നിര്‍മാതാവായും പ്രതീക്ഷിക്കാം, സംവിധാനവും പഠിക്കും; രണ്ടാം വരവില്‍ മീരാജാസ്മിന്‍ മനസു തുറക്കുന്നു

ഒരു ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചുവരികയാണ്. സത്യന്‍ അന്തിക്കാട് ചിത്രം മകളില്‍ ജൂലിയറ്റായാണ് മീരജാസ്മിന്റെ രണ്ടാം വരവ്. പുതിയ സിനിമയെക്കുറിച്ചും അഭിനയ രംഗത്ത് നിന്നും മാറി നിന്നപ്പോള്‍ വന്ന മാറ്റങ്ങളെക്കുറിച്ചും മീരജാസ്മിന്‍ മാതൃഭൂമിഡോട്ട് കോമിനോട് സംസാരിക്കുന്നു.
യാത്രയിലായിരുന്നു ഇത്രനാളും
പലരും ചോദിക്കുന്നുണ്ട് മീര എവിടെയായിരുന്നു ഇത്രയും കാലം സിനിമയില്‍ കാണുന്നില്ലല്ലോ എന്നൊക്കെ, ഞാന്‍ വിദേശത്തായിരുന്നു. ദുബായ്, യൂറോപ്പ്, ഓസ്‌ട്രേലിയ അങ്ങനെ കുറച്ച് യാത്രയിലായിരുന്നു എന്ന് പറയാം. അഞ്ചോ ആറോ വര്‍ഷങ്ങള്‍ അങ്ങനെയങ്ങ് കടന്ന് പോയി, പെട്ടന്ന് കടന്നുപോയി എന്ന് വേണം പറയാന്‍. ആ സമയത്തും ഞാന്‍ കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും ഞാന്‍ ചെയ്യേണ്ടുന്ന കഥാപാത്രങ്ങളാണെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ അഭിനയിക്കാന്‍ ഞാന്‍ എന്റെ എന്റേ മനസ്സോ ശരീരമോ ഒട്ടും പ്രിപ്പേര്‍ഡ് അല്ലായിരുന്നു. കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ എനിക്ക് ശരിക്കും ആവശ്യമുള്ള ഒരു ഇടവേള തന്നെയായിരുന്നു. അത് എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി.
ഫഹദിന്റെ സിനിമകള്‍ ഏറ്റവും ഇഷ്ടം
ഞാന്‍ മാറി നിന്ന സമയം എന്നുപറയുന്നത് മലയാള സിനിമയ്ക്ക് വലിയ മാറ്റം സംഭവിച്ച കാലം കൂടിയാണ്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാന്‍ കഴിയുന്ന രീതിയില്‍ മലയാള സിനിമ മാറി. സിനിമകള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു ഫഹദിന്റെ സിനിമകളാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.
സത്യന്‍ അങ്കിളിന്റെ കൂടെ അഞ്ചാമത്തെ സിനിമ
80കളുടെ തുടക്കം മുതല്‍ മലയാള സിനിമയ്ക്ക് ഒപ്പമുള്ള ഇപ്പോളും ഹിറ്റ് ചിത്രങ്ങള്‍ ചെയ്യുന്ന ഒരു സംവിധായകനാണ് സത്യന്‍ അന്തിക്കാട്. പലതലമുറകളിലെ താരങ്ങളെവെച്ച് സിനിമ ചെയ്ത ഒരു ഡയറക്ടര്‍. അങ്ങനെ ഒരാളുടെ കൂടെ അഞ്ച് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യമാണ്. അനുഗ്രഹമാണ്. അച്ചുവിന്റെ അമ്മയായിരുന്നു ആദ്യം ചിത്രം അതിലെ അച്ചു കുറച്ച് കുട്ടിത്തവും പിടിവാശികളുമുള്ള ഒരു മകളായിരുന്നു. ഇവിടെ പുതിയ സിനിമയായ മകളില്‍ മകളെ സപ്പോര്‍ട്ട് ചെയ്യുന്ന ബോള്‍ഡായിട്ടുള്ള ഒരമ്മയാണ്.
