ചൈനയ്ക്ക് ശേഷം ഇന്ത്യയിലും തരംഗമാകാൻ മൈക്രോഡ്രാമകൾ; വരുന്നത് വിനോദത്തിന്റെ ഫാസ്റ്റ് ഫുഡ് സമ്പ്രദായം

ചൈനയിലെ വലിയ വിജയത്തിനുശേഷം, ഡിജിറ്റൽ വിനോദരംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് 'മൈക്രോഡ്രാമ' (Microdrama) തരംഗം ഇന്ത്യയിലേക്കും വ്യാപിക്കുകയാണ്. പ്രധാനമായും ജെൻസീ (Gen Z) പ്രേക്ഷകരാണ് 1-2 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ കുട്ടി എപ്പിസോഡുകളുടെ പ്രധാന ആവശ്യക്കാർ. മണിക്കൂറുകളോളം നീളുന്ന പരമ്പരാഗത സിനിമകളിൽനിന്നും വർഷങ്ങളോളം സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലുകളിൽനിന്നും വ്യത്യസ്തമായി, മൊബൈൽ സ്‌ക്രീനുകളിൽ വേഗത്തിൽ കണ്ടുതീർക്കാവുന്ന ഈ രീതിയെ 'വിനോദത്തിന്റെ ഫാസ്റ്റ് ഫുഡ്' (Fast Food of Entertainment) എന്നാണ് വിശേഷിപ്പിക്കുന്നത്.
മൊബൈൽ സ്‌ക്രീനുകൾക്കായുള്ള കഥപറച്ചിൽ രീതി
പരമ്പരാഗത കഥപറച്ചിലിലെ നായകൻ, വില്ലൻ, വൈകാരിക നിമിഷങ്ങൾ, സംഘർഷങ്ങൾ, സസ്പെൻസ് (ക്ലിഫ്ഹാംഗർ) തുടങ്ങിയ ഘടകങ്ങളെല്ലാം മൈക്രോഡ്രാമകളിലുമുണ്ട്. എന്നാൽ, ഇവയെല്ലാം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന പ്രേക്ഷകരുടെ സമയത്തിന് അനുയോജ്യമായ രീതിയിൽ ചുരുക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ഏതാനും സെക്കൻഡുകൾക്കുള്ളിൽ തന്നെ പ്രേക്ഷകന്റെ ശ്രദ്ധയാകർഷിക്കുന്ന പ്രമേയങ്ങളും അടുത്ത എപ്പിസോഡ് കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉദ്വേഗജനകമായ ക്ലൈമാക്സുകളുമാണ് പ്രധാന പ്രത്യേകത. യാത്രാവേളകളിലോ മറ്റ് ജോലികൾക്കിടയിലെ ചെറിയ ഇടവേളകളിലോ എളുപ്പത്തിൽ ആസ്വദിക്കാം എന്നതുകൊണ്ട് തന്നെ ഈ ഫോർമാറ്റ് വലിയ സ്വീകാര്യത നേടുന്നു.
ചൈനീസ് മാതൃകയും ഇന്ത്യൻ വിപണിയുടെ സാധ്യതകളും
നിലവിൽ ചൈനയിൽ മൈക്രോഡ്രാമ വിപണി 10 ബില്യൺ ഡോളറിന്റെ വൻ വ്യവസായമായി വളർന്നുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യ ഈ രംഗത്ത് ശൈശവഘട്ടത്തിലാണെങ്കിലും, രാജ്യത്തെ കോടിക്കണക്കിന് സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യങ്ങളും ഇന്ത്യയിലെ വളർച്ചയ്ക്ക് മികച്ച അടിത്തറ നൽകുന്നു. പതിറ്റാണ്ടുകളായി ദിവസേനയുള്ള ടെലിവിഷൻ ഡ്രാമകൾ കണ്ടു ശീലിച്ച ഇന്ത്യൻ പ്രേക്ഷകർക്ക് ഈ സസ്പെൻസ് നിറഞ്ഞ കഥപറച്ചിൽ രീതി തികച്ചും പരിചിതമാണെന്ന് സ്റ്റോറി ടിവി (Story TV) സി.ഓ.ഒ ജി.എസ്.എൻ. ആദിത്യ വ്യക്തമാക്കുന്നു. സ്റ്റോറി ടിവി ആപ്പിൽ പ്രേക്ഷകർ ശരാശരി 95 മിനിറ്റിലധികം സമയം ദിവസേന ചെലവഴിക്കുന്നുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കുറഞ്ഞ ചെലവും നിക്ഷേപകരുടെ താൽപ്പര്യവും
സാധാരണ സിനിമകൾക്കും വെബ് സീരീസുകൾക്കും വേണ്ടിവരുന്ന വലിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ, മൈക്രോഡ്രാമകളുടെ നിർമ്മാണച്ചെലവ് വളരെ കുറവാണ്. ഏകദേശം 10 ലക്ഷം രൂപ ബജറ്റിൽ പോലും ഇത്തരം ഹ്രസ്വ സീരീസുകൾ നിർമ്മിക്കാൻ സാധിക്കുമെന്നത് കമ്പനികൾക്ക് ഒന്നിലധികം പ്രമേയങ്ങൾ ഒരേസമയം പരീക്ഷിക്കാൻ അവസരമൊരുക്കുന്നു. പ്രേക്ഷകരുടെ പ്രതികരണം തത്സമയം വിലയിരുത്താനും ക്ലിക്കാവുന്ന പ്രമേയങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താനും ഈ മാതൃക സഹായിക്കുന്നു.
ഇതിന്റെ ഫലമായി വ്യത്യസ്തമായ ഒരു നിർമ്മാണ തത്വശാസ്ത്രം രൂപപ്പെടുകയുംചെയ്യുന്നു. ഈ ഒരു വലിയ ഷോ വിജയിക്കുമോ എന്നു ചോദിക്കുന്നതിന് പകരം, "ഈ നിരവധി കഥകളിൽ ഏതാണ് ഹിറ്റാകാനുള്ള ഏറ്റവും ശക്തമായ ലക്ഷണങ്ങൾ കാണിക്കുന്നത്?" എന്ന രീതിയിൽ ചോദ്യമുയർത്താൻ കഴിയും.
ഭാവിസാധ്യതകളും പ്രാദേശിക ഭാഷാ വിപണിയും
ഇന്ത്യൻ വിപണിയുടെ വൈവിധ്യം കണക്കിലെടുത്ത് ചൈനീസ് മാതൃക അതേപടി അനുകരിക്കാതെ സ്വന്തമായ വിഭാവനം ചെയ്യേണ്ടതുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങി വ്യത്യസ്ത ഭാഷകളിലും പ്രാദേശിക സംസ്കാരങ്ങൾക്കനുസരിച്ചും കഥകൾ അവതരിപ്പിക്കുന്നത് ഈ വ്യവസായത്തിന് വലിയ വളർച്ച നൽകും. കണക്കുകൂട്ടലുകൾ പ്രകാരം 2030-ഓടെ ഇന്ത്യയിലെ മൈക്രോഡ്രാമ വിപണി 4.5 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: India is experiencing a massive microdrama boom driven by Gen Z viewers, transforming traditional long-form storytelling into fast-paced 1-2 minute smartphone episodes—a market projected to reach $4.5 billion by 2030.