ഏതമ്പലത്തിൽ പാടാൻ പോയാലും ചിത്രയോട് ആവശ്യപ്പെടുന്ന പാട്ട്; 33-ാം വർഷത്തിലും അലയടിച്ച് ‘അഞ്ജനശിലയിൽ’

കെ.എസ്. ചിത്ര | ഫോട്ടോ: ബി. മുരളീകൃഷ്ണൻ\ മാതൃഭൂമി
കെ.എസ്. ചിത്ര | ഫോട്ടോ: ബി. മുരളീകൃഷ്ണൻ\ മാതൃഭൂമി

ആറ്റുകാൽ പൊങ്കാലയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുകയാണ് നഗരം. അടുപ്പൊരുക്കാനുള്ള ഇഷ്ടികകൾ തെരുവോരങ്ങളിൽ നിരന്നിരിക്കുന്നു. അന്തരീക്ഷത്തിൽ നിലയ്ക്കാത്ത ഭക്തിഗാനലഹരി. നൂറും ഇരുനൂറും മീറ്റർ ഇടവിട്ട് സ്ഥാപിച്ച കൂറ്റൻ സ്പീക്കറുകളിൽ നിന്ന് ഇടതടവില്ലാതെ ഒഴുകുകയാണ് പാട്ടുകൾ. ചിലയിടങ്ങളിൽ രണ്ടും മൂന്നും പാട്ടുകൾ വിവിധ സൗണ്ട് ബോക്സുകളിൽ നിന്നൊഴുകിയെത്തി പരസ്പരം ലയിച്ചുചേരുന്നു...

കൗതുകം തോന്നി. മുന്നോട്ട് നടക്കുംതോറും കാതിൽ വന്നുവീഴുന്നതെല്ലാം ചിത്രയുടെ ദേവീഗീതങ്ങൾ. അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനെല്ലൂരംബേ എന്ന പാട്ടിൽ നിന്നായിരുന്നു തുടക്കം. കുറച്ചു കൂടി നടന്നപ്പോൾ അതാ കേൾക്കുന്നു ആപദി കിം കരണീയം. പിന്നെ, വിശ്വമോഹിനീ ജഗദംബികേ ദേവീ, താമരപ്പൂവിൽ ഒരു മന്ദസ്മിതമായ്, പാടുന്നു ഞാനിന്നും കാടാമ്പുഴയിലെത്തി....

എല്ലാം ഒരൊറ്റ ആൽബത്തിൽ നിന്നുള്ള പാട്ടുകൾ. മുപ്പത്തി മൂന്ന് വർഷം മുൻപ് മാഗ്നസൗണ്ട് പുറത്തിറക്കിയ ദേവീഗീതം (വോള്യം 1) എന്ന ഗാനസമാഹാരത്തിന് വേണ്ടി എ.വി. വാസുദേവൻ പോറ്റി എഴുതി ജയവിജയ സ്വരപ്പെടുത്തിയ ദേവീഭക്തിഗീതങ്ങൾ. ഒൻപത് പാട്ടും പാടിയത് ചിത്ര.

സുഹൃത്തും സംഗീത സംവിധായകനുമായ സണ്ണി വിശ്വനാഥിനൊപ്പം ഒരു സന്ധ്യക്ക് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ 'ഹിന്ദോള'ത്തിൽ വന്നുകയറിയ പോറ്റി സാറിന്റെ ചിത്രം ഓർമയുണ്ട്. ആഴ്ചകൾ മാത്രം മുൻപ് റെക്കോർഡ് ചെയ്ത 'ദേവീഗീത'ത്തിലെ പാട്ടുകൾ ചൂടോടെ കേൾപ്പിച്ചുതരാൻ വന്നതായിരുന്നു സതേൺ റെയിൽവെയിൽ ടിക്കറ്റ് പരിശോധകനായിരുന്ന പോറ്റി. 'വെള്ളിനക്ഷത്ര'ത്തിലെ ഗാനാസ്വാദന പംക്‌തിയിൽ പാട്ടുകൾ പരിചയപ്പെടുത്തികൊണ്ടുള്ള ഒരു കുറിപ്പ് വന്നുകാണാനുള്ള ആഗ്രഹവുമുണ്ട്.

വ്യത്യസ്ത രാഗങ്ങളിൽ ജയൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ (ഹിന്ദോളം, സരസ്വതി, ആഭേരി, ശിവരഞ്ജിനി, ഷണ്മുഖപ്രിയ, കേദാരം, ശ്രീരാഗം, ബിലഹരി, ആനന്ദഭൈരവി) ഗാനങ്ങൾ കേൾപ്പിച്ച ശേഷം പോറ്റി സാർ പറഞ്ഞു: "എനിക്ക് വലിയ പ്രതീക്ഷയുള്ള ആൽബമാണ്. ചിത്ര അസാധ്യമായി പാടിയിരിക്കുന്നു. എത്രത്തോളം സ്വീകരിക്കപ്പെടും എന്നറിയില്ല. എല്ലാം സ്ത്രീശബ്ദത്തിലുള്ള പാട്ടുകളാണല്ലോ. ഇങ്ങനെയൊരു ആൽബത്തിൽ ആദ്യമായാണ് എഴുതുന്നത്...."