അഭിനയത്തില്‍ കുറച്ച് കൂടി പക്വത വന്നു
അച്ചുവില്‍ നിന്ന് മകള്‍ എന്ന സിനിമയിലെ ജൂലിയറ്റിലെത്തിയപ്പോള്‍ എനിക്കും ഒരുപാട് മാറ്റങ്ങള്‍ വന്നു. ഒരുപാട് യാത്രകള്‍ ചെയ്തതിന്റേയും സിനിമയില്‍ നിന്ന് മാറി നിന്ന സമയത്ത് നിന്ന് ജീവിതം മറ്റൊരു രീതിയില്‍ എക്‌സ്പീരിയന്‍സ് ചെയ്തതിന്റേയും ഫലമായി എന്റെ കാഴ്ചപ്പാടുകള്‍ ഒരുപാട് മാറി. വേറെ ഒരു പേര്‍സ്‌പെക്ടീവ് വന്നു എനിക്ക്. അത് എന്റെ കരിയറിലും പ്രതിഫലിക്കുന്നുണ്ട്. ആ ഒരു ഇടവേള ശരിക്കും ഗുണം ചെയ്തു എന്നു തന്നെ പറയാം. ശരിക്കും ഞാന്‍ ഒരു പക്വത ഉള്ള നടിയായി എന്ന് എനിക്ക് തോന്നുന്നു.
സത്യന്‍ അങ്കിളിന്റെ സിനിമയിലൂടെ തന്നെ തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു
സത്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സിനിമയിലേക്ക് തിരിച്ചു വരാന്‍ ഞാന്‍ മാനസികമായി തയ്യാറായ സമയം മുതല്‍ അതായത് ഒരു 2019ന്റെ ഒക്കെ തുടക്കത്തില്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുമായിരുന്നു സത്യന്‍ അങ്കിളിന്റെ ഒരു മൂവി ഇപ്പോ വന്നിരുന്നെങ്കില്‍ ചെയ്യാമായിരുന്നു, സത്യന്‍ അങ്കിളിന്റെ സിനിമയിലൂടെ തിരിച്ചുവരായിരുന്നു എന്നൊക്കെ. എന്റെ ആ സമയത്തെ ഒരു തോന്നലായിരുന്നു അത്. അത് ഞാന്‍ ആരോടും പറഞ്ഞില്ല, സത്യന്‍ അങ്കിളിനെ ഒന്നു വിളിക്കുകപോലും ചെയ്തില്ല. അത് മനസ്സില്‍ അങ്ങനെ ഇരുന്നു, പക്ഷെ അവിടുന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഈ കോവിഡ് ഔട്ട് ബ്രേക്കിന് മുമ്പ് തീര്‍ത്തും യാദൃശ്ചികമായി, ഈ ടെലിപ്പതി എന്നൊക്കെ പറയില്ലെ അതുപോലെ അങ്കിള്‍ എന്നെ ഇങ്ങോട്ട് കോണ്‍ടാക്ട് ചെയ്തതാണ്. ശരിക്കും ഒരു അത്ഭുതം ആയിരുന്നു അങ്കിളിന്റെ ആ ഫോണ്‍ കോള്‍.
ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പ്രതീക്ഷ
ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഒരു കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ട് ആ കൂട്ടുകെട്ടിലൂടെ തിരിച്ച് വരുമ്പോള്‍ എനിക്കും വലിയ പ്രതീക്ഷ ഉണ്ട്. എന്ത് മനോഹരമായിരുന്നു എന്നറിയോ സെറ്റൊക്കെ, ഇവരുടെ തമാശകളും കഥകളും ഒക്കെയായി ഒരു ഫണ്‍ എക്‌സ്പീരിയന്‍സായിരുന്നു സെറ്റില്‍ ഇവിടെ നിന്ന് മാറി നിന്നിട്ട് തിരിച്ചുവന്ന പോലെ ഒന്നും തോന്നിയതയേ ഇല്ല, അത്രയ്ക്ക് കംഫര്‍ട്ടായിരുന്നു സെറ്റും ലൊക്കേഷനും
മലയാളി കാത്തിരിക്കുന്നുണ്ടായിരുന്നു. മലയാളിയെ മറന്നതാണോ
ഇല്ല ഒരിക്കലും ഇല്ല, ഞാന്‍ എങ്ങനെ മറക്കും, ഞാന്‍ നടിയായതും ജീവിതത്തില്‍ എനിക്ക് ഉണ്ടായ നേട്ടങ്ങള്‍ എല്ലാം തന്നതും മലയാളമാണ്, ഈ മണ്ണാണ്. മലയാളിക്ക് എന്നോട് ഉള്ള ഇഷ്ടം ഇപ്പോളും ഉണ്ട് എന്നതും എനിക്ക് വളരെ സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യമാണ്. ഈ സിനിമ അനൗണ്‍സ് ചെയ്തപ്പോളും സ്‌നേഹവും പിന്തുണയുമാണ് എനിക്ക് ഇവിടുന്ന് കിട്ടിയത്.
