ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ ചിത്രത്തിന്റെ സംവിധായകൻ, ഇപ്പോൾ രാമായണത്തിന് ദൃശ്യഭാഷ്യവും, ആരാണ് നിതേഷ് തിവാരി?

#പി.വി. സുരാജ്
നിതേഷ് തിവാരി | ഫോട്ടോ: AFP
നിതേഷ് തിവാരി | ഫോട്ടോ: AFP

മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെയായിരുന്നില്ല നിതേഷ് തിവാരി എന്ന സംവിധായകന്റെ യാത്ര. അങ്ങനെയായിരുന്നെങ്കിൽ ഒരുപക്ഷേ, അദ്ദേഹം ഒരു കോർപ്പറേറ്റ് പ്രൊഫഷണലായി ഒതുങ്ങുമായിരുന്നു. എൻജിനിയറിങ്ങിൽ തുടങ്ങി പരസ്യനിർമാണം, തിരക്കഥാ രചന, പ്രൊഡക്ഷൻ എന്നിങ്ങനെ പല മേഖലകൾ കടന്നാണ് നിതേഷ് ഇന്ത്യൻസിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിലൊരാളായി വളർന്നത്. ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ദംഗൽ. ഇപ്പോഴിതാ ഇന്ത്യൻ ഇതിഹാസത്തിന്റെ ചലച്ചിത്രാവിഷ്കാരമായ രാമായണ - ഭാഗം ഒന്ന്‌. വൈവിധ്യമാർന്ന പ്രമേയങ്ങളെ ജനപ്രിയ സിനിമയുടെ ഭാഷയിൽ അവതരിപ്പിക്കാനുള്ള കഴിവ് ഒരിക്കൽക്കൂടി തെളിയിക്കുന്നു നിതേഷ് തിവാരി

നിതേഷ് തിവാരിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു 2016-ൽ പുറത്തിറങ്ങിയ ദംഗൽ. ഹരിയാണയിലെ ഗുസ്തിതാരങ്ങളായ ഗീതയുടെയും ബബിതയുടെയും പിതാവ് മഹാവീർ സിങ് ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം, പെൺകുട്ടികളുടെ സ്വപ്‌നങ്ങളുടെയും പോരാട്ടങ്ങളുടെയും കഥപറഞ്ഞു. പുരുഷന്മാർക്കുമാത്രം അവകാശപ്പെട്ടതെന്ന് കരുതിയിരുന്ന ഗുസ്തിയുടെ ഗോദയിലേക്ക്, തന്റെ പെൺമക്കളുമായി ഇറങ്ങിച്ചെന്ന പിതാവിന്റെ ജീവിതം വൈകാരികമായി അവതരിപ്പിച്ചു നിതേഷ്. ആധികാരികമായ അവതരണവും വൈകാരികമായ ആഴവും സിനിമയെ ആഗോളതലത്തിൽ വൻവിജയമാക്കി. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായി ദംഗൽ മാറുകയും ചെയ്തു.

വീണ്ടും രാമായണം

ദംഗലിൽ പിതാവ്, മക്കളിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ രാമായണത്തിൽ പിതാവിന്റെ വാക്ക് പാലിക്കാൻ രാജ്യം ഉപേക്ഷിക്കുന്ന മകനെ കാണാം. ഇന്ത്യയുടെ സാംസ്കാരികബോധത്തിലും ആത്മീയജീവിതത്തിലുമെല്ലാം ആഴത്തിൽ വേരൂന്നിയ ഇതിഹാസ മഹാകാവ്യമാണ് രാമായണം. തലമുറകളായി കണ്ടും കേട്ടും വായിച്ചും പരിചയിച്ച കഥ. ഇന്ത്യൻ സിനിമയിലും ടെലിവിഷനിലും പലതവണ അവതരിപ്പിക്കപ്പെട്ട ഇതിഹാസം. രാമാനന്ദ് സാഗറിന്റെ ടെലിവിഷൻ പരമ്പര, ഒരു തലമുറയുടെ കാഴ്ചശീലങ്ങളെയും വിശ്വാസങ്ങളെയും സ്വാധീനിച്ചു. മണിരത്‌നത്തിന്റെ രാവൺ, ഓം റൗട്ടിന്റെ ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങൾ രാമായണത്തെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ സമീപിച്ചു. മുൻമാതൃകകൾ നിലനിൽക്കേ, പാരമ്പര്യത്തനിമ കൈവിടാതെ, പുതുമ നിലനിർത്തി സിനിമ ഒരുക്കുക എന്നതായിരുന്നു സംവിധായകനു മുന്നിലെ വെല്ലുവിളി.