ഗാനരചയിതാവിന്റെ ആശങ്ക അസ്ഥാനത്താണെന്ന് കാലം തെളിയിച്ചു. മൂന്നരപ്പതിറ്റാണ്ടിനു ശേഷവും അന്തരീക്ഷത്തിലുണ്ടല്ലോ ആ പാട്ടുകൾ; ചിത്രയുടെ യൗവനദീപ്തമായ ശബ്ദത്തിൽ.

"ദേവീഗീതത്തിലെ പാട്ടുകൾ എനിക്കും ഏറെ പ്രിയങ്കരം" -- ചിത്രയുടെ വാക്കുകൾ. "ഏത് അമ്പലത്തിൽ പരിപാടിക്ക് ചെന്നാലും ആളുകൾ ആവർത്തിച്ച് ആവശ്യപ്പെടാറുള്ള പാട്ടാണ് അഞ്ജനശിലയിൽ. അതുപോലെ മറ്റു പാട്ടുകളെക്കുറിച്ചും നല്ല അഭിപ്രായം പറഞ്ഞുകേൾക്കാറുണ്ട്. "

"അഞ്ജനശിലയിൽ ആദിപരാശക്തി

അമ്മേ കുമാരനല്ലൂർ അംബേ നീ

എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ

വന്നണഞ്ഞു മാഹേന്ദ്ര നീലാഭയായ്

തൃക്കാർത്തിക നാളിൽ മധുരാപുരിയിലെ

ഭക്തനാം പൂജാരിയണയുമ്പോൾ

അനുഗ്രഹം ചൊരിഞ്ഞമ്മ പുഞ്ചിരി തൂകുന്നു

സുരവൃന്ദം പുഷ്പവൃഷ്ടി നടത്തുന്നു

അമ്മതൻ നടയിൽ നിന്നുയർന്ന സ്വരം

ഒന്നുചേർന്നു ജപമന്ത്രമായ്

സങ്കടങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്

കുമാരനായ് പണ്ട് പണിതീർന്ന മന്ദിരം

കുമാരനല്ല ഊര് ശ്രീദേവി കോവിലായ്

മഞ്ഞളാടും ദിവ്യമുഹൂർത്തത്തിൽ കാണുന്നു

തെളിവാർന്ന തേജസ്സായ് ലളിതാംബികേ

അമ്മതൻ നടയിൽ നിന്നുയർന്ന സ്വരം ഒന്നുചേർന്നു ജപമന്ത്രമായ്

സങ്കടങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്.."

അതിനും നാലു വർഷം മുൻപ് മാഗ്നസൗണ്ടിന്റെ തന്നെ മണ്ണാറശ്ശാല നാഗരാജ സ്തുതികൾ എന്ന ആൽബത്തിന് വേണ്ടി പാട്ടെഴുതിക്കൊണ്ടായിരുന്നു പോറ്റിയുടെ തുടക്കം. സംഗീതം പകർന്നത് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്. ഗായകരായി ജയചന്ദ്രനും ചിത്രയും. എന്നാൽ 'ദേവീഗീത'മാണ് പോറ്റിയിലെ ഗാനരചയിതാവിനെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ച് നിർത്തിയത്. തരംഗിണിയുടെ 'തുളസിമാല'യിലെഴുതാൻ ക്ഷണം ലഭിച്ചതും ഈ ഗാനങ്ങളുടെ സ്വീകാര്യത കൊണ്ടു തന്നെ. തുളസീമാലയിൽ യേശുദാസ് പാടിയ 'ഗണപതിഭഗവാനേ', 'ആറ്റുകാലമ്മേ' എന്നീ ഗാനങ്ങൾ മറക്കാനാവില്ല. തുടർന്ന് ദേവീഗീതത്തിന്റെ രണ്ടാം വോള്യം. ഹിമഗിരിതനയേ, ചെറുകുന്നിൽ അന്നപൂർണ്ണേശ്വരി, മലയാലപ്പുഴ വാഴും എന്നീ പാട്ടുകൾ ഈ ആൽബത്തിലാണ്. പിന്നീടങ്ങോട്ട് വിവിധ മ്യൂസിക് കമ്പനികൾക്ക് വേണ്ടി നൂറുകണക്കിന് ഭക്തിഗാനങ്ങൾ.

വാസുദേവൻ പോറ്റി ഓർമയായത് രണ്ടു വർഷം മുൻപാണ്. എങ്കിലും അന്തരീക്ഷത്തിൽ അദൃശ്യസാന്നിധ്യമായി അദ്ദേഹമുണ്ട് ഇപ്പോഴും. "അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനെല്ലൂരംബേ, നീ എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മഹേന്ദ്രനീലാഭയായ്.."

Content Highlights: Chronicles the enduring popularity of the devotional song 'Anjanashilayil' after 33 years., Highlights the iconic album 'Devigeetham (Vol. 1)' sung entirely by K.S. Chithra., Provides background on the lyricist A.V. Vasudevan Potti and composers Jayavijaya., Discusses the song's cultural significance and its prevalence during temple festivals like Attukal Pongala.