ആക്ടീവായിരിക്കും പക്ഷെ സെലക്ടീവും
മീര ഇനി സജീവമായിരിക്കുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സജീവമായിരിക്കും പക്ഷെ ഞാന്‍ സെലക്ടീവ് ആയിരിക്കും. ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്റിനായിരിക്കും ഞാന്‍ പ്രാധാന്യം നല്‍കുക. ഇപ്പോള്‍ ഞാന്‍ സത്യന്‍ അങ്കിളിന്റെ സിനിമ ചെയ്തു. ഇനി വ്യത്യസ്തമായ മറ്റൊരു കഥാപാത്രവും വേറെ ഒരു ജോണറിലുള്ള സിനിമയും ചെയ്യാനാണ് താത്പര്യം. അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. നേരത്തെ സിനിമ തെരഞ്ഞെടുക്കുന്ന രീതിയില്‍ നിന്നും ഞാനും മാറി. ചിലപ്പോള്‍ ഈ സിനിമ ഇറങ്ങി കുറച്ച് സമയത്തേക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഒരു ഗ്യാപ്പ് വന്നേക്കാം അതല്ല ഉടന്‍ നല്ല കഥാപാത്രം കിട്ടിയാല്‍ ആ ഗ്യാപ്പ് ഉണ്ടാവുകയും ഇല്ല. ദൈവം അവസരവും ആയുസ്സും തന്നാല്‍ എനിക്ക് പ്രായമാകുന്ന വാര്‍ദ്ധക്യകാലത്തൊക്കെ അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പക്ഷെ കഥാപാത്രങ്ങളും ഒപ്പം സിനിമ ഏത് ടീമാണ് ചെയ്യുക എന്നൊക്കെ നോക്കിയായിരിക്കും ഇനി സിനിമ തെരഞ്ഞെടുക്കുന്നത്.
യാത്രകള്‍ തുടരും
നല്ല അവസരങ്ങള്‍ വരുമ്പോള്‍ സിനിമ ചെയ്യാന്‍ വേണ്ടി ഞാന്‍ ഇവിടെ വരും, അല്ലാത്ത സമയത്ത് ഞാന്‍ യാത്രയില്‍ ആയിരിക്കും. ഈ ക്രിസ്തുമസ്സിന് ഞാന്‍ തിരിച്ച് പോവുകയാണ്, പക്ഷെ സിനിമയക്ക് വേണ്ടി ഞാന്‍ തിരിച്ചു വരും.യൂറോപ്പാണ് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. ഇന്ത്യയിലും ഇനി ഒരുപാട് സ്ഥലങ്ങളുണ്ട് പോകാന്‍. കോവിഡ് കാലം കഴിയുന്നതിനുള്ള കാത്തിരിപ്പാണ് കൂടുതല്‍ യാത്രകള്‍ പോകാന്‍.
എന്നെ പ്രൊഡ്യൂസറായും പ്രതീക്ഷിക്കാം
സംവിധാനം പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്, പക്ഷെ അത് അഭിനയം പോലെ അത്ര എളുപ്പമല്ല, സംവിധാനം പഠിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ പഠിക്കുക തന്നെ ചെയ്യും, പിന്നെ പ്രൊഡക്ക്ഷന്‍ ചെയ്യണം എന്നും ആഗ്രഹം ഉണ്ട്. കുറച്ച് കാലം കഴിയുമ്പോ പ്രൊഡക്ഷനിലും എന്നെ പ്രതീക്ഷാം
വെല്‍നസ്സ് ഒരു പ്രാധാന ഘടകം
മനസ്സിന്റേയും ശരീരത്തിന്റേയും വെല്‍നെസ്സ്, കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ അതില്‍ ഫോക്കസ്ഡ് ആയിരുന്നു. അതില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും അത് എന്റെ ജീവിതത്തില്‍ അപ്ലൈ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മനസ്സിനും ശരീരത്തിലും ഒരുപാട് നല്ല മാറ്റങ്ങളും ഉണ്ടായി. യോഗ, മെഡിറ്റേഷന്‍, ഫുഡ് ഹാബിറ്റ്‌സ്, തോട്ട് പ്രോസസ്സ്, എക്‌സസൈസ്, ഇമോഷന്‍സ് അങ്ങനെ ഉള്ള കാര്യങ്ങള്‍ പ്രയോജനം ചെയ്തിട്ടുണ്ട്, ശരിക്കും ഞാനൊരു നല്ല ഫുഡിയാണ്, ശരിയായ രീതിയിലുള്ള ആഹാരക്രമം ഇപ്പോള്‍ ഞാന്‍ പഠിച്ചെടുത്തു. ഇപ്പോള്‍ ഇതെല്ലാം ചേരുന്ന ഒരുവെല്‍നസ്സ് പ്രോജക്ട് ചെയ്യുന്നതിന്റെ വര്‍ക്കില്‍ കൂടിയാണ് ഞാന്‍ ഉള്ളത്. അത് ഒരു വലിയ പ്രോജക്ട് ആണ്. അതേ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാറായില്ല.
Content Highlights: