പിന്നണിഗായകനാകാൻ ആഗ്രഹിച്ചു, അരങ്ങുവാണത് കണ്ണിൽ ചോരയില്ലാത്ത വില്ലനായി

മോഹിച്ചത് പാട്ടുകാരനാകാൻ. ആയിത്തീർന്നതോ? വെള്ളിത്തിരയിലെ കൊള്ളക്കാരൻ, കുതന്ത്രജ്ഞൻ, കൊലപാതകി, ബലാൽസംഗവീരൻ... അങ്ങനെ പലതും.
പ്രതിനായകവേഷങ്ങൾ പകർന്നാടുമ്പോഴും ഉള്ളിലെ സംഗീതം കെടാതെ സൂക്ഷിച്ചു ജോസ് പ്രകാശ്. സമയം കിട്ടുമ്പോഴെല്ലാം സൈഗളിലേക്കും സുരേന്ദ്രയിലേക്കും പങ്കജ് മല്ലിക്കിലേക്കും മുഹമ്മദ് റഫിയിലേക്കും ഒഴുകിക്കൊണ്ടിരുന്നു ആ മനസ്സ്. അഭിനേതാക്കളെക്കാൾ ആരാധന പാട്ടുകാരോടാണെന്ന് അഭിമുഖങ്ങളിൽ തുറന്നുപറയാൻ മടിച്ചില്ല.
ജോസ് പ്രകാശ് എന്ന പേരിനൊപ്പം ഇന്നും മനസ്സിൽ തെളിയുക 'ലവ് ഇൻ കേരള'യിലെ സിൽവർ ഹെഡ് മുതലിങ്ങോട്ടുള്ള കണ്ണിൽ ചോരയില്ലാത്ത ദുഷ്ട മുഖങ്ങളല്ല. അദ്ദേഹം അഭിനയിച്ചനശ്വരമാക്കിയ മനോഹര ഗാനരംഗങ്ങളാണ്:
'കാട്ടുകുരങ്ങി'ലെ നാദബ്രഹ്‌മത്തിൻ സാഗരം നീന്തിവരും (പി.ഭാസ്കരൻ – ദേവരാജൻ )
'നിഴലാട്ട'ത്തിലെ സ്വർഗ്ഗപുത്രീ നവരാത്രി.(വയലാർ -- ദേവരാജൻ )
'അച്ഛന്റെ ഭാര്യ'യിലെ വാഹിനി പ്രേമവാഹിനി.(തിക്കുറിശ്ശി - ദക്ഷിണാമൂർത്തി)
ആദ്യ രണ്ടു ഗാനങ്ങളും പാടിയത് യേശുദാസ്. മൂന്നാമത്തേത് യേശുദാസും ജാനകിയും.
കുട്ടിക്കാലം മുതൽ കൂടെയുണ്ട് സംഗീതം. സൈഗളിന്റെയും പങ്കജ് മല്ലിക്കിന്റെയും പാട്ടുകൾ മൂളി നടന്ന 'ബേബിച്ചനി'ലെ സംഗീത വാസന ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അയൽക്കാരനും സുഹൃത്തുമായ കോട്ടയം ജോസഫ് ആണ്. കോട്ടയത്ത് ചാന്ദ്‌സൺ മൈക്ക് സിസ്റ്റം എന്ന പേരിൽ മൈക്കും ഉച്ചഭാഷിണിയും വാടകക്ക് കൊടുക്കുന്ന കട നടത്തിയിരുന്നു അക്കാലത്ത് ജോസഫ്. വൈകുന്നേരങ്ങളിൽ അവിടെ ചെന്നിരിക്കും ബേബിച്ചൻ എന്ന കുന്നേൽ ജോസഫ്. മൈക്ക് ടെസ്റ്റ് ചെയ്യാൻ ബേബിച്ചന്റെ ശബ്ദമാണ് കടയുടമ ഉപയോഗിക്കുക. അങ്ങനെ ചെറുപ്പം മുതലേ മൈക്കിൽ പാടാൻ ഭാഗ്യമുണ്ടായ ആളാണ് താനെന്ന് പറയും ജോസ് പ്രകാശ്. മൈക്രോഫോണും സ്പീക്കറുമൊന്നും സർവ്വസാധാരണമല്ലല്ലോ അന്ന്.
