ഇവിടെ എവിടെയൊക്കെയോ ഉണ്ട് ഇന്ദു ടീച്ചറിന്റെ സാന്നിധ്യം, വിനോദിന്റെ തീക്ഷ്ണപ്രണയവും

സി.എം.എസ്. കോളേജിലെ ചന്തമുള്ള കെട്ടിടങ്ങളും കൂറ്റൻമരങ്ങളും പൂത്തുനിൽക്കുന്ന കടലാസ് ചെടികളും ഓരോ തവണ കാണുമ്പോഴും തോരാതെ പെയ്യുന്നുണ്ട് ‘ചാമരം’ ഓർമകൾ. അവിടെ എവിടെയൊക്കെയോ സൗമ്യയായ് ഇന്ദുടീച്ചറിന്റെ സാന്നിധ്യമുണ്ട്. വിനോദിന്റെ തീഷ്ണപ്രണയത്തിന്റെ ജ്വലിക്കുന്ന ആവേശം ഒരുകാറ്റിലും കെടാതെ കെടാതെ...
കേരളത്തിലെ ആദ്യ കോളേജായ സി.എം.എസിലാണ് ജോൺ പോളിന്റെ ആദ്യ പ്രണയ തിരക്കഥയായ ‘ചാമരം’ വീശിയടിച്ചത്. 40 വർഷങ്ങൾക്കുമുമ്പ് ഭരതൻ സംവിധാനംചെയ്ത പ്രതാപ് പോത്തനും സെറീന വഹാബും അഭിനയിച്ച ചിത്രം. ഈ സിനിമയ്ക്കുശേഷം എത്രയോ ചിത്രങ്ങളിൽ സി.എം.എസ്. കോളേജ് പശ്ചാത്തലയമായെങ്കിലും ചാമരത്തോളം ഓർമയിൽ തെളിയുകയില്ല മറ്റൊന്നും.
‘കാമ്പസിൽ 21 ദിവസത്തെ ഷൂട്ടിങ്ങുണ്ടായിരുന്നു. അന്ന് ഞാൻ നേരിൽകണ്ടതാണ് കുട്ടികളുടെ സന്തോഷം. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ കോളേജിന്റെ സൗന്ദര്യംകണ്ട് ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ടു’ അന്ന് കോളേജിലെ ജൂനിയർ അധ്യാപകനും പിൽക്കാലത്ത് പ്രിൻസിപ്പലുമായ കോരുള ഐസക് ഓർക്കുന്നു.
നാഥാ നീവരും കാലൊച്ച കേൾക്കുവാൻ...
ഒരു വിദ്യാർഥിയും കോളേജ് അധ്യാപികയും തമ്മിലുള്ള പ്രണയമായിരുന്നു കഥ. നാട്ടിൻപുറത്തുനിന്ന് നഗരത്തിലെ കോേളജിൽ അധ്യാപികയായെത്തുന്ന ഇന്ദു. കാന്പസിൽ നല്ലതും ചീത്തയുമായ കാര്യങ്ങളിൽ ഭാഗമാകുന്ന യുവാവിന് ടീച്ചറോട് പ്രണയം. അതവൻ തുറന്നു പറയുന്നു. തന്റെ വിവാഹം മുറച്ചെറുക്കനുമായിട്ടാണെന്നു ടീച്ചർ യുവാവിനോട് വ്യക്തമാക്കുന്നു. എന്നാൽ അപ്പോഴും യുവാവ് തളരുന്നില്ല. അവൻ ഉറക്കെ വിളിച്ചുപറയുന്നു, -‘വാട്ടെവർ യൂ സേ...,സ്റ്റിൽ ഐ ലവ് യൂ,’-ആ വാക്കുകൾ ആ കോളേജ് മുഴുവൻ പ്രതിധ്വനിക്കുന്നതായി തോന്നി. പ്രണയത്തിന്റെ ഏറ്റവും വിശുദ്ധമായ വിളംബരമായിരുന്നു അത്. ഒരു ടീച്ചറെ വിദ്യാർഥി പ്രണയിക്കുമോ എന്നല്ല മറിച്ച് സിനിമ ദുരന്തകഥയായി പര്യവസാനിപ്പിച്ചതിലാണ് പലരും ജോൺ പോളിനോട് പിന്നീട് പരിഭവിച്ചത്. ആ പ്രണയം പ്രേക്ഷകർ അത്രയേറെ ഹൃദയത്തിലേറ്റിയിരുന്നു. ‘നാഥാ നീവരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു...’ എന്ന കാല്പനിക ഗാനവും ഈ സിനിമയിലേതാണ്.
സി.എം.എസ്.കോളേജ് പശ്ചാത്തലമാണ് സിനിമയ്ക്ക് വേറിട്ടസൗന്ദര്യം നൽകിയതെന്ന് പലവട്ടം തിരക്കഥാകൃത്ത് കൂടിയായ ജോൺ പോൾ പറഞ്ഞിട്ടുണ്ട്.
‘ചക്കാലയിൽ മനയ്ക്കൽ’ വീടും
വർഷങ്ങൾ കഴിഞ്ഞിട്ടും ‘ചാമരം’ കോട്ടയംകാരുടെ ഓർമയിലുണ്ടെന്ന് കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ പറയുന്നു. ‘സിനിമ പൂർണമായും ഷൂട്ടുചെയ്തത് കോട്ടയത്താണ്. സി.എം.എസ്. കോളേജും ചന്തക്കവലയിലുള്ള എന്റെ ‘ചക്കാലയിൽ മനയ്ക്കൽ’വീടും സിനിമയിലുണ്ട്. മൂന്നരയേക്കറിലുള്ള വീട്ടിലെ മുറികളും പൂന്തോട്ടവും കുളവുമൊക്കെയാണ് ചാമരത്തിലുള്ളത്.
Content Highlights: john paul passed away, remembering john paul, chamaram movie location, cms college kottayam