അർബുദത്തെ തന്റേടത്തോടെ നേരിട്ടു, വിളിച്ചുപറഞ്ഞു; പൊരുതി, പക്ഷേ..; ജിഷ്ണുവിന്റെ ഓർമകൾക്ക് പത്താണ്ട്

സ്‌നേഹം കാത്തിരിക്കുന്ന മകന്റെ മുഖമായിരുന്നു നടൻ ജിഷ്ണു രാഘവന്. 'നമ്മൾ' എന്ന സിനിമയിലെ അമ്മയുടെ സ്‌നേഹത്തിനായി കൊതിച്ചുകൊതിച്ചുകാത്തിരുന്ന മകനെപ്പോലെയായിരുന്നു ജീവിതത്തിലുടനീളം ജിഷ്ണു. അഭിനയരംഗത്ത് ഉദിച്ചുയരാൻ ഒരുപാട് കൊതിച്ച വെള്ളിനക്ഷത്രമായിരുന്നു ആ കലാകാരൻ. യാത്രകളെ പ്രണയിച്ചിരുന്ന ജിഷ്ണു ഒരു മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 8.15-ഓടെയാണ് അർബുദചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചത്. നടന്റെ ഓർമകൾക്ക് പത്താണ്ട്. 2016 മാർച്ച് 27-ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച 'മാഞ്ഞുപോയ ശുഭാപ്തിവിശ്വാസത്തിന്റെ പുഞ്ചിരി' എന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം.
അർബുദത്തിനെതിരെ പുഞ്ചിരി മരുന്നാക്കിയ നടൻ ജിഷ്ണു രാഘവന്റെ ജീവിതം അനേകർക്ക് പ്രചോദനമായിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെ ശുഭചിന്തകളുടെ പുതുലോകം സൃഷ്ടിച്ച ജിഷ്ണുവിന് ആരാധകർ ഏറെയായിരുന്നു. അവരിൽ പലരും ജിഷ്ണുവിന്റെ ഒരു സിനിമ പോലും കണ്ടവരായിരുന്നില്ല.
രോഗത്തെ തന്റേടത്തോടെ നേരിടുകയും അതേപോലെ നേരിടാൻ പ്രേരിപ്പിക്കുകയും ചെയ്ത ജിഷ്ണു എന്നും പോസിറ്റീവ് എനർജിയുടെ നിറവായിരുന്നു. രോഗത്തെ ഭയക്കുകയും മറ്റുള്ളവരിൽനിന്ന് മറച്ചുവെയ്ക്കുകയും ചെയ്യാൻ ജിഷ്ണു തയ്യാറായില്ല. താൻ കാൻസർ രോഗിയാണെന്ന് തന്റേടത്തോടെ ലോകത്തോട് പറഞ്ഞു. ചികിത്സയുടെ വിശദാംശങ്ങളും ആശുപത്രിയിലെ കൊച്ചുവിശേഷങ്ങളും വരെ സുഹൃത്തുക്കൾക്കായി പങ്കുവെച്ചു.
രോഗബാധിതനായ തന്റെ ചിത്രങ്ങൾ മടികൂടാതെ പോസ്റ്റ് ചെയ്തു. താൻ മരിച്ചെന്ന വാർത്ത വരെ പുഞ്ചിരിയോടെ കേട്ടിരിക്കുകയും നർമത്തോടെ അതിനോട് പ്രതികരിക്കുകയും ചെയ്തു. രോഗം ബാധിച്ച് മനസിരുണ്ടു പോയ പലരും ജിഷ്ണുവിന്റെ മുഖത്തെ മായാത്ത ചിരിയിൽനിന്ന് പുതുജീവൻ നേടി. ആത്മവിശ്വാസത്തിന്റെ പുഞ്ചിരിത്തിളക്കത്തോടെ മഹത്തായൊരു പുതുവർഷം ആശംസിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിൽ ജിഷ്ണു 2016-നെ വരവേറ്റത്. വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ, 'ഞാനിപ്പോൾ ഐസിയുവിലാണ്, പേടിക്കാനില്ല. ഇതെന്റെ രണ്ടാംവീടാണ്' എന്നാണ് ജിഷ്ണു കുറിച്ചത്.