വാല്മീകി രാമായണമാണ്, നിതേഷ് തന്റെ സിനിമയ്ക്ക് ആധാരമാക്കിയത്. എന്നാൽ, കഥാപാത്രങ്ങളുടെ രൂപസങ്കല്പങ്ങളിൽ പുതുമ കാണാം. അതിനായി പുരാണഗ്രന്ഥങ്ങളെയും ചിത്രകലാ പാരമ്പര്യങ്ങളെയും ആശ്രയിച്ച അദ്ദേഹം, ഏറെ ഗവേഷണങ്ങൾക്കൊടുവിലാണ് സിനിമയ്ക്ക് അന്തിമരൂപം നൽകിയത്. അടിസ്ഥാനകഥയിൽ അനാവശ്യമായ മാറ്റങ്ങൾ വരുത്താതെയും ആവശ്യമായിടത്ത് സർഗാത്മകമായ സ്വാതന്ത്ര്യം ഉപയോഗിച്ചുമാണ് രാമായണം ഒരുക്കിയത്.

കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കും ധാർമികതയ്ക്കും ബന്ധങ്ങൾക്കുമാണ് സിനിമയിൽ പ്രാധാന്യം. സ്‌നേഹം, വിരഹം, സഹോദരബന്ധം, കടമ, ധർമനിഷ്ഠ തുടങ്ങിയ മാനുഷികവികാരങ്ങൾ കഥയിൽ സ്വാഭാവികമായി ഇഴചേരുന്നത് കാണാം. അതുകൊണ്ടുതന്നെ സിനിമ, വെറുമൊരു യുദ്ധകഥയായി മാറുന്നില്ല. വൈകാരികമായ അടിത്തറ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ ദൃശ്യലോകം പ്രേക്ഷകർ അനുഭവിക്കുകയായിരുന്നു.

കഥാപാത്രങ്ങളുടെ പുനരാവിഷ്കാരത്തിലും രാമായണം ഒന്നാംഭാഗം ശ്രദ്ധേയമാണ്. പുതിയ കാലത്തിന്റെ സിനിമാഭാഷയിൽ കഥാപാത്രങ്ങൾക്ക് മറ്റൊരു മാനംനൽകാൻ സംവിധായകന് കഴിഞ്ഞു എന്നുപറയാം. ധർമബോധവും ആത്മസംയമനവും നിറയുന്നു രൺബീർ കപൂറിന്റെ രാമനിൽ. എന്നാൽ, സായ് പല്ലവി അവതരിപ്പിച്ച സീത, സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി ഒതുങ്ങിക്കൂടുന്നില്ല. ആയുധമേന്തി പോരാടുന്ന, പ്രേക്ഷകർക്ക് അത്ര പരിചിതയല്ലാത്ത സീതയെ സിനിമയിൽ കാണാം. യഷ് അവതരിപ്പിച്ച രാവണനാകട്ടേ, കേവലം തിന്മയുടെ പ്രതിരൂപമല്ല. ശിവഭക്തിയും അഹങ്കാരവുമെല്ലാം ചേർന്ന സങ്കീർണവ്യക്തിത്വമാണ്. ചിലപ്പോഴെല്ലാം, രാമനൊപ്പമോ അതിനുമുകളിലോ സ്‌ക്രീൻപ്രസൻസ് നേടുന്നുണ്ട് ആ രാക്ഷസരാജാവ്.

എ.ആർ. റഹ്‌മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതവിഭാഗം ഒരുക്കിയിട്ടുള്ളത്. ലോകസിനിമയിലെ മുൻനിര വിഷ്വൽ എഫക്ട്‌സ് കമ്പനികളിലൊന്നായ ഡി.എൻ.ഇ.ജി.യുടെ പങ്കാളിത്തം സിനിമയെ മറ്റൊരുതലത്തിലേക്ക് ഉയർത്തുന്നു. നൂറിലേറെ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഐമാക്‌സ്, ത്രിഡി, 4DX, ഡോൾബി ഫോർമാറ്റുകളിലും പ്രദർശിപ്പിച്ചു. രാമായണത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഥയുടെ വ്യാപ്തിയും കഥാപാത്രങ്ങളുടെ വികാസവും സിനിമയ്ക്ക് തുടർച്ച ആവശ്യപ്പെടുന്നുണ്ട്.

ബോക്സോഫീസ്‌ കണക്കുകൾക്കപ്പുറം മറ്റൊരു പ്രധാന വിഷയം കൂടി ഈ സിനിമ മുന്നോട്ടുവെക്കുന്നു. ഇന്ത്യൻ ഇതിഹാസങ്ങൾക്കും കഥാപാരമ്പര്യങ്ങൾക്കുംലോകസിനിമയിൽ ഇടംനേടാനാകുമോ എന്നതാണ് അത്. അതിന് സാധിക്കും എന്നാണ് രാമായണ ഒന്നാം ഭാഗത്തിന്റെ വിജയം സൂചിപ്പിക്കുന്നത്.

Content Highlights: An in-depth look at filmmaker Nitesh Tiwari's remarkable journey from crafting the emotional blockbuster Dangal to bringing Valmiki's epic Ramayana: Part 1 to global screens—highlighting fresh character interpretations by Ranbir Kapoor (Rama), a warrior-like Sai Pallavi (Sita), and a nuanced Yash (Ravana), backed by A.R. Rahman and Hans Zimmer's score, DNEG's VFX, and ahead of Part 2's Diwali 2028 release.