. 35 വര്‍ഷം മുന്നേ ഗുരുവും ഭര്‍ത്താവുമായ സലാം മാസ്റ്റര്‍ മരിച്ചപ്പോള്‍ റംലാബീഗം പ്രിയപ്പെട്ട സ്റ്റേജിനോട് വിട പറഞ്ഞതാണ്. ഉറ്റവന്റെ വേര്‍പാട് താങ്ങാന്‍ പറ്റാതെ, കുറെക്കാലം.''ഒന്നിച്ച് വേദികളില്‍ ജീവിച്ചൊരാള്‍ പെട്ടെന്ന് ഇല്ലാതായപ്പോള്‍ ദുഃഖം താങ്ങാന്‍ പറ്റിയില്ല. അമ്പത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. അതിന്റെ മാനസികപ്രയാസം കാരണം രണ്ടു വര്‍ഷം ഞാന്‍ ഒരു പരിപാടിയിലും പങ്കെടുത്തില്ല. പക്ഷേ ആളുകളുടെ തുടര്‍ച്ചയായ നിര്‍ബന്ധവും ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതും കാരണം എനിക്ക് സ്റ്റേജിലേക്ക് തന്നെ തിരികെ വരേണ്ടിവന്നു.'' ഇതിനിടെ ആലപ്പുഴ വിട്ട് അവര്‍ കോഴിക്കോട്ടേക്ക് താമസം മാറ്റിയിരുന്നു. കലാസ്‌നേഹികളും പ്രവാസികളും ചേര്‍ന്ന് അവര്‍ക്ക് ഇവിടെയൊരു വാസയിടം ഒരുക്കിക്കൊടുത്തു. 65 വര്‍ഷത്തെ സ്റ്റേജ് അനുഭവങ്ങളില്‍നിന്ന് സ്വരുക്കൂട്ടിയ കലാസ്വാദകരുടെ സ്‌നേഹമായിരുന്നു അതിന്റെ മൂലധനം.

റംല ബീ​ഗം ആയിഷ ബീ​ഗത്തിനൊപ്പം| photo: mathrubhumi


''മലബാറിലാണ് കൂടുതല്‍ പ്രോഗ്രാം ചെയ്തത്. അതുകൊണ്ടുതന്നെ ഇവിടെ താമസിക്കുന്നതാണ് നല്ലതെന്ന് തോന്നി. ഞാന്‍ ഒരുപാട് മാപ്പിള പാട്ടുകള്‍ പാടിയിട്ടുണ്ട്. അതെല്ലാം കാസറ്റുകളായി പുറത്തിറങ്ങി. പലപ്പോഴും ടിവി റിയാലിറ്റി ഷോകളില്‍ എന്റെ പാട്ടുകള്‍ പുതിയ കുട്ടികള്‍ പാടുന്നത് കേട്ട് സന്തോഷം തോന്നിയിട്ടുണ്ട്. പഴയ എച്ച്.എം.വി. റെക്കോഡുകളിലും പാടിയിരുന്നു.''എഴുപത്തിയഞ്ച് വയസ്സിന്റെ പ്രഭയിലും അരങ്ങ് ഒരു ഗൃഹാതുര സ്മരണയായി റംലാബീഗത്തിന്റെ ഉള്ളില്‍ നിറഞ്ഞുനില്‍പ്പുണ്ട്. ഒപ്പം കഥാപ്രസംഗത്തിന്റെ ആ നല്ല കാലവും.

''ഇനിയൊരു കഥ അവതരിപ്പിക്കാന്‍ എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്. ഇപ്പോള്‍ പാടാന്‍ പോലും പറ്റാറില്ല. അതുമാത്രമല്ല, ഇപ്പോള്‍ കഥാപ്രസംഗത്തിന്റെ സുവര്‍ണകാലം കഴിഞ്ഞിരിക്കുന്നു. അന്നത്തെ ക്ഷമയോടെ ആളുകള്‍ ഇനി കഥയൊന്നും കേള്‍ ക്കുമെന്ന് തോന്നുന്നില്ല. കുറച്ചുകഴിയുമ്പോള്‍ കഥാപ്രസംഗമെന്ന പേരുതന്നെ ആളുകള്‍ മറന്നു പോകും. ആലോചിച്ചാല്‍ വിഷമമാണ്. ഇതൊരു നല്ല കല അല്ലേ. ആരെങ്കിലും ഇതൊന്ന് നിലനിര്‍ത്താന്‍ മുന്നോട്ട് വന്നെങ്കില്‍'' അവരുടെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. ഒരു നല്ല കാഥിക ആവണമെങ്കില്‍ ഒരുപാട് ഗുണഗണങ്ങള്‍ വേണം. 'അക്ഷരസ്ഫുടത ഉണ്ടാവണം. ചുറ്റുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കണം. നന്നായി പാടണം, അഭിനയിക്കണം. നല്ല കഥാപ്രസംഗം കേള്‍ക്കുമ്പോള്‍ ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടാവും. പല സ്റ്റേജുകളിലും ഞാന്‍ രണ്ടര മണിക്കൂറാണ് കഥാപ്രസംഗത്തിനെടുക്കുന്നത്. അത്രയും സമയം ആളുകള്‍ അതില്‍ ലയിച്ചിരിക്കും. ഒരു മണ്‍തരി നിലത്തു വീണാല്‍ പോലും ശബ്ദം കേള്‍ക്കാം. കഥ തീരുമ്പോള്‍ ചിലര്‍ ചോദിക്കും, ഇത്ര പെട്ടെന്ന് തീര്‍ന്നുപോയോ എന്ന്. റംലാബീഗം കണ്ണുതുടയ്ക്കുമ്പോള്‍ അതുതന്നെ ചോദിച്ചുപോയി, എന്തേ ഇത്ര പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞതെന്ന്.?

Content Highlights: renowned Mappila song artist ramla beegum passed away life of ramla beegum