താൻ ഡോക്ടറെ പുഞ്ചിരിയോടെയാണ് സ്വീകരിക്കുകയെന്നും പുഞ്ചിരിക്കുന്ന രോഗിയെ ചികിത്സിക്കുക എളുപ്പമാണെന്ന് ഡോക്ടർ പറഞ്ഞെന്നും കുറിപ്പിൽ പറയുന്നു. ഒരു ചിരിയിൽ വേദനകൾ അകലുമെന്നും സന്തോഷം നിറയ്ക്കാൻ കഴിയുമെന്നും പറയുന്ന ജിഷ്ണു ഇത് എല്ലാവരും പരീക്ഷിച്ച് നോക്കണമെന്നും നിർദേശിച്ചു. ക്രിക്കറ്റ്, തട്ടുകടയിലെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ എന്നിവയോടുള്ള ഇഷ്ടം ജിഷ്ണുവിന്റെ കുറിപ്പുകളിലുണ്ട്.
കാൻസർ മുക്തനായ യുവരാജ് സിങ്ങിനെ നേരിൽ കണ്ടതിന്റെ സന്തോഷവും ജിഷ്ണു പങ്കുവെച്ചിരുന്നു. കലാഭവൻ മണിയെക്കുറിച്ചുള്ള സ്മരണയിൽ മണിച്ചേട്ടനൊപ്പം തട്ടുകടകളിൽ പോയി വൈവിധ്യമാർന്ന രുചികൾ പരിചയപ്പെട്ടത് ജിഷ്ണു വിവരിക്കുന്നു.
മാർച്ച് എട്ടിന് വനിതാ ദിനത്തിലാണ് ജിഷ്ണുവിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ജീവിതത്തിൽ അമ്മ ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ചായിരുന്നു അത്. ഓരോ തവണ ആശുപത്രിയിലാകുമ്പോഴും താൻ ചികിത്സ കഴിഞ്ഞ് മടങ്ങിവരുമെന്ന് ജിഷ്ണു വാക്ക് നൽകിയിരുന്നു. ഇക്കുറി വാക്ക് പാലിക്കാതെ മായാത്ത പുഞ്ചിരി ബാക്കിവെച്ച് ജിഷ്ണു മടങ്ങി.
25-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു
നടൻ രാഘവന്റെ മകനായ ജിഷ്ണു 1987-ൽ 'കിളിപ്പാട്ട് എന്ന സിനിമയിൽ ബാലതാരമായാണ് അഭിനയരംഗത്തെത്തിയത്. 2002-ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെ നായകവേഷത്തിൽ അരങ്ങേറ്റം കുറിച്ചു. 'റബേക്ക ഉതുപ്പ് കിഴക്കേമല' ആണ് അവസാനം അഭിനയിച്ച ചിത്രം. വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്, നേരറിയാൻ സി.ബി.ഐ. ചക്കരമുത്ത്, ഓർഡിനറി, ഉസ്താദ് ഹോട്ടൽ, ചൂണ്ട, ഫ്രീഡം, പൗരൻ, നിദ്ര, ബാങ്കിങ് അവേഴ്‌സ്, അന്നും ഇന്നും, ചന്ദ്രനിലേക്കൊരു വഴി, യുഗപുരുഷൻ, കളിയോടം, ഞാൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'ട്രാഫിക്' എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡിലും എത്തിയ ജിഷ്ണു മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമായി 25-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ചികിത്സയ്ക്കിടയിലും ഏതാനും സിനിമകളിൽ അഭിനയിച്ചിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്. ബിരുദമെടുത്ത ജിഷ്ണു സിനിമാഭിനയത്തിനിടയിൽ ഐ.ടി. രംഗത്തും സജീവമായിരുന്നു.
Content Highlights: A tribute to actor Jishnu Raghavan on his 10th death anniversary. Highlights his courageous battle against cancer and his positive mindset. Chronicles his journey from a child artist to a beloved lead actor in Malayalam cinema. Showcases his active social media presence that inspired many patients. Details his filmography spanning 25 movies across languages