‘ഇവൾ അതൊക്കെ സഹിച്ച് കൂടെനിന്നല്ലോ?’; ജോൺപോളിന്റെ നിഴലായ് നിന്ന ഐഷ

#സിറാജ് കാസിം
ഐഷ എലിസബത്ത്, ജോൺ പോളിന്റെ 70-ാം ജന്മദിനത്തിൽ ഭാര്യ ഐഷ എലിസബത്തിനൊപ്പം (ഫയൽ ചിത്രം) | Photo: Mathrubhumi
ഐഷ എലിസബത്ത്, ജോൺ പോളിന്റെ 70-ാം ജന്മദിനത്തിൽ ഭാര്യ ഐഷ എലിസബത്തിനൊപ്പം (ഫയൽ ചിത്രം) | Photo: Mathrubhumi

കൊച്ചി: “എന്റെ തിരക്കഥകളിൽ എവിടെയൊക്കെയോ ഞങ്ങളുടെ ജീവിതത്തിലെ ചില രംഗങ്ങൾ വന്നിരിക്കാം...” ഒരിക്കൽ ജോൺപോൾ പറഞ്ഞ വാചകത്തിൽ നിഴൽ പോലെ ഒരാൾ തെളിഞ്ഞിരുന്നു, അദ്ദേഹത്തിന്റെ പ്രിയതമ. ജോൺപോളിന്റെ ആദ്യ തിരക്കഥ ഇന്ത്യൻ സിനിമയ്ക്ക് അന്നുവരെ അപരിചിതമായൊരു പ്രണയകഥയായിരുന്നു. ആകർഷകമായും ആവർത്തനവിരസതയില്ലാതെയും തിരക്കഥ തയ്യാറാക്കുന്ന ജോൺപോളിനെ സംവിധായകർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രിയമായിരുന്നു. തിരക്കഥയെഴുത്തിൽ സെഞ്ചുറി അടിച്ചിട്ടും സ്വന്തമായി ഒരു വീടുപോലുമില്ലാതിരുന്ന ജോൺപോളിനോട് അതിനെപ്പറ്റി ചോദിക്കുമ്പോൾ ഒരു ചിരിയായിരുന്നു പലപ്പോഴും മറുപടി. എന്നിട്ട് ചില നേരങ്ങളിൽ ജോൺപോൾ അതിന് ഒരു വാൽക്കഷണവും ചേർക്കും, “ഇവൾ അതൊക്കെ സഹിച്ച് കൂടെനിന്നല്ലോ”.

ജോൺപോൾ എന്ന പ്രതിഭയുടെ വ്യക്തിജീവിതത്തിലും സർഗാത്മക ജീവിതത്തിലും ഐഷ എലിസബത്ത് എന്ന പ്രിയതമ ഒരുപോലെ പിന്തുണയേകി. അതൊരിക്കലും പക്ഷേ, വലിയരീതിയിൽ പ്രകടമാകാത്ത നിഴൽ പോലെയായിരുന്നുവെന്നതാണ് ശ്രദ്ധേയം. ജോൺപോളിന്റെ സിനിമാവേദികളിലോ പൊതുവേദികളിലോ ഒന്നും ഐഷ വന്നിരുന്നില്ല. പക്ഷേ, അയാളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് അവർ എന്നും കൂടെയുണ്ടായിരുന്നുതാനും.

ഐഷമോളേ എന്നാണ് സ്നേഹപൂർവം ജോൺപോൾ പലപ്പോഴും ഭാര്യയെ വിളിച്ചിരുന്നത്. പ്രിയപ്പെട്ടവളോടുള്ള കരുതൽ എത്രയായിരുന്നെന്ന് അടയാളപ്പെടുത്തുന്നതായിരുന്നു ആ വിളി. നല്ലൊരു പാചകക്കാരൻ കൂടിയായിരുന്ന ജോൺപോൾ അതിന്റെ സന്തോഷം കണ്ടെത്തിയത് ഐഷയ്ക്കൊപ്പമായിരുന്നു. തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണ് ആ നിമിഷങ്ങളെന്ന് ജോൺപോൾ പലപ്പോഴും പറഞ്ഞിരുന്നു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ്‌ തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്തി(75)ന്റെ മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ എളംകുളം സെയ്ന്റ് മേരീസ് സൂനോറോ പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഐഷയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പള്ളിയിലെ ചടങ്ങിൽ പങ്കെടുത്തശേഷം ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഉടൻ സമീപത്തെ സഹകരണാശുപത്രിയിലും തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തസ്രാവവുമുണ്ടായ ഐഷ ഗുരുതരാവസ്ഥയിലാകുകയായിരുന്നു.

മലയാളസിനിമയ്ക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച ഒട്ടേറെ ജനപ്രിയ സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന ജോൺ പോളിന്റെ വ്യക്തിജീവിതത്തിലും സർഗാത്മകസൃഷ്ടികളിലും ഊർജവും കരുതലുമായിരുന്നു ഐഷ. തിരുവാങ്കുളം ഞാളിയത്ത് കുടുംബാംഗമാണ്. ഞായറാഴ്ച രാവിലെ പത്തുമുതൽ മരടിലെ കൊട്ടാരം എൻക്ലേവിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം വൈകീട്ട് നാലിന് എളംകുളം സെയ്ന്റ് മേരീസ് സൂനോറോ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. മകൾ: ജിഷ ജിബി. മരുമകൻ: ജിബി എൻ. എബ്രഹാം.

Content Highlights: Aisha Elizabeth, wife of legendary screenwriter John Paul, passed away at 75. She succumbed to injuries sustained in a bike accident near Elamkulam. Aisha was a pillar of strength and support throughout John Paul's creative career. The funeral is scheduled to take place at St. Mary's Soonoro Church cemetery. The couple shared a deep, private bond that significantly influenced John Paul's life