ആദ്യം പൊതുവേദിയിൽ പാടിയത് സ്വരാജ് മോട്ടോർസ് ബസ് സർവീസുകാർ മുൻകൈയെടുത്ത് കോട്ടയം നഗരത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന വാഹനറാലിയിൽ. ഹിന്ദി സിനിമാപ്പാട്ടുകളാണ് അവതരിപ്പിച്ചത്. ജീവിതത്തിലാദ്യമായി പ്രതിഫലം ലഭിച്ചതും ആ പാട്ടുകളുടെ പേരിൽ തന്നെ -- പത്ത് രൂപ.
അധികം വൈകാതെ സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യ പങ്കെടുത്ത സമ്മേളനത്തിലും പാടാൻ അവസരം ലഭിച്ചു. ആദ്യമായി വൺസ് മോർ വിളി കേട്ടതും, അത്ര മോശമല്ല സ്വന്തം പാട്ട് എന്ന് സ്വയം തോന്നിയതും അന്നു തന്നെ.
പുതിയ സിനിമയിൽ പാടാൻ ഒരാളെ തേടി സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ കോട്ടയത്ത് തമ്പടിക്കുന്ന കാര്യം യുവഗായകനെ അറിയിച്ചത് സുഹൃത്ത് കോട്ടയം ജോസഫ് ആണ്. തിക്കുറിശ്ശിയെ ചെന്ന് കാണാൻ ധൈര്യം തോന്നിയില്ല ജോസ് പ്രകാശിന്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലല്ലോ. എന്നാൽ ജോസഫുണ്ടോ വിടുന്നു? സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ കോട്ടയത്തെ ടി കെ ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്ടിൽ ചെന്ന് തിക്കുറിശ്ശിയെ കാണുന്നു ജോസ് പ്രകാശ്.
കേൾക്കട്ടെ തന്റെ പാട്ട് എന്ന് തിക്കുറിശ്ശി. ജോസ് പ്രകാശ് ആദ്യം പാടിയത് സൈഗളിന്റെ സോജാ രാജകുമാരി. ഇനിയുള്ള കഥ തിക്കുറിശ്ശിയുടെ വാക്കുകളിൽ. 'പാടിക്കേൾപ്പിച്ചതൊക്കെ സൈഗളിന്റെ പാട്ടുകൾ. ഇനിയൊരു മലയാളം പാട്ട് പാടൂ എന്നായി ഞാൻ. ഏതോ ഒരു നാടകഗാനമാണ് പാടിത്തന്നത്. പക്ഷേ ഒരു പ്രശ്‌നം. മലയാളം പാടുമ്പോഴും സൈഗളിന്റെ പ്രേതം ഒഴിഞ്ഞുപോകുന്നില്ല.'
'താൻ നന്നായി പാടുന്നുണ്ട്.' -- പുതുഗായകനോട് തിക്കുറിശ്ശി പറഞ്ഞു. 'എന്നാൽ സൈഗളിനെ അനുകരിക്കരുത്. സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തണം. എന്നാലേ പിടിച്ചുനിൽക്കാൻ പറ്റൂ..'
തിക്കുറിശ്ശിയ്ക്ക് പിന്നാലെ സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി സ്വാമിയും ഓക്കേ പറഞ്ഞതോടെ, 'ശരിയോ തെറ്റോ' (1953) എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറുന്നു ജോസ് പ്രകാശ്. സ്വതന്ത്രമായ ഒരു ആലാപന ശൈലി രൂപപ്പെടുത്താൻ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും സൈഗൾ സ്വാധീനത്തിൽ നിന്ന് പുറത്തുകടക്കുക എളുപ്പമായിരുന്നില്ല.
രേവതി സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ ചെന്നുനിന്ന് ആദ്യം പാടി റെക്കോർഡ് ചെയ്തത് ഒരു വിരഹഗാനം: 'താരമേ താണു വരൂ, ദൂരവേ സഖി പോകയോ നീ...' തുടർന്ന് ആറു പാട്ടുകൾ കൂടി.
ആദ്യഗാനം മുഴുവൻ അശുഭ ചിന്തകളായിരുന്നു:
'ഇരവിൽ ഞാൻ കണ്ട സുഖസ്വപ്നമെല്ലാം ഇരുളിൽ മറഞ്ഞു പ്രാണസഖീ
മഴമുകിൽ കണ്ടെൻ മനമയിലാടി മഴപെയ്തതില്ല പ്രാണസഖീ...'
വരികൾക്ക് അറം പറ്റുമോ എന്നായിരുന്നു അരങ്ങേറ്റക്കാരന്റെ ഭയം. എന്നാൽ വിധി ആ ഭയം അസ്ഥാനത്താക്കി. മഴമുകിൽ കണ്ടു മതിമറന്ന കാമുകന് നിരാശനാകേണ്ടി വന്നില്ല. അവസരങ്ങളുടെ പെരുമഴയായിരുന്നു പിന്നെ. കുറച്ചു പടങ്ങളിൽ കൂടി പാടിയ ശേഷം തിരക്കേറിയ അഭിനേതാവായി വെള്ളിത്തിരയിൽ നിറയുന്നു ജോസ് പ്രകാശ്. (ജോസഫ് എന്ന ബേബിച്ചനെ അതിനിടെ ജോസ് പ്രകാശ് ആയി ജ്ഞാനസ്‌നാനം ചെയ്യിച്ചിരുന്നു തിക്കുറിശ്ശി). സ്ഥിരം വില്ലൻ കഥാപാത്രങ്ങൾക്കൊപ്പം ഇടക്കും തലയ്ക്കും നന്മ നിറഞ്ഞ വ്യത്യസ്ത വേഷങ്ങളും. എല്ലാ കഥാപാത്രങ്ങളും സവിശേഷമായ ഒരു ജോസ് പ്രകാശ് ടച്ച് നൽകി അവിസ്മരണീയമാക്കി അദ്ദേഹം.
പാട്ടുരംഗങ്ങളിലാണ് ഏറ്റവും ആസ്വദിച്ച് അഭിനയിച്ചിട്ടുള്ളതെന്ന് പറഞ്ഞിട്ടുണ്ട് ജോസ് പ്രകാശ്. പാടി മതിവരാത്ത ഒരു ഗായകൻ കൂടി ഉള്ളിലുള്ളതുകൊണ്ടാവും.
കാട്ടുകുരങ്ങിലെ നാദബ്രഹ്‌മത്തിൻ സാഗരം നീന്തിവരും എന്ന രാഗമാലികയുടെ ചിത്രീകരണം കാണാനെത്തിയവരിൽ പാട്ടിന് ശബ്ദം പകർന്ന യേശുദാസും ഉണ്ടായിരുന്നു. 'കണ്ടുനിന്നപ്പോൾ ഞാനല്ല, സാറാണ് ആ പാട്ട് പാടിയതെന്ന് തോന്നി' എന്ന യേശുദാസിന്റെ അഭിനന്ദന വചസ് ആയുഷ്‌കാലം മുഴുവൻ അഭിമാനത്തോടെ മനസ്സിൽ സൂക്ഷിച്ചു ജോസ് പ്രകാശ്.
'അല്ല പരാജിതനല്ല ഞാൻ സംഗീത സ്വർലോക ഗംഗയിതിൽ മുങ്ങിടുമ്പോൾ' എന്നെഴുതിയ ഭാസ്‌കരൻ മാഷിന് നന്ദി. വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്കായിരുന്നല്ലോ പിന്നീടങ്ങോട്ട് നടന്റേയും ഗായകന്റേയും യാത്ര....
ജോസ് പ്രകാശ് പിറന്നുവീണിട്ട് ഇന്ന് നൂറ് വർഷം. 1926 ഏപ്രിൽ 14 നായിരുന്നു ജനനം. 2012 മാർച്ച് 24 ന് അദ്ദേഹം ഓർമ്മയായി.
Content Highlights: Explores the dual identity of Jose Prakash as a legendary villain and a passionate singer., Details his early musical influence and the role of 'Chandson Mike System' in his career., Highlights his first public performance and the origin of his musical career in 2026 retrospective context., Lists iconic songs associated with his performances in Malayalam cinema.