ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകം; പിയൂഷ് പാണ്ഡെ എഴുതിയ ചരിത്രം, 'മിലേ സുർ മേരാ തുംഹാര'

ദേശാഭിമാനം ഉണർത്തുന്ന ഒരു ഗാനചിത്രീകരണം എന്ന ആശയം കേന്ദ്ര സർക്കാരിന്റെ ലോക് സഞ്ചാർ പരിഷത്ത് മുന്നോട്ടുവെച്ചത് മൂന്നര പതിറ്റാണ്ടിലേറെക്കാലം മുൻപാണ്, 1988ൽ. ആ ദൗത്യം വെല്ലുവിളിയായി ഏറ്റെടുത്ത ദൂരദർശൻ ഡയറക്ടർ ജനറൽ ഭാസ്കർ ഘോഷ് ഗാനസൃഷ്ടിയുടെ ചുമതല സുഹൃത്തായ സുരേഷ് മല്ലിക്കിനെ ഏൽപ്പിക്കുന്നു. ഒഗിൽവി ആൻഡ് മേത്തറിന്റെ ക്രീയേറ്റീവ് ഹെഡ് ആണ് അക്കാലത്ത് മല്ലിക്ക്.
ഹിന്ദുസ്ഥാനി - കർണ്ണാട്ടിക് - ഫോക് സംഗീത ശാഖകൾ സമന്വയിപ്പിച്ചു വേണം പാട്ടുണ്ടാക്കാൻ. വിവിധ ജനവിഭാഗങ്ങളുടെ പ്രാദേശികവും ഭാഷാപരവുമായ പ്രാതിനിധ്യവും നിർബന്ധം. 'ഹിന്ദുസ്ഥാനിയിലും കർണാട്ടിക്കിലും പൊതുവായി ഉള്ള രാഗമാണ് ഭൈരവി. ആ രാഗമായിരിക്കണം ഗാനത്തിന്റെ അന്തർധാര.'- ഭാസ്കർ ഘോഷ് പറഞ്ഞു.
Also Read: പരസ്യരംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു; വിടവാങ്ങിയത് ഒട്ടേറെ ജനപ്രിയ പരസ്യങ്ങളൊരുക്കിയ പ്രതിഭ
സ്വന്തം പരസ്യസ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജർ ആയിരുന്ന പിയൂഷ് പാണ്ഡെയെ വരികൾ എഴുതാൻ ചുമതലപ്പെടുത്തുന്നു മല്ലിക്ക്. രണ്ടേ രണ്ട് ഉപാധികളെ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്: 'ലളിതവും സുതാര്യവുമായിരിക്കണം രചന. എളുപ്പം സാധാരണക്കാരന്റെ ചുണ്ടിലും മനസ്സിലും അത് ഇടം നേടുകയും വേണം' പാണ്ഡെ എഴുതിക്കൊണ്ടുവന്ന 17 രചനകളും വഴിക്കുവഴിയായി തിരസ്കരിച്ച ശേഷം പതിനെട്ടാമത്തെ രചന മല്ലിക്ക് സന്തോഷപൂർവം സ്വീകരിക്കുന്നു - 'മിലേ സുർ മേരാ തുംഹാര തോ സുർ ബനേ ഹമാരാ'...അതായിരുന്നു തുടക്കം. പിന്നെയുള്ളത് ചരിത്രം.
മുഖ്യഗായകരായി ഭീംസെൻ ജോഷി, ബാലമുരളീകൃഷ്ണ, ലത മങ്കേഷ്ക്കർ, കവിത കൃഷ്ണമൂർത്തി, ശുഭാംഗി ബോസ്, സുചിത്ര മിത്ര എന്നിവർ. സ്ക്രീനിലെ പശ്ചാത്തല താരസാന്നിധ്യങ്ങളായി അമിതാഭ് ബച്ചൻ, ജിതേന്ദ്ര, മിഥുൻ ചക്രവർത്തി, ശർമിള ടാഗോർ, വഹീദ റഹ്‌മാൻ, കമൽ ഹാസൻ, പ്രകാശ് പദുകോൺ, പി കെ ബാനർജി തുടങ്ങിയവർ. 1988 ആഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരുന്നു 'മിലേ സുർ മേരാ തുംഹാര'യുടെ ആദ്യ സംപ്രേക്ഷണം.
ഭീംസെൻ ജോഷിയും അശോക് പട്കിയും ലൂയി ബാങ്ക്‌സും മലയാളിയായ വൈദ്യനാഥനും ചേർന്ന് സൃഷ്ടിച്ച ആവേശമുണർത്തുന്ന സംഗീതത്തിന്റെ (യഥാർത്ഥ സംഗീത ശിൽപ്പികൾ ആരെന്ന കാര്യത്തിൽ ഇപ്പോഴുമുണ്ട് ചില്ലറ വിവാദങ്ങൾ) അകമ്പടിയോടെ ഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും ഒരു ദേശീയ വികാരമായി വളർന്നത് പെട്ടെന്നാണ്. ദൂരദർശന്റെ പ്രഭവകാലമായിരുന്നു അതെന്നുകൂടി ഓർക്കണം. 'ശാസ്ത്രീയ സംഗീത വേദിയിൽ മാത്രം ഒതുങ്ങിനിന്ന എന്നെ ജനകീയനാക്കി മാറ്റിയത് മിലേ സുർ മേരാ തുംഹാര'യിലെ സാന്നിധ്യമാണ്. കൊച്ചുകുട്ടികൾ പോലും തിരിച്ചറിയുന്നു ഇന്നെന്നെ'. ഭീംസെൻ ജോഷി ഒരിക്കൽ പറഞ്ഞു. (പണ്ഡിറ്റ്ജി പാടി പ്രശസ്തമാക്കിയ "ജോ ഭജേ ഹരി കോ സദാ''' എന്ന ഭജന്റെ ഈണമാണ് "മിലേ സുർ മേരാ തുംഹാര''ക്ക് പ്രചോദനമായത്.)
'മിലേ സുർ മേരാ തുംഹാര'ക്കൊപ്പം ഓർമ്മയിലെത്തുന്ന മറ്റൊരു പേര് കൂടിയുണ്ട്- എറണാകുളം ജില്ലയിലെ ചുള്ളിക്കൽ സ്വദേശി കെജെ കുരുവിളയുടെ. മുംബൈ പരസ്യലോകത്ത് ഏറെക്കാലം ജിംഗിൾ ഗായകനായി നിറഞ്ഞുനിന്ന കുരുവിളയാണ് ഗാനത്തിലെ മലയാളം വരികൾക്ക് ശബ്ദം നൽകിയത് - "എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായ്.'' മുംബൈയിലെ അറിയപ്പെടുന്ന സ്റ്റേജ് ഗായകൻ കൂടിയായിരുന്ന കുരുവിളയുടെ ശബ്ദത്തിലാണ് ലൈഫ്ബോയ് സോപ്പിന്റെയും വിക്കോ വജ്രദന്തി ടൂത്ത് പേസ്റ്റിന്റെയുമൊക്കെ റേഡിയോ പരസ്യങ്ങൾ വർഷങ്ങളോളം മലയാളികളെ തേടിയെത്തിയത്.
കുരുവിള ഉൾപ്പെടെ 'മിലേ സുർ മേരാ തുംഹാര'യുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട പലരും ഇന്നില്ല. നിനച്ചിരിക്കാതെ വല്ലപ്പോഴുമൊക്കെ ദൂരദർശനിൽ ആ ഗാന ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഇന്ത്യൻ ടെലിവിഷന്റെ വസന്തകാലം വീണ്ടും ഓർമ്മയിലെത്തും. ടാം റേറ്റിംഗിനെ കുറിച്ചു വേവലാതിയില്ലാതെ ഉന്നത നിലവാരമുള്ള പരിപാടികൾ മാത്രം പ്രേക്ഷകരിലെത്തിക്കാൻ ദൂരദർശൻ ഉത്സാഹം കാണിച്ചിരുന്ന കാലം. 'ഫിർ മിലേ സുർ മേരാ തുംഹാര' എന്ന പേരിൽ രണ്ടു പതിറ്റാണ്ടിനു ശേഷം ഈ ഗാനം ടെലിവിഷനിൽ പുനരാവിഷ്കരിക്കപ്പെട്ടെങ്കിലും 'ഒറിജിന'ലിനോട് താരതമ്യം പോലും ഉണ്ടായിരുന്നില്ല പുതിയ പതിപ്പിന്. സിനിമാക്കാർക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു കെട്ടുകാഴ്ച്ച മാത്രമായി ചുരുങ്ങി അത്.
Content Highlights: Explore the making of `Mile Sur Mera Tumhara,` India`s iconic song of national unity, penned by Piyush Pandey. A tribute to its legacy and